ജിമ്മിൽ പോകാം, മസിൽ ബിൽഡ് ചെയ്യാം; പക്ഷേ കിഡ്നി അടിച്ചുപോകാതെ നോക്കണം
ശരീരഭംഗി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനുമായി ജിം വർക്കൗട്ട് ചെയ്യുന്നവരാണ് ഇന്ന് യുവാക്കളിൽ ഏറെയും. ജിം വർക്കൗട്ട് ആരോഗ്യം സംരക്ഷിക്കാൻ വളരെ നല്ലതാണ്. എന്നാൽ ഏത് എങ്ങനെ ചെയ്യുന്നുവെന്നതും പ്രധാനമാണ്. ജിമ്മിൽ വർക്കൗട്ടിനിടെ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. ഇ.ടി. അരുൺ തോമസ് വ്യക്തമാക്കുന്നു. ജിമ്മിൽ പോകുന്ന നിരവധി പേർ വൃക്കരോഗങ്ങളുമായി തനിക്ക് മുന്നിൽ എത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യായാമം നല്ലതാണെങ്കിലും, വൃക്കകളെ പൂർണ്ണമായും സുരക്ഷിതമായി വെച്ചുകൊണ്ട് വേണം ജിം വർക്കൗട്ടുകൾ ചെയ്യാൻ. ജിം വർക്കൗട്ടിനിടെ 'റാബ്ഡോമയോലൈസിസ്' (Rhabdomyolysis) എന്ന ഗുരുതരമായ അവസ്ഥയുമായി എല്ലാ മാസവും ഒന്നോ രണ്ടോ രോഗികൾ തന്റെയടുത്ത് ചികിത്സ തേടാറുണ്ടെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഇത് തടയാൻ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങളും അദ്ദേഹം നിർദേശിക്കുന്നു. ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ:
പതുക്കെ തുടങ്ങുക
ജിമ്മിൽ പുതിയതായി പോയിത്തുടങ്ങുമ്പോൾ ഒരിക്കലും ഒന്നിച്ച് ഹെവി എക്സർസൈസുകൾ ചെയ്യാൻ മുതിരരുത്. ചെറിയ രീതിയിലുള്ള വ്യായാമങ്ങളിൽ തുടങ്ങി, പേശികൾ (Muscles) അതിനോട് ഇണങ്ങിവരുന്നതിന് അനുസരിച്ച് മാത്രം വ്യായാമത്തിന്റെ തീവ്രത കൂട്ടുക. പെട്ടെന്ന് അതികഠിനമായ വർക്കൗട്ടുകൾ ചെയ്താൽ മസിൽ ഫൈബറുകൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ അതിനുള്ളിൽ അടങ്ങിയിരിക്കുന്ന 'മയോഗ്ലോബിൻ' എന്ന പിഗ്മെന്റ് രക്തത്തിൽ കലരുകയും, അത് കിഡ്നിയിൽ അടിഞ്ഞുകൂടി കിഡ്നി തകരാറിലാകാൻ ഇടയാക്കുകയും ചെയ്യും. ഇത് 'റാബ്ഡോമയോലൈസിസ്' (Rhabdomyolysis) എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാകും.
പനി ബാധിച്ചാൽ ജിമ്മിൽ പോകരുത്
പനി ബാധിച്ചാൽ, പ്രത്യേകിച്ച് വൈറൽ ഫീവർ ബാധിച്ചാൽ ഒരു കാരണവശാലും ജിമ്മിൽ പോയി വ്യായാമം ചെയ്യരുത്. പനി പോലുള്ള അണുബാധകൾ മസിലുകളെ ദുർബലപ്പെടുത്തുകയും, ഈ സമയത്ത് കഠിനമായ വർക്കൗട്ട് ചെയ്താൽ മസിലുകൾ പെട്ടെന്ന് പൊട്ടാൻ സാധ്യതയേറുകയും ചെയ്യും. മസിലുകൾ പൊട്ടിയാൽ അത് റാബ്ഡോമയോലൈസിസിന് ഇടയാക്കും.
നന്നായി വെള്ളം കുടിക്കുക
ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്നത് വ്യായാമ വേളയിൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ടോക്സിനുകളെയും ദോഷകരമായ വസ്തുക്കളെയും വിയർപ്പിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളാൻ സഹായിക്കുകയും കിഡ്നിയെ സംരക്ഷിക്കുകയും ചെയ്യും.
പ്രോട്ടീൻ ആവശ്യത്തിന് മാത്രം
മസിൽ ബിൽഡിംഗിന് പ്രോട്ടീൻ വളരെ പ്രധാനമാണെങ്കിലും അത് ഒരിക്കലും അളവിൽക്കൂടരുത്. ഭൂരിഭാഗം പേരും പലതരത്തിലുള്ള പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന പല പ്രോട്ടീൻ പാക്കുകളിലും മായമുണ്ട്. ഇതിൽ പലതും കിഡ്നിയെ ബാധിക്കാറുമുണ്ട്. അതിനാൽ പ്രോട്ടീൻ സപ്ലിമെന്റുകൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പുവരുത്തണം. ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 1.5 ഗ്രാം എന്ന അളവിൽ കൂടുതൽ പ്രോട്ടീൻ ഒരു ദിവസം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.