തേ​ൻ​മൊ​ഴി​യു​ടെ ക്രി​സ്മ​സ്

അന്നൊരു ക്രിസ്മസ് ദിനമായിരുന്നു. ക്രിസ്മസ് പ്രസംഗത്തിനു പോകുകയായിരുന്നു ഞാൻ. തീവണ്ടിയിലായിരുന്നു യാത്ര. നട്ടുച്ച നേരം. ചൂടും യാത്രാക്ഷീണവുംമൂലം മയങ്ങിപ്പോയതറിഞ്ഞില്ല. അൽപസമയം കഴിഞ്ഞതേയുള്ളൂ. കർണാനന്ദകരമായ ഒരു ക്രിസ്മസ് ഗാനമാണ് ഉറക്കത്തിൽ നിന്ന് ഉണർത്തിയത്.

‘പൈതലാം യേശുവേ... ഉമ്മ വച്ചുമ്മ വച്ചുണർത്തിയ... ആട്ടിടയർ ഉന്നതരേ... നിങ്ങൾതൻ ഹൃത്തിൽ യേശുനാഥൻ പിറന്നു...’

ഏതോ മാലാഖ ഭൂമിയിൽവന്നു പാടുന്നതുപോലെ. അത്ര മധുരമായ സ്വരം. ആകാംക്ഷയോടെ മുന്നിലേക്ക് നോക്കി. അത്ഭുതംകൊണ്ട് കണ്ണുകൾ വിടർന്നു. പത്തോ പന്ത്രണ്ടോ വയസ്സു മാത്രം വരുന്ന ഒരു പെൺകുട്ടി. അവളുടെ വലതു കാലിന് അൽപം മുടന്തുണ്ട്. കീറിയ പാവാടയും ബ്ലൗസുമാണ്‌ വേഷം. തലമുടി എണ്ണമയമില്ലാതെ പാറിപ്പറക്കുന്നു. തോളിൽ തൂക്കിയിട്ടിരിക്കുന്ന ഹാർമോണിയം. അതിൽ താളമിട്ടാണ് അവൾ പാടുന്നത്. ഞാൻ യാത്രക്കാരുടെ മുഖത്തേക്കു നോക്കി. എല്ലാ മുഖങ്ങളിലും സ്നേഹവും വാത്സല്യവും. അവൾ പിന്നെയും പാടുകയാണ്. തമിഴ് ചുവ കലർന്ന പ്രത്യേക മലയാളത്തിൽ. എല്ലാവരും അത്ഭുതപ്പെട്ടു. ഈ പെൺകുട്ടിക്ക് എങ്ങനെ ഇത്ര സ്വരമാധുരി. പാട്ട് കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ അവൾ ഓരോരുത്തരെയും സമീപിച്ചു. നാണയത്തുട്ടുകൾ ആ ഇളംകൈയിൽ നിറഞ്ഞു. നന്ദി പറഞ്ഞ് അവൾ പോകാൻ തുടങ്ങുമ്പോൾ മധ്യവയസ്കനായ ഒരാളും ഭാര്യയും അവളോട്‌ പേരു ചോദിച്ചു. ‘തേൻമൊഴി’ അവൾ പേരു പറഞ്ഞു.

‘മോൾ ഞങ്ങളുടെ കൂടെ പോരുന്നോ? മോളെ ഞങ്ങൾ പഠിപ്പിക്കാം. ഞങ്ങളുടെ മക്കളുടെ കൂടെ നിനക്കും വളരാം’ ആ സ്ത്രീ ചോദിച്ചു. ആ മുഖം പെട്ടെന്നു മ്ലാനമായി. കണ്ണുകൾ നിറഞ്ഞു. യാത്രക്കാരെല്ലാം ശ്രദ്ധിച്ചിരിക്കെ അവൾ പറഞ്ഞു, ‘ഞാൻ വരുന്നില്ലമ്മേ... എനിക്ക് രോഗിയായ അച്ഛനും അമ്മയും അനുജന്മാരുമുണ്ട്. ഞാൻ പാട്ടുപാടിയാണ് ഞങ്ങൾ കഴിയുന്നത്. ഞാൻ വന്നാൽ അവർ പട്ടിണിയാകും.’

തീവണ്ടി പുറപ്പെടാൻ തുടങ്ങി. അവൾ ഓടി അടുത്ത തീവണ്ടിയിൽ കയറി. അതിൽനിന്നും അവളുടെ തേൻമൊഴി അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരുന്നു. ‘പൈതലാം യേശുവേ... ഉമ്മ വച്ചുമ്മ വച്ചുണർത്തിയ... ആട്ടിടയർ ഉന്നതരേ... നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു...’


Tags:    
News Summary - christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.