?????????? ???????

35 വര്‍ഷത്തെ ഇന്ത്യന്‍ അന്‍റാര്‍ട്ടിക്കന്‍ പര്യവേക്ഷണ ചരിത്രത്തിലെ അതിദാരുണവും രക്തം ഉറഞ്ഞുപോകുന്നതുമായ ദുരന്തം നടന്നിട്ട് ഇന്നേക്ക് (2017 ജനുവരി എട്ട്) 26 വര്‍ഷം. ഹിമവന്‍കരയില്‍ ഇന്ത്യയുടെ എട്ടാം അന്‍റാര്‍ട്ടിക്കന്‍ പര്യവേക്ഷണത്തിനിടെ മൂന്ന് ഭൂഗര്‍ഭ ശാസ്ത്രജ്ഞരും ഒരു നാവികസേന ഉദ്യോഗസ്ഥനും ഉറക്കറയില്‍ ശ്വാസംമുട്ടി മരിച്ച ഞെട്ടിക്കുന്ന സംഭവം അന്ന് ചര്‍ച്ച ചെയ്യാതെ പോയി. സാഹസികരായ നാലുപേരുടെയും മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനാവാതെ മഞ്ഞില്‍ പൊതിഞ്ഞ് കണ്ടെയ്നറില്‍ സൂക്ഷിച്ചുവെച്ചത് നീണ്ട 34 ദിവസം.

സ്വീഡനില്‍നിന്ന് ചാര്‍ട്ട് ചെയ്ത 22,000 ടണ്‍ കേവ് ഭാരവും 185 മീറ്റര്‍ നീളവും ഐസ്കട്ടകള്‍ മുറിച്ചുകടക്കാന്‍ സംവിധാനവുമുള്ള ‘തുലേലാന്‍ഡ്’ എന്ന കപ്പല്‍
 


സംഘാംഗങ്ങളില്‍ ചിലര്‍ക്ക് മനസ്സില്‍ വിഭ്രാന്തി പടര്‍ത്തിയ സംഭവത്തിന് നേര്‍സാക്ഷിയായി സംഘത്തിലുണ്ടായിരുന്ന റിട്ട. നേവി കമാന്‍ഡര്‍ ചുണ്ടയില്‍ സോമന്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നടുവത്തെ വീട്ടിലിരുന്ന്  നെഞ്ച് നീറ്റുന്ന അനുഭവം തുറന്നുപറയുന്നു... 1959ല്‍ 15ാം വയസ്സിലാണ് സോമന്‍ നേവിയില്‍ ചേരുന്നത്. അന്‍റാര്‍ട്ടിക്കയില്‍നിന്ന് മടങ്ങിയെത്തിയ ശേഷം കമാന്‍ഡര്‍ പദവി ലഭിച്ചു. 1988 നവംബര്‍ 29ന് ഗോവയില്‍നിന്നാണ് എട്ടാമത് ഇന്ത്യന്‍ അന്‍റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘം മഞ്ഞിന്‍െറ വന്‍കരയിലേക്ക് യാത്ര തിരിച്ചത്. നൂറംഗ സംഘത്തില്‍ 17 ശാസ്ത്രജ്ഞരും കരസേനയിലെ 43 പേരും നാവികസേനയിലെ 19 പേരും വായുസേനയിലെ 21 പേരുമുണ്ടായിരുന്നു. ഹിമാചല്‍ പ്രദേശിലെ മണാലിയിലെ ‘വെസ്റ്റേണ്‍ ഹിമാലയന്‍ മൗണ്ടനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍’ എട്ടു ദിവസത്തെ തീവ്രപരിശീലനമായിരുന്നു ആദ്യം.  

അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ ഗവേഷണ കേന്ദ്രം ‘മൈത്രി’
 


സ്വീഡനില്‍നിന്ന് ചാര്‍ട്ട് ചെയ്ത 22,000 ടണ്‍ കേവ് ഭാരവും 185 മീറ്റര്‍ നീളവും ഐസ്കട്ടകള്‍ മുറിച്ചുകടക്കാന്‍ സംവിധാനവുമുള്ള ‘തുലേലാന്‍ഡ്’ എന്ന കപ്പലില്‍ 6020 നോട്ടിക്കല്‍ നാഴിക (11,150 കി.മീറ്റര്‍) അകലെയുള്ള അന്‍റാര്‍ട്ടിക്കയിലേക്ക് ഗോവയില്‍നിന്ന് യാത്രതുടങ്ങി. 60 ഡിഗ്രി ദക്ഷിണായന രേഖ കടന്നതോടെ തണുപ്പിന്‍െറ അസഹനീയത. നോക്കത്തൊദൂരം മഞ്ഞിന്‍െറ ധവളിമ മാത്രമായിരുന്നു കാഴ്ചയില്‍. കൂറ്റന്‍ ഐസ് കട്ടകള്‍ പൊന്തിക്കിടക്കുന്ന ജലവിതാനവും കടന്ന് ’88 ഡിസംബര്‍ 23ന് സംഘം അന്‍റാര്‍ട്ടിക്കന്‍ ഹിമകരയില്‍ തൊട്ടു. ഇവിടെ ആദ്യമായി ഇന്ത്യ സ്ഥാപിച്ച ‘ദക്ഷിണ്‍ ഗംഗോത്രി’ എന്ന കേന്ദ്രം ഇടക്ക് മഞ്ഞില്‍ പുതഞ്ഞു പോകുന്നതിനാല്‍ പുതുതായി  ‘മൈത്രി’ എന്നപേരില്‍ മറ്റൊരു ഗവേഷണകേന്ദ്രം സ്ഥാപിക്കാനാണ് സായുധസേനയിലെ കൂടുതല്‍ പേരെ എട്ടാം ദൗത്യസംഘത്തില്‍ പെടുത്തിയത്.

ദക്ഷിണ്‍ ഗംഗോത്രിയില്‍ തങ്ങിയ സോമനടക്കമുള്ള 16 അംഗ സംഘം
 


നീണ്ട പകലും രാത്രിയും
ഞങ്ങളത്തെുമ്പാള്‍ നീണ്ട പകലുകള്‍ ആരംഭിച്ചിരുന്നു. ഇവിടെ ആറുമാസം നീണ്ട രാത്രിയും അവശേഷിക്കുന്ന ആറുമാസം പകലുമാണ്. ഇന്ത്യയുടെ താവളം 70 ഡിഗ്രി ദക്ഷിണായന രേഖയിലായതിനാല്‍ പകലുകള്‍ക്ക് 45-48 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. അര്‍ധരാത്രിയിലും സൂര്യനെ കാണാം. ഒട്ടേറെ ദിനങ്ങളില്‍ സൂര്യോദയം ഇല്ലാതെയും. ഇവിടത്തെ ശൈത്യകാല ജീവിതം കടുത്ത വിരസതയുടെയും ഒറ്റപ്പെടലിന്‍െറയും തീക്ഷ്ണത നിറഞ്ഞതുമാണ്. പരിമിതമായ വാസസ്ഥലം, ക്യാമ്പിലെ ചുരുക്കംപേരോട് മാത്രം ആശയവിനിമയം. സാറ്റലൈറ്റ് ഫോണില്‍ ഒരാള്‍ക്ക് വീടുമായി ബന്ധപ്പെടാന്‍ ഒരുമാസം കേവലം മൂന്ന് മിനിറ്റ് മാത്രമായിരുന്നു സമയം. സൂര്യപ്രകാശം, വൃക്ഷലതാദികളുടെ പച്ചപ്പ്,  സാമൂഹിക സഹവര്‍ത്തിത്വം എന്നിവയുടെ വില എത്രവലുതെന്ന് അന്ന് അന്‍റാര്‍ട്ടിക്ക പഠിപ്പിച്ചു.

