നൈപുണ്യത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും

വിതത്തിൽ പലതരം കഴിവുകൾ അത്യാവശ്യമായ ഒരു സമയത്താണ് നാം ജീവിക്കുന്നത്. നിരവധിയായ പ്രശ്നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഇന്നത്തെ ജീവിതം സ്വസ്ഥവും സമാധാനമുള്ളതുമാക്കിത്തീർക്കുന്നതിന് പ്രധാനപ്പെട്ട ചില കഴിവുകൾ നേടിയെടുക്കേണ്ടതുണ്ട്. പ്രശ്നങ്ങളിൽ നിന്നു മുക്തി നേടാനും സ്വയം സംരക്ഷിക്കാനും പ്രതിരോധങ്ങൾ തീർക്കാനും അവ സഹായിക്കും. മാനസിക-വൈകാരിക തലം മുതൽ ബുദ്ധി, യുക്തി ചിന്ത എന്നിവയെയും കുടുംബ-സാമൂഹിക ജീവിതത്തെ വരെയും ശരിയായ രീതിയിൽ മാനേജ് ചെയ്യുന്നതിന് കഴിവുകൾ നേടിയ ഒരാൾക്ക് കഴിയുന്നു.

കുട്ടികളുടെ കാര്യമെടുത്താൽ, നല്ല സൗഹൃദങ്ങൾ തെരഞ്ഞെടുക്കുന്നതിനും തെറ്റായ കൂട്ടുകെട്ടുകളിൽ ചെന്നുപെടാതിരിക്കാനും ലഹരി ഉപയോഗം പോലുള്ള വിപത്തുകളിലേക്ക് എത്തിപ്പെടാതിരിക്കാനും ഇത് സഹായിക്കുന്നു. കുട്ടികളെ ശരിയായ രീതിയിൽ ചിന്തിപ്പിക്കാനും വൈകാരിക നിയന്ത്രണങ്ങൾ സാധ്യമാക്കാനും ജീവിതത്തിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താനും ഇതുവഴി കഴിയുന്നു.

ക്രിയാത്മക ചിന്ത

ജീവിതത്തെ നമ്മൾ എങ്ങനെ കാണുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ജീവിത വിജയം സാധ്യമാവുന്നത്. ഇവിടെയാണ് ക്രിയാത്മക ചിന്ത അല്ലെങ്കിൽ സർഗ്ഗാത്മക ചിന്തയുടെ പ്രാധാന്യം.ചിന്തകളെ സർഗ്ഗാത്മകമായി കാണുകയും അതിലൂടെ പുതിയ പുതിയ കാര്യങ്ങൾ ചെയ്യുവാനും അല്ലെങ്കിൽ പുതിയ ജീവിത വഴികൾ കണ്ടെത്തുവാനും ക്രിയാത്മക ചിന്തയിലൂടെ കഴിയും. സാധ്യമല്ലെന്ന് കരുതുന്ന ഇടങ്ങളിൽ പുതിയ സാധ്യതകൾ തെളിയുന്നു.

ലോകത്തിൽ വലിയ വിജയം നേടിയ എഴുത്തുകാരും, ചിത്രകാരൻമാരും, സംഗീതജ്ഞരും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെയുള്ള പ്രതിഭകളെല്ലാം അങ്ങനെയാണ് ജീവിതത്തിൽ വിജയം കണ്ടെത്തിയത്. ജീവിതത്തിൽ നൂതനവും കൂടുതൽ വിശാലവുമായ വഴിയിലൂടെ അത് നമ്മെ നയിക്കും. അതുകൊണ്ട് തന്നെ ക്രിയാത്മക ചിന്ത ആർജ്ജിച്ചെടുക്കുക എന്നത് പ്രധാനമാണ്.

വിമർശനാത്മക ചിന്ത

ആരിൽനിന്നു ലഭിക്കുന്ന വിശ്വാസമാണെങ്കിലും വിവരമാണെങ്കിലും അത് സ്വന്തം ചിന്തയിലൂടെ കടത്തിവിട്ട് സ്വയം നിഗമനം രൂപീകരിക്കുന്നതാണ് യുക്തിചിന്ത. കൂടുതൽ അനുഭവ സമ്പത്തുള്ളവരുടെ അഭിപ്രായങ്ങൾ സ്വാംശീകരിക്കുകയും വിലമതിക്കുകയും ചെയ്യുമ്പോഴും അത് കാര്യകാരണസഹിതം ബോധ്യപ്പെടണമെന്ന നിർബന്ധബുദ്ധി യുക്തിചിന്തയുടെ ലക്ഷണമാണ്.

ഒരു വിഷയത്തിൽ നിഗമനത്തിലെത്തുന്നതിനായി വസ്തുതകളെ യുക്തിപൂർവം അടുക്കി പരിശോധിക്കുന്നതിനെയാണ് വിമർശനാത്മക ചിന്ത (Critical Thinking ) എന്നു പറയുന്നത്. ബുദ്ധിയുള്ള മനുഷ്യനായി ജീവിക്കാൻ ദൈനംദിന വ്യവഹാരങ്ങളിൽ വിമർശനാത്​മക ചിന്ത കൂടിയേ തീരൂ. പ്രത്യേകിച്ച് ഓരോ കാര്യത്തിലും തിരഞ്ഞെടുക്കാൻ ഒന്നിലേറെ അവസരങ്ങൾ മുന്നിലുള്ള പുതിയ കാല ജീവിതത്തിൽ. മികച്ച തിരഞ്ഞെടുപ്പുകൾ നിങ്ങളെ ലക്ഷ്യത്തിലേക്കും വിജയത്തിലേക്കും നയിക്കുമ്പോൾ തെറ്റായ ഒറ്റ തിരഞ്ഞെടുപ്പിലൂടെ നേടിയതെല്ലാം നഷ്ടമായെന്നും വരാം. അതിനാൽ ചിന്താശേഷി പരിശീലനത്തിലൂടെ നേടിയെടുക്കേണ്ടത് അനിവാര്യമാണ്. മുന്നിലുള്ള വസ്തുതകളെ യുക്തിപൂർവം, പക്ഷപാതരഹിതമായി, സംശയ ദൃഷ്ടിയോടെ സമീപിക്കുമ്പോഴാണ് ചിന്ത ആഴവും തെളിമയും കൈവരിക്കുന്നത്.

പ്രശ്‌ന പരിഹരണ ശേഷി

പ്രശ്‌നങ്ങളെ വ്യക്തമായി മനസ്സിലാക്കി അവയെ ഫലപ്രദമായി പരിഹരിക്കേണ്ടത് സുഗമമായ ജീവിതത്തിന് ആവശ്യമാണ്. അതിന് ഏതൊരു വ്യക്തിക്കും പ്രശ്‌ന പരിഹരണശേഷി ഉണ്ടായേ മതിയാവൂ. പ്രശ്‌ന പരിഹരണശേഷി എന്നു പറയുന്നത് തികച്ചും ചിന്താപരമായ പ്രവൃത്തിയാണ്. ബൗദ്ധികമായ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണ്ണവുമാണിത്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാനും ബന്ധങ്ങളുടെ സുഖകരമായ മുന്നോട്ടു പോക്കിനും മികച്ച വ്യക്തി-തൊഴിൽ ജീവിതം ഉറപ്പാക്കാനും ഓരോ മനുഷ്യനും പ്രശ്‌ന പരിഹരണ ശേഷി വികസിപ്പിക്കേണ്ടത് ആവശ്യമാണ്.

എല്ലാ പ്രശ്നങ്ങളെയും ഒരുപോലെ പരിഹരിക്കാൻ കഴിയില്ല. പ്രശ്നങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് ഓരോ പ്രശ്നത്തിനും ഉതകുന്ന രീതിയിൽ വേണം പരിഹരിക്കാൻ. പ്രശ്നങ്ങളെ തികച്ചും വസ്തുനിഷ്ഠമായും കാര്യഗൗരവത്തോടെയും സമീപിക്കണം. ഗുരുതര സ്വഭാവമുള്ള പ്രശ്നങ്ങളെ കളിയായി എടുക്കുന്നത് വിഡ്ഢിത്തമാണ്. ചെറിയ പ്രശ്നത്തെയും വലിയ പ്രശ്നത്തെയും അതിനനുസരിച്ചു കൈകാര്യം ചെയ്യണം. നന്നായി ചിന്തിക്കാതെ എടുത്തുചാടി പ്രശ്നങ്ങളെ ഡീൽ ചെയ്താൽ ഫലം വിപരീതമായിരിക്കും.

തീരുമാനമെടുക്കാനുള്ള കഴിവ്

വരും വരായ്കകൾ ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഒന്നിലധികം ഓപ്ഷനുകൾ ഉണ്ടാകുമ്പോൾ അവയിൽ ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്തി തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് തീരുമാനമെടുക്കൽ. ഇത് എല്ലായ്‌പ്പോഴും എളുപ്പമുള്ള കാര്യമല്ല.

