മേല്‍വിലാസം തേടി നടന്നുതീര്‍ത്ത വഴികള്‍

അഞ്ചാറുവര്‍ഷം മുമ്പാണ്. നടുവണ്ണൂരിനടുത്ത് എടവനപ്പുറത്ത് തോടിനു കുറുകെയുള്ള പാലത്തിലൂടെ വരികയായിരുന്നു ലീലേടത്തി. പാലത്തിലേക്ക് കാലെടുത്തുവെച്ചതും മഴ പെയ്യാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അത് തുള്ളിക്കൊരു കുടം കണക്കെ ശക്തമായി. പലകകള്‍ ചേര്‍ത്തുണ്ടാക്കിയ പാലത്തിന് നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏതാണ്ട് നടുവിലത്തെിയപ്പോള്‍ നനഞ്ഞുകുതിര്‍ന്ന പാലം ഒന്നു ഞരങ്ങി. എന്താണ് സംഭവിച്ചതെന്ന് പിടികിട്ടുംമുമ്പേ പാലം മുറിഞ്ഞു. കുട ദൂരേക്കു തെറിച്ചു. ലീലേടത്തി തോട്ടിലേക്കു വീണു. തോട്ടില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. നാട്ടുകാര്‍ ഓടിയത്തെി. ചിലര്‍ തോട്ടിലേക്കു ചാടി അവരെ പിടിച്ച് കരക്കുകയറ്റി. അപ്പോഴും അവര്‍ ഒരു തുണിസഞ്ചി മുറുകെ പിടിച്ചിരുന്നു.

കരയിലെ ത്തിയ ലീലേടത്തി ആദ്യം ചെയ്തത് കൈയിലിരുന്ന ബാഗ് തുറന്ന് അകത്തെ സാധനങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. കത്തുകളും മണിയോര്‍ഡറുകളും പണവും മറ്റു തപാല്‍ ഉരുപ്പടികളുമെല്ലാം നനഞ്ഞു കുതിര്‍ന്നിരുന്നു. ചില എഴുത്തുകളിലെ മേല്‍വിലാസങ്ങളില്‍ മഷിപടര്‍ന്നു. പോസ്റ്റ് കാര്‍ഡുകളിലെ വിശേഷങ്ങള്‍ കലങ്ങിപ്പോയി. നനഞ്ഞുവിറയ്ക്കുമ്പോഴും അവ മേല്‍വിലാസക്കാര്‍ക്ക് യഥാസമയം എത്തിക്കാന്‍ കഴിയാതെപോയതിലെ വിഷമം  അവര്‍ക്കുണ്ടായിരുന്നു. എല്ലാം ഉണക്കിയെടുത്ത്, പിറ്റേന്ന് വിലാസക്കാര്‍ക്ക് എത്തിച്ചു കൊടുത്തപ്പോഴാണ് ലീലേടത്തിക്ക് സമാധാനമായത്. ആ അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ മുന്‍കൈയെടുത്ത് എടവനപ്പുറത്തെ തോടിന് സിമന്‍റ് പാലം നിര്‍മിച്ചു.

കത്തുകളില്‍ ജീവന്‍ തുളുമ്പിയ കാലം
കരുവണ്ണൂര്‍ കൊല്ലര്‍കണ്ടി ലീലയെന്ന തപാല്‍ക്കാരിയുടെ മൂന്നു പതിറ്റാണ്ടിലെ ഒൗദ്യോഗിക ജീവിതത്തില്‍ ഇങ്ങനെ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ പോസ്റ്റ് ഓഫിസിലെ ‘മെയില്‍ കാരിയറാ’ണ് ലീലേടത്തി. കാരിയറെന്നാല്‍ പോസ്റ്റ്മാന്‍െറ  പണി തന്നെ. കീഴ്ക്കോട്ട്കടവ്, നന്താനശ്ശേരി, കൊട്ടപ്പുറം, ഒതയോത്ത്, മനത്താനത്ത് ഭാഗങ്ങളിലാണ് മേല്‍വിലാസക്കാരെ തേടി ലീലേടത്തി എന്നുമെത്തുന്നത്. കത്തുകളും മറ്റും മേല്‍വിലാസക്കാരെ നേരിട്ടുകണ്ട് ഏല്‍പിക്കണമെന്നത് അവര്‍ക്ക് നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും ലീലേടത്തി പ്രിയങ്കരിയാണ്. മഴയും വെയിലും വകവെക്കാതെ കുന്നുകളും വയലുകളും കടന്ന് കാല്‍നടയായാണ് ലീലേടത്തിയുടെ യാത്ര.

