വിക്ടോറിയൻ പ്രൗഢിയും തമിഴ് തനിമയും ഇഴചേർന്ന ചെട്ടിനാടൻ വീടുകളുടെ പെരുമ വിളിച്ചോതുന്ന 200 വർഷം പഴക്കമുള്ള ആത്തങ്കുടി ഗ്രാമത്തിന്റെ കഥ

കേരളത്തിൽനിന്നും തമിഴ് മണ്ണിന്റെ മണമുള്ള ഗ്രാമങ്ങളിലേക്കുള്ള യാത്രക്ക് വല്ലാത്തൊരു വശ്യതയുണ്ട്. പാലക്കാടും പൊള്ളാച്ചിയും പിന്നിട്ട് തമിഴ്നാടിന്റെ ഉൾനാടൻ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ വിക്ടോറിയൻ ശൈലിയും തമിഴ് തനിമയും ഇഴചേർന്ന വീടുകൾ കാണാം. ആ വീടുകളുടെ പ്രൗഢി മുഴുവൻ ഒതുങ്ങിനിൽക്കുന്നത് അവിടത്തെ വിസ്മയകരമായ തറകളിലാണ്. യാത്ര ഒടുവിൽ എത്തിനിൽക്കുന്നത് ആത്തങ്കുടി എന്ന കൊച്ചു ഗ്രാമത്തിൽ.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് ആത്തങ്കുടി എന്ന ചെറു ഗ്രാമം. അവിടെ പൈതൃകത്തിന്റെ പെരുമ പേറുന്ന ചെട്ടിനാടൻ വീടുകളുടെ തറകളിലേക്ക് കണ്ണോടിച്ചാൽ, ഒരേസമയം വിസ്മയവും ഗൃഹാതുരത്വവും തോന്നിപ്പോകും. ഈ വീടുകൾക്ക് പൂർണതയേകുന്നത് അവിടത്തെ തനത് ആത്തങ്കുടി ടൈലുകളാണ്. ആറ്റുമണലും സിമന്റും വെള്ളവും ചേർത്തുള്ള മിശ്രിതത്തിലേക്ക് പ്രകൃതിദത്ത നിറങ്ങൾ ചാലിച്ച്, പ്രത്യേക കരവിരുതിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ പൂർണമായും കൈകൊണ്ട് പണിതെടുക്കുന്ന ഈ ടൈലുകൾ ഒരു സംസ്കാരത്തിന്റെതന്നെ പ്രതീകമാവുകയാണ്.

 

വിദേശിക്കുപകരം സ്വദേശി

200 വർഷത്തോളം പഴക്കമുള്ള ആത്തങ്കുടി ടൈലുകൾക്ക് ഒരു പറ്റം ഗ്രാമീണരുടെ അതിജീവനത്തിന്റെ കഥ പറയാനുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ടൈലുകളായിരുന്നു ഒരു കാലത്ത് കൊട്ടാരസമാനമായ വീടുകളുടെ പ്രൗഢി. എന്നാൽ ഇംഗ്ലണ്ട്, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ഡിസൈനുകൾക്ക് പകരമായി തമിഴ്‌നാട്ടിലെ ആത്തങ്കുടി ഗ്രാമീണർ തങ്ങളുടേതായ തനത് ശൈലി രൂപപ്പെടുത്തുകയായിരുന്നു. ഈ ടൈലുകളാണ് ആത്തങ്കുടിയുടെ സ്വത്വം. ചൂളകളിൽവെച്ച് ചുട്ടെടുക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രകൃതിദത്തമായ രീതിയിൽ, ലളിതമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ടൈലുകൾ നിർമിക്കുന്നത്. ആത്തങ്കുടി പ്രദേശത്ത് മാത്രം കണ്ടുവരുന്ന വാരിമൺ എന്ന പ്രത്യേക തരം ആറ്റുമണലാണ് ഈ ടൈലുകളുടെ പ്രധാന ആകർഷണവും കരുത്തും. പ്രാദേശികമായി ലഭിക്കുന്ന ഈ മണലും സിമന്റും പ്രകൃതിദത്ത വർണക്കൂട്ടുകളും കൂട്ടിച്ചേർത്താണ് ടൈലുകൾക്ക് ശക്തമായ അടിത്തറയൊരുക്കുന്നത്.

