പാകിസ്താനിൽനിന്നുള്ള സ്കൂൾ ബസ് ഡ്രൈവർമാരുടെ കുടുംബം
ഇതാ ഇവിടെയൊരു സ്കൂൾ ബസ് കുടുംബം
ദുബൈ: ഒന്നര പതിറ്റാണ്ടായി ഈ കുടുംബത്തിന്റെ ഊണും ഉറക്കവും യാത്രയുമെല്ലാം നിശ്ചയിക്കുന്നത് സ്കൂളിലെ ബെല്ലടിയാണ്. രാവിലെ സ്കൂൾകുട്ടികൾ എഴുന്നേൽക്കുന്ന സമയത്ത് എഴുന്നേൽക്കും, ഉച്ചക്ക് അവരെ തിരിച്ച് വീട്ടിലെത്തിക്കുന്നതോടെ ജോലി കഴിയും. ഇത് ദുബൈയിലെ സ്കൂൾബസ് കുടുംബത്തിന്റെ കഥയാണ്.
പാകിസ്താനിലെ സ്വാത്തിൽനിന്ന് ദുബൈയിലേക്ക് ചേക്കേറിയ സുൽത്താൻബസ് ബച്ചയും കുടുംബാംഗങ്ങളുമാണ് സ്കൂൾ ബസ് ഉപജീവനമാർഗമാക്കിയിരിക്കുന്നത്. ഈ കുടുംബത്തിലെ 10 പേരും സ്കൂൾബസ് ഡ്രൈവർമാരാണ്.
1990ലാണ് ബച്ച യു.എ.ഇയിൽ എത്തിയത്. ഗ്യാസ് സിലിണ്ടർ ബിസിനസ് പരാജയപ്പെട്ടതോടെ ലോജിസ്റ്റിക് ബിസിനസിലേക്ക് മാറി. ഇതും രക്ഷപ്പെടാതെ വന്നതോടെ ഷാർജ ടാക്സിയുടെ വളയം പിടിച്ചുതുടങ്ങി.
2005ലാണ് എമിറേറ്റ്സ് ട്രാൻസ്പോർട്ടേഷന്റെ സ്കൂൾബസ് ഡ്രൈവറായത്. കുട്ടികളോടുള്ള ഇഷ്ടമാണ് ഈ മേഖലയിൽ ദീർഘകാലം അദ്ദേഹത്തെ പിടിച്ചുനിർത്തിയത്. പിന്നീട് സഹോദരങ്ങളെയും അനന്തരവന്മാരെയും എത്തിച്ചു. സ്കൂൾ ബസ് ഡ്രൈവറായി തുടങ്ങിയ പലരും മറ്റു പോസ്റ്റുകളിലേക്കും മാറി. 2008ൽ എത്തിയ ഉസ്മാൻ അലി എന്ന ബന്ധു ഇപ്പോൾ അസിസ്റ്റന്റ് സൂപ്പർവൈസറാണ്.
അദ്ദേഹമാണ് 300ഓളം ബസ് ഡ്രൈവർമാരുടെ ഷെഡ്യൂൾ കൈകാര്യംചെയ്യുന്നത്. 1995ൽ യു.എ.ഇയിൽ എത്തി വിവിധ ജോലികൾചെയ്തിരുന്ന ഇളയ സഹോദരൻ അമിർസെബ് ബച്ചയും 2008 മുതൽ ഇവിടെ ഡ്രൈവറാണ്. ഒ
ന്നര പതിറ്റാണ്ട് മുമ്പ് സ്കൂൾ ബസിൽ വന്നിരുന്ന കുട്ടികൾ വലുതായെങ്കിലും ഇപ്പോഴും കണ്ടാൽ തിരിച്ചറിയുന്നതും സ്നേഹം പങ്കിടുന്നതും സന്തോഷം പകരുന്ന നിമിഷങ്ങളാണെന്ന് ബച്ച ഓർത്തെടുക്കുന്നു.
അനന്തരവന്മാരായ നദീർ ഖാൻ, റഹ്മത് ഖാൻ, താരിഖ് ഷാ, ബന്ധു മുഹമ്മദ് ഉസ്മാൻ എന്നിവരെല്ലാം യു.എ.ഇയിൽ സ്കൂൾ ബസ് ഡ്രൈവർമാരാണ്. എല്ലാവരും അജ്മാനിലെ വില്ലയിൽ ഒരു മേൽക്കൂരക്കു കീഴിലാണ് താമസം. ഇതിനടുത്താണ് ബസുകൾ പാർക്ക് ചെയ്യുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.