ദുരന്തം നടക്കുന്നതിന്‍െറ തലേന്ന് (1990 ജനുവരി ഏഴ്) ടെന്‍റിന് സമീപം സോമനും മരിച്ച ജോഷിയും
 


ടണ്‍കണക്കിന് നിര്‍മാണ സാമഗ്രികളാണ് സംഘം അന്‍റാര്‍ട്ടിക്കയിലത്തെിച്ചത്. ശാസ്ത്രജ്ഞര്‍ ഗവേഷണ-നിരീക്ഷണങ്ങളിലും സായുധ സേനാംഗങ്ങള്‍ മൈത്രി കേന്ദ്രത്തിന്‍െറ നിര്‍മാണത്തിലും  മുഴുകി. നീണ്ടകാലത്തേക്കുള്ള ഭക്ഷണം, ഇന്ധനം, നിര്‍മാണസാമഗ്രികള്‍, ഗവേഷണ ഉപകരണങ്ങള്‍ എന്നിവ കപ്പലില്‍നിന്ന് ദക്ഷിണ്‍ ഗംഗോത്രിയിലേക്കും മൈത്രിയിലേക്കും എത്തിക്കുകയായിരുന്നു മറ്റൊരു ദൗത്യം. ദക്ഷിണ്‍ ഗംഗോത്രിയില്‍ നേരത്തേയുണ്ടായിരുന്നവരില്‍നിന്ന് (ഏഴാം പര്യവേക്ഷണ സംഘം) എട്ടാം സംഘം  കേന്ദ്രത്തിന്‍െറ ചുമതലയേറ്റെടുത്തു. ദക്ഷിണ്‍ ഗംഗോത്രി ബ്രിട്ടീഷ് സഹായത്തോടെയും മൈത്രി പൂര്‍ണമായി  ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ 75 ദിവസംകൊണ്ടുമാണ് ഉയര്‍ത്തിയത്. വന്ന കപ്പല്‍ വന്‍കരക്ക് സമീപം നങ്കൂരമിട്ട് കിടക്കുന്നു. പുതുതായി നിര്‍മിച്ച മൈത്രിയില്‍ എട്ടാം സംഘത്തിലെ രണ്ട് ശാസ്ത്രജ്ഞരും 19 സേനാംഗങ്ങളും ദക്ഷിണ്‍ ഗംഗോത്രിയില്‍ രണ്ട് ശാസ്ത്രജ്ഞരും 14 സേനാംഗങ്ങളും താമസമാക്കാന്‍ നിയോഗിക്കപ്പെട്ടു. അത്രയും പേരൊഴിച്ച് മറ്റുള്ളവരുമായി തുലേലാന്‍ഡ് കപ്പല്‍ 1989 മാര്‍ച്ച് 23ന് ഇന്ത്യയിലേക്ക് മടങ്ങി.

16 പേരോടൊപ്പം ദക്ഷിണ്‍ ഗംഗോത്രിയിലായിരുന്നു താമസം. ഇവിടെനിന്നും പുതിയകേന്ദ്രമായ മൈത്രിയിലേക്ക് സംഘത്തിലുള്ളവര്‍ വാഹനവ്യൂഹത്തില്‍ പോവുകയായിരുന്നു. ദിക്കറിയാന്‍ വടക്കുനോക്കിയന്ത്രം മാത്രം. വഴിയിലുടനീളം അഗാധഗര്‍ത്തങ്ങളും. മാര്‍ഗമധ്യേ മഞ്ഞ് കൊടുങ്കാറ്റ് വീശിത്തുടങ്ങി. യാത്ര വഴിയില്‍ അവസാനിപ്പിച്ചു. 12 മണിക്കൂര്‍നേരം വാഹനത്തിനുള്ളില്‍ തടവിലിട്ടപോലെ കുടുങ്ങിക്കിടന്നു. ഇടക്ക് സംഘത്തില്‍ താനടക്കമുള്ളവരുടെ വാഹനം മഞ്ഞുപാളിയില്‍നിന്ന് വഴുതി വന്‍ഗര്‍ത്തത്തിലേക്ക് പതിക്കുകയും ചെയ്തു. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങള്‍. ഭാഗ്യവശാല്‍ വാഹനം മറിയാത്തതിനാല്‍ ആര്‍ക്കും കുഴപ്പമില്ലാതെ രക്ഷപ്പെട്ടു. ഒടുവില്‍ 90 കി.മീറ്റര്‍ അപ്പുറമുള്ള മൈത്രിയില്‍ മൂന്നാം ദിനത്തില്‍ എത്തിയപ്പോഴാണ് ശ്വാസം നേരെവീണത്.

