നെന്മാറ: വാദ്യരംഗത്ത് അഞ്ച് പതിറ്റാണ്ടായി നിലനിൽക്കുന്ന കുലപതിക്ക് നാട് വീരശൃംഖല നൽകി ആദരിക്കുന്നു. പല്ലശ്ശന വേലായുധ മന്ദാടിയാരുടെ മകൻ 64 കാരനായ പല്ലശ്ശന നന്ദകുമാറിനാണ് മേള പ്രേമികളായ പല്ലശ്ശന വാസികൾ ആദരിക്കുന്നത്.
എട്ടാം വയസ്സു മുതൽ ചെണ്ട അഭ്യാസമാരംഭിച്ച നന്ദകുമാർ, നാണു മന്ദാടിയാരിൽ നിന്നാണ് ആദ്യം ശിഷ്യത്വം സ്വീകരിച്ചത്. പിന്നീട് കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിൽ കഥകളിമേളത്തിനു ചേർന്നു. കോട്ടക്കൽ കുട്ടൻമാരാർ, കൃഷ്ണൻകുട്ടിയാശാൻ എന്നിവരുടെ കീഴിൽ കളിക്കൊട്ടിന്റെ അടിസ്ഥാന പാഠക്രിയകൾ വശമാക്കി. തുടർന്നാണ് പ്രശസ്ത വാദ്യകലാകാരൻ പല്ലാവൂർ അപ്പുമാരാരുടെ ശിഷ്യനായി തിമില അഭ്യസിച്ചത്. ഇതാണ് നന്ദകുമാറിന്റെ വാദ്യജീവിതത്തിൽ വഴിത്തിരിവായത്.
1976 നവരാത്രിക്കാലത്ത് പല്ലശ്ശന ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. തുടർന്നുള്ള അഞ്ചുവർഷം പല്ലാവൂർ അപ്പുമാരാരോടൊപ്പം സഞ്ചരിച്ച് തിമിലയും ചെണ്ടയുമായി ഉൾപ്പെടെ വാദനകല സ്വായത്തമാക്കി. അന്നമനട പരമേശ്വരമാരാരുടെ (ജൂനിയർ) കീഴിലുള്ള ഉപരിപഠനം വാശിയുള്ള കൊട്ടിന്റെ വഴികളിൽ നന്ദകുമാറിനെ പ്രവീണനാക്കി.
പല്ലശ്ശന (1980 മുതൽ), അയിലൂർ ക്ഷേത്രവാദ്യ കലാസമിതി (1986 മുതൽ), പട്ടഞ്ചേരി, വട്ടേക്കാട്, പനങ്ങാട്ടിരി, ആലത്തൂർ, പെരിങ്കുളം, ചിറ്റില ഞ്ചേരി, കുനിശ്ശേരി, കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ശിഷ്യൻമാർക്ക് വാദ്യകലപകർന്നു നൽകിയിട്ടുണ്ട്. നിർധന വിദ്യാർഥികൾക്ക് സൗജന്യമായും വാദ്യം പഠിപ്പിച്ചി രുന്നു. കണ്യാർകളി കൊട്ടുവിഷയത്തിലും നന്ദകുമാർ പ്രസിദ്ധനാണ്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: മാധുക്കുട്ടി. മക്കൾ: പ്രണിത (ന്യൂസിലാന്റ്) , ഡോ.പ്രജിത. ഇന്ന് പല്ലശ്ശന പഴയകാവ് ഉമാശങ്കർ കല്യാണ മണ്ഡപത്തിൽ ‘സാനന്ദം’പേരിൽ സംഘടിപ്പിച്ച സമാദരണ പരിപാടി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശബരിമല തന്ത്രിയും കൊല്ലൂർ മൂകാംബിക മുഖ്യപുരോഹിതനും ചേർന്ന് നന്ദകുമാറിനെ വീരശൃംഖല അണിയിക്കും. ആലത്തൂർ രമ്യ ഹരിദാസ് എം.പി., കെ.ബാബു എം.എൽ.എ, ജസ്റ്റിസ് എം.എൻ. കൃഷ്ണൻ, പെരുവനം കുട്ടൻമാരാർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.