തിരക്കിനിടയിൽ ഫ്രീ ആവണമെന്ന് തോന്നാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നമ്മൾ പുതിയ തീരുമാനങ്ങളെടുക്കുന്ന ചില സന്ദർഭങ്ങളുണ്ട്. പുതിയ ജോലി കിട്ടുമ്പോൾ, പുതിയ കോഴ്സിന് ചേരുമ്പോൾ ഒരു അസുഖത്തിൽനിന്ന് മുക്തരായതിന് ശേഷമൊക്കെ നമ്മൾ ചില പുതിയ തീരുമാനങ്ങളിലെത്തും. അതുപോലെ ലോകം മുഴുവനും പുതുവർഷത്തിൽ തീരുമാനങ്ങളെടുക്കും. ഈ 2024ൽ ‘ഫ്രീഡം’ എന്നതാകട്ടെ നമ്മുടെ തീരുമാനം. ഇത് നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ വർഷമാകട്ടെ. ഫ്രീഡത്തിൽ ഫ്രീ എന്നൊരു വാക്കുണ്ട്. അതായത് ഈ വർഷം ചിലതിൽനിന്നൊക്കെ നമ്മൾ ഫ്രീ ആകണം.


ഡെബ്റ്റ് ഫ്രീ: ആവശ്യത്തിനും അനാവശ്യത്തിനും കടമെടുത്ത് തെരുവിലായ നിരവധി കുടുംബങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കടം അത്ര വലിയ ഒരു പ്രശ്‌നമല്ലാതായി തീര്‍ന്ന ഒരു സാഹചര്യമാണിന്നുള്ളത്. ജീവിക്കാൻ വേണ്ടിയോ അത്യാവശ്യ കാര്യങ്ങൾക്കായോ ബിസിനസ് ചെയ്യാനോ കടം വാങ്ങുന്നത് മോശമല്ല.

എന്നാൽ നമ്മെ വരിഞ്ഞുമുറുക്കുന്ന ചില കടങ്ങളിൽനിന്ന് ഇക്കൊല്ലം നമുക്ക് ഫ്രീയാകണം. അതിനായി ഒരു ഫിനാൻഷ്യൽ പ്ലാനറെ കണ്ട് പദ്ധതി തയാറാക്കാം.


കിഡ്സ് ഫ്രീ: കുഞ്ഞുങ്ങൾ ആവുന്നതോടുകൂടി ഭാര്യ ഭർത്താക്കന്മാർ എന്നതിൽനിന്ന് വിട്ട് അച്ഛനും അമ്മയും എന്ന റോളിലേക്ക് മാത്രം പലരും പതുക്കെ മാറുന്നു. ഇക്കൊല്ലം കുഞ്ഞുങ്ങളെ ഫ്രീയാക്കി വിട്ട് ഭാര്യാഭർത്താക്കന്മാർ മാത്രമായി ഒരു യാത്ര പോവുന്നതിനെ പറ്റി ആലോചിക്കണം.

സ്വയം ഫ്രീയാവാം: നമ്മൾക്ക് നമ്മെതന്നെ വിട്ടുകൊടുക്കണം. നമുക്ക് മാത്രമായി ഒരു മീ ടൈം വേണം. സ്വന്തം മാനസികോല്ലാസത്തിന്‌ മാത്രമായി സമയം നീക്കിവെക്കാം. ഒറ്റക്കിരിക്കാനും ശീലിക്കണം. ജീവിതത്തിൽ മുന്നോട്ടുള്ള പ്ലാനുകൾ ഒറ്റക്കിരുന്നു ചിന്തിച്ചു തയാറാക്കണം.

15 മിനിറ്റെങ്കിലും നമ്മൾ നമ്മളെക്കുറിച്ച് ചിന്തിക്കാൻ മാറ്റിവെക്കണം. ഒറ്റക്കിരിക്കാൻ മാത്രമായി വീട്ടിൽ ഒരു സ്ഥലം കണ്ടെത്തുന്നതും നന്നാകും.


ഫാറ്റ് ഫ്രീ: ജീവിതശൈലീരോഗങ്ങളിൽനിന്നും ഒതുങ്ങിക്കഴിയുന്ന ജീവിതത്തിൽനിന്നും റിലാക്സാവുക. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക. ശരീരത്തിനൊപ്പം മനസ്സിനും അതുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും.


ടെൻഷൻ ഫ്രീ: ആവശ്യമില്ലാത്ത കാര്യങ്ങളിലിടപെട്ട് അനാവശ്യമായ വാഗ്ദാനങ്ങൾ കൊടുത്ത് ചെയ്യേണ്ടതില്ലാത്ത പലതും ഏറ്റെടുത്ത് തലയിൽ കയറ്റി ടെൻഷനടിച്ച് നടക്കുന്ന ആളാണ് നിങ്ങളെങ്കിൽ അത് ഇറക്കിവിടണം. മറ്റുള്ളവരുടെ രക്ഷിതാവ് റോൾ സ്വയം ഏറ്റെടുത്ത് ഒരു ഹീറോ കളിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടെങ്കിൽ അത് ആവശ്യമാണോ അനാവശ്യമാണോ എന്ന് പരിശോധിച്ച് അനാവശ്യമായതൊക്കെ വിട്ടൊഴിയണം. എങ്കിൽ ഈ വർഷം നിങ്ങൾക്ക് ടെൻഷൻ ഫ്രീ വർഷം ആയിരിക്കും.


സ്ക്രീൻ ഫ്രീ: സ്ക്രീൻ നമുക്ക് നിഷേധിക്കാൻ പറ്റില്ല. നിയന്ത്രിക്കാനെ പറ്റുകയുള്ളൂ. നമ്മളാണ് മൊബൈലിന്റെ യജമാനൻ. ആ ബോധത്തോടുകൂടി മൊബൈൽ കൈയിലെടുക്കാൻ സാധിക്കണം. സ്ക്രീനിന്റെ അടിമയാകരുത്.

പുതിയ സ്കിൽ പഠിക്കാം: ഇക്കൊല്ലം എന്തെങ്കിലും ഒരു പുതിയ സ്കിൽ പഠിക്കാം. വയലിൻ, പാചകം, പ്രസംഗം, ഡ്രൈവിങ്, നീന്തൽ, നൃത്തം അങ്ങനെ താൽപര്യമുള്ള എന്തുമാവാം

പെർഫെക്ഷനിസം കിൽസ് ആക്ഷൻ: അതായത് പൂർണത പ്രവൃത്തിയെ കൊല്ലുന്നു എന്നാണ്. അതായത് പൂർണതയോട് കൂടെ ചെയ്യാൻ നോക്കി അവസാനം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ എത്താൻ സാധ്യതയുണ്ട്. തെറ്റിക്കോട്ടെ, കുറവായിക്കോട്ടെ, ചെയ്യുക എന്നുള്ളതാണ് പ്രധാനം. ശീലങ്ങളാണ് മനുഷ്യന്റെ വിജയം നിശ്ചയിക്കുന്നത്. പുസ്തക വായന ഈ വർഷം മുതൽ ശീലമാക്കണം ഈ വർഷം നമ്മുടെ വർഷമാണ്.


Tags:    
News Summary - new year resolution abhishad guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.