ഡിന്നർ ലാൻഡ്

ആദ്യമായി താമസമാക്കിയ മാവൂറികളും അടുത്തുള്ള മറ്റ് ദ്വീപ് വാസികളും ലോകത്തിന്‍െറ വിവിധ രാഷ്ട്രങ്ങളില്‍ നിന്നും കുടിയേറിയവരും ചേര്‍ന്നതാണ് ന്യൂസിലന്‍ഡ് ജനത. അതുകൊണ്ടു തന്നെ ഓരോ സമൂഹത്തിന്‍െറയും രുചികളും ഭക്ഷണ ശീലങ്ങളും വ്യത്യസ്തമാണ്. പ്രാതലിന് ഓട്ട്സ്, പൊറിഡ്ജ്, ബ്രഡ് ടോസ്റ്റ്, വീറ്റ്ബിക്സ് എന്നിവ കഴിക്കുമ്പോൾ തന്നെ ചിക്കിപ്പൊരിച്ച മുട്ടയും ബേക്കണും ഹാഷ്ബ്രൗണ്‍ എന്ന ഉരുളക്കിഴങ്ങ് പാറ്റീസും പിന്നെ വേവിച്ച പച്ചക്കറികളുമാണ് ഇവിടത്തുകാരുടെ ഇഷ്ട ഭക്ഷണങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്.

ഉച്ചഭക്ഷണം ലളിതമായി കഴിക്കുന്നവരാണ് ഇവിടത്തുകാര്‍. സാന്‍ഡ് വിച്ച്, കൊത്തിയരിഞ്ഞ ഇറച്ചി നിറച്ച പൈ, മാവില്‍ മുക്കിപ്പൊരിച്ച മീനും ഉരുളക്കിഴങ്ങ് പൊരിച്ചതും ഒക്കെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന ഉച്ചഭക്ഷണങ്ങളാണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് കഴിക്കുന്നതിനാല്‍ ദിവസത്തിലെ പ്രധാന ഭക്ഷണം ഡിന്നറാണ്. മാംസമാണ് ഡിന്നറിലെ പ്രധാന ഇനം. അത് കോഴിയിറച്ചിയോ ലാമ്പ് എന്ന് പറയുന്ന ചെമ്മരിയാടിന്‍ കുട്ടിയുടെ മാംസമോ ആയിരിക്കും. ഇതിന്‍െറ കൂടെ ടോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ്, മത്തങ്ങ, മധുരക്കിഴങ്ങ് എന്നിവയും സലാഡുകളും ഉണ്ടായിരിക്കും.

അവധി ദിവസങ്ങളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഒത്തുകൂടി ബാര്‍ബിക്യു ചെയ്ത് കഴിക്കുന്ന രീതിയും ഇവിടെ സാധാരണമാണ്. നല്ല കടുപ്പമുള്ള കാപ്പി മധുരം കുറച്ച് ഉപയോഗിക്കുന്നത് ന്യൂസിലന്‍ഡിന്‍െറ ശീലമാണെങ്കിലും പൊതുവെ മധുരം ഇഷ്ടപ്പെടുന്നവരാണിവര്‍. കുക്കീസ്, ചോക്ലറ്റ് ബൗണീസ്, പുഡിങ്, ചീസ് കേക്ക്, പാവലോവ തുടങ്ങിയവയാണ് ഇവരുടെ ഡെസെര്‍ട്ടുകള്‍. മനോഹരമായി പാചകം ചെയ്യുന്ന പുരുഷന്മാരുള്ള നാടുകൂടിയാണ് ന്യൂസിലന്‍ഡ്.

മലയാളികളുടെ രുചികളോട് ചേര്‍ന്നു നില്‍ക്കുന്നതും നാട്ടില്‍ ലഭ്യമാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ചില രുചികരമായ ന്യൂസിലന്‍ഡ് ഭക്ഷണ വിഭവങ്ങളുടെ കുറിപ്പുകൾ താഴെ ചേർക്കുന്നു...

1. ബാര്‍ബിക്യൂ ചിക്കന്‍

ചേരുവകൾ:  

  • ചിക്കന്‍ വലുതായി കഷണങ്ങളാക്കിയത് -ഒരു കിലോ
  • സോയസോസ് -ഒരു കപ്പ്
  • നാരങ്ങനീര് -അര കപ്പ്
  • കശ്മീരി മുളകുപൊടി -രണ്ട് ടേബ്ൾ സ്പൂണ്‍
  • മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
  • കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  • വെളുത്തുള്ളി ചതച്ചത് -നാലോ അഞ്ചോ

പാകം ചെയ്യുന്നവിധം:

