പ്ര​ശ്ന​ങ്ങ​ളും ദുഃഖ​ങ്ങ​ളും നേ​രി​ടാ​ത്ത മ​നു​ഷ്യ​രി​ല്ല. ജീ​വി​ത​ത്തി​ല്‍ ഒ​രു ഘ​ട്ട​ത്തി​ല്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​ന്നി​ല്‍ നാ​മെ​ല്ലാ​വ​രും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചേ മ​തി​യാ​വൂ. പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി നി​ര​ന്ത​രം ചി​ന്തി​ച്ചു മ​ന​സ്സി​നെ കൂ​ടു​ത​ല്‍ വി​ഷ​മി​പ്പി​ക്കാ​തെ നെ​ഗ​റ്റിവ് ചി​ന്ത​ക​ളി​ല്‍നി​ന്ന്​ മ​ന​സ്സി​ന്റെ ശ്ര​ദ്ധ​യെ മാ​റ്റാ​ന്‍ ന​മു​ക്കു ശ്ര​മി​ക്കാം.

ക​ഴി​ഞ്ഞു​പോ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ സ്വ​യം​വി​ല​യി​രു​ത്താം, ഉ​റ​ച്ച ല​ക്ഷ്യ​ത്തി​നാ​യി ധൈ​ര്യ​പൂ​ർ​വം തീ​രു​മാ​നമെടു​ത്തു മു​ന്നോ​ട്ടു പോ​കാം, നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം ല​ഭി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാം. ‘‘ഞാ​ന്‍ ആ​രാ​ണ്, ഞാ​ന്‍ ആ​രാ​യി​ത്തീ​ര​ണം?’’ ഇ​തു തീ​രു​മാ​നി​ക്കേ​ണ്ട​ത് ‘ഞാൻ’ ത​ന്നെ​യാ​ണ്.

ന​മ്മു​ടെ ക​ഴി​വു​ക​ള്‍ എ​ന്തെ​ന്നും, എ​ന്താ​ണ് ന​മ്മു​ടെ മ​ന​സ്സി​നെ സ​മാ​ധാ​ന​ത്തി​ലാക്കാ​ന്‍ സ​ഹാ​യി​ക്കു​ക എ​ന്നും ക​ണ്ടെ​ത്താം. അ​ങ്ങ​നെ ഒ​രു ചി​ന്ത ന​മ്മു​ടെ മ​ന​സ്സി​നെ ശാ​ന്ത​മാ​ക്കും എ​ന്നു മാ​ത്ര​മ​ല്ല, വ​ള​രെ ധൈ​ര്യ​പൂ‌​ർ​വം പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടാ​നു​ള്ള പ്രാ​പ്തി​യും അ​തി​ലൂ​ടെ നാം ​നേ​ടി​യെ​ടു​ക്കും.

ജീ​വി​തം അ​ർഥ​പൂ​ർ​ണ​മാ​ക്കിത്തീ​ർ​ക്കാ​ൻ ന​മു​ക്ക് ഓ​രോ​രുത്ത​ർ​ക്കും ക​ഴി​യ​ട്ടെ...

പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം: പുതുവർഷത്തിൽ മൂന്ന് പുതിയ ആത്മസുഹൃത്തുക്കളെ എങ്കിലും കണ്ടെത്തുക എന്ന തീരുമാനമെടുക്കാം. 1938ൽ ഹാർവഡ് സർവകലാശാലയിൽ ആരംഭിച്ച പഠനമാണ് ‘ഹാർവഡ് മാനവ വികസന പഠനം’. ഹാർവഡിൽ വിദ്യാർഥികളായി എത്തിയ വ്യക്തികളുടെ ജീവിതത്തിൽ നടന്ന പ്രധാന സംഭവവികാസങ്ങളെല്ലാം സമഗ്രമായി വിലയിരുത്തിയ ഒരു പഠനമായിരുന്നു ഇത്.

മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന അഞ്ച് ഘടകങ്ങൾ ഈ പഠനത്തിലൂടെ പുറത്തു വന്നു. ഒരു വ്യക്തിയുടെ ആയുസ്സ് ഏറ്റവും അധികം വർധിപ്പിക്കുന്ന ഘടകം കുട്ടിക്കാലത്തും ചെറുപ്പകാലത്തും നാം വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ


ഊഷ്മളമായ വ്യക്തിബന്ധങ്ങൾ തലച്ചോറിലെ രാസഘടനയിൽ ഗുണപരമായ വ്യതിയാനങ്ങൾ ഉണ്ടാക്കുക വഴി രോഗ പ്രതിരോധശക്തിയും ശാരീരിക മാനസിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതായി പിന്നീടും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അക്കാരണം കൊണ്ടുതന്നെ വിദ്യാർഥികളും യുവാക്കളും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുക എന്ന ഉദ്യമത്തിൽ ഏർപ്പെടുന്നത് ഗുണകരമാണ്.

ജോലിത്തിരക്കിനിടയിൽ സമയമില്ല എന്ന് പരിതപിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി സൗഹൃദങ്ങളെ പുതുക്കാം. മൂന്നുമാസത്തിലൊരിക്കലെങ്കിലും പണ്ട് കോളജിൽ പഠിച്ചിരുന്ന സുഹൃത്തുക്കളുമായി കൂടിക്കാണുന്നത് വളരെ ആരോഗ്യകരമായ കാര്യമാണ്.

നിങ്ങൾക്ക് ജോലിയോ സാമ്പത്തിക അഭിവൃദ്ധിയോ ഉണ്ടാകുന്നതിന് മുമ്പുള്ള കാലത്ത് നിങ്ങളെ നിങ്ങളായി തന്നെ കണ്ടു അംഗീകരിച്ചിരുന്ന സുഹൃദ് വലയത്തോടൊപ്പം ഏതാനും മണിക്കൂറുകൾ ചെലവിടുന്നത് മനസ്സിനെ യൗവനത്തിലേക്ക് നയിക്കും.

വയോജനങ്ങൾക്കും പുതിയ സൗഹൃദങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്താം. വൈകുന്നേരം നടക്കാൻ പോകുമ്പോൾ പുതിയ ചിലയാളുകളെ പരിചയപ്പെടാൻ അവസരം കിട്ടും. പൊതുവായ താൽപര്യമുള്ള വിഷയങ്ങൾ അവരോടൊപ്പമിരുന്ന് സംസാരിക്കുന്നത് തീർച്ചയായും ആരോഗ്യകരമായ കാര്യമായിരിക്കും.


ഉറക്കം ക്രമീകരിക്കാം ആരോഗ്യം നേടാം: കോവിഡ് അനുബന്ധ ലോക്ഡൗൺ വന്നതോടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉറക്കത്തിന്റെ സമയക്രമത്തിൽ കാര്യമായ മാറ്റം സംഭവിച്ചു. ലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗമായി ഇന്റർനെറ്റ് മാറിയതോടെ രാത്രി വളരെ വൈകിയിരുന്നു മൊബൈൽ ഉപയോഗിക്കുന്ന ശീലം പ്രായഭേദമെന്യേ കടന്നുവന്നു.

ഇതു മൂലം ഉറങ്ങുന്ന സമയം വളരെ വൈകുകയും ഉണരുന്ന സമയം താമസിക്കുന്ന അവസ്ഥയും സംജാതമായി. പക്ഷേ ലോക്ഡൗൺ കഴിഞ്ഞശേഷം ഓഫിസുകൾ പ്രവർത്തിച്ചു തുടങ്ങിയതോടെ രാവിലെ ഉണർന്ന് ജോലിക്ക് പോകേണ്ട അവസ്ഥ വന്നു. എന്നാൽ രാത്രി വൈകി മൊബൈൽ ഉപയോഗിക്കുന്ന ശീലത്തിന് ഒരു മാറ്റവും വരാതെ തുടർന്നതോടെ ഉറക്കത്തിന്റെ അളവ് കുറഞ്ഞു.

ദിനേന ആറുമണിക്കൂറെങ്കിലും തുടർച്ചയായി തടസ്സമില്ലാത്ത സുഖനിദ്ര മനുഷ്യന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പകൽ സമയം നമ്മൾ വായിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങൾ തലച്ചോറിൽ അടുക്കിവെക്കുന്ന പ്രക്രിയ നടക്കുന്നത് രാത്രി ഉറക്കത്തിന്റെ സമയത്താണ്.

