സ്വന്തമായ പലഹാരങ്ങളും അതുകൊണ്ട് ബന്ധിതമായ ആചാരങ്ങളും കൊണ്ട് പേരുകേട്ട ഇടമാണ് പൊന്നാനി. കേരളത്തിൽ മുസ് ലിംകളിൽ മരുമക്കത്തായം നിലനിന്നിരുന്ന ഏതാനും പ്രദേശങ്ങളിലൊന്ന്. പുതിയാപ്ല ഭാര്യവീട്ടിൽ അന്തിയുറങ്ങിയിരുന്ന പൊന്നാനി നഗരത്തിൽ അതിഥിയെ പോലെ എന്നും പരിഗണിക്കേണ്ടി വരാറുള്ള ഭാര്യ വീട്ടുകാരുടെ സൽക്കാര താൽപര്യമാണോ മറ്റിടങ്ങളിൽ കാണാത്ത പലഹാരങ്ങൾ പൊന്നാനിക്ക് സമ്മാനിച്ചത്?
പുതിയാപ്ലയെ സൽക്കരിക്കുന്നതിൽ ഏറ്റവും വിശിഷ്ട വിഭവമായ മുട്ടമാലയും മുട്ടസുർക്കയുമാണ് പ്രധാനം. പൊന്നാനി പലഹാരങ്ങളിൽ മുന്തിയ സ്ഥാനം അതിനുതന്നെ. പേരുപോലെ തന്നെ മുട്ടയാണ് ഇതിലെ പ്രധാന ചേരുവ. മറ്റു വിഭവങ്ങൾ പോലെ എണ്ണയിൽ മുക്കിയെടുത്തതല്ല ഇവ. കോഴിമുട്ട ഉടച്ച് പഞ്ചസാര ചേർത്ത് വെള്ളത്തിൽ മുക്കി നൂലുപോലെ മധുരമൂറുന്ന മുട്ടമാല സ്വാദിഷ്ഠമായ ഒന്നുതന്നെ. മുട്ടമാലയുടെ ഉപോൽപന്നമാണ് മുട്ടസുർക്ക. ഇതാകട്ടെ വളരെ മൃദുവായ ഖര രൂപത്തിലുള്ള മധുരമൂറും വിഭവമാണ്. ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള വിവിധ ഘട്ടങ്ങളും അവയാൽ കെട്ടുപിണഞ്ഞ ആചാരങ്ങളും പലഹാര പ്രധാനമാണ് പൊന്നാനിക്കാർക്ക്. മുട്ടമാല, മുട്ടസുർക്ക, ചിരട്ടിമാല, കോഴിയട, വട്ടട, മണ്ട, വെളിച്ചെണ്ണ പത്തിരി തുടങ്ങി പൊന്നാനിയുടേത് മാത്രമായ തനത് വിഭവങ്ങളാണ് ഇതിൽ പ്രാമുഖ്യം. കൂടാതെ പഴംപൊരി, പഴംനിറച്ചത്, ചട്ടിപ്പത്തിരി തുടങ്ങിയവ വേറെയും.
പൊന്നാനിയിൽ കല്യാണത്തോട് അനുബന്ധിച്ചുള്ള പലഹാരം ഇടപാടുകൾ കല്യാണാലോചന മുതലേ തുടങ്ങുന്നു. വാക്കുകൊടുക്കൽ എന്നൊരു ചടങ്ങുണ്ട്. വിവാഹ നിശ്ചയത്തിന്‍റെ ചെറുപതിപ്പ്. വാക്ക് കൊടുക്കൽ കഴിഞ്ഞാലുടൻ പെണ്ണിന്‍റെ വീട്ടിൽ നിന്ന് ചെറുക്കന്‍റെ വീട്ടിലേക്ക് പലഹാര വിഭവങ്ങളെത്തും. ഉടനെ തന്നെ തിരിച്ച് പെണ്ണിന്‍റെ വീട്ടിലേക്ക് ചെറിയ തോതിൽ പലഹാരങ്ങൾ കൊടുത്തുവിടും. കല്യാണാലോചന പരസ്പരം സ്വീകരിക്കപ്പെട്ടുവെന്നതിന്‍റെ പലഹാരഭാഷ്യം. പെരുന്നാൾ, നോമ്പ് തുടങ്ങിയ വിശേഷ ദിനങ്ങളിലും നിശ്ചയം കഴിഞ്ഞ പെൺവീട്ടുകാർ ചെറുക്കന്‍റെ വീട്ടിലേക്ക് പലഹാരങ്ങൾ എത്തിക്കുന്ന പതിവുണ്ട്. കല്യാണ ദിനമടുത്താൽ അടുത്ത ബന്ധുക്കൾ വിവാഹവീട് സന്ദർശിക്കും. വിവിധ പലഹാരങ്ങളുമായാണ് ബന്ധുക്കളെത്തുക. ഈ പലഹാരവരവ് ഒരാഴ്ചയോളം നീണ്ടുനിൽക്കും.
കല്യാണത്തലേന്ന് രാത്രിയിൽ പെൺവീട്ടിൽ നടക്കാറുള്ള മൈലാഞ്ചി കല്യാണം ഏറെ പ്രധാനപ്പെട്ടതാണ്. അന്ന് ആ വീട്ടിൽ ബന്ധുക്കളും അയൽവാസികളുമായി വിരുന്നുകാരുണ്ടാകുമെങ്കിലും അവിടെ ഭക്ഷണം ഉണ്ടാക്കാറില്ല എന്നതാണ് ശ്രദ്ധേയം. പകരം പെൺവീട്ടിൽ പാകം ചെയ്ത ഭക്ഷണം ആൺവീട്ടിലേക്ക് കൊടുത്തുവിടും. നിക്കാഹിനായി വധുവിന്‍റെ വീട്ടിലേക്ക് വരൻ കുടുംബമിത്രാദികളുമായാണ് വരുക. ഇവരെ ക്ഷണിക്കേണ്ട ബാധ്യത പെൺവീട്ടുകാർക്കാണ്. അതിനായി ക്ഷണിക്കേണ്ടവരുടെ പട്ടിക തയാറാക്കി പെൺവീട്ടുകാരെ മുൻകൂട്ടി ഏൽപിക്കും. ഈ പട്ടികയിൽ നിന്ന് ആരെയെങ്കിലും വിളിക്കാതെ പോയെങ്കിൽ അയാൾ വരന്‍റെ കൂടെ പോവുകയും എന്നാൽ ഭക്ഷണം കഴിക്കാതെ തിരികെ വരുകയും ചെയ്യുന്ന സമ്പ്രദായവും ഉണ്ടായിട്ടുണ്ട്.
പഴയ തറവാടുകളിൽ പുതിയാപ്ലക്കും ഉറ്റവർക്കും ഭക്ഷണത്തിനായുള്ള ഇരിപ്പിടമൊരുക്കുന്നത് ‘പടാപ്പുറം’ എന്ന് വിളിക്കുന്ന വരാന്തയിലാണ്. മറ്റുള്ളവർ ഭക്ഷണപന്തലിലും. പുതിയാപ്ല ഭക്ഷണം കഴിക്കാൻ തുടങ്ങിയാലേ പന്തലിലുള്ളവർ തീറ്റ തുടങ്ങാവൂ. പന്തലിലെ വലിയ കൊട്ടയിൽ കൂട്ടത്തോടെ പപ്പടം നിറക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. പുതിയാപ്ല ഭക്ഷണം കഴിക്കാൻ തുടങ്ങി എന്നതിന്‍റെ സിഗ്നലാണത്രെ ഇത്. ബിരിയാണിയും വെജിറ്റേറിയനും അപൂർവമായ അക്കാലത്ത് നെയ്ച്ചോറും പോത്തിറച്ചിയുമാണ് മുഖ്യം. പരിപ്പ്, കടുമാങ്ങ തുടങ്ങിയവയാണ് കൂട്ടുവിഭവങ്ങൾ.
കല്യാണ രാത്രി ഭാര്യവീട്ടിൽ അന്തിയുറങ്ങിയ വരൻ പിറ്റേന്ന് പുലർച്ചെ തന്നെ സ്വന്തം വീട്ടിലേക്ക് വരുകയാണ് പതിവ്. വരന് കഴിക്കാനുള്ള ഭക്ഷണം പെൺവീട്ടുകാർ ഭർതൃവീട്ടിലേക്ക് കൊടുത്തയക്കും. കല്യാണം കഴിഞ്ഞ് ഒരാഴ്ചയോളം രാത്രി ഭക്ഷണം പെൺവീട്ടിലൊരുക്കും. കഞ്ഞികുടി എന്നാണ് ഇതിന് പേര്. പുതിയാപ്ല ഉറ്റവരുമായാണ് ഭാര്യവീട്ടിലെത്തുക. പുതിയാപ്ലയെ പ്രത്യേകം ക്ഷണിക്കാൻ ഓരോ ദിവസവും കുട്ടികളെ പ്രത്യേകം തിരഞ്ഞെടുത്ത് ഭർതൃവീട്ടിലേക്കയക്കും. ഇവർക്ക് ബിസ്കറ്റ് പാക്കറ്റ് തുടങ്ങി ചെറുസമ്മാനങ്ങൾ ഭർതൃവീട്ടുകാർ നൽകും. ഏഴാംദിനം പെൺവീട്ടുകാർ പലഹാരം ഭർതൃവീട്ടിലേക്കെത്തിക്കും. പഴംപൊരിയാണ് പ്രധാനം. നൂറോ ഇരുനൂറോ മുതൽ അപൂർവമായി 500 എണ്ണം വരെയുണ്ടാകുമെന്ന് പഴമക്കാർ ഓർത്തെടുക്കുന്നു.
മുട്ടപ്പത്തിരി എന്ന ദേശീയ പലഹാരം
പൊന്നാനിയിലെ ദേശീയ പലഹാരം എന്ന പേരിൽ അറിയപ്പെടുന്നത് മുട്ടപ്പത്തിരിയാണ്. മറ്റു പലഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ചായക്കടകളിൽ നിന്ന് ചൂടാറാതെ വാങ്ങുന്ന സാധനം എന്ന പ്രത്യേകത ഇതിനുണ്ട്. പുലർച്ചെ സുബ്ഹ് നമസ്കാരാനന്തരം സജീവമാവുന്ന ടൗണിലെ ചായക്കടകളിൽ മൈദയിൽ മുക്കിപ്പൊരിച്ച മുട്ടപ്പത്തിരി വാങ്ങാൻ തിരക്കാണ്. ഉറക്കമുണർന്ന് ആദ്യചായക്കൊപ്പം കഴിക്കുന്ന ഈ പലഹാരത്തിന്‍റെ ഡിമാൻഡിന് ഇന്നും കുറവില്ല. പൊന്നാനിക്കാരായ പ്രവാസികൾക്ക് ഇന്നും ഗൃഹാതുരത്വമുണർത്തുന്ന രുചിയുടെ പേരാണ് മുട്ടപ്പത്തിരി.
തയാറാക്കിയത്: കെ.പി. ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.