വിശുദ്ധ ബൈബിളിൽ ഉണ്ണീശോയുടെ തിരുപ്പിറവിയുണ്ട്. സുവിശേഷകരായ മാർക്കോസും മത്തായിയുമാണ് പിറവി മഹത്വം വെളിപ്പെടുത്തുന്നത്. സന്തുഷ്ട വിശദീകരണ വായന. അവർ വിഭാവനം ചെയ്ത പ്രകാരം ബത് ലഹേം പുൽക്കൂട് വിശുദ്ധ സ്ഥലമായി ക്രിസ്ത്യാനികൾ വണങ്ങുന്നു. ഫലസ്തീനിലെ ബത് ലഹേം നഗരി റോമൻ അധീന മേഖലയാണ്. ഇന്നാ സ്ഥലത്ത് പുണ്യ പുരാതന പള്ളി കാണാം. നേറ്റിവിറ്റി ബസലിക്ക ഓഫ് ഗ്രോട്ടോ എന്നറിയപ്പെടുന്നു. ഇവിടം ഉണ്ണിയേശ്ശു പിറന്ന കാലിത്തൊഴുത്തും പുൽത്തൊട്ടിലും തീർഥാടകരുടെ അറിവിനായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴായി ഈ ആരാധന കേന്ദ്രം പുതുക്കിപ്പണിതു. കല്ലും മണ്ണും മാർബിൾ കൊത്തുപണികളും മാത്രമേ മാറിയിട്ടുള്ളൂ. പള്ളി മാതൃകക്കോ വിശ്വാസരീതികൾക്കോ മാറ്റം വരുത്തിയിട്ടില്ലെന്നത് നേർക്കാഴ്ച.
ആ വഴി ഇടുങ്ങിയതാകുന്നു
സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്ന യേശുവിന്റെ തിരുവചനങ്ങൾ അന്വർഥമാക്കുന്ന ഇടം. ബസലിക്കയിലേക്ക് പ്രവേശിക്കാൻ തലകുമ്പിട്ടേ പറ്റൂ. ‘വിനയത്തിന്റെ വാതിൽ’ എന്നാണ് ഈ താഴ്ന്ന ഒതുങ്ങിയ വാതിലിന്റെ വിളിപ്പേര്. അകം വിശാല റോമൻ ബസലിക്കപോലെ രൂപകൽപന ചെയ്തിരിക്കുന്നു. അഞ്ച് ഇടനാഴികളായി പള്ളിയകം തിരിച്ചിട്ടുണ്ട്. കൊറിന്തിയൻ നിരകളായവ നിലകൊള്ളുന്നു.
‘രാജാവിന്റെ കൽപന പ്രകാരമുള്ള ജനസംഖ്യ കണക്കെടുപ്പിനാണ് ഔസേപിതാവ് ബത് ലഹേം സന്ദർശനത്തിനെത്തുന്നത്. ഗർഭിണിയായ മേരിയെ കഴുതപ്പുറത്ത് ഇരുത്തിയായിരുന്നു ദീർഘയാത്ര. രാത്രി അവർക്ക് താമസിക്കാൻ സത്രങ്ങളിൽ ഇടം കിട്ടിയില്ല. പ്രസവസമയം അടുത്തതിനാൽ അവർ സമീപത്തെ കാലിത്തൊഴുത്തിൽ അഭയം തേടി. മറിയം അവിടെ വെച്ച് ദൈവപുത്രന് ജന്മം നൽകി’. ഇതാണ് ക്രിസ്മസിന് ആധാരമായ സംഭവ വിവരണം. അന്നത്തെ കാലിത്തൊഴുത്ത് പിന്നീട് ദേവാലയമായി.
