തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രനടയിൽ എത്തിയപ്പോൾ
പന്തളം: തിരുവാഭരണം ദർശിക്കാൻ പന്തളത്ത് ആയിരങ്ങൾ. വലിയകോയിക്കൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണം കണ്ടു വണങ്ങാൻ സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. പുലർച്ചെ മുതൽ വൻ തിരക്കായിരുന്നു.
പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് അടക്കം നിരവധി പ്രമുഖരും തിരുവാഭരണം യാത്രയാക്കാൻ എത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. അടൂർ ഡിവൈ.എസ്.പി. ജി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ 50 അംഗ സായുധ പൊലീസ് സേന ക്ഷേത്രത്തിലും പരിസരത്തുമുണ്ടായിരുന്നു.
തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടതു മുതൽ കാൽനടയായി പൊലീസ് സംഘവും കൂടെയുണ്ടായിരുന്നു. 23ന് ഘോഷയാത്ര മടങ്ങിയെത്തും വരെയാണ് ഇവരുടെ സേവനം. വാഹനം വഴിയരികിൽ നിർത്തിയിടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. എം.സി റോഡിൽ ഗതാഗത നിയന്ത്രണമായിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡൻറ് എസ്. ജയകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ രാജു, സന്തോഷ് കുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭ കൗൺസിലർ പന്തളം മഹേഷ്, കലക്ടർ പ്രേംകൃഷ്ണൻ, അഖിലേന്ത്യ അയ്യപ്പ സേവാ സംഘം ജനറൽ സെക്രട്ടറി ഡി. വിജയകുമാർ, ഡെപ്യൂട്ടി കലക്ടർ ആർ.രാജലക്ഷ്മി, എ.ഡി.എം ബി. ജ്യോതി, അടൂർ ആർ.ഡി. ഒ. വിപിൻ, എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി, മുൻമന്ത്രി പന്തളം സുധാകരൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ കെ. മണിക്കുട്ടൻ, തുടങ്ങി വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ തിരുവാഭരണം യാത്രയാക്കാൻ എത്തിയിരുന്നു.
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണങ്ങൾ കുളനട ഭഗവതി ക്ഷേത്രത്തിലാണ് ആദ്യം തുറന്നു ദർശനത്തിനു വെച്ചത്. ഇവിടെയും വൻ ജനാവലി ആയിരുന്നു. തുടർന്ന് ഉള്ളന്നൂർ ദേവീ ക്ഷേത്രം, കുറിയാനപ്പള്ളി ക്ഷേത്രം, പാമ്പാടിമൺ വഴി അയിരൂർ പുതിയക്കാവ് ദേവീക്ഷേത്രത്തിൽ എത്തി തിങ്കളാഴ്ച വിശ്രമിച്ചു. ചൊവ്വാഴ്ച ആയിക്കക്കുന്ന്, ഇടക്കുളം അയ്യപ്പ ക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, പെരുനാട് രാജേശ്വരി മണ്ഡപം വഴി ളാഹ വനം വകുപ്പ് സത്രത്തിൽ എത്തി വിശ്രമിക്കും. ബുധനാഴ്ച വൈകുന്നേരം ശബരിമലയിൽ എത്തിയ ശേഷമേ പെട്ടി തുറക്കൂ.
പരമ്പരാഗത പാതയിലൂടെ കാൽനടയായാണ് ശബരിമലയിൽ തിരുവാഭരണങ്ങൾ എത്തിക്കുന്നത്. സൂര്യൻ ധനു രാശിയിൽനിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമ നാളിൽ അയ്യപ്പവിഗ്രഹത്തിൽ അണിയാൻ ആഭരണങ്ങളുമായി പന്തളം രാജാവിന്റെ മലകയറ്റമാണ് തിരുവാഭരണ ഘോഷയാത്ര. ഘോഷയാത്രയ്ക്കൊപ്പം പമ്പയിൽ എത്തുന്ന രാജപ്രതിനിധി മൂന്നാം ദിവസം മലകയറി തൊഴുതശേഷം മാളികപ്പുറത്ത് വിശ്രമിക്കും. കളഭവും കുരുതിയും കഴിഞ്ഞ് നടയടച്ച ശേഷമേ അദ്ദേഹം പടിയിറങ്ങൂ. നടയടച്ച് മേൽശാന്തിയിൽനിന്ന് താക്കോൽ കൈപ്പറ്റുന്ന രാജപ്രതിനിധി വരും മാസ പൂജകൾക്കായി താക്കോൽ മേൽശാന്തിയെ തിരികെ ഏൽപ്പിച്ച ശേഷം ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും.
കാനനപാത സുരക്ഷിതമാക്കി വനം വകുപ്പ്
ശബരിമല: മകരവിളക്ക് മഹോത്സവം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുല ക്രമീകരണങ്ങള്‍ ഒരുക്കി. തിരുവാഭരണം കൊണ്ടുവരുന്ന കാനനപാത കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി പമ്പ നദിക്ക് കുറുകെ സഞ്ചരിക്കാന്‍ താല്‍ക്കാലിക നടപ്പാത നിർമിച്ചു. അപകട സാധ്യത ഒഴിവാക്കാൻ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളില്‍ നിലവിലുള്ള സ്ഥിരം ഉദ്യോഗസ്ഥര്‍ക്കു പുറമേ 120 പേരെ അധികമായി വനം വകുപ്പ് വിന്യസിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരുടെ സഹകരണത്തോടെ എക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി) സേവനം സത്രം, പുല്ലുമേട്, പമ്പ, അഴുതകടവ്, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിക്കും. 136 സന്നദ്ധ പ്രവര്‍ത്തകരാണ് എക്കോ ഡെവലപ്മെന്റ് കമ്മിറ്റിയിലുള്ളത്. അടിയന്തര സാഹചര്യം നേരിടാൻ പമ്പ ഹെഡ്ക്വാര്‍ട്ടേഴ്സിനു കീഴില്‍ സ്പെഷല്‍ കണ്ട്രോള് റൂം തുറന്നു. സഹായത്തിനായി 04735 203492 നമ്പറില്‍ ബന്ധപ്പെടാം.
അനുവദിച്ച സ്ഥലങ്ങളില്‍നിന്ന് മാത്രമേ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്താവു. അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചു. മകരവിളക്ക് കാണാൻ മരങ്ങളില്‍ കയറുകയോ അപകടകരമായ രീതിയില്‍ വനമേഖലകളിലേക്ക് കടക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. വനത്തിനകത്ത് ഭക്ഷണം പാകം ചെയ്യുന്നത് കര്‍ശനമായി വിലക്കി.
അഗ്നിരക്ഷാസേന സജ്ജം
ശബരിമല: തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനും സജ്ജമായി സന്നിധാനത്തെ അഗ്നിരക്ഷ സേന യൂനിറ്റ്. ഫയർ ആൻഡ് റസ്ക്യു ശബരിമല സ്പെഷല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കറിന്റെ കീഴില്‍ സ്റ്റേഷന് ഓഫിസര്‍, മൂന്ന് സ്റ്റേഷന് ഓഫിസര്‍മാര്‍, രണ്ട് മെക്കാനിക്കുകള്‍, 10 ഡ്രൈവര്‍മാര്‍, 10 സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫിസര്‍മാര്‍, 57 ഫയര്മാന്മാര് എന്നിവരടങ്ങിയ സംഘമാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്. കൂടാതെ സ്ട്രെച്ചര്‍ സര്‍വീസിനും മറ്റ് അടിയന്തര ഘട്ടങ്ങളിലും 50 അംഗ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ സേവനവും ഉണ്ട്.
പമ്പയില്‍ തീർഥാടകരുടെ രക്ഷയ്ക്കായി പരിശീലനം ലഭിച്ച 10 അംഗ സ്കൂബ ഡൈവിങ് അംഗങ്ങളും ഉണ്ട്. വണ്ടിപ്പെരിയാർ, പുല്ലുമേട്, പാഞ്ചാലിമേട്, സത്രം, പരുന്തുംപാറ, അയ്യന്‍മല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അട്ടത്തോട്, അട്ടത്തോട് ഉന്നതി, ളാഹ, വടശ്ശേരിക്കര, നീലിമല തുടങ്ങിയ 13 വ്യൂ പോയിന്റുകളില്‍ പത്തില്‍ കുറയാത്ത അഗ്നിരക്ഷ സേനാംഗങ്ങളുടെ സംഘം ഡ്യൂട്ടിയിലുണ്ടാകും.
മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, ഫയര്‍ ടെണ്ടർ, ആംബുലന്‍സ്, റെസ്ക്യു വെഹിക്കിള്‍, ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ മുതലായ സേനയുടെ 31 വാഹനങ്ങളും സേവനത്തിന് സജ്ജമായി വ്യൂ പോയിന്റുകളിലുണ്ടാകും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹോട്ടലുകളില്‍ ഫയര്‍ ആൻഡ് റസ്ക്യു സര്‍വീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പൊലീസ്, വനംവകുപ്പ് എന്നിവരോടൊപ്പം വനത്തിനുള്ളില്‍ ആരംഭിച്ച സംയുക്ത സ്ക്വാഡ് പരിശോധനയിലും അഗ്നിശമന സേനാംഗങ്ങള്‍ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.