1989 ഡിസംബര്‍ 26
ഇന്ത്യയുടെ ഒമ്പതാം അന്‍റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘവുമായി തുലേലാന്‍ഡ് എന്ന കപ്പല്‍ വീണ്ടും ആന്‍റാര്‍ട്ടിക്കയിലെത്തി. എട്ടാം സംഘത്തോടൊപ്പം ഹിമവന്‍കരയില്‍ തങ്ങിയ താനടക്കമുള്ള 37 പേരും ഇതില്‍ മടക്കയാത്ര ആരംഭിക്കാനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നുവെന്ന ആഹ്ലാദ നിമിഷങ്ങളിലായിരുന്നു. ഒമ്പതാം സംഘം വഴി നാട്ടിലെ കുടുംബങ്ങളില്‍നിന്ന് കൊടുത്തുവിട്ട പാര്‍സലുകള്‍ ഏറ്റുവാങ്ങിയതിലുള്ള സന്തോഷം വേറെയും. ഒമ്പതാം സംഘത്തിന്‍െറ മേധാവി രസിക് രവീന്ദ്ര ഭൂഗര്‍ഭ ശാസ്ത്രജ്ഞനായിരുന്നു. മൈത്രിയുടെ 100 കി.മീറ്റര്‍ അകലെയുള്ള ‘ഹംബോള്‍ട്ട് ’ മലമുകളില്‍ ശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് ക്യാമ്പ് സജ്ജീകരിക്കാനുള്ള ദൗത്യത്തിലായിരുന്നു താനടക്കമുള്ള എട്ടും ഒമ്പതും സംഘത്തിലെ ചിലര്‍.

1990 ജനുവരി ആറ്
ഭൂഗര്‍ഭ ശാസ്ത്രജ്ഞരായ വി.കെ. ശ്രീവാസ്തവ, ബി.എല്‍. ശര്‍മ, എ.കെ. ബേദി, സുഹൃത്തും നാവികസേനയിലെ റേഡിയോ ടെക്നീഷ്യനുമായ എന്‍.സി. ജോഷി, ഇവര്‍ക്കുപുറമെ രസിക് രവീന്ദ്രയും രണ്ട് കരസേന അംഗങ്ങളും താനും വായുസേനയുടെ എം18 ഹെലികോപ്ടറില്‍ ഹംബോള്‍ട്ട്  മലമുകളിലത്തെി. ഇതിന് ഏതാനും ദിവസംമുമ്പേ ഇവിടെ രണ്ട് ടെന്‍റുകള്‍ മറ്റൊരു സംഘം സ്ഥാപിച്ചിരുന്നു. 10 ദിവസം താമസിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളുമാണ് ടെന്‍റുകളില്‍ ഒരുക്കിയത്. കപ്പല്‍, മൈത്രി, ദക്ഷിണ്‍ ഗംഗോത്രി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന വാര്‍ത്താവിനിമയ സംവിധാനം ഒരുക്കുകയായിരുന്നു എന്‍െറ ചുമതല. ഏതാനും മണിക്കൂറിനകം ആന്‍റിന ഘടിപ്പിച്ച് വാര്‍ത്താവിനിമയ സംവിധാനം സ്ഥാപിച്ചു.  

1990 ജനുവരി ഏഴ്
ഈ ദിവസം ഹംബോള്‍ട്ട് ക്യാമ്പില്‍നിന്ന് മൈത്രി, ദക്ഷിണ്‍ ഗംഗോത്രി, കപ്പല്‍ എന്നിവയുമായി നാലുമണിക്കൂര്‍ ഇടവിട്ട് റേഡിയോ ബന്ധം സ്ഥാപിച്ചു കൊണ്ടിരുന്നു. ആവശ്യമായ നിര്‍ദേശം നല്‍കി രസിക് രവീന്ദ്ര ഉച്ചയോടെ മടങ്ങുകയും ചെയ്തു. രാതി എട്ടുമണിക്കും പരസ്പരം ബന്ധപ്പെടുകയുണ്ടായി. എല്ലാം ഭംഗിയായി നടക്കുന്നതായും ജനുവരി എട്ടുമുതല്‍ ഭൗമ നിരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും താപനില ‘-20’ ഡിഗ്രി  സെല്‍ഷ്യസ് ആണെന്നും ഹംബോള്‍ട്ടിലെ വാര്‍ത്താവിനിമയ ബന്ധത്തിന്‍െറ ചുമതലയുള്ള ജോഷി എന്നെ അറിയിച്ചിരുന്നു. അടുത്ത ദിവസം രാവിലെ എട്ടിന് ബന്ധപ്പെടാമെന്നായിരുന്നു അന്നത്തെ അവസാന സന്ദേശം.

