മുബാറഖ് അൽനമസ് മരുഭൂമിയിൽ
യാംബു: മരുഭൂമിയിൽ കാണാതാകുന്നവരെ കണ്ടെത്താനും രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ജീവിതം ഉഴിഞ്ഞുവെച്ചൊരു സൗദി പൗരൻ. സൗദിയുടെ വടക്കൻ മേഖലയിലെ നഫൂദ് മരുഭൂമിയിൽ കാണാതാകുന്നവരുടെ രക്ഷകനാവുകയാണ് മുബാറഖ് അൽനമസ്. 290 കിലോമീറ്റർ നീളത്തിലും 225 കിലോമീറ്റർ വീതിയിലുമായി നീണ്ടുപരന്ന് കിടക്കുന്ന നഫൂദ് മരുഭൂമിയിൽ വഴിതെറ്റിയും മറ്റും ആളുകളെ കാണാതാവൽ പതിവാണ്.
ഇങ്ങനെ അകപ്പെടുന്നവരെ അന്വേഷിച്ചുപോയി കണ്ടെത്തി രക്ഷപ്പെടുത്തൽ ഒരു ദൗത്യമായെടുത്ത ഈ സന്നദ്ധപ്രവർത്തകന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം എല്ലാവിധ പിന്തുണയും നൽകുന്നു. പരിചയവൃത്തത്തിലെ ഒരാൾ മരുഭൂമിയിൽ അകപ്പെട്ടുപോവുകയും അയാളുടെ മൃതദേഹം പോലും കിട്ടാതാവുകയും ചെയ്ത ഏറെ ദുഃഖകരമായ സംഭവമാണ് ഇത്തരമൊരു സന്നദ്ധവഴിയിലേക്ക് തന്നെ നയിച്ചതെന്ന് മുബാറഖ് പറയുന്നു.
മരുഭൂമിയിൽ കാണാതായ ആളുടെ കുടുംബാംഗങ്ങളുടെ രോദനം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്. അതോടെ മരുഭൂമിയിൽ ആരെ കാണാതായാലും തിരയാൻ സഹായിക്കുമെന്ന തീരുമാനം എടുത്തു. അതിനുവേണ്ടി എന്ത് ത്യാഗത്തിനും തയാറാവുകയും ചെയ്തു.
മണൽക്കുന്നുകളും മലകളും താഴ്വാരങ്ങളും നിറഞ്ഞ മരുഭൂമിയുടെ ഓരോ ഭാഗവും ഇദ്ദേഹത്തിന് നല്ല പരിചയമാണ്. അതിലൂടെയുള്ള ദുർഘടം പിടിച്ച യാത്രകൾ ഒരിക്കലും മടുപ്പിക്കാറോ ബുദ്ധിമുട്ടിക്കാറോ ഇല്ല. ജീവനുകൾ രക്ഷിക്കാനുള്ള സ്വയമേറ്റെടുത്ത ദൗത്യവഴിയിലെ ചെറിയ പ്രതിസന്ധികളെന്ന നിലയിൽ അവ നിഷ്പ്രയാസം മറികടക്കും. അകപ്പെട്ടവരെ കണ്ടെത്തിയാൽ രക്ഷപ്പെടുത്താനുള്ള എളുപ്പമുള്ള വഴികളെല്ലാം ഇന്ന് മനഃപാഠമാണ്. ആരെയെങ്കിലും കാണാതായെന്ന് കേട്ടാൽ, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിൽനിന്ന് വിവരം ഉറപ്പിച്ചുകഴിഞ്ഞാൽ ഉടൻ രംഗത്തിറങ്ങും. അന്വേഷണത്തിന് വേറെ സന്നദ്ധ പ്രവർത്തകരുണ്ടെങ്കിൽ അവർക്ക് വഴികാട്ടിയാവും.
കാണാതായ വ്യക്തി തന്റെ പരിചയക്കാരനുമായോ ബന്ധുവുമായോ അവസാനമായി നടന്ന ഫോൺവിളി വിവരങ്ങളും ടവർ ലൊക്കേഷനും അവലംബിച്ചാണ് മരുഭൂമിയിൽ തിരച്ചിൽ യാത്ര തുടങ്ങുക. കാണാതായ ആളെ കണ്ടെത്തുന്നതു വരെ തനിക്ക് വിശ്രമമുണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു. മരുഭൂമിയിൽ നഷ്ടപ്പെട്ട ആളുകളെ കണ്ടെത്താനും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുന്നതിലാണ് തന്റെ ജീവിതസന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുബാറഖിന്റെ സന്നദ്ധപ്രവർത്തനത്തെ കുറിച്ചറിഞ്ഞ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അദ്ദേഹത്തെ ആദരിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. മന്ത്രി അഹ്മദ് അൽരാജ്ഹി ത്യാഗസന്നദ്ധതയെ പ്രത്യേകം എടുത്തുപറഞ്ഞ് പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.