സ്വാഭാവികമായും ഉറക്കം കുറയുമ്പോൾ ഓർമശക്തി കുറയുന്നു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും എല്ലാം ഉറക്കക്കുറവ് അവരുടെ കാര്യക്ഷമത കുറക്കുന്ന സംഗതിയായി മാറും. പകൽ സമയത്ത് തലച്ചോറിൽ നടക്കുന്ന ചയാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ ശരീരം പുറന്തള്ളുന്നതും രാത്രിയിൽ ഉറക്കത്തിന്റെ സമയത്താണ്.


ഇത് ഫലപ്രദമായി നടക്കണമെങ്കിലും ആറുമണിക്കൂർ ഉറക്കം അത്യാവശ്യമാണ്. ഉറക്കം കുറഞ്ഞാൽ തലച്ചോറിലെ മാലിന്യങ്ങൾ അവിടെത്തന്നെ കെട്ടിനിൽക്കുന്നത് മൂലം പകൽ സമയത്ത് മന്ദത, ക്ഷീണം, ശ്രദ്ധക്കുറവ്, താൽപര്യമില്ലായ്മ എന്നിവ പ്രകടമാകാൻ സാധ്യത കൂടുതലാണ്. പ്രായഭേദമെന്യേ ആരോഗ്യകരമായ ഉറക്ക ശീലങ്ങൾ വികസിപ്പിക്കുക എന്നതാകട്ടെ പുതുവർഷത്തിലെ രണ്ടാമത് തീരുമാനം.

നല്ല ഉറക്കം കിട്ടാൻ നാം ശീലിക്കേണ്ട ചില ജീവിതശൈലി ക്രമീകരണങ്ങളുണ്ട്. ഇവയെ നിദ്രാ ശുചിത്വ വ്യായാമങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു. ദിവസവും കൃത്യസമയത്ത് തന്നെ ഉറങ്ങാൻ കിടക്കുക ഉണരുക എന്നിവയാണ് ഇതിൽ ആദ്യത്തെ കാര്യം. ഉറങ്ങുന്ന സമയം ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുന്നത് ഒഴിവാക്കണം. ആഴ്ചയിൽ 6 ദിവസമെങ്കിലും കൃത്യമായ ഒരു ഉറക്കസമയം നിജപ്പെടുത്തണം.

ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂർ മൊബൈൽ ഫോൺ അടക്കം എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കണം. വൈകുന്നേരം നാലിനു ശേഷം ചായ,കാപ്പി, കോള തുടങ്ങിയ മസ്തിഷ്ക ഉത്തേജകഘടകങ്ങൾ അടങ്ങിയിട്ടുള്ള പാനീയങ്ങൾ പൂർണമായും ഒഴിവാക്കണം.

ഉറങ്ങാൻ കിടക്കുന്നതിന് അഞ്ച് മുതൽ ആറു മണിക്കൂർ മുമ്പ് ദിനേന 45 മിനിറ്റ് നേരമെങ്കിലും സൂര്യപ്രകാശം കൊണ്ടുള്ള വ്യായാമങ്ങൾ ശീലമാക്കാം അതുകഴിഞ്ഞ് തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കാം കിടക്കുന്നതിനു തൊട്ടുമുമ്പ് ദീർഘ ശ്വസന വ്യായാമം പോലെയുള്ള എന്തെങ്കിലും ഒരു റിലാക്സേഷൻ പരിശീലനവും ജീവിതത്തിന്റെ ഭാഗമാക്കാം.


വ്യായാമം: ചിട്ടയായ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക എന്നുള്ളതാകട്ടെ മൂന്നാമത്തെ പുതുവർഷ തീരുമാനം. ആഴ്ചയിൽ 150 മിനിറ്റ് നേരമെങ്കിലും സാമാന്യ തീവ്രതയുള്ള വ്യായാമത്തിൽ ഏർപ്പെടുന്നത് ജീവിതശൈലീജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആഴ്ചയിൽ അഞ്ചുദിവസമായി വിഭജിച്ച് ചെയ്യാവുന്നതാണ്.

