ഡോ: എബ്രഹാം മോർ സെവേറിയോസ് മെത്രാപ്പോലീത്ത (യാക്കോബായ സഭ വലിയ മെത്രാപ്പോലീത്ത)
ലോകം ഇന്ന് അതി ഗുരുതരമായ യുദ്ധ സാഹചര്യത്തിലാണ്. അതിന്റെ കെടുതി മുഴുവൻ ജനവിഭാഗങ്ങളും ചെറുതും വലുതുമായ രീതിയിൽ അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈസ്റ്റർ നമ്മളിലേക്ക് എത്തുന്നത്. ക്രൈസ്തവ വിശ്വാസ പ്രമാണത്തിൽ അവസാന ഏറ്റുപറച്ചിലാണ്:-" മരിച്ചുപോയവരുടെ ഉയിർപ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങൾ നോക്കിപ്പാർക്കുന്നു" വെന്ന്. ചിലർക്ക് ജീവിതം മെഴുകുതിരിപോലെയാണ്. അതായത് വേഗത്തിൽ അണഞ്ഞു പോകാവുന്ന അവസ്ഥ. മറ്റു ചിലർക്ക് മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്ന വിശ്വാസം. ലോക ജീവിതത്തിലേക്ക് ഉയിർപ്പിന്റെ ശക്തികൊണ്ട് നാം മടങ്ങിപ്പോകണം. അത് ദൈവ ശുശ്രൂഷക്കായി തീരണം . ഈ ലോകത്തിൽ ദൈവത്തിന്റെ സാക്ഷികളായി പ്രവർത്തിക്കണമെന്നതാണ് ഈസ്റ്റർ മാനവരാശിക്ക് നൽകുന്ന സന്ദേശം. എത്ര ത്യാഗം സഹിച്ചായാലും സത്യത്തിനും നീതിക്കുമൊപ്പം നിൽക്കണം. യുദ്ധവും അക്രമവും പട്ടിണിയും ദുരിതങ്ങളും നടമാടുന്ന ലോകത്ത് പീഡനങ്ങൾക്ക് ഇരയാകുന്നവർക്കുവേണ്ടി സഹിക്കുന്നവരാകണം.
ഉയിർപ്പിൽ വിശ്വസിക്കുന്നവരുടെ ശക്തിയാണത്. വിശുദ്ധ ബൈബിളിലെ ലൂക്കാ 24:31 ൽ ഈസ്റ്റർ ദിനത്തെക്കുറിച്ച് വിശ്വാസികളെ ഓർമിപ്പിക്കുന്നത് ഇങ്ങനെയാണ് "അവരുടെ കണ്ണ് തുറന്ന് അവനെ അവർ അറിഞ്ഞു... അവൻ അവർക്ക് അപ്രത്യക്ഷനായി. യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസം തന്നെ യെറുശലേമിൽനിന്ന് ഏഴ് മൈൽ അകലെയുള്ള എമ്മാവൂസ് എന്ന ഗ്രാമത്തിലേക്ക് തന്റെ രണ്ട് ശിഷ്യന്മാരുമായി പോകുമ്പോൾ ഉണ്ടായ സംഭവങ്ങൾ ഓർമിപ്പിക്കുന്നത് മരണത്തിന്റെയും ജീവിതത്തിന്റെയും താക്കോൽ ക്രിസ്തുവിന്റെ കൈവശമുണ്ടെന്നാണ്. ഉയിർപ്പിന്റെ ദിവസം അവിടെ കല്ലറ സന്ദർശിച്ചവർ കണ്ട കാഴ്ച അടക്കപ്പെട്ട കല്ലറയുടെ മുകളിൽ വെച്ചിരുന്ന വലിയ കല്ല് മാറ്റപ്പെട്ടതായിട്ടാണ്. മനുഷ്യന്റെ മുഴുവൻ പ്രത്യാശകളും നഷ്ടപ്പെടുത്തുന്ന ഒന്നാണ് കല്ലുകളാകുന്ന തടസ്സങ്ങൾ . ഈ തടസ്സങ്ങൾ തട്ടിമാറ്റി മുന്നോട്ട് പോയാൽ മാത്രമേ വീട്ടിലും നാട്ടിലും സമൂഹത്തിലുമുള്ള പ്രതിന്ധികളെയും തിന്മകളെയും അതിജയിക്കാൻ പറ്റൂ... സ്വാർഥതക്കും അഹങ്കാരത്തിനും പരസ്പര സ്നേഹമില്ലായ്മക്കും പകരം നമുക്ക് വേണ്ടത് തിന്മകളെ അതിജയിക്കാനുള്ള ഇത്തരം ഉയിർത്തെഴുന്നേൽപുകളാണ്...അതാണ് ഈസ്റ്റർ നൽകുന്ന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.