‘വളരെ മോശം അവസ്ഥയിൽ ഇരിക്കുന്ന ഒരാളോട് പറയാവുന്ന ഏറ്റവും മോശമായ കാര്യമാണ്​... ‘cheer up man’ എന്ന വാക്ക്​’

തളരരുത് രാമൻകുട്ടീ തളരരുത്’’ -ജീവിതത്തിൽ തകർന്നുപോയവർക്ക് പ്രതീക്ഷ നൽകാൻ തമാശയായി പറയുന്ന ഒരു സിനിമാഡയലോഗാണിത്. എന്നാൽ, മനുഷ്യരായാൽ ചിലപ്പോൾ തളരും! ചിലപ്പോൾ കരയും!

എല്ലാം നഷ്ടപ്പെട്ട ഒരു വ്യക്തിക്ക്‌ തന്നേക്കാൾ നഷ്ടം വന്ന ഒരാളെ കാണിച്ചുകൊടുത്ത് നിങ്ങൾ അനുഭവിക്കുന്നതൊന്നും ഒരു വലിയ പ്രശ്നമല്ലെന്നു മനസ്സിലാക്കിക്കൊടുക്കുന്നതിലെ വിരോധാഭാസം ആലോചിച്ചുനോക്കൂ...

ഒരപകടം സംഭവിച്ചാൽ ഇതിലും വലുതെന്തോ വരാനിരുന്നതാ എന്നു പറയുന്നത് അയാൾക്കുണ്ടാക്കുന്ന മാനസികാവസ്ഥ എന്തായിരിക്കും. ഒരു ദുരന്തത്തിൽപെട്ട ആളോട് എല്ലാം നല്ലതിനാണെന്ന് പറഞ്ഞ്​ പോസിറ്റിവിറ്റി കൊടുക്കുന്നവരെ എന്തു വിളിക്കണം?


‘Cheer up’ അത്ര നന്നല്ല

എന്തും ആവശ്യത്തിൽ കൂടുതലായാൽ വിഷമാണെന്ന് പറയാറുണ്ട്, പോസിറ്റിവിറ്റിയും അതുപോലെത്തന്നെയാണ്. വളരെ മോശം അവസ്ഥയിൽ ഇരിക്കുന്ന ഒരാളോട് പറയാവുന്ന ഏറ്റവും മോശമായ കാര്യം ‘cheer up man, ഒന്ന് ചിരിക്കൂ, ചാടി ചാടി നിൽക്ക്’ എന്നൊക്കെയായിരിക്കാം.

മോട്ടിവേഷൻ നമുക്ക് ആവശ്യമുള്ള കാര്യംതന്നെയാണ്, ചിലയാളുകളുടെ വിജയകഥകൾ, ചില quotes ഒക്കെ പ്രതീക്ഷയും പ്രചോദനവും നൽകും. എന്നാൽ, മോട്ടിവേഷൻ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ എന്തുചെയ്യും?

ടോക്സിക് പോസിറ്റിവിറ്റി എന്നാൽ നമ്മുടെ ശരിയായ ഫീലിങ്ങിനെ റിജക്ട് ചെയ്യുക എന്നതാണ്. അതായത്, ശരിക്കുമുള്ള ഫീലിങ്​ എന്താണോ അതിനെ തള്ളിയിട്ട്​ 'സ്റ്റേ പോസിറ്റിവ്' എന്ന അവസ്ഥയിൽ പയറുപോലെ നിൽക്കുക!

ദുഃഖത്തിൽ സന്തോഷിക്കരുത്​

ടോക്സിക് പോസിറ്റിവായ ആളുകൾക്ക് ഒരു ആഘാതം ഉണ്ടായാൽ കരയുക എന്നതുതന്നെ വലിയ പ്രശ്നമാണ്.എപ്പോഴും സന്തോഷമായി ഇരിക്കുക, പോസിറ്റിവായി ഇരിക്കുക, കരയരുത്, തളരരുത്, ഈ ഒരു ലൈനിലായിരിക്കും കാര്യങ്ങൾ. ഒരു കാര്യം ഒരാളെ സംബന്ധിച്ചു ചെറിയ പ്രശ്നമായിരിക്കാം, എന്നാൽ മറ്റൊരാൾക്ക്‌ അത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

ഒരാൾക്ക് വിഷമമുണ്ടാക്കുന്ന കാര്യം മറ്റൊരാൾക്ക് വിഷമമുണ്ടാകണമെന്നില്ല. സന്തോഷവും അതുപോലത്തന്നെയാണ്​. ആളുകൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരാൾക്ക് ഒരനുഭവമുണ്ടായി അയാൾ കരയുന്നു എന്നിരിക്കട്ടെ, അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും പോസിറ്റിവ് അതായിരിക്കാം. നിങ്ങൾക്ക് എന്ത് ഇമോഷനാണോ ഉണ്ടായത് അതിനെ അതേപടി അംഗീകരിക്കുക, ആ ഇമോഷനെ ശരിയായ രീതിയിൽ പ്രകടിപ്പിക്കുക. അതാണ്‌ ഏറ്റവും പോസിറ്റിവായ കാര്യം. അതൊരു ആവശ്യമാണ്, അത് പ്രകടിപ്പിച്ചാൽ അതങ്ങോട്ട് ഒഴിഞ്ഞുപോകും.


