കൊല്ലങ്കോട് അരുന്നൂർ ശിവദാസനും കുടുംബവും പോസ്റ്റ് കാർഡിൽ ആശംസ കാർഡുകൾ തയാറാക്കുന്നു
കൊല്ലങ്കോട്: രണ്ടര പതിറ്റാണ്ട് കഴിഞ്ഞും പതിവ് തെറ്റാതെ ആശംസ കാർഡുകളുമായി ശിവദാസൻ. പ്രിയപ്പെട്ടവർക്ക് പോസ്റ്റ് കാർഡിലൂടെയാണ് കുടുംബ സമേതം വർണചിത്രങ്ങൾ വരച്ച് ആശംസകൾ കൈമാറുന്നത്. രണ്ടര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ശീലമാണ് ഗ്രന്ഥശാല പ്രവർത്തകനും തപാൽ ജീവനക്കാരനുമായ കെ. ശിവദാസും കുടുംബവും തുടർന്നുവരുന്നത്. ആദ്യ കാലത്ത് 100 പോസ്റ്റ് കാർഡിലൂടെയാണ് തുടക്കം കുറിച്ചത്.
വിവാഹിതനായതോടെ ഭാര്യ രാധിക ശിവദാസും ഒപ്പംചേർന്നു. ഇതോടെ ആശംസ കാർഡുകളുടെ എണ്ണം വർധിച്ചു. ഇപ്പോൾ വരയിൽ താൽപര്യമുള്ള മക്കളായ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആദ്യശ്രീയും ആറാം ക്ലാസുകാരനായ ആദ്യാനന്ദും കൂട്ടിനുണ്ട്. ഡിജിറ്റൽ കാലത്ത് ലോകം എത്ര മാറിയാലും തപാൽ സംവിധാനമുള്ള കാലത്തോളം സ്നേഹനിധികളായ പ്രിയപ്പെട്ടർക്ക് ആശംസകൾ അയക്കണമെന്നാണ് നെന്മാറ മുഖ്യ തപാൽ ഓഫിസിലെ ജീവനക്കാരനായ കെ. ശിവദാസൻ പറയുന്നത്.
ഓരോ വർഷവും അഞ്ഞൂറിലധികം ആശംസ കാർഡുകളാണ് അയക്കുന്നത്. ഓരോ തവണയും വ്യത്യസ്ത സന്ദേശങ്ങൾ ഉൾപ്പെടുത്തു. ഇത്തവണ കാർഡുകളിൽ രണ്ടു സന്ദേശങ്ങളാണുള്ളത്. വിദ്യാർഥികൾക്കിടയിലടക്കം മഹാവിപത്തായി മാറിയ ലഹരി വസ്തുകളുടെ ഉപയോഗത്തിനെതിരായ ‘നോ ഡ്രഗ്സ്, സേവ് ഹാപ്പി ബ്യൂട്ടി ലൈഫ്’ എന്നതാണ് ഒരു സന്ദേശം.
അമിത വേഗതക്കും അശ്രദ്ധ ഡ്രൈവിങ്ങിനുമെതിരായ ‘സേഫ് ഡ്രൈവ്, സേവ് ഹാപ്പി ബ്യൂട്ടി ലൈഫ്’ എന്നതാണ് രണ്ടാമത്തെ വാക്യം. നവമാധ്യമങ്ങൾ പുതുതലമുറയെ കീഴ്പ്പെടുത്തുമ്പോഴും സ്വന്തം കൈയക്ഷരത്തിലെഴുതിയ പോസ്റ്റ് കാർഡ് പ്രിയപ്പെട്ടവർക്ക് കിട്ടുമ്പോൾ ഉണ്ടാവുന്ന ആനന്ദം അമൂല്യമാണെന്ന് ശിവദാസന്റെ കുടുംബാംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.