മുമ്പൊക്കെ നിറയെ കത്തുകളായിരുന്നു. പ്രിയപ്പെട്ടവര്‍ അക്ഷരങ്ങളില്‍ നിറച്ചുവെച്ച സ്നേഹവും സ്വകാര്യ ദു:ഖവും ഉത്കണ്ഠയും കുശലാന്വേഷണങ്ങളും പ്രണയ സന്ദേശങ്ങളുമൊക്കെ വായിക്കാന്‍  നിത്യം വഴിക്കണ്ണുമായി പോസ്റ്റ്മാനെ കാത്തിരുന്ന എത്രയെത്ര പേര്‍. മക്കളെക്കണ്ട് കൊതിതീരാത്തവരുടെ, പ്രിയതമയെ പിരിഞ്ഞവരുടെയൊക്കെ കണ്ണീരില്‍ പൊതിഞ്ഞ സ്നേഹം വായിക്കാന്‍ കാത്തിരുന്നവര്‍. മാസത്തിലെത്തുന്ന മണിയോര്‍ഡര്‍ കിട്ടിയിട്ട് അടുപ്പു പുകഞ്ഞ  എത്രയെത്ര കുടുംബങ്ങള്‍... കത്തുണ്ടെന്നു പറഞ്ഞാല്‍ സന്തോഷപ്പൂത്തിരി കത്തുന്ന എത്രയെത്ര മുഖങ്ങള്‍... ലീലേടത്തി ഓര്‍ക്കുന്നു. എന്നാല്‍, ഇപ്പോള്‍ കത്തുണ്ടെന്നു കേള്‍ക്കുന്നതേ ഇഷ്ടമല്ല പലര്‍ക്കും. ബാങ്ക് നോട്ടീസുകളാണ് കത്തിന്‍െറ രൂപത്തില്‍ മിക്കവരെയും തേടിയത്തെുന്നത്. ഫോണ്‍ ബില്ലുകളും പുസ്തകങ്ങളും ആധാര്‍ കാര്‍ഡുമൊക്കെയാണ് മറ്റ് തപാല്‍ ഉരുപ്പടികള്‍. മൂന്നു പതിറ്റാണ്ടുകാലം മേല്‍വിലാസക്കാരുടെ വീടന്വേഷിച്ച് നാട്ടുപാതകള്‍ നടന്നുതീര്‍ത്ത ലീലേടത്തി  അടുത്തിടെ സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും സേവനം തുടരുന്നു. അടുത്തയാള്‍ നിയമിതനാവും വരെ അത് തുടരും.

ആദ്യ കത്തില്‍ പൊതിഞ്ഞ ജീവിതം
പത്തുവരെയേ ലീലേടത്തി പഠിച്ചുള്ളൂ. പഠനം കഴിഞ്ഞ്് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തു. അക്കാലത്ത് പത്തു കഴിഞ്ഞവരെല്ലാം അങ്ങനെ ചെയ്യുമായിരുന്നു. ജോലി കിട്ടുമെന്ന ഉറപ്പിലൊന്നുമല്ല. മൂന്നാലു വര്‍ഷം കഴിഞ്ഞാല്‍ തൊഴിലില്ലായ്മാ വേതനം കിട്ടും. ആ പണം ചാന്ത് വാങ്ങാന്‍ പോലും തികയില്ളെങ്കിലും പതിവ് തെറ്റിച്ചില്ല. അങ്ങനെയിരിക്കെ ഒരുദിവസം നാട്ടിലെ പോസ്റ്റ്മാന്‍ ലീലേടത്തിയെ തേടിയെത്തി. അന്നുവരെ അവര്‍ ആര്‍ക്കും കത്തെഴുതിയിട്ടില്ല. വിശേഷങ്ങളന്വേഷിച്ച് ആരുടെയും കത്തു കിട്ടിയ ഓര്‍മയുമില്ല. അതുകൊണ്ട് ഒരെഴുത്തിനും മറുകുറിപ്പ് എഴുതേണ്ടിവന്നതുമില്ല. എന്നാല്‍, തനിക്കുള്ള കത്തുമായാണ് പോസ്റ്റ്മാന്‍ വന്നത്.