തീരുമാനമെടുക്കലിന്റെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കണം. തെറ്റെന്നു തോന്നിയാൽ പുന:പരിശോധിക്കണം. മറ്റുള്ളവർ ഇത്തരമൊരു ഘട്ടത്തിൽ എപ്രകാരമാണ് തീരുമാനമെടുത്തത് എന്ന് വായിക്കുകയും അന്വേഷിച്ചറിയുകയും ചെയ്യുന്നത് നല്ലതാണ്. തീരുമാനമെടുക്കലിന്‍റെ പ്രധാന വെല്ലുവിളി അനിശ്ചിതത്വമാണ്. എന്നാൽ ആ അനിശ്ചിതത്വത്തെ മറികടക്കലാണ് തീരുമാനമെടുക്കലിന്റെ ലക്ഷ്യവും.

ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കിയ മനുഷ്യരെല്ലാം തന്നെ കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങളെടുത്തവരാണ്. ഒരു കാര്യത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയ ശേഷം തീരുമാനമെടുക്കാൻ കഴിയില്ല. പൂർണ്ണമായ വിവരശേഖരണം അനാവശ്യമായി തീരുമാനം വൈകിപ്പിക്കും. പരമാവധി കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും ശ്രമിക്കണം. ഒരു കാര്യത്തിന് ഒരു പരിഹാരമേയുള്ളൂ എന്നു വിചാരിച്ച് അത് കിട്ടുന്നതു വരെ താമസിപ്പിക്കരുത്. പലപ്പോഴും ഒന്നിലധികം സാധ്യതകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് കണ്ടെത്തി ഉപയോഗിക്കണം. ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ട കാര്യമില്ല. എന്നാൽ ദീർഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോകുകയും ചെയ്യരുത്.

നിരീക്ഷണശേഷി

ചുറ്റുപാടുകളെ, വ്യക്തികളെ നിരീക്ഷിക്കുന്നത് നിങ്ങൾക്ക് വ്യക്തത നൽകുകയും ആധുനികമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്നതിന് സഹായിക്കുകയും ചെയ്യും. നിരീക്ഷണമെന്നാൽ ആരുടെയെങ്കിലും പിന്നാലെ പോകലല്ല. കാര്യങ്ങളെ ശ്രദ്ധയോടെ ക്ഷമയോടെ മനസ്സിലാക്കലാണ്. നിരീക്ഷണം നിങ്ങളുടെ ക്രിയാത്മക, വിമർശനാത്മക ചിന്തകളെ വികസിപ്പിക്കും.

വിവേചനശേഷി

കാര്യങ്ങളെ വിവേചിച്ചു മനസ്സിലാക്കുന്നതിന് ഈ ശേഷി വളർത്തിയെടുക്കേണ്ടതുണ്ട്. നിങ്ങൾക്ക് വേണ്ടതിനെക്കുറിച്ചും വേണ്ടാത്തതിനെക്കുറിച്ചും മനസ്സിലാക്കാനും അതനുസരിച്ച് ജീവിതം നിയന്ത്രിക്കാനും ഇത് ആവശ്യമാണ്. നിങ്ങളുടെ സമയവും സമ്പത്തും അനാവശ്യമായി ചെലവഴിക്കപ്പെടാതിരിക്കാൻ ഇതുവഴി ശ്രദ്ധിക്കാം.

ആത്മവിശ്വാസം

ആത്മവിശ്വാസം എന്നാൽ അവരവരിലുള്ള വിശ്വാസമാണ്. ആത്മാഭിമാനവും ആത്മവിശ്വാസവും പരസ്പര പൂരകങ്ങളാണ്. ആത്മവിശ്വാസമുള്ള ഒരാൾക്കു മാത്രമേ ആത്മാഭിമാനവും ഉണ്ടാകൂ. എനിക്കിത് ചെയ്യാൻ കഴിയും, അതിനുള്ള കഴിവും അറിവും എനിക്കുണ്ടെന്ന ഉള്ളുറപ്പാണ് ആത്മവിശ്വാസം. നിനക്കിത് ചെയ്യാൻ കഴിയില്ലെന്ന മറ്റുള്ളവരുടെ മുൻവിധികളെയും പരിഹാസങ്ങളെയും അവഗണിക്കാനുള്ള കഴിവ് ഉണ്ടാകുന്നിടത്തു നിന്നാണ് ആത്മവിശ്വാസം വളരുന്നത്.

ക്ഷമ, സഹിഷ്ണുത

മറ്റുള്ളവരെ കേൾക്കാനും ശ്രദ്ധിക്കാനുമുള്ള ക്ഷമയും മറ്റുള്ളവരുടെ താൽപര്യങ്ങളോടും വിശ്വാസങ്ങളോടും സഹിഷ്ണുതയും വളർത്തിയെടുക്കണം. മറ്റുള്ളവരുടെ തെറ്റായ പ്രവൃത്തികളോട് സഹിഷ്ണുത പുലർത്തുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്നത് മഹത്തായ വ്യക്തിത്വത്തിന്‍റെ ലക്ഷണമാണ്.

Tags:    
News Summary - The importance And need of skill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.