പുൽത്തൊട്ടിൽ
മദർ മേരി നവജാത ശിശുവിനെ കിടത്തിയ പുൽത്തൊട്ടി അടയാളം അനുഗ്രഹസ്ഥലമെന്ന് ചരിത്ര ഗ്രന്ഥങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂർത്ത പതിനാലു മുനകളുള്ള വെള്ളി നക്ഷത്രം ഇവിടം ദൃശ്യമാണ്. സ്റ്റാറിന്റെ നടുവൃത്തം സദാ പ്രകാശപൂരിതവും. വർണശബളമായി അലങ്കരിച്ച പുൽക്കൂട്. ക്രിസ്മസ് ട്രീ. കാലിത്തൊഴുത്ത്. പ്രതിമകളായി കാലികൾ, ആട്ടിടയന്മാർ... ക്രിസ്മസ് രാത്രിയിവിടം ആഘോഷാർഭാടമായ തിരുപ്പിറവി ചടങ്ങ് നടക്കും. ഈ സ്ഥലമാണ് ഗ്രോട്ടോ ഓഫ് ദി മാംഗർ സ്ക്വയർ. അതിനു നേരെ മുകളിലായാണ് ബസലിക്കയുടെ പ്രധാന ബലിപീഠം. അവിടത്തെ അൾത്താരയിൽ പാതിരാ കുർബാന നടക്കും.
ആരാധനകൾ
നേറ്റിവിറ്റി ബസലിക്കയിൽ പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്സ്, അർമേനിയൻ അപ്പസ്തോലിക് ചർച്ച് വിഭാഗങ്ങളും ആരാധന ക്രമങ്ങൾ നടത്താറുണ്ട്. അവരുടെ പിറവി തിരുനാൾ ജനുവരി മാസത്തിലാണ്. ബസലിക്കയുടെ സുഗമമായ നടത്തിപ്പ് ഒരു മുസ്‍ലിം രാജകുടുംബമാണ് ഏറ്റെടുത്തിരിക്കുന്നത്. ആർക്കും പ്രശ്നങ്ങളില്ലാതെ അവർ ഉത്തരവാദിത്തം നിറവേറ്റുന്നു. മത സൗഹാർദത്തിന്റെ ഒരിടംകൂടിയാണിത്. ക്രിസ്മസ് സീസണിൽ ഇവിടെ സ്വദേശികളെക്കാൾ വിദേശ കരോൾ ഗായകരാകും കൂടുതൽ. തപ്പു താള മേളങ്ങളിൽ സാന്താക്ലോസുകൾ വക പൊടിപ്പൻ ജാലവിദ്യകളും ഇവിടെകാണാം.
കരോൾ സ്റ്റാർ സാന്താക്ലോസ്
‘ജിംഗിൾ ബെൽസ്’ ക്രിസ്മസ് മാലാഖമാരുടെ സ്വർഗീയ സന്ദേശമായി എങ്ങും കേൾക്കാം. കരോൾ പാർട്ടികളിൽ ക്രിസ്മസ് പപ്പകൾ നിറഞ്ഞാടുന്നു. കരോൾ ഗാനങ്ങൾക്കൊപ്പം എല്ലാവരും ആടിപ്പാടുന്നു. ഭംഗിയായി അലങ്കരിച്ച ക്രിസ്മസ് പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ ആദ്യം വണങ്ങും. നിറദീപമായി അലങ്കരിച്ച് വെട്ടിത്തിളങ്ങുന്ന ട്രീയുടെ പ്രകാശ ധാരയിൽ സ്തുതിപ്പ് ആലാപനം. പിന്നെ സാന്താക്ലോസ് വക കേക്ക് മുറി. പൗരാണികർ സാന്തയടങ്ങുന്ന കരോൾ പാർട്ടി വീട്ടിൽ പാടിയിറങ്ങിയശേഷം മാത്രമേ ഭക്ഷണം കഴിക്കൂ. ക്രിസ്മസ്-ന്യൂഇയർ കച്ചവടം പൊടിപൊടിക്കാനായി കടകമ്പോളങ്ങളിലും തിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.