1995ലെ ചെറിയ പെരുന്നാൾ ഒരിക്കലും മറക്കാനാവാത്തതാണ്. പതിവ് സന്ദർശനങ്ങളും മറ്റും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ റൂംമേറ്റും അയൽവാസിയുമായ മംഗലത്ത് റഷീദാണ് ചുമലിൽ കൈവച്ചുകൊണ്ട് അന്ന് ആ കാര്യം എന്നോട് പറഞ്ഞത്. നിങ്ങളുടെ ഉപ്പാക്ക് അസുഖമായിരുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു, ‘പക്ഷേ മരണം സംഭവിച്ചു’എന്നാണ് അറിയാൻ കഴിഞ്ഞത്, ഇത്രയും കേട്ടപ്പോൾ ഇടിവെട്ടിയത് പോലെ സ്തംഭിച്ചു പോയി.
നാട്ടിൽപോയി വന്നിട്ട് മൂന്നോ നാലോ മാസമേ ആയിട്ടുള്ളൂ, പ്രിയപ്പെട്ട ഉപ്പയുടെ മരണം പിടിച്ചുലക്കുന്നുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അക്കാലത്ത് പെട്ടെന്ന് പോകാനുള്ള സൗകര്യവും അന്ന് കുറവായിരുന്നു. പെട്ടെന്ന് മനസ്സ് 17 വർഷം മുമ്പുള്ള ചെറിയ പെരുന്നാൾ ദിനത്തിലേക്ക് ഓടിപ്പോയി. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീടുകളിലെത്തിയ മക്കളായ ഞങ്ങൾക്ക് അടുക്കളയിൽവെച്ച് തന്നെ ഭക്ഷണം വിളമ്പിത്തന്ന ഉമ്മച്ചി വലിയ പെരുന്നാൾ വരുന്നതിന് മുമ്പ് 1978 ദുൽഖഅദ് 11ന് യാത്രയായി.
അങ്ങനെ മാതാപിതാക്കളുടെ വേർപാടും ചെറിയ പെരുന്നാളും ഞങ്ങളുടെ മനസ്സിൽ ഓർമപ്പെടുത്തലായി മാറി. ഉമ്മച്ചിയുടെ അകാലവേർപാട് ഞങ്ങളുടെ മനസ്സിൽ കരിനിഴൽ വീഴ്ത്തി. എനിക്ക് 21 വയസ്സുള്ളപ്പോൾ അന്ന് ഉമ്മച്ചിക്ക് 48 വയസ്സായിരുന്നു പ്രായം. വിവാഹശേഷം ഉമ്മച്ചി 10 മക്കളെ പ്രസവിച്ച് പോറ്റി വളർത്തി. പര സഹായ സഹകരണം കാരണം ഉമ്മച്ചി പ്രദേശത്തെ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറിയിരുന്നു.
10 മക്കളിൽ ആദ്യത്തേതും അവസാനത്തിന് തൊട്ടുമുമ്പുള്ളതും പെൺമക്കളായിരുന്നു. ആദ്യ സഹോദരി പെട്ടെന്ന് വിവാഹം കഴിച്ചു പോയപ്പോൾ ബാക്കിയുള്ള ഞങ്ങൾ ആൺ മക്കൾ വീട്ടുജോലി ചെയ്യേണ്ട അവസ്ഥയായി. ഞങ്ങൾക്ക് താഴെയുള്ള മക്കളെ നോക്കണം, വീട്ടുജോലി ചെയ്യണം, വിറക് കീറണം, അലക്കണം, ആടിനെ നോക്കണം, പാൽ കടയിൽ കൊടുക്കാനും സാധനങ്ങൾ വാങ്ങാനും അങ്ങാടിയിൽ പോകണം. വാപ്പച്ചി നടുക്കണ്ടി കോയലി ഹാജി, പൂനൂരങ്ങാടിയിലെ ചന്ത ഗേറ്റിലെ കച്ചവടക്കാരനായതുകൊണ്ട് രാവിലെ പ്രഭാത നമസ്കാരത്തോടെ പോകും.