അപ്പോൾ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ചുരുങ്ങിയത് 30 മിനിറ്റ് സാമാന്യ തീവ്രതയുള്ള വ്യായാമം ചെയ്താൽ അത് ആരോഗ്യത്തിന് ഗുണകരമായിരിക്കും. എന്താണ് ഈ സാമാന്യ തീവ്രതയുള്ള വ്യായാമം? 220 എന്ന സംഖ്യയിൽനിന്നും നിങ്ങളുടെ പ്രായം കുറച്ചാൽ കിട്ടുന്ന സംഖ്യയാണ് ഒരു മിനിറ്റിൽ നിങ്ങളുടെ ഹൃദയം പരമാവധി മിടിക്കാവുന്ന തോത്.

ഉദാഹരണത്തിന് 40 വയസ്സുള്ള ഒരു വ്യക്തിക്ക് പരമാവധി 180 തവണ ഒരു മിനിറ്റിൽ ഹൃദയം മിടിക്കാവുന്നതാണ്. ഇതിന്റെ 60ശതമാനമെങ്കിലും ഹൃദയം മിടിക്കുന്ന തരത്തിലുള്ള ഏതൊരു പ്രവർത്തനത്തെയും സാമാന്യ തീവ്രതയുള്ള വ്യായാമം എന്നു പറയാം.

ലളിതമായ ഭാഷയിൽ പറഞ്ഞാൽ കൈകൾ വീശി വേഗത്തിലുള്ള നടത്തം, മന്ദഗതിയിലുള്ള ഓട്ടം, നീന്തൽ, സൈക്കിൾ ചവിട്ടൽ എന്നിവയെല്ലാം സാമാന്യ തീവ്രതയുള്ള വ്യായാമങ്ങളിൽ പെടുന്നതാണ്. പലപ്പോഴും വ്യായാമം ചെയ്യണമെന്ന് താൽപര്യമുണ്ടാകുമെങ്കിലും പല കാരണങ്ങൾ മൂലം ഇത് തുടങ്ങാൻ നാം മടിച്ചു നിൽക്കാറുണ്ട്. ഈ ജനുവരി ഒന്നു മുതൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് വ്യായാമം ചെയ്യുന്ന ഒരു ശീലത്തിന് തുടക്കമിടാം.

വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ ഇളം വെയിൽ കൊണ്ടുള്ള വ്യായാമം ചെയ്യുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുറമേ മറ്റ് ഒട്ടേറെ ഗുണങ്ങളും ലഭിക്കും. കൃത്യമായി വ്യായാമം ദിനേന ചെയ്യുന്നവരുടെ തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തു കൂടുന്നതുമൂലം അവർക്ക് ഏകാഗ്രത കൂടുതലായിരിക്കും.

വ്യായാമം ചെയ്യുന്ന വ്യക്തികളുടെ തലച്ചോറിൽ എൻഡോർഫിൻ എന്ന രാസവസ്തു കൂടി നിൽക്കുന്നത് മൂലം അവർ കൂടുതൽ ആഹ്ലാദവാന്മാരായിരിക്കും. തലച്ചോറിലേക്കുള്ള രക്ത ഓട്ടം വ്യായാമം വഴി വർധിക്കുന്നത് മൂലം അവർ കൂടുതൽ ഊർജസ്വലരായിരിക്കും. സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുക വഴി ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് കൂടുന്നത് രോഗപ്രതിരോധശക്തി മെച്ചപ്പെടാനും സഹായിക്കും.

യു.പി സ്കൂൾ വരെ പ്രായമുള്ള കുട്ടികൾ രണ്ടു മണിക്കൂറെങ്കിലും ദിനേന വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും. ഹൈസ്കൂൾ ഹയർ സെക്കൻഡറി കോളജ് പ്രായത്തിലുള്ളവർ ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമത്തിന് സമയം കണ്ടെത്തണം.