 

മിശ്രിതക്കൂട്ടുകൾ

നിർമാണ പ്രക്രിയയുടെ ആദ്യഘട്ടം വളരെ കൃത്യതയോടെയാണ് ആരംഭിക്കുന്നത്. ആദ്യം ആവശ്യമായ അളവിലുള്ള ഗ്ലാസ് പ്രതലം നന്നായി വൃത്തിയാക്കി സജ്ജമാക്കുന്നു. ഇതിനു മുകളിലായി ടൈലിന്റെ വലുപ്പമനുസരിച്ചുള്ള ഇരുമ്പ് ഫ്രെയിം ഉറപ്പിക്കും. സാധാരണയായി 8 മില്ലിമീറ്റർ കനവും 10x10 ഇഞ്ച് വലുപ്പവുമുള്ള ടൈലുകളാണ് ഇങ്ങനെ നിർമിച്ചെടുക്കുന്നത്. ഗ്ലാസ് പ്രതലത്തിൽ നിർമിക്കുന്നതുകൊണ്ടാണ് ആത്തങ്കുടി ടൈലുകൾക്ക് മിനുസവും തിളക്കവും ലഭിക്കുന്നത്.

വിവിധ നിറത്തിലുള്ള സിമന്റ് മിശ്രിതങ്ങൾ ഉപയോഗിച്ച് കരകൗശല വിദഗ്ധർ മനോഹരമായ പാറ്റേണുകൾ ഫ്രെയിമിനുള്ളിൽ വരച്ചെടുക്കും. ഈ ഡിസൈനുകൾക്ക് മുകളിൽ കൃത്യമായ അളവിൽ മണലും സിമന്റും ചേർത്ത മിശ്രിതം സെറ്റ് ചെയ്ത് ഏകദേശം നാല് മിനിറ്റുവരെ വെക്കുന്നു. ഇത് ഡിസൈനുകൾ ഉറച്ചുനിൽക്കുന്നതിനും ഈർപ്പം നിയന്ത്രിക്കുന്നതിനും സഹായിക്കും.

ഡിസൈനുകൾക്കുശേഷം ടൈലിനെ കൂടുതൽ ബലപ്പെടുത്തുന്നതിനായി മണലും സിമന്റും വെള്ളവും ചേർത്ത നനഞ്ഞ മിശ്രിതം മുകളിൽ ഒഴിക്കുന്നു. ഇതിനുശേഷം ഏകദേശം 24 മണിക്കൂർ നേരം ടൈലുകൾ ഉണങ്ങാൻ വെക്കും. ശേഷം ടൈലുകൾ ഫ്രെയിമിൽനിന്ന് വേർപെടുത്തി ജലസംഭരണികളിലേക്ക് മാറ്റുന്നു. നാലഞ്ച് ദിവസം ഈ ടൈലുകൾ വെള്ളത്തിൽ മുക്കിവെക്കുന്നു. ടൈലിന്റെ ഈടുനിൽപ് വർധിക്കാൻ ഇത് അത്യാവശ്യമാണെന്ന് അവർ പറയുന്നു.

വെയിലത്തുണങ്ങുന്ന ടൈലുകൾ

വെള്ളത്തിൽനിന്ന് പുറത്തെടുക്കുന്ന ടൈലുകൾ, സ്വാഭാവിക അന്തരീക്ഷത്തിൽവെച്ച് പൂർണമായും ഉണക്കും. ഇതോടെ ആത്തങ്കുടി ടൈലുകൾ ഉപയോഗത്തിന് സജ്ജമാകുന്നു. വേനൽക്കാലത്ത് 5 മുതൽ 7 ദിവസങ്ങൾ വരെ വേണ്ടിവരുമ്പോൾ, ശീതകാലത്ത് 10 മുതൽ 15 ദിവസങ്ങൾ വരെ സമയമെടുക്കുമെന്ന് ഇവർ പറയുന്നു. ടൈലുകൾ കൃത്യമായി ഉണങ്ങിയില്ലെങ്കിൽ അവയിലെ ഡിസൈനുകൾ കേടുവരാൻ സാധ്യതയുണ്ട്. പൂർണമായും കൈകൊണ്ട് നിർമിക്കുന്ന കരകൗശല രീതിയായതിനാൽ, വളരെ സൂക്ഷ്മതയോടെയാണ് ഇവ ചെയ്യുന്നത്. ഒരു ചെറിയ തുള്ളി നിറം പോലും തെറ്റായ സ്ഥാനത്ത് വീണാൽ ആ ടൈൽ ക്വാളിറ്റി ചെക്കിൽ പരാജയപ്പെടുകയും ചെയ്യും.

