സൂഖ് മുബാറക്കിയയിലെ ഷോപ്പുകൾ
കുവൈത്ത് സിറ്റി: എല്ലാ വഴികളും സൂഖ് മുബാറക്കിയയിലേക്ക് എന്നു പറയാറുണ്ട്. പല വഴികളിൽ നിന്നെത്തി ജനങ്ങൾ ഈ വലിയ തെരുവിൽ ഒരുമിക്കുന്നു. റമദാനിലെ രാത്രികളിലും അതിന് മാറ്റമില്ല.
അത്തർ മണമുള്ള ഇടനാഴികൾ, കല്ലുപതിച്ച നടപ്പാതകൾ, മരംകൊണ്ടു തീർത്ത മച്ചിനുതാഴെ തൂങ്ങിനിൽക്കുന്ന വെളിച്ചങ്ങൾ, ഇരു ഭാഗങ്ങളിലും പല വർണങ്ങളാൽ വിൽപനക്കു നിരത്തിയ അനേകം വസ്തുക്കൾ. സൂഖ് മുബാറക്കിയയിൽ ഇല്ലാത്തത് ഒന്നുമില്ല. കുവൈത്തിലെ ഈ മാർക്കറ്റുകളുടെ മാതാവ് റമദാനിലെ രാത്രികളിൽ കൂടുതൽ സജീവമാണ്.
വസ്തുക്കൾ വാങ്ങാൻ മാത്രമല്ല, കുവൈത്തിന്റെ ഈ പൗരാണിക മാർക്കറ്റിലൂടെ ഒന്ന് കൈവീശി നടന്നാൽതന്നെ ഉള്ളം നിറയും. പഴമയുടെ പകിട്ടിൽ ആധുനിക സംവിധാനങ്ങളോടെ സൂഖ് മുബാറക്കിയ എല്ലാവരെയും സ്വാഗതംചെയ്യുന്നു. പകലോ രാത്രിയോ എന്നില്ലാതെ ജനം ഇവിടേക്ക് ഒഴുകിയെത്തുന്നു.
കുവൈത്ത് സിറ്റിയിലെ അബ്ദുല്ല അൽ മുബാറക്, ഫലസ്തീൻ സ്ട്രീറ്റുകൾക്കിടയിലാണ് സൂഖ് മുബാറക്കിയ സ്ഥിതി ചെയ്യുന്നത്. കുവൈത്തിന്റെ ഏറ്റവും പൗരാണികമായ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇത്. കുറഞ്ഞത് 200 വർഷമെങ്കിലും ഈ അങ്ങാടിക്ക് പഴക്കമുണ്ട്.
പഴമയും പാരമ്പര്യവും നിലനിർത്തിയാണ് നിർമാണപ്രവർത്തനങ്ങളെല്ലാം. നിരവധി മാര്‍ക്കറ്റുകളുടെ സമുച്ചയമാണ് ഇത്. വസ്ത്രങ്ങൾ, പേർഷ്യൻ സിൽക്ക് പരവതാനികൾ, അറബ് പുരാവസ്തുക്കൾ, കസ്തൂരി, ഊദ് തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ, മത്സ്യ മാര്‍ക്കറ്റ്, ഹോട്ടലുകള്‍ തുടങ്ങി ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ലഭിക്കുന്ന ഇടം. സാധനങ്ങളുടെ വൈവിധ്യവും മിതമായ വിലയും ആളുകളെ ആകർഷിക്കുന്നു. റമദാന്രാവുകളില് സൂഖ് മുബാറക്കിയയില്‍ പതിവിലേറെ തിരക്കാണ്. രാവിനെ പകലാക്കുന്ന മാര്‍ക്കറ്റില്‍ ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമാണ് എത്തുന്നത്. രാത്രിനമസ്കാരത്തിനുശേഷം സജീവമാകുന്ന വ്യാപാര സ്ഥാപനങ്ങള്‍ പുലരുമ്പോഴാണ് കണ്ണടക്കുക. പലതും അടക്കാറേയില്ല, പകലും രാത്രിയും അവ ഒരുപോലെ ആളുകളെ സ്വാഗതംചെയ്യുന്നു.
