നിർമിത ബുദ്ധി അതിവേഗം തൊഴിലിടങ്ങളെ മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോൾ നിരവധി ജോലികൾ ഓട്ടോമേഷനിലേക്കും മാറുകയാണ്. എന്നാൽ, മനുഷ്യരുടെ ചില അടിസ്ഥാന നൈപുണ്യങ്ങൾ അടുത്ത പത്ത് വർഷത്തിനുള്ളിലും എ.ഐക്ക് പൂർണമായി പകരംവെക്കാൻ കഴിയില്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള എ.ഐ ഗവേഷണ സ്ഥാപനമായ ഗോ ഹ്യൂമനൈസ് നടത്തിയ പഠനത്തിൽ 60 തൊഴിൽ നൈപുണ്യങ്ങളെ വിലയിരുത്തിയാണ് ഈ കണ്ടെത്തൽ. തൊഴിലുടമകൾ ആ നൈപുണ്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം, ജോലി പരസ്യങ്ങളിലെ സാന്നിധ്യം, ഓട്ടോമേഷനോട് ചെറുത്തുനിൽക്കാനുള്ള കഴിവ്, മനുഷ്യസഹജമായ ഗുണങ്ങളിലുള്ള ആശ്രയം തുടങ്ങിയ ഘടകങ്ങളാണ് പഠനത്തിൽ പരിശോധിച്ചത്.
പഠനത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തിയത് നേതൃത്വ ശേഷിയാണ്. ടീമുകളെ പ്രചോദിപ്പിക്കുക, സംഘർഷങ്ങൾ പരിഹരിക്കുക, അനിശ്ചിത സാഹചര്യങ്ങളിൽ തീരുമാനമെടുക്കുക, വിശ്വാസം വളർത്തുക തുടങ്ങിയ കാര്യങ്ങളിൽ മനുഷ്യരുടെ പങ്ക് നിർണായകമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചില ഭരണപരമായ ജോലികൾ എ.ഐ ഏറ്റെടുക്കുമെങ്കിലും യഥാർഥ നേതൃത്വത്തെ യന്ത്രങ്ങൾക്ക് അനുകരിക്കാനാകില്ല.
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് പ്രവർത്തിപ്പിക്കുക, സഹകരണം ഉറപ്പാക്കുക, കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ബന്ധങ്ങൾ രൂപപ്പെടുത്തുക എന്നിവ ഇപ്പോഴും മനുഷ്യരുടെ ശക്തമായ മേഖലയാണ്. തൊഴിൽസ്ഥലത്തെ സാമൂഹിക ഇടപെടലുകളും വിശ്വാസബന്ധങ്ങളും എ.ഐക്ക് പൂർണമായി പുനഃസൃഷ്ടിക്കാൻ കഴിയില്ലെന്ന് ഗവേഷകർ വിലയിരുത്തുന്നു.
വ്യാപാര കരാറുകളിലും സ്ഥാപനപരമായ തീരുമാനങ്ങളിലുമെല്ലാം ചർച്ചാ നൈപുണ്യം പ്രധാനമാണ്. എതിര്‍ഭാഗത്തിന്റെ വികാരങ്ങളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കി പരസ്പര സമ്മതത്തിലെത്താനുള്ള കഴിവ് മനുഷ്യർക്കു മാത്രമുള്ള പ്രത്യേകതയാണെന്ന് പഠനം പറയുന്നു.
മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയുക, സഹാനുഭൂതി പ്രകടിപ്പിക്കുക, ബന്ധങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നിവ എ.ഐക്ക് ഏറ്റവും പ്രയാസമുള്ള മേഖലകളിലൊന്നാണ്. ആരോഗ്യപരിചരണം, വിദ്യാഭ്യാസം, കൗൺസലിങ്, മാനവവിഭവശേഷി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഈ കഴിവ് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
വിവരങ്ങൾ വിശകലനം ചെയ്യുന്നതിൽ എ.ഐ ഏറെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും ദീർഘകാല പ്രത്യാഘാതങ്ങൾ വിലയിരുത്തി മൂല്യാധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ മനുഷ്യരുടെ പങ്ക് ഇപ്പോഴും നിർണായകമാണ്. സങ്കീർണ സാഹചര്യങ്ങളിൽ അനുഭവ പരിചയവും വിവേചനശേഷിയും ചേർന്നുള്ള തീരുമാനമെടുക്കൽ യന്ത്രങ്ങൾക്ക് എളുപ്പമല്ല.
ഡേറ്റാ വിശകലനം, റിപ്പോർട്ട് തയാറാക്കൽ, ഉള്ളടക്ക നിർമാണം തുടങ്ങിയ നിരവധി ജോലികളിൽ എ.ഐ.യുടെ ഇടപെടൽ വർധിച്ചുവരുമ്പോഴും മനുഷ്യബന്ധങ്ങൾ, വിശ്വാസം, സഹാനുഭൂതി, നേതൃപാടവം തുടങ്ങിയ കഴിവുകളാണ് ഭാവിയിലെ തൊഴിലിടങ്ങളിൽ കൂടുതൽ മൂല്യമേറുക എന്നാണ് പഠനത്തിന്റെ നിഗമനം. വിദഗ്ധരുടെ അഭിപ്രായത്തിൽ, എ.ഐയെ എതിരാളിയായി കാണുന്നതിനുപകരം മനുഷ്യസഹജമായ നൈപുണ്യങ്ങൾ ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യയെ സഹായിയായി ഉപയോഗിക്കുകയും ചെയ്യുന്നവർക്കായിരിക്കും ഭാവിയിലെ തൊഴിൽലോകത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.