ഇറാനിയൻ തീർഥാടകർ അറാറിലേക്ക് പുറപ്പെടാൻ മദീന വിമാനത്താവളത്തിലെത്തിയപ്പോൾ
മദീന: ഇസ്രായേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ കുടുങ്ങിയ ഇറാനിയൻ തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. ആദ്യ വിമാനം മദീനയിൽനിന്ന് അറാർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അറാർ അതിർത്തി കവാടംവഴി ഇറാനിലേക്ക് കരമാർഗം എത്തിക്കുന്നതിനുള്ള മുന്നോടിയായാണിത്. മാതൃരാജ്യത്തേക്ക് സുരക്ഷിതരായി മടങ്ങാൻ സാഹചര്യം ഒരുങ്ങുന്നതുവരെ അവർക്ക് എല്ലാ സൗകര്യങ്ങളും കരുതലും നൽകണമെന്ന സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾക്ക് അനുസൃതമായാണ് നടപടി. ഇറാനിലെ ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്നാണ് വിമാനമാർഗമുള്ള ഇറാൻ തീർഥാടകരുടെ മടക്കയാത്ര പ്രതിസന്ധിയിലായത്.
ഇതേ തുടർന്നാണ് ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി ആഭ്യന്തര വിമാനങ്ങളിൽ തീർഥാടകരെ അറാർ വിമാനത്താവളത്തിലെത്തിച്ച് അവിടെനിന്ന് കരമാർഗം ഇറാനിലേക്ക് എത്തിക്കാനുള്ള പദ്ധതി ഹജ്ജ് ഉംറ മന്ത്രാലയം സ്വീകരിച്ചത്. നിർദേശത്തെ തുടർന്ന് മക്കയിലും മദീനയിലും ഇറാനിയൻ തീർഥാടകരുടെ അവസ്ഥ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനുമായി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക ഓപറേഷൻ റൂമും സ്ഥാപിച്ചിട്ടുണ്ട്. ഇറാനിൽനിന്നുളള ഏകദേശം 76,000 തീർഥാടകർക്കാണ് നിലവിൽ സൗകര്യങ്ങളൊരുക്കി നൽകിയിരിക്കുന്നത്. താമസകേന്ദ്രങ്ങളിൽ നൽകുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെ നിലവാരത്തെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയതായും മന്ത്രാലയം വിശദീകരിച്ചു.
രാജ്യത്തെ മറ്റു വകുപ്പുകളുമായി നേരിട്ടുള്ള ഏകോപനത്തിലൂടെ മടക്കയാത്രക്ക് ആവശ്യമായ ഒരു സമഗ്ര പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ തീർഥാടകരെ ആദ്യം സൗദി അതിർത്തി പട്ടണമായ അറാറിലെ വിമാനത്താവളത്തിൽ എത്തിക്കും. അവിടെനിന്ന് (ജദീദ അറാർ അതിർത്തി പോസ്റ്റ്) കരമാർഗം ഇറാനിലേക്ക് കൊണ്ടുപോകും. സുരക്ഷിതമായി പുറപ്പെടാൻ കഴിയുന്നതുവരെ ഹജ്ജ്, ഉംറ മന്ത്രാലയ സംഘങ്ങൾ തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പരിചരണവും നൽകും.
ജിദ്ദ: മേഖലയിലെ നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതിനാൽ ഇറാഖിൽനിന്ന് ഹജ്ജിനെത്തിയ തീർഥാടകരുടെ മടക്കയാത്രയും കരമാർഗമായിരിക്കുമെന്ന് ഇറാഖി ഹജ്ജ് മിഷൻ അറിയിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്നും ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു.
അറാർ അതിർത്തി കവാടത്തിലേക്ക് ബസുകളിൽ തീർഥാടകരെ കൊണ്ടുപോകും. അതിനുള്ള ഗതാഗത സൗകര്യം ഏർപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുതുടങ്ങിയതായും അതിനുശേഷം ഇറാഖിലെ അവരവരുടെ നാടുകളിലേക്ക് പ്രത്യേകം പ്രത്യേകം ഗതാഗത സൗകര്യമൊരുക്കി യാത്ര പൂർത്തിയാക്കുമെന്നും ഹജ്ജ് മിഷൻ പറഞ്ഞു. ഇറാഖിലെ വിവിധ നഗരങ്ങളിലുള്ള സ്വന്തം കുടുംബങ്ങളിലേക്ക് തീർഥാടകർ ചെന്നെത്തുന്നതുവരെ പരമാവധി സുഖവും സുരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, തങ്ങളുടെ ഫീൽഡ് ടീമുകൾ നടപടികളുടെ പ്രവർത്തന പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഹജ്ജ് മിഷൻ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.