കുടുംബത്തിനുവേണ്ടി സമയം: കുടുംബത്തിനുവേണ്ടി ഒരു മണിക്കൂറെങ്കിലും കണ്ടെത്തുക എന്നതാകട്ടെ നമ്മുടെ നാലാമത്തെ പുതുവർഷ തീരുമാനം. ജോലിത്തിരക്കുകളും മറ്റു പ്രശ്നങ്ങളും മൂലം പലപ്പോഴും കുടുംബത്തിനുവേണ്ടി സമയം ചെലവിടാൻ കഴിയാതെ വരുന്നത് കുടുംബത്തിനുള്ളിൽ പലവിധ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

പരസ്പരമുള്ള ആശയവിനിമയത്തിലെ അപര്യാപ്തതയാണ് വിവാഹേതര ബന്ധങ്ങൾ മുതൽ കുട്ടികളും മാതാപിതാക്കളുമായിട്ടുള്ള സംഘർഷങ്ങൾ വരെ ഉണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ദിനേന വൈകുന്നേരം ഒരു മണിക്കൂറെങ്കിലും കുടുംബാംഗങ്ങളോടൊപ്പം ചെലവിടാൻ നിർബന്ധമായും സമയം കണ്ടെത്താം.

കുട്ടികൾക്ക് പറയാനുള്ളതെല്ലാം ശ്രദ്ധാപൂർവം കേൾക്കാനുള്ള ക്വാളിറ്റി ടൈമും അവർ വഴിതെറ്റാനുള്ള സാധ്യത വളരെ കുറവാണ്. കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ കഴിയുന്നത്ര തുറന്ന സമീപനം സ്വീകരിക്കാം. ജീവിതപങ്കാളിയോടൊപ്പം അരമണിക്കൂർ നേരമെങ്കിലും ഒറ്റക്ക് ചെലവിടുന്നത് ഗുണകരമായിരിക്കും.

കുട്ടികളുടെയും പങ്കാളിയുടെയും പ്രശ്നങ്ങൾ പൂർണമായ അർഥത്തിൽ മനസ്സിലാക്കി അനുതാപപൂർവം അവരോട് പ്രതികരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.പുതിയ എന്ത് തീരുമാനമെടുക്കുമ്പോഴും കുടുംബാംഗങ്ങളുടെ അഭിപ്രായം തേടുക വഴി കുടുംബത്തിൽ ഒരു ജനാധിപത്യ അന്തരീക്ഷം സൃഷ്ടിക്കാം. ഉദാഹരണത്തിന് ഒരു വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ പങ്കാളിയുടെയും കുട്ടികളുടെയും അഭിപ്രായം കൂടി ആരാഞ്ഞശേഷം അഭിപ്രായ സമന്വയത്തിലൂടെ ഒരു തീരുമാനത്തിലെത്താൻ ശ്രമിക്കാം.

ഹോബികൾ പൊടിതട്ടിയെടുക്കാം: കുട്ടിക്കാലത്ത് കൗമാരത്തിലോ താൽപര്യപൂർവം ചെയ്തിരുന്ന കലാപരമോ കായികമോ ആയ പ്രവൃത്തികൾ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാം വിസ്മരിച്ചു പോയിട്ടുണ്ടാകാം. അത്തരം സർഗാത്മക സിദ്ധികൾ പൊടിതട്ടിയെടുത്ത് വീണ്ടും പ്രയോഗത്തിൽ വരുത്താൻ ഈ വർഷം അൽപം സമയം കണ്ടെത്താം.

എല്ലാ ജോലിത്തിരക്കുകളും കഴിഞ്ഞ് ദിനേന അരമണിക്കൂറെങ്കിലും നമ്മുടെ കലാപ്രവർത്തനത്തിന് വേണ്ടി മാറ്റിവെക്കാൻ ശ്രമിക്കാം. എഴുത്തോ സംഗീതമോ ചിത്രകലയോ എന്തുമായിക്കൊള്ളട്ടെ അതിനുവേണ്ടി അൽപം സമയം നീക്കിവെക്കാം. അഥവാ ദിനേന അതിനുവേണ്ടി സമയം കണ്ടെത്താൻ നമ്മുടെ തിരക്കുകൾ അനുവദിക്കുന്നില്ല വാരാന്ത്യത്തിൽ ഒരു ദിവസം ഏതാനും മണിക്കൂറുകൾ ഇതിനുവേണ്ടി നീക്കിവെക്കാം.

സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ സർഗാത്മകമായ കഴിവുകൾ ലോകത്തിനു മുന്നിൽ പ്രകാശിപ്പിക്കാനും അൽപംനേരം കണ്ടെത്തുന്നത് നന്നായിരിക്കും. ഇതുവഴി മറ്റുള്ളവരുടെ അഭിനന്ദനങ്ങളും പ്രശംസയും ലഭിക്കാനും അത് നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കാനും കാരണമാകും.