അന്‍റാര്‍ട്ടിക്ക
 


1990 ജനുവരി എട്ട്
മൈത്രിയില്‍നിന്ന് രാവിലെ മുതലേ ഹംബോള്‍ട്ടുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഒന്നൊന്നായി വിഫലമാകുന്നു. മോശം കലാവസ്ഥയില്‍ ഹെലികോപ്ടര്‍ പറത്താന്‍ കഴിയാത്തതിനാല്‍ തെല്ല് ഉത്കണ്ഠയോടെ കാത്തിരുന്നു. ഉച്ചക്കുശേഷം കാലാവസ്ഥയില്‍ പുരോഗതിയുണ്ടായതോടെ മേധാവിയും ക്യാമ്പ് ഡോക്ടറും ഉള്‍പ്പെടെയുള്ളവര്‍ ഹംബോള്‍ട്ടിലേക്ക് പറന്നു. ഹെലികോപ്ടര്‍ ഇറങ്ങിയിട്ടും ക്യാമ്പില്‍നിന്ന് ആരെയും പുറത്തുകാണാതായപ്പോള്‍ വന്നവരില്‍ ആരോപറഞ്ഞു: ‘‘സബ് സോരഹാഹെ...’’ അകത്തുകടന്നു നോക്കിയപ്പോള്‍ നാലുപേരും സ്ലീപ്പിങ് ബാഗിനുള്ളില്‍ സുഖനിദ്രയില്‍ കിടക്കുന്നു. നിശ്ശബ്ദത മാത്രം. ഡോക്ടര്‍ പരിശോധിച്ചു. നാലുപേരും മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടുപേരുടെ കൈകളില്‍ വെള്ളക്കുപ്പി വായയുടെ അടുത്തുവരെ എത്തിയ നിലയിലായിരുന്നു.

ദക്ഷിണ്‍ ഗംഗോത്രിയിലെ കരസേനയുടെ ഡോക്ടറും ഹംബോള്‍ട്ടില്‍ പറന്നെത്തി മരണം ഒരിക്കല്‍കൂടി ഉറപ്പിച്ചു. മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ തുലേലാന്‍ഡ് കപ്പലിലേക്ക് മാറ്റി. അവിടെ 34 ദിവസം ശീതീകരിച്ച കണ്ടെയ്നറില്‍ സൂക്ഷിച്ചു. പിന്നീട് റഷ്യയുടെ ഐ.എല്‍ 14 എന്ന വിമാനത്തില്‍ ഡല്‍ഹിയിലത്തെിച്ച് അവരവരുടെ നാടുകളിലേക്ക് അയക്കുകയായിരുന്നു. നാലു പേരുടെയും മരണം  മൈത്രി, ദക്ഷിണ്‍ ഗംഗോത്രി താവളങ്ങളിലെയും കപ്പലിലെയും പര്യവേക്ഷണ സംഘത്തിലുള്ളവരെ അങ്ങേയറ്റം തളര്‍ത്തി. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നായിരുന്നു നിഗമനം. അന്‍റാര്‍ട്ടിക്കയില്‍ 298 ദിവസം തങ്ങി, മടങ്ങി 26 വര്‍ഷം കഴിഞ്ഞിട്ടും അന്‍റാര്‍ട്ടിക്ക കണ്ടതിന്‍െറ ആവേശം അപ്പാടെ ചോര്‍ത്തിയ ദുരന്തം ഇന്നും മായ്ക്കാനാവുന്നില്ല- സോമന്‍ പറയുന്നു.

അന്‍റാര്‍ട്ടിക്കയുടെ ഭൂപടം: വട്ടത്തില്‍ അടയാളപ്പെടുത്തിയ സ്ഥലത്താണ് ദക്ഷിണ്‍ ഗംഗോത്രിയും മൈത്രി കേന്ദ്രവും
 


അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ ഗവേഷണ കേന്ദ്രങ്ങള്‍:
അന്‍റാര്‍ട്ടിക്കയില്‍ ഇന്ത്യ 1981ന് ശേഷം ഇതുവരെ മൂന്ന് ഗവേഷണ കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്. ദക്ഷിണ്‍ ഗംഗോത്രി, മൈത്രി,  ഭാരതി.