 

വർണക്കൂട്ടുകളുടെ മാസ്മരികത

കടും നിറങ്ങളും സങ്കീർണമായ പാറ്റേണുകളുമാണ് ആത്തങ്കുടി ടൈലുകളെ വ്യത്യസ്തമാക്കുന്നത്. ചുവപ്പ്, നീല, പച്ച, മഞ്ഞ തുടങ്ങിയ വർണക്കൂട്ടുകളിൽ പൂക്കളുടെ ചിത്രങ്ങളും ജ്യാമിതീയ പാറ്റേണുകളും കൈകൊണ്ട് തീർക്കുന്നു. രണ്ടായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ആത്തങ്കുടി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ ടൈൽ നിർമാണവുമായി ജീവിക്കുന്നവരാണ്.

ഓരോരുത്തരും ടൈൽ നിർമാണത്തിൽ വൈദഗ്ധ്യം നേടിയവരാണ്. വീടുകൾക്ക് സൗന്ദര്യമേകുക മാത്രമല്ല, മാറിവരുന്ന കാലാവസ്ഥയോട് ഇണങ്ങിനിൽക്കാനുള്ള കഴിവും ഈ ടൈലുകൾക്കുണ്ട്. കൊടും തണുപ്പുള്ള ശീതകാലത്ത് വീടിനകത്ത് ഇളംചൂടും, ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് സ്വാഭാവിക തണുപ്പും ഈ ടൈലുകൾ പ്രദാനം ചെയ്യുമെന്ന് ഇവർ പറയുന്നു.

 

ജീവിതവും ഉപജീവനവും

​തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ആത്തങ്കുടി ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി നൂറ്റാണ്ടുകളായി ഇഴചേർന്നു കിടക്കുന്ന ഒന്നാണ് ഈ ടൈൽ നിർമാണം. യന്ത്രവത്കൃത ഫാക്ടറികളിലെ ജോലികളിൽ നിന്ന് വ്യത്യസ്തമായി, കുടിൽ വ്യവസായമായാണ് ഇവിടത്തെ കുടുംബങ്ങൾ ഇത് കൊണ്ടുനടക്കുന്നത്. മുതിർന്ന തലമുറ പഠിപ്പിച്ചുകൊടുത്ത അറിവുകൾ പുതിയ തലമുറയിലേക്ക് പകർന്നുനൽകി, ഈ പരമ്പരാഗത കരകൗശലത്തെ കൈവിടാതെ സംരക്ഷിച്ചുപോരുന്നവരാണ് ഇവിടത്തെ ജനങ്ങൾ. അതീവ ശ്രദ്ധയോടെയും ക്ഷമയോടെയും മണിക്കൂറുകളോളം ഇരുന്നാണ് അവർ ഓരോ പാറ്റേണും തീർക്കുന്നത്.

കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഈ ജോലി ചെയ്യുന്നവരുടെ കൈകളും ശരീരവും ഈ ടൈലുകളുടെ നിർമാണവുമായി അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രാമത്തിലെ ടൈൽ നിർമാണ യൂനിറ്റുകളിൽ വലിയൊരു വിഭാഗം സ്ത്രീകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുംനിന്ന് തേടിയെത്തുന്ന ആർക്കിടെക്ടുകളുടെയും വിന്റേജ് പ്രേമികളുടെയും ഓർഡറുകളാണ് ഇന്ന് ഈ ഗ്രാമത്തിലെ സാധാരണക്കാരായ തൊഴിലാളികളുടെ ഉപജീവനം.

 

ചിതറിപ്പോകാത്ത സുരക്ഷിതത്വം

ഈ ടൈലുകൾ കൈകൊണ്ട് നിർമിക്കുന്നതും, നിർമാണ പ്രക്രിയയിൽ ഗ്ലാസ് പലകകൾ ഉപയോഗിക്കുന്നതും കാരണം ഇവയുടെ ഈടിനെക്കുറിച്ചും ആയുസ്സിനെക്കുറിച്ചും പലർക്കും ആശങ്കകൾ ഉണ്ടാകാറുണ്ട്. എന്നാൽ, ഈ ടൈലുകൾ പതിക്കുന്ന ഇടങ്ങളും, എങ്ങനെ പരിപാലിക്കുന്നു എന്നതുമാണ് ഇവയുടെ ആയുസ്സ് തീരുമാനിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. കേടുപാടുകൾ സംഭവിച്ചാൽ തന്നെയും ടൈലുകളിൽ ചെറിയ വിള്ളലുകൾ വീഴുമെന്നതല്ലാതെ അവ ഒരിക്കലും കഷണങ്ങളായി ചിതറിപ്പോകില്ലെന്നും ഇവർ ഉറപ്പുപറയുന്നു. സാധാരണ ടൈലുകൾക്ക് കാലപ്പഴക്കം ചെല്ലുന്തോറും തിളക്കവും ഭംഗിയും കുറഞ്ഞുതുടങ്ങുമ്പോൾ ആത്തങ്കുടി ടൈലുകളുടെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. കാലം കഴിയുംതോറും ഇവയുടെ നിറവും മിനുക്കവും കൂടുതൽ വർധിച്ചുവരികയാണ് ചെയ്യുന്നത്.

ടൈലുകളുടെ നിർമാണത്തിൽ സിമന്റും പ്രകൃതിദത്ത കളർ ഓക്‌സൈഡുകളുമാണ് ഉപയോഗിക്കുന്നത്. നിലത്ത് പാകിയതിനുശേഷവും വായുവിലെ കാർബൺ ഡൈ ഓക്‌സൈഡുമായി സിമന്റ് നിരന്തരം രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. ഇത് കാലക്രമേണ ടൈലിന്റെ ഘടനയെ കൂടുതൽ ദൃഢമാക്കുകയും അതിന്റെ പ്രതലത്തിന് സ്വാഭാവികമായ ഒരു തിളക്കം നൽകുകയും ചെയ്യുന്നു.

 

സ്വാഭാവിക പോളിഷിങ്

‘വീടുകളിൽ ആളുകൾ നടക്കുമ്പോഴും, കാലുകൾ ഉരസുമ്പോഴും, വീട്ടുപകരണങ്ങൾ നീക്കുമ്പോഴും ടൈലിന് ഒരു പോളിഷിങ് ലഭിക്കുകയാണ്. ഉപയോഗം കൂടുന്തോറും ടൈലിന്റെ ഉപരിഭാഗം കൂടുതൽ മിനുസമുള്ളതായി മാറുന്നു. പണ്ടത്തെ കാലത്ത് ഈ ടൈലുകൾ തേങ്ങാപ്പിണ്ണാക്കോ എണ്ണയോ ഒക്കെ തേച്ച് മിനുക്കിയിരുന്നതും ഇതിന്റെ തിളക്കം കൂട്ടാൻ സഹായിച്ചിരുന്നു. തലമുറകളോളം കേടുകൂടാതെ വീടുകളുടെ തറകളെ അലങ്കരിക്കാൻ ഈ പൈതൃക ടൈലുകൾക്ക് കഴിയുന്നത് അതുകൊണ്ടാണ്’-അവർ കൂട്ടിച്ചേർക്കുന്നു. കൈകൊണ്ട് തയാറാക്കുന്നവയായതുകൊണ്ടുതന്നെ ലളിതമായ ഡിസൈനുകളാണെങ്കിൽ പ്രതിദിനം 150 ടൈലുകൾ വരെയും, സങ്കീർണമായ ഡിസൈനുകളാണെങ്കിൽ 50 എണ്ണം വരെയുമാണ് ഇവർ നിർമിക്കുന്നത്.

വിപണന സാധ്യതകൾ

​ഇന്റീരിയർ ഡിസൈനിങ് രംഗത്ത് ആത്തങ്കുടി ടൈലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ആധുനിക ടൈലുകളുടെയും വിദേശ നിർമിത മാർബിളുകളുടെയും ഇടയിലും ഈ പരമ്പരാഗത ടൈലുകൾക്ക് ആവശ്യക്കാർ ഏറിവരാൻ കാരണം ഇവയുടെ സവിശേഷതകൾ തന്നെയാണ്. ​ഇന്ന് വീടുകളിലും ഓഫിസുകളിലും പഴയ തറവാട് ശൈലിയോ വിന്റേജ് ലുക്കോ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ആത്തങ്കുടിയിലെത്താറുണ്ട്.