സാമ്പത്തിക അച്ചടക്കം: പുതുവർഷത്തിലെ ഒരു പ്രധാന തീരുമാനമായി സാമ്പത്തിക അച്ചടക്കം കൈവരിക്കുക എന്ന ലക്ഷ്യവും സ്വീകരിക്കാം. പലപ്പോഴും വരുമാനത്തിന് അനുസൃതമല്ലാത്ത ചെലവുകൾ പല വീടുകളുടെയും സാമ്പത്തിക അടിത്തറ തകർക്കാറുണ്ട്.

അത്യാവശ്യമല്ലാത്ത കാര്യങ്ങൾ വാങ്ങിക്കൂട്ടാൻ പണം ചെലവഴിക്കുക, വലിയ തുക വായ്പയെടുത്ത് നമ്മുടെ കഴിവിനപ്പുറത്തേക്കുള്ള വീട് വെക്കുക തുടങ്ങിയവയൊക്കെ ഇവക്ക് ഉദാഹരണമാണ്. എന്നാൽ പുതുവർഷത്തിൽ ആദ്യദിനം മുതൽ വരവ് ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കാൻ ശ്രമിക്കാം. ഒരു മാസത്തെ വരുമാനത്തിന്റെ 10ശതമാനമെങ്കിലും ഭാവിക്കുവേണ്ടി നീക്കിവെക്കാം.

ലാഭകരമായ നിക്ഷേപ സംവിധാനങ്ങളെക്കുറിച്ച് ആ മേഖലയിൽ അറിവുള്ള സുഹൃത്തുക്കളോട് ചർച്ചചെയ്ത് തീരുമാനമെടുക്കാം. നാളെ ഏതെങ്കിലും സന്നിഗ്ധഘട്ടത്തിൽ പണം ആവശ്യമായി വന്നാൽ നീക്കിയിരിപ്പ് നമ്മെ സഹായിക്കും എന്നത് ഉറപ്പാണ്.

ആരോഗ്യ ഇൻഷുറൻസ്: വർധിച്ചുവരുന്ന ചികിത്സച്ചെലവ് സാധാരണക്കാരുടെ ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രധാന സംഗതിയാണ്. അക്കാരണം കൊണ്ടുതന്നെ ആരോഗ്യ ഇൻഷുറൻസ് ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നമ്മുടെ വരുമാനത്തിനും ആവശ്യങ്ങൾക്കും അനുസൃതമായ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുക എന്നതും പുതുവർഷത്തിലെ ഒരു തീരുമാനമായി സ്വീകരിക്കാം.


നിശ്ചിത തുക നിക്ഷേപിച്ചാൽ ആവശ്യമുള്ള ഘട്ടത്തിൽ ആരോഗ്യപരിചരണത്തിന് ആവശ്യമായ തുക ലഭിക്കുന്നതുമൂലം താങ്ങാനാവാത്ത ആരോഗ്യ ചെലവുകൾ നമ്മെ ബാധിക്കാതെ സൂക്ഷിക്കാൻ കഴിയും.

കുട്ടികൾക്കൊപ്പം സമയം ചെലവിടാം: കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കാൻ കുറച്ചുസമയം ചെലവിടാം. പലപ്പോഴും കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കാതെ മാതാപിതാക്കളുടെ താൽപര്യമനുസരിച്ച് അവരെ പലതരം വിദ്യാഭ്യാസ പാഠ്യേതര പരിശീലനങ്ങൾക്ക് വിടുന്ന രീതി ഇന്ന് നിലവിലുണ്ട്. കുട്ടികൾക്ക് അത് കഠിനമായ മാനസിക സമ്മർദത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്.

എന്നാൽ കുട്ടിക്ക് അഭിരുചിയുള്ള മേഖല എന്താണെന്ന് അവനെ നിരീക്ഷിച്ച് പരിശീലനം നൽകുക വഴി അവന് സന്തോഷം ഉണ്ടാകാനും ഒരുപക്ഷേ ഭാവിയിൽ ഒരു ഉപജീവനമാർഗമായി തന്നെ അത്തരം പരിശീലനങ്ങൾ മാറാനും സാധ്യതയുണ്ട്. മറ്റൊരു കുട്ടി ചെയ്യുന്ന കാര്യങ്ങൾ അതേപോലെ നമ്മുടെ കുട്ടിയും ചെയ്യണം എന്ന് ശഠിക്കേണ്ടതില്ല.

