കാടാമ്പുഴ ഭഗവതിയുടെ പിറന്നാൾ ദിനത്തിൽ കാർത്തിക ദീപങ്ങൾ തെളിയിക്കുന്ന ഭക്തർ
കാടാമ്പുഴ: കാർത്തികദീപങ്ങൾ തെളിയിച്ച് കാടാമ്പുഴ ഭഗവതിയുടെ പിറന്നാളാഘോഷം ഭക്തിസാന്ദ്രമായി. വൃശ്ചികത്തിലെ കാർത്തികനാളിലാണ് പ്രതിഷ്ഠാദിനം നടന്നതെന്നാണ് സങ്കൽപം. ബുധനാഴ്ച പുലർച്ചെ മൂന്നോടെ നട തുറന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടിമന ഉണ്ണി നമ്പൂതിരിപ്പാട് ശ്രീകോവിലിൽ ഭദ്രദീപം തെളിയിച്ച് പകർന്ന് നൽകിയ ദീപങ്ങൾ ഭക്തർ നിലവിളക്കുകളിലും ചിരാതുകളിലും തെളിയിച്ചതോടെ ക്ഷേത്രനഗരി പ്രഭാപൂരിതമായി.
രാവിലെ പത്തോടെ ജാതിമതഭേദമന്യേ പിറന്നാൾ സദ്യയുണ്ടത് പതിനായിരങ്ങളായിരുന്നു. ഉച്ചക്ക് രണ്ടു മുതലാണ് മുട്ടറുക്കൽ വഴിപാട് ഉണ്ടായിരുന്നത്. വൈകുന്നേരം ഏഴ് മുതല്‍ മാടമ്പിയാര്‍ക്കാവ് ക്ഷേത്രത്തില്‍ കാടാമ്പുഴ ദേവസ്വം വക വിശേഷാല്‍ വിളക്കും പൂജയും നടന്നു. സര്‍വൈശ്വര്യപൂജ, കലാമണ്ഡലം നന്ദകുമാര്‍, കലാമണ്ഡലം ശര്‍മിള എന്നിവര്‍ അവതരിപ്പിച്ച ഓട്ടന്തുള്ളല്‍ എന്നിവയും അരങ്ങേറി.
ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംസ്കാരിക സമ്മേളനം മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ദേവസ്വം തൃക്കാര്‍ത്തിക പുരസ്കാരം ചെണ്ട കലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ ഏറ്റുവാങ്ങി. ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് കമീഷണർ പി. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി.
കോഴിക്കോട് അഡീഷനൽ ഡി.എം.ഒ ഡോ. പീയൂസ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്രവാര്യർ, ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂദനൻ, ബോർഡ് മെമ്പർമാരായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, എം. രാധ, കെ. മോഹനൻ, കെ. ലോഹ്യ, ബോർഡ് ഡെപ്യൂട്ടി കമീഷണർമാരായ കെ.പി. മനോജ് കുമാർ, ടി.സി. ബിജു, മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ഒ.കെ. ബേബി ശങ്കർ എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ സംസാരിച്ചു. പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം, നടി ലക്ഷ്മി ഗോപാല സ്വാമി അവതരിപ്പിച്ച നൃത്താവിഷ്‌കാരം എന്നിവ ആസ്വാദകമനം നിറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.