ആദ്യമായി കിട്ടിയ കത്താണത്. ഒപ്പിട്ടു വാങ്ങി, ആവേശപൂര്‍വം തുറന്നുനോക്കി. കൊയിലാണ്ടി തപാല്‍ ഓഫിസില്‍ ‘മെയില്‍ കാരിയര്‍’ ആയി നിയമനം നല്‍കുന്ന അറിയിപ്പായിരുന്നു അത്. പോസ്റ്റ്മാന്‍െറ ജോലി എന്താണോ അതുതന്നെയാണ് മെയില്‍ കാരിയറുടെയും പണി. പക്ഷേ, ഇവരെന്നും തപാല്‍ വകുപ്പിലെ കരാര്‍ ജീവനക്കാരായിരിക്കും. ജോലി സ്ഥിരതയുണ്ടാവില്ല. മറ്റ് ആനുകൂല്യങ്ങളും കിട്ടില്ല. ദിവസക്കൂലിക്കു പുറമെ യാത്രപ്പടിയും കിട്ടും. വര്‍ഷത്തില്‍ 20 ലീവ് കിട്ടും. കത്തുകള്‍ മാത്രമല്ല, പാര്‍സലുകളും മണിയോര്‍ഡറുകളും മറ്റുമായി തപാല്‍ ഉരുപ്പടികള്‍ നിരവധിയുണ്ടാകും. ചാക്കില്‍ നിറച്ചാണ് കൊണ്ടുനടക്കുക. കിലോക്കണക്കിന് ഭാരമുണ്ടാകും. റെയില്‍വഴിയാണ് യാത്ര. അധികദൂരം സഞ്ചരിക്കേണ്ടിവന്നാലും ഓട്ടോ വിളിച്ചാലുമൊക്കെ പണം സ്വന്തം കൈയില്‍നിന്ന് കൊടുക്കണം.  രണ്ടു കൊല്ലം കൂടുമ്പോള്‍ തപാല്‍വകുപ്പ് കുടയും ചെരിപ്പും അയച്ചുകൊടുക്കും. അവ ഉപയോഗിക്കാന്‍ പറ്റില്ല. ഷോകേസില്‍ വെക്കാം -ലീലേടത്തി പറയുന്നു.

1983ലാണ്  മെയില്‍ കാരിയറായി കൊയിലാണ്ടി തപാല്‍ ഓഫിസിലെത്തിയത്.  2001ല്‍ നടുവണ്ണൂര്‍ പോസ്റ്റ് ഓഫിസില്‍ ‘ഗ്രാമീണ്‍ ഡാക് സേവക് മെയില്‍ ഡെലിവര്‍’ തസ്തികയിലേക്ക് മാറി. ഒരാള്‍ സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് ലീലയുടെ അപേക്ഷ പരിഗണിക്കുകയായിരുന്നു. പോസ്റ്റിന്‍െറ പേരു മാറിയെന്നല്ലാതെ മെച്ചമൊന്നുമുണ്ടായില്ല. ഈ തസ്തികയില്‍ നിയമപ്രകാരമുള്ള ജോലിസമയം അഞ്ചു മണിക്കൂറാണ്. പക്ഷേ, രാവിലെ ഇറങ്ങിയാല്‍ വൈകീട്ട് അഞ്ചരക്കോ അതിലും വൈകിയോ ആണ് വീട്ടില്‍ തിരിച്ചത്തെുക.

പെന്‍ഷനെങ്കിലും കിട്ടിയിരുന്നെങ്കില്‍
തപാല്‍ വകുപ്പില്‍ ഇത്തരം ജോലിചെയ്യുന്ന മൂന്നു ലക്ഷത്തിലേറെ പേരുണ്ട്. ഇപ്പോള്‍ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം. ചെയ്യുന്ന ജോലി ഒന്നുതന്നെയാണെങ്കിലും പോസ്റ്റ്മാന് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കു ലഭിക്കില്ല. ചട്ടപ്രകാരം ഇവര്‍ ഇപ്പോഴും ഡിപാര്‍ട്ട്മെന്‍റിനു പുറത്തുതന്നെ. ബ്രിട്ടീഷ്കാരുണ്ടാക്കിയ തസ്തിക അവര്‍ ഇന്ത്യവിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നു. പ്രക്ഷോഭങ്ങള്‍ നിരവധി നടത്തിയെങ്കിലും ഫലമുണ്ടായില്ല.

32 കൊല്ലം ജോലിചെയ്ത് വിരമിക്കുന്ന സമയത്തുപോലും ശമ്പളം പതിനായം രൂപ തികച്ച് കിട്ടിയില്ല, ലീലേടത്തിക്ക്. ഭര്‍ത്താവും രണ്ടു മക്കളുമുള്ള കുടുംബത്തിന് ഈ വരുമാനമായിരുന്നു ആശ്രയം. ‘പെന്‍ഷനെങ്കിലും അനുവദിച്ചു കിട്ടിയാല്‍ അത് സര്‍ക്കാര്‍ ഞങ്ങളോടു ചെയ്യുന്ന വലിയ നീതിയായിരിക്കും.’-ലീലേടത്തിയുടെ കണ്ണുകളില്‍ പ്രതീക്ഷ. നാരായണനാണ് ഭര്‍ത്താവ്. മക്കള്‍: അനൂപ്, ദിലീപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.