വീടിന്‍റെയും മക്കളുടെയും ചുമതല ഉമ്മച്ചിയിലായി. ചുരുങ്ങിയ ആയുസ്സിന് ഇടയിൽ ഉമ്മച്ചി ഞങ്ങളെ അലക്കാനും ഇടിക്കാനും വിറക് കീറാനും തീ മൂട്ടാനും പഠിപ്പിച്ചു. എട്ടുപേരും ആൺമക്കളായിരുന്നെങ്കിലും പെൺമക്കളുടെ സ്വഭാവമായിരുന്നു. അഞ്ച് മക്കൾ ഉദ്യോഗസ്ഥരും മൂന്നു മക്കളെ ഗൾഫുകാരും ആക്കി ഉയർത്താനുള്ള വിദ്യ ഉമ്മച്ചി ഞങ്ങൾക്ക് തന്നു. ചേന, ചേമ്പ്, പൂള, പച്ചമുളക്, പപ്പായ കൃഷികളും ഉമ്മച്ചിയുടെ നേതൃത്വത്തിലായിരുന്നു. ആട്ടിൻ പാൽ വിൽപന, അവിൽ ഉണ്ടാക്കി വിൽക്കുക, അടുക്ക പൊളിക്കുന്ന ജോലി ഇതെല്ലാം ചെയ്ത് ഉമ്മച്ചി ചെറിയ ചെറിയ ആവശ്യങ്ങൾക്ക് കാശുണ്ടാക്കിയിരുന്നു.
ഉമ്മച്ചി ഇല്ലാത്തത് അറിയിക്കാതെ വാപ്പച്ചിയെ എങ്ങനെ നോക്കണം എന്നതും ഉമ്മച്ചിയിൽനിന്ന് ഞങ്ങൾ പഠിച്ചിരുന്നു. ഞങ്ങളെ കൃഷി ചെയ്യുന്നത് പഠിപ്പിച്ചു. തലയിൽ ചുമട് ചുമക്കാനും മരം കയറാനും പഠിപ്പിച്ചു. എങ്ങനെ കച്ചവടം ചെയ്യണമെന്നും പഠിപ്പിച്ചു. വാപ്പച്ചിയുടെ കച്ചവടം അനാദിയായതിനാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ അതായത് അത്യാവശ്യം നാടൻ മരുന്ന് യൂനാനി മർമാണി കസ്തൂരിയാതി പൊങ്കാരാതി പാൽക്കായം തുടങ്ങിയ ഔഷധങ്ങളും ലഭ്യമായിരുന്നു.
ഇതൊക്കെ ഞങ്ങൾക്ക് അനന്തര സ്വത്തായി ലഭിച്ചതിനാൽ അവർ അഭ്യസിപ്പിച്ച മുഴുവതും അണ-പൈ വ്യത്യാസമില്ലാതെ ഞങ്ങളും ഞങ്ങളുടെ മക്കളും പൂനൂർ അങ്ങാടിയിൽ മാതാപിതാക്കളുടെ പാവന സ്മരണക്കായി ഇപ്പോഴും നിലനിർത്തിപ്പോരുന്നു. അതിന്‍റെ ബാക്കി പത്രങ്ങളാണ് ഈ പിതാവിന്‍റെ മക്കളും മരുമക്കളും പൂനൂരങ്ങാടിയിൽ നടത്തിക്കൊണ്ടിരിക്കുന്ന റഹ്മത്ത് സ്റ്റോർ ജനറൽ ട്രേഡിങ്, ബയോസ് കമ്യൂണിക്കേഷൻസ്, എൻ.കെ. ഫോൺസ്, നടുക്കണ്ടി സർവിസ് സെന്‍റർ, ഗ്രാമീണ ചായക്കട തുടങ്ങിയവ.
1995ലെ ചെറിയ പെരുന്നാൾ ഇത്തരം ഓർമയിൽ കണ്ണീർ ചാലിച്ചുകൊണ്ട് ഞങ്ങളിലൂടെ പ്രവാസ ലോകത്ത് നാലു പേരെയും സ്വദേശത്ത് ആറ്പേരെയും അനാഥരാക്കി കഴിഞ്ഞുപോയത് ഓർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.