ദക്ഷിണ്‍ ഗംഗോത്രി
ദക്ഷിണ ധ്രുവത്തില്‍നിന്ന് 1600 മൈല്‍ അകലെ. ഇന്ത്യയുടെ പ്രഥമ ഗവേഷണകേന്ദ്രം. മൂന്നാം അന്‍റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘമാണ് 1983-84 കാലഘട്ടത്തില്‍ ഇത് സ്ഥാപിച്ചത്. 81 പേരടങ്ങുന്ന സംഘം എട്ടാഴ്ചകൊണ്ട് പണി പൂര്‍ത്തീകരിച്ചു.

മൈത്രി
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് രണ്ടാമത്തെ കേന്ദ്രത്തിന് മൈത്രി എന്ന പേര് നിര്‍ദേശിച്ചത്. ‘ഷെര്‍മേഴ്സര്‍ ഒയാസിസ് എന്ന മലഞ്ചരിവിലാണ് ഇതിന്‍െറ സ്ഥാനം. ആദ്യ കേന്ദ്രത്തില്‍നിന്ന് 90 കി.മീറ്റര്‍ അകലെ. ഇതിന് അധികം അകലെയല്ലാതെ റഷ്യയുടെ ഗവേഷണകേന്ദ്രവുമുണ്ട്. ഇതിന് സമീപത്തായി ‘പ്രിയദര്‍ശിനി’ എന്ന പേരില്‍ ഒരു ശുദ്ധജല തടാകവുമുണ്ട്.

ഭാരതി
2012 മാര്‍ച്ച് എട്ടുമുതലാണ്  ഭാരതി ഗവേഷണകേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നത്. അന്‍റാര്‍ട്ടിക്കയിലെ ‘ലാര്‍ഷേ മാന്‍ ഹില്‍സി’ലാണ് ഇതിന്‍െറ സ്ഥാനം. അന്‍റാര്‍ട്ടിക്കയില്‍ ഒന്നിലധികം ഗവേഷണകേന്ദ്രങ്ങളുള്ള ഒമ്പത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പേര് നേടിയെടുക്കാനായത് ഭാരതി സ്ഥാപിച്ചതോടെയാണ്. ഇന്ത്യ സ്ഥാപിച്ച രണ്ടാമത്തെ കേന്ദ്രം മൈത്രിയും ഗവേഷണാവശ്യങ്ങള്‍ക്കായി ഇപ്പോഴും ഉപയോഗപ്പെടുത്തുന്നു. അതേസമയം, ആദ്യ കേന്ദ്രമായ ദക്ഷിണ്‍ ഗംഗോത്രി ഇപ്പോള്‍ മറ്റ് രണ്ട് കേന്ദ്രങ്ങളിലേക്കും ഗവേഷകര്‍ക്ക് ആവശ്യമായ സാധനസാമഗ്രികളുടെ സംഭരണ വിതരണ കേന്ദ്രമായാണ് പ്രവര്‍
ത്തിക്കുന്നത്.

അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പര്യവേക്ഷണ സംഘം
1981 ഡിസംബറില്‍ ഡോ. എസ്.ഇസെഡ്. ഖാസിമിന്‍െറ നേതൃത്വത്തില്‍ ‘ഓപറേഷന്‍ ഗംഗോത്രി’ എന്ന പേരില്‍ ആരംഭിച്ച ആദ്യ ശാസ്ത്ര പര്യവേക്ഷണ സംഘത്തിന് ശേഷം ഓരോവര്‍ഷവും ഇന്ത്യ അന്‍റാര്‍ട്ടിക്കയിലേക്ക് ശാസ്ത്രസംഘത്തെ അയച്ചുകൊണ്ടിരിക്കുകയാണ്. 36ാമത്തെ പര്യവേക്ഷണസംഘമാണ് ഇപ്പോഴത്തേത്.

Tags:    
News Summary - indian Antarctic Explorer rtd. Naval commander chundayil soman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.