റമദാനിൽ ആളുകളുടെ പർച്ചേസിങ് ഇരട്ടിയാകുമെന്ന് കച്ചവടക്കാർ പറയുന്നു. വിപണിയിൽ ധാരാളമായി ലഭിക്കുന്ന ഈത്തപ്പഴവും മറ്റു റമദാൻ അവശ്യസാധനങ്ങളും വാങ്ങാനായി നിരവധി പേർ എത്തുന്നതിനാൽ റമദാനിൽ ഉപഭോക്താക്കളുടെ വർധനയുണ്ടാകുന്നു. റമദാനിൽ നോമ്പുതുറക്കും തറാവീഹ് നമസ്കാരങ്ങൾക്കും ശേഷമാണ് ആളുകൾ സാധനങ്ങൾ വാങ്ങാനെത്തുന്നത്. നോമ്പുതുറക്കായി സൂഖിലെത്തുന്നവരും ഉണ്ട്. ഇവർ ഹോട്ടലുകളെ ആശ്രയിക്കുന്നു. എല്ലായിടങ്ങളിലും നോമ്പുതുറ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂഖിലെ സുന്ദരമായ പരമ്പരാഗത ഇടനാഴികളിൽ നിരത്തിയിട്ട ബെഞ്ചുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരെ രാത്രികാലങ്ങളിൽ കാണാം. കുട്ടികളുമായി സൂഖിലെത്തുന്നവർ അവരെ ഇഷ്ടത്തിന് വിടുന്നു. ഷോപ്പുകൾക്കിടയിലെ വരാന്തകളിൽ കുട്ടികൾ പല രൂപങ്ങളിലുള്ള കളികളിൽ ഏർപ്പെടുന്നു.
പഴമക്കാർക്ക് സൂഖ് മുബാറക്കിയ ഭൂതകാലത്തിന്റെ സുഗന്ധം ഉണർത്തുന്ന ഇടമാണ്. അതിന്റെ പരമ്പരാഗത ഇടനാഴികളിൽ അവർ കോഫി കഴിച്ച് വെറുതെ സംസാരിച്ചിരിക്കുന്നു. പഴയ കഫേകളിൽ ഇരുന്ന് ഹൃദ്യമായ സംഭാഷണങ്ങൾ കൈമാറുന്നതാണ് ഇവിടത്തെ പ്രധാന ആനന്ദമെന്ന് ഒരു പതിവ് സന്ദർശകൻ പറഞ്ഞു. തിരക്കുകൾ ഒഴിഞ്ഞ ശാന്തവും സുന്ദരവുമായ ഇടമാണ് എന്നതും സൂഖിനെ സന്ദർശന ഇടമായി തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നു.
പാതിരാവിലും ഉണർന്നിരുന്ന് സൂഖ് മുബാറക്കിയ
കുവൈത്തിന്റെ പാരമ്പര്യവും പുതുമയും സമ്മേളിക്കുന്ന വസ്തുക്കൾക്കൊപ്പം മറ്റു രാജ്യങ്ങളിൽനിന്നുള്ള പരമ്പരാഗത വസ്തുക്കളും സൂഖിൽ ലഭ്യമാണ്. ചെറുതും വലുതുമായ കടകളിൽ അവ വിൽപനക്കു വെച്ചിരിക്കുന്നത് കാണാം. ബസ്രാവി ചായയും മധുരപലഹാരങ്ങളും ഉൾപ്പെടെ നിരവധി ഇറാഖി സാധനങ്ങൾ ഇവിടെ ലഭ്യമാണ്. ബസ്രാവി ചായക്കും മധുരപലഹാരങ്ങൾക്കും ആവശ്യക്കാരും ഏറെയാണ്. പരമ്പരാഗത സൗദി ചെരിപ്പുകളുടെ നിരവധി ആവശ്യക്കാരും സൂഖിൽ പതിവായെത്തുന്നു. വ്യാപാരകേന്ദ്രം എന്നതിനൊപ്പം കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് മുബാറക്കിയ മാർക്കറ്റ്. ആരെയും മടുപ്പിക്കാത്ത ഇവിടേക്ക് സന്ദർശകർ അണമുറിയാതെ എത്തുന്നു. റമദാനിലും അതിനൊട്ടും മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.