ദീപ്ഷി രാജ്
ചുവടുകളുടെ ഭാഷയിൽ വികാരങ്ങൾ പറയാൻ പരിശീലിച്ച ദീപ്ഷി രാജ് കാമറവെളിച്ചത്തിലും ശ്രദ്ധേയയാവുകയാണ്. ഇരുപതു വർഷത്തിലേറെ നൃത്തത്തിന്റെ ചുവടുകളിലും താളത്തിലും ജീവിതത്തെ വായിച്ചറിഞ്ഞ കണ്ണൂരുകാരി ദീപ്ഷി രാജ് കാമറയുടെ പ്രകാശത്തിലും കേരളത്തിനുപുറമെ മറ്റു സംസ്ഥാനങ്ങളിലും ശ്രദ്ധേയയായ മോഡലായി ഹൃദയങ്ങൾ കീഴടക്കുകയാണ്.
തന്റെ സ്വപ്നങ്ങളെ കണ്ണുകളിൽ മാത്രം സൂക്ഷിക്കാതെ, ഓരോ ചുവടിലും അവയെ സാക്ഷാത്കരിക്കാൻ ധൈര്യം കാണിച്ച ദീപ്ഷി സംസ്ഥാന സ്കൂൾ കേലാത്സവ വേദികളിൽ നൃത്തകലയിൽ വർഷങ്ങളോളം കുത്തക തീർത്തിരുന്നു. തികഞ്ഞ നർത്തകിയായിരിക്കുമ്പോഴും കലയുടെ ശുദ്ധി, ഭാവങ്ങളിൽ പ്രകടമാക്കുമ്പോഴും തന്റെ വലിയ ആഗ്രഹമായിരുന്നു ഒരു മികച്ച മോഡൽ ആകണമെന്നത്. ദേശീയതല നൃത്തോത്സവങ്ങളിലെ പ്രകടനങ്ങൾ ദീപ്ഷിയെ മികച്ച മോഡൽ എന്ന പദവിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും എണ്ണപ്പെട്ട മോഡലായി വിവിധ സംസ്ഥാനങ്ങളിൽ ശ്രദ്ധേയയായി ഈ ഇരുപത്തിമൂന്നുകാരി.
പലരും സൗന്ദര്യം മാത്രം കാണിക്കുന്ന മോഡലിങ് രംഗത്ത് ആത്മാവിനെ സ്പർശിക്കുന്ന ഭാവത്തിലേക്ക് ആസ്വാദകരെ എത്തിക്കുന്നതാണ് ദീപ്ഷിയുടെ മേന്മ. ഓരോ ഭാവത്തിലും അപാരമായ ആത്മവിശ്വാസം, ഓരോ പുഞ്ചിരിയിലും കലാ ലാവണ്യം-അതാണ് അവളെ വേറിട്ടതാക്കുന്നത് എന്ന് രാജ്യത്തെ പ്രമുഖ പരസ്യ ഏജൻസി വരെ വിലയിരുത്തിക്കഴിഞ്ഞു.
വേദിയിൽ നർത്തകിയായും കാമറക്കുമുന്നിൽ മോഡലായും തിളങ്ങുന്ന ദീപ്ഷിയുടെ വിജയത്തിനുപിന്നിൽ പരിശ്രമത്തിന്റെയും ആത്മാർഥതയുടെയും വലിയ ലോകംകൂടിയുണ്ട്.
നാലു വയസ്സു മുതൽ നൃത്തത്തിലുള്ള തന്റെ കഴിവുകളെ പരിപോഷിപ്പിക്കാൻ തുടങ്ങിയിരുന്നു ദീപ്ഷി. പരേതയായ ഗുരു ഗീതാ ദിവാകറിന്റെ കീഴിൽ നൃത്ത പഠനം ആരംഭിച്ചു. പിന്നീട് ഗുരു വിശ്വലതയുടെ ശിക്ഷണത്തിൽ ഭരതനാട്യത്തിലൂടെയാണ് നർത്തകിയെന്ന തന്റെ യാത്ര ദീപ്ഷി ആരംഭിച്ചത്. പിന്നീട് ഭരതനാട്യത്തിനൊപ്പം മോഹിനിയാട്ടം, കേരള നടനം, കുച്ചിപ്പുടി, ഓട്ടൻതുള്ളൽ എന്നിവയിലേക്ക് ദീപ്ഷി തന്റെ കഴിവുകളെ വളർത്തിയെടുത്തു. തന്റെ കലാപരമായ ആവിഷ്കാരം വിശാലമാക്കാൻ നിരന്തരം ശ്രമിക്കുന്ന ദീപ്ഷി, മറ്റ് നൃത്ത ശൈലികളും പരിശീലിക്കുകയാണ്.
നൃത്ത ജീവിതത്തോടൊപ്പം വൈകാതെ ദീപ്ഷി ബ്രാൻഡുകൾക്കായി മോഡലിങ്ങിലും സംഗീത വിഡിയോകളിലും സജീവമായി. പെർഫോമിങ് ആർട്സിലും മീഡിയയിലും സാന്നിധ്യം കൂടുതൽ സജീവമായി. ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയുടെ കീഴിൽ ഭരതനാട്യം, ഡോ.ആർ.എൽ.വി. രാമകൃഷ്ണന്റെ കീഴിൽ മോഹിനിയാട്ടം, കലാമണ്ഡലം സത്യവ്രതന്റെ കീഴിൽ കേരളനടനം, കലാമണ്ഡലം മഹേന്ദ്രനിൽനിന്ന് ഓട്ടൻതുള്ളൽ എന്നിവയിൽ തന്റെ കഴിവുകൾ മെച്ചപ്പെടുത്തി. ഗുരു ദിലീപ് കുമാറിന്റെ കീഴിൽ അഞ്ചുവർഷം ക്ലാസിക്കൽ സംഗീതവും ദീപ്ഷി പഠിച്ചു.
പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ലീലാമണി തുടങ്ങിയ നൃത്തരംഗത്ത് പ്രശസ്തരായ ഗുരുക്കന്മാരുടെ കീഴിലാണ് മോഹിനിയാട്ടത്തിലെ അടിത്തറ രൂപപ്പെടുത്തിയത്. കൃഷ്ണവേണി ദാമോദരന്റെ മാർഗനിർദേശപ്രകാരം പതിവായി പരിപാടികളിൽ പങ്കെടുത്തു. ഇപ്പോൾ ഡോ. നീനാ പ്രസാദിന്റെ കീഴിൽ മോഹിനിയാട്ടം അഭ്യസിക്കുന്നു. ന്യൂജഴ്സിയിലും ന്യൂയോർക്കിലും മലേഷ്യയിലും പ്രൊഡക്ഷൻ ഷോകൾ അവതരിപ്പിച്ച, ബംഗളൂരുവിൽ ഡയറ്റീഷ്യനായ ദീപ്ഷി യുവ നർത്തകികൾക്കും കലാകാരന്മാർക്കും വിലപ്പെട്ട ഉൾക്കാഴ്ചകളും ഫീഡ് ബാക്കും നൽകുകയാണ്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന രാജന്റെയും പ്രമുഖ കോസ്റ്റ്യൂമറായ സവിതയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.