അമർത്തിവെച്ച്​ വഷളാക്കരുത്​

ടോക്സിക് പോസിറ്റിവിറ്റി ഉള്ളവർ ഇമോഷനെ അടിച്ചമർത്തിവെച്ചിട്ട്​ പുറത്ത് സന്തോഷവും മോട്ടിവേഷനും പ്രകടിപ്പിക്കുന്നു. അടിച്ചമർത്തിക്കഴിഞ്ഞാൽ അതവിടെത്തന്നെ കിടക്കും. എന്നിട്ട് വേറെ രീതിയിൽ അവ പുറത്തുവരും.

ഇന്ന് എല്ലായിടത്തും ആവശ്യത്തിലധികം കിട്ടിക്കൊണ്ടിരിക്കുന്ന മെസേജാണ് ‘Be Positive’ എന്നത്. അത് പോസ്റ്ററുകളായും റീൽസായും മോട്ടിവേഷൻ വിഡിയോകളായും കിട്ടിക്കൊണ്ടേയിരിക്കുന്നു. ഒരാൾക്ക് ആഴത്തിലുള്ള ട്രോമ ഉണ്ടായിട്ടുണ്ടെങ്കിൽ അയാൾക്ക് വേണ്ടത് മോട്ടിവേഷൻ അല്ല, തെറപ്പിയാണ്. അയാൾ കൂട്ടേണ്ടത് സെൽഫ് കെയർ ആണ്, അയാൾക്ക്‌ ഉണ്ടാക്കേണ്ടത് അവബോധമാണ്​.

എപ്പോഴും യന്ത്രമനുഷ്യനാകരുത്​

എന്നാൽ, പലപ്പോഴും അതിജീവിക്കാനുള്ള ടെക്നിക്കായി ടോക്സിക് പോസിറ്റിവിറ്റി ഉപയോഗിക്കാറുണ്ട്. ജോലിസ്ഥലങ്ങളിൽ പ്രത്യേകിച്ച് മിലിട്ടറി, പൊലീസ് പോലുള്ള ജോലിസ്ഥലത്തു നമുക്ക് മുഴുവൻ സമയവും ചിലപ്പോൾ യഥാർഥ ഇമോഷൻ കാണിക്കാതെ റോബോട്ടിക്കായി പെരുമാറേണ്ടിവരാം. മുഴുവൻ സമയവും ഊർജസ്വലമായി നടിച്ച് നിൽക്കേണ്ടിവരാം. എന്നാൽ, ജീവിതത്തിൽ എപ്പോഴും ഇതുപോലെ യന്ത്രമനുഷ്യനാകാൻ കഴിയില്ല.


തൊഴിൽ വേറെ, കുടുംബം വേറെ

നമ്മുടെ തൊഴിലിടങ്ങളിൽ പലപ്പോഴും നമ്മുടെ യഥാർത്ത വികാരം പ്രകടിപ്പിക്കാൻ കഴിയില്ല. അവിടെ കരുത്തോടെ നിൽക്കുന്നത് ആ ജോലിക്കുവേണ്ടിയായിരിക്കാം. ആത്യന്തികമായി ആ ജോലി ചെയ്യുന്നത് കുടുംബം നോക്കാനായിരിക്കാം. എന്നാൽ, കുടുംബത്തിൽ വേണ്ടത് അൽപം വഴക്കമാണ്​, മസിൽപിടിത്തമല്ല.

എന്നാൽ, ഇപ്പോഴത്തെ തൊഴിലിടങ്ങളിൽ ഏറക്കുറെ പല സ്ഥാപനങ്ങളും മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുതുടങ്ങിയിട്ടുണ്ട്. പ്രചോദിതമായി ഇരിക്കുക എന്നല്ല, സ്വയം മനസ്സിലാക്കുക എന്നതാണ് ഇപ്പോൾ പല കോർപറേറ്റ് കമ്പനികളും പ്രാധാന്യം കൊടുക്കുന്ന കാര്യം. സെൽഫ് ഹീലിങ്​ എന്നത് ഒരു യാത്രയാണെന്ന് ഓർക്കുക, വൈകാരികമായി പൂർണമായും സുഖപ്പെടാൻ സമയമെടുത്തേക്കാം. ക്ഷമയോടെയിരിക്കുക, സ്വയം പരിചരണം തുടരുക.

Tags:    
News Summary - Toxic positivity at work: Examples and ways to manage it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.