??????????? ????? ?????????????? ??????????

മുളയില്‍ മുളക്കുന്ന ജീവിതങ്ങള്‍

പരമ്പരാഗത ഗൃഹോപകരണങ്ങളുമായി ഹൈറേഞ്ചിന്‍റെ വഴിയോരങ്ങളില്‍ തമ്പടിച്ച നാടോടികള്‍ ഇപ്പോള്‍ അതിജീവനത്തിന്‍റെ പാതയില്‍ ജീവിതം നെയ്തെടുക്കാനുള്ള  പെടാപ്പാടിലാണ്. പനമ്പ്, മീന്‍കുട്ട തുടങ്ങി വീടുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുമായി വഴിയരികിലുണ്ടാകുന്ന ഇവര്‍ അടിമാലി വഴി മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളുടെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. എന്നാല്‍, പ്ലാസ്റ്റിക് യുഗം ഇവരുടെ അന്നം മുട്ടിച്ചു. ഇപ്പോള്‍ മാറുന്ന കാലത്തോടൊപ്പം ജീവിതവും മാറ്റാനുള്ള ശ്രമത്തിലാണിവര്‍. 

1974 കാലഘട്ടത്തില്‍ തമിഴ്നാട്ടിലെ മധുര, തേനി, ഗൂഡല്ലൂര്‍ പ്രദേശത്തു നിന്ന് പനമ്പ് നെയ്യുന്നതിനായി 60ഓളം കുടുംബങ്ങളാണ് മച്ചിപ്ലാവിലെത്തിയത്. ഈറ്റ കൊണ്ട് പനമ്പും മീന്‍കുട്ടയും തക്കാളിപ്പെട്ടിയും നിര്‍മിച്ച് വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തുടക്കത്തില്‍ നല്ല വരുമാനം ലഭിച്ചതോടെ തമിഴ്നാട്ടില്‍നിന്ന് കൂടുതല്‍പേര്‍ ഈ രംഗത്തേക്കുവന്നു. ഇതോടെ ഇരുമ്പുപാലം പന്ത്രണ്ടാം മൈല്‍ മുതല്‍ അടിമാലിവരെ ദേശീയപാതയോരത്ത് 200ലേറെ കുടുംബങ്ങള്‍ താമസമാക്കി. ഇവര്‍ക്ക് പനമ്പ് നെയ്യുന്നതിന് ഈറ്റയും മുളയും വനവാസികളായ ആദിവാസികളാണ് എത്തിച്ചു നല്‍കിയിരുന്നത്. 

ഇവരുടെ പനമ്പും മീന്‍കുട്ടയും തക്കാളിപ്പെട്ടിയുമൊക്കെ എറണാകുളത്ത് നിന്നെത്തുന്നവര്‍ മൊത്തമായി വാങ്ങുകയായിരുന്നു. ജീവിതം കരുപ്പിടിപ്പിച്ചു വരുന്ന കാലത്താണ് ഇടിത്തീയായി പ്ലാസ്റ്റിക്കിന്‍െറ രംഗപ്രവേശം. 1990 കാലഘട്ടത്തില്‍ പനമ്പ് ഒഴിച്ചുള്ള ഉല്‍പന്നങ്ങള്‍ പ്ലാസ്റ്റിക്കിന് വഴിമാറി. അന്നന്നത്തെ അന്നത്തിനു പോലും വക കണ്ടെത്താന്‍ കഴിയാതെവതോടെ പലരും ഇവിടെ നിന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചുപോയി. ബാക്കിവന്ന 30 കുടുംബക്കാര്‍ പനമ്പും മുറവും നെയ്ത് ജീവിതം തള്ളിനീക്കിയെങ്കിലും പ്ലാസ്റ്റിക് പടുത ഉള്‍പ്പെടെ വിപണി കീഴടക്കിയതോടെ ഇവരുടെ ജീവിതവും കൂടുതല്‍ പ്രതിസന്ധിയിലായി. ഇതിനിടെ മൂന്നാര്‍ ടൂറിസം മേഖല സജീവമായതോടെ മൂന്നാറിലേക്ക് വരുന്നതും പോകുന്നതുമായ സഞ്ചാരികള്‍ വാലന്‍കുട്ടകളും മുറങ്ങളും വാങ്ങാന്‍ തുടങ്ങി.  

ഈ വിഭാഗത്തെ എങ്ങനെ ആകര്‍ഷിക്കാം എന്നായി പിന്നീട് ഇവരുടെ ചിന്ത. ഇതിനൊടുവിലാണ് ചെറിയ വസ്തുക്കള്‍ ഇടുന്ന കുടങ്ങളും ഈറ്റസഞ്ചികളും മേശപ്പുറത്ത് പേനയും മറ്റും വെക്കുന്ന ചെറിയ അലങ്കാര വസ്തുക്കളും നിര്‍മിച്ച് റോഡുവക്കില്‍ പ്രദര്‍ശിപ്പിച്ചത്. ഇത് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ആകര്‍ഷിച്ചതോടെ ഇവരുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടും വന്നുതുടങ്ങി. പിന്നീട് തൊപ്പി, പൂക്കുട, കര്‍ട്ടന്‍, ഫ്ലവര്‍ ഐറ്റംസ്, കണ്ണാടി, കുരുവിക്കൂട് തുടങ്ങി വിവിധങ്ങളായ വസ്തുക്കളുടെ നിര്‍മാണം ഇവര്‍ക്ക് പുത്തനുണര്‍വും പ്രതീക്ഷയുമായി. ഇപ്പോള്‍ 30 കുടുംബങ്ങളാണ് മച്ചിപ്ലാവില്‍ ഉള്ളത്. ചില ദിവസങ്ങളില്‍ 10,000 രൂപവരെ വരുമാനം ഉണ്ടാക്കുന്നവര്‍ ഇവരോടൊപ്പമുണ്ട്. ഇപ്പോള്‍ ആദിവാസികള്‍ നല്‍കുന്ന ഒരു കെട്ട് ഈറ്റക്ക് 280 മുതല്‍ 350 രൂപ വരെ നല്‍കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.