ഒരു പാത്രത്തില്‍ സോയസോസും നാരങ്ങനീരും മിക്സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ഒഴികെയുള്ള സാധനങ്ങളിട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചിക്കനിട്ട്  നന്നായി മസാല പിടിപ്പിക്കുക. ഒരു അടപ്പു കൊണ്ട് മൂടി ഫ്രിഡ്ജില്‍ നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ വെക്കുക. ഒരു രാത്രി മുഴുവന്‍ ഇരുന്നാല്‍ ഏറ്റവും നല്ലത്. ബാര്‍ബിക്യൂ ഗ്രില്ലില്‍വെച്ച് ചുട്ടെടുക്കുക. ബാര്‍ബിക്യൂ ഇല്ലെങ്കില്‍ കുറച്ച് എണ്ണയൊഴിച്ച് പരന്ന പാനില്‍വെച്ച്  ഫ്രൈ ചെയ്ത് എടുക്കുക.

2. മാംഗോ ട്രൈഫിള്‍ പുഡിങ്

ചേരുവകൾ:

  • സ്പോഞ്ച് കേക്ക് -2
  • ക്രീം അല്ലെങ്കില്‍ പാല്‍ -250 മില്ലി
  • മാംഗോ പള്‍പ്പ് -ഒരു ടിന്‍
  • നുറുക്കിയ പഴങ്ങള്‍ (മാങ്ങ, മുന്തിരി, പൈനാപ്പിള്‍) -ഒരു കപ്പ്
  • കണ്ടെന്‍സ്ഡ് മില്‍ക്ക് -ഒരു ടിന്‍

പാകം ചെയ്യുന്നവിധം:

ക്രീം, മാംഗോ പള്‍പ്പ്, കണ്ടെന്‍സ്ഡ് മില്‍ക്ക് ഇവ ഒരു പാത്രത്തില്‍ മിക്സ് ചെയ്തുവെക്കുക. വീതിയും ആഴവുമുള്ള പാത്രത്തില്‍ ഈ മിക്സിന്‍െറ മൂന്നിലൊന്ന് ഒഴിക്കുക. ഇതിനുമുകളില്‍ സ്പോഞ്ച് കേക്ക് വെക്കുക. സ്പോഞ്ച് കേക്കിനു മുകളില്‍ പഴങ്ങള്‍ വിതറി ബാക്കി മിക്സിന്‍െറ പകുതി ഒഴിക്കുക. ഇതിനു മുകളില്‍ രണ്ടാമത്തെ കേക്കുംവെച്ച് ബാക്കി പഴങ്ങള്‍ വിതറുക. ഏറ്റവും മുകളില്‍ മിക്സ് ഒഴിച്ചുകൊടുക്കുക. ഇത് ഒരു അടപ്പുകൊണ്ട് മൂടി ഫ്രിഡ്ജില്‍ നാലുമുതല്‍ അഞ്ച് മണിക്കൂര്‍ വരെ വെക്കുക.

3. പസഫിക് ഐലന്‍ഡ് ചോപ്സൂയി

ചേരുവകൾ:

  • വെര്‍മിസെല്ലി -60 ഗ്രാം
  • തിളച്ച വെള്ളം -കാല്‍ കപ്പ്
  • എണ്ണ -കാല്‍ ടേബ്ൾ സ്പൂണ്‍
  • എല്ലില്ലാത്ത ഇറച്ചിക്കഷണം -300 ഗ്രാം
  • ഉള്ളി അരിഞ്ഞത് -ഒരെണ്ണം
  • കാരറ്റ് -രണ്ടെണ്ണം
  • വെള്ളം -കാല്‍ ടേബ്ൾ സ്പൂണ്‍
  • സോയസോസ് -കാല്‍ ടേബ്ൾ സ്പൂണ്‍

പാകം ചെയ്യുന്നവിധം:

വെര്‍മിസെല്ലി തിളച്ച വെള്ളത്തിലിട്ട് മൂടിവെക്കുക. സോഫ്റ്റ് ആയിക്കഴിഞ്ഞാല്‍ അരിപ്പയില്‍കൂടെ വെള്ളം വാറ്റുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കാന്‍ വെക്കുക. ഇറച്ചി, ഉള്ളി, കാരറ്റ് എന്നിവ നാലുമുതല്‍ അഞ്ച് മിനിറ്റ് വരെ വഴറ്റുക. ഇതിലേക്ക് വെര്‍മിസെല്ലിയും വെള്ളവും സോയസോസും ചേര്‍ക്കുക. 15 മുതല്‍ 20 മിനിറ്റ് വരെ ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തുകഴിഞ്ഞാല്‍ തീയണച്ച് അടുപ്പില്‍നിന്ന് മാറ്റുക.

(ന്യൂസിലന്‍ഡിലെ ഓക് ലാന്‍ഡില്‍ പ്രീപ്രൈമറി അധ്യാപികയായിരുന്ന ലേഖിക കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയാണ്)

Tags:    
News Summary - new zealand dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.