​ടൂറിസം രംഗത്തും ആത്തങ്കുടി ടൈലുകൾക്ക് വലിയ ഡിമാൻഡാണുള്ളത്. രാസവസ്തുക്കളുടെയും വൻകിട യന്ത്രങ്ങളുടെയും സഹായമില്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയിൽ നിർമിക്കപ്പെടുന്നതുകൊണ്ട് പരിസ്ഥിതി സ്നേഹികളുടെയും ആർക്കിടെക്ടുകളുടെയും പ്രത്യേക ശ്രദ്ധ ഈ ടൈലുകൾക്ക് ലഭിക്കുന്നുണ്ട്.

 

ആഡംബരവും പൈതൃകവും

ചെട്ടിനാട് പ്രഭുക്കന്മാരുടെ കൊട്ടാരങ്ങളിലും വലിയ തറവാടുകളിലുമാണ് ഈ ടൈലുകൾ പണ്ട് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. ഓരോ ആത്തങ്കുടി ടൈലും ഒരു കലാസൃഷ്ടിയാണ്. യൂറോപ്യൻ വിക്ടോറിയൻ ശൈലിയുടെയും തമിഴ് പരമ്പരാഗത ജ്യാമിതീയ കലകളുടെയും സംയോജനമാണ് ഈ കലാവിരുത്.

ആത്തങ്കുടി ടൈലുകൾ എവിടെയൊക്കെ ഉപയോഗിക്കാം, എവിടെയൊക്കെ ഉപയോഗിക്കാൻ പാടില്ല എന്നത് പലരുടെയും സംശയമാണെന്ന് ഇവർ പറയുന്നു. അതിനുള്ള ഉത്തരവും ഇവരുടെ അടുത്തുണ്ട്. ‘ബാത്റൂമിന്റെ ഡ്രൈ ഏരിയയിലോ അല്ലെങ്കിൽ ചുമരുകളിലെ ഹൈലൈറ്റർ ടൈലുകളായോ ഇവ ഉപയോഗിക്കാം. ഷവർ ഏരിയ പോലെയുള്ള, എപ്പോഴും വെള്ളം വീണുകിടക്കുന്ന നനവുള്ള ഭാഗങ്ങളിൽ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. തുടർച്ചയായി വെള്ളം തട്ടിയാൽ ഇവയുടെ തിളക്കം മങ്ങാനും വേഗത്തിൽ തേഞ്ഞുപോകാനും സാധ്യതയുണ്ട്. കൂടാതെ, ബാത്റൂമുകളിൽ ഉപയോഗിക്കുന്ന ശക്തമായ ആസിഡ് ക്ലീനറുകൾ ഇതിന്റെ പ്രതലം പൂർണമായി നശിപ്പിക്കും.

നേരിട്ട് കടുത്ത വെയിലും മഴയും അടിക്കാത്ത, വായുസഞ്ചാരമുള്ള വരാന്തകളിലും കോർട്ട് യാർഡുകളിലും ഇവ ധൈര്യമായി ഉപയോഗിക്കാം. സ്വീകരണമുറി, പൂജാമുറി, കിടപ്പുമുറികൾ, ഡൈനിങ് ഏരിയ എന്നിവിടങ്ങളിൽ ഈ ടൈലുകൾ ഉപയോഗിക്കാം. കടുത്ത വെയിൽ നേരിട്ട് അടിക്കുന്ന പുറംമുറ്റങ്ങളിലോ ടെറസുകളിലോ ഇവ പാകുന്നത് അനുയോജ്യമല്ല. തുടർച്ചയായി ശക്തമായ വെയിലേൽക്കുന്നത് ടൈലുകളുടെ പ്രകൃതിദത്തമായ നിറങ്ങൾ മങ്ങിപ്പോകാൻ ഇടയാക്കും. ​ പരമ്പരാഗതമായി വീടിന്റെ ഉൾവശങ്ങളുടെ ഭംഗി കൂട്ടാൻ മാത്രമാണ് ആത്തങ്കുടി ടൈലുകൾ പ്രധാനമായും രൂപകൽപന ചെയ്തിട്ടുള്ളത്. അതിനാൽ വെയിലും വെള്ളവും അധികമായി ഏൽക്കാത്ത ഇടങ്ങളിൽ ഉപയോഗിച്ചാൽ ഇവ ദീർഘകാലം കേടുകൂടാതെ നിൽക്കും’-അവർ പറഞ്ഞുനിർത്തുന്നു.

Tags:    
News Summary - The Magic of Athangudi Tiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.