ടിബറ്റിന്‍റെ മോമോ രുചി മലയാളിയുടെ നാവിലും

യഥാർഥത്തിൽ ടിബറ്റൻ വിഭവമായ മോമോ ഇന്ത്യയിലെത്തിയിട്ട് അധിക നാളൊന്നുമായിട്ടില്ല. ടിബറ്റുകാരും സിക്കിംവാസികളും ധാരാളമുള്ള  ഡൽഹിയുടെ തെരുവോരങ്ങളിൽ തന്നെയായിരുന്നു ആവി പറക്കുന്ന ചൂടോടെ മോമോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഡൽഹിക്കാരുടെ ഇഷ്ട വിഭവമായി ഇത് മാറാൻ ഏറെക്കാലമെടുത്തില്ല. ഇപ്പോഴത് കേരളത്തിലും എത്തിയിരിക്കുന്നു. എന്തും പെട്ടെന്ന് സ്വന്തമാക്കാനുള്ള മലയാളികളുടെ ആ കഴിവു തന്നെയാണ് ഈ ടിബറ്റൻ ഭക്ഷണത്തെ കേരളക്കരയിലുമെത്തിച്ചത്.

കേരളത്തിലെ പേരിലെണ്ണാവുന്ന റസ്റ്ററന്‍റുകളിൽ നേരത്തേ തന്നെ ഈ വിഭവം ലഭ്യമായിരുന്നുവെങ്കിലും കൊച്ചിയിൽ മോമോസിന്‍റെ പേരിൽ ഒരു റസ്റ്ററന്‍റ് തന്നെ തുടങ്ങിയിരിക്കുകയാണ്. 'ബിഗ് ഫാറ്റ് മോമോ' എന്ന പേരിൽ മാർക്കറ്റ് റോഡിലാണ് പുതിയ മോമോ ഹോട്ടൽ. പേരിലുള്ള മോമോ വിഭവങ്ങൾ തന്നെയാണ് യുവാക്കളെ പ്രധാനമായും ഇങ്ങോട്ടേക്ക്‌ ആകർഷിക്കുന്നത്. ആവിയിൽ പൊള്ളിച്ചെടുത്തതും വറുത്തെടുക്കുന്നതുമായ മോമോയും ഇവിടെ ലഭ്യമാണ്.

മോമോ തയാറാക്കുന്ന വിധം:

ചേരുവകൾ:

  • ചിക്കൻ-250 ഗ്രാം (വേവിച്ചു കൊത്തി അരിഞ്ഞത്) / (പനീർ, കാബേജ്, കൂണ്‍, കാരറ്റ്, കാപ്സികം വെജ് മോമോ)
  • സവാള-1
  • പച്ചമുളക്-2
  • ഇഞ്ചി-ഒരു കഷണം
  • വെളുത്തുള്ളി-4 കഷണം
  • സോയ സോസ്-1 ടീസ് സ്പൂണ്‍
  • കുരുമുളക് പോടീ-1/2 ടീസ് സ്പൂണ്‍

പാകം ചെയ്യേണ്ടവിധം:

ഒരു കപ്പ്‌ മൈദ വെള്ളവും ഉപ്പും ചേർത്ത് കുഴച്ച് (ചപ്പാത്തിക്ക് കുഴക്കുന്ന രീതിയിൽ) അര മണിക്കൂർ അടച്ചുവെക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി കൊത്തി അരിഞ്ഞുവെക്കുക. ഇതെല്ലാം കൂടി ചിക്കൻ, സോയ സോസ്, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. (വെജ് മോമോ ആണെങ്കിൽ ചിക്കൻ പകരം പച്ചക്കറികൾ അരിഞ്ഞു ചേർക്കുക). മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കി വട്ടത്തിൽ പരത്തി എടുക്കുക. നടുക്ക് ഫില്ലിങ് െവച്ച ശേഷം ഒരു വശം ഞൊറിഞ്ഞ് മറ്റേ വശവുമായി ഒട്ടിച്ചു ചേർക്കുക. ആവിയിൽ 10 മിനിറ്റ് വേവിച്ചു എടുക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.