നമ്മുടെ കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യില്ല എന്ന് പ്രതിജ്ഞയും ഈ പുതുവർഷത്തിലെടുക്കാം. ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത് എന്ന് മനസ്സിലാക്കി അവരെ അംഗീകരിക്കാൻ നാം തയാറാകണം.

പിണക്കങ്ങൾ തീർക്കാം: മുൻ വർഷത്തിൽ ഉണ്ടായ ചില വഴക്കുകൾ തീർക്കാനും പുതുവർഷത്തിൽ ശ്രമിക്കാം. നിസ്സാര കാരണങ്ങൾ മൂലം വളരെ പ്രിയപ്പെട്ട ചിലരുമായി നാം പിണങ്ങിയിട്ടുണ്ടാകാം. പിണക്കം മാറ്റാൻ മുൻകൈയെടുക്കാൻ നമ്മുടെ ഈഗോ നമ്മളെ അനുവദിക്കുന്നുണ്ടാവില്ല.


മറുവശത്തും ഇതുതന്നെയായിരിക്കും അവസ്ഥ. എന്നാൽ ഈ അഹംബോധം വെടിഞ്ഞ് പ്രശ്നപരിഹാരത്തിന് നാം മുൻകൈയെടുത്താൽ ഒരുപക്ഷേ ഏതാനും നിമിഷം കൊണ്ടുതന്നെ ആ പഴയ സൗഹൃദം ഊഷ്മളമായ രീതിയിൽ മടക്കിക്കിട്ടും. ഇതിനുവേണ്ടി ഈ വർഷം കുറച്ചുസമയം ചെലവിടാൻ ശ്രമിക്കാം. ജീവിതത്തിൽ നമ്മെ വളരാൻ സഹായിച്ച വ്യക്തികളോട് നന്ദി പ്രകടിപ്പിക്കാനും ഈ വർഷം ഉപയോഗിക്കാം.

അവർ ജീവനോടെയുണ്ടെങ്കിൽ ഫോണിൽ വിളിച്ച് അവരോട് കൃതജ്ഞത അറിയിക്കാം. അവർ ഈ ഭൂമി വിട്ടുപോയി എങ്കിൽ പ്രതീകാത്മകമായി അവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഒരു കത്ത് എഴുതാം. ഇത്തരം പ്രവൃത്തികൾ അഹംബോധം വെടിഞ്ഞ് മനസ്സാന്നിധ്യം വീണ്ടെടുക്കാൻ നമ്മെ സഹായിക്കും.

കഴിവുകൾ പ്രയോഗിക്കാൻ ശ്രമിക്കാം: നമ്മുടെ ഏതെങ്കിലും കഴിവുകൾ വ്യത്യസ്തമായ രീതിയിൽ ഓരോ ദിവസവും പ്രയോഗിക്കാൻ ശ്രമിക്കാം. ഉദാഹരണത്തിന് നല്ല ആശയവിനിമയശേഷിയുള്ള ആളായിരിക്കാം നിങ്ങൾ. എന്നാൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലി നിങ്ങളുടെ ഈ കഴിവിനെ കാര്യമായി പ്രയോജനപ്പെടുത്തുന്നതല്ലായിരിക്കാം. അപ്പോൾ നിങ്ങളുടെ ഈ കഴിവ് നശിച്ചുപോകാൻ സാധ്യത ഏറെയാണ്.

ഇത് ഒഴിവാക്കാനായി നമ്മുടെ ആശയവിനിമയശേഷിയെ ലോകത്തിനു ഗുണകരമാകുന്ന രീതിയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് എങ്ങനെ പ്രകടിപ്പിക്കാം എന്ന് ചിന്തിക്കുക. ഉദാഹരണത്തിന് നമ്മുടെ വീട്ടിലുള്ള നമ്മുടെ മക്കളെ തന്നെ അവർക്ക് പഠിക്കാനുള്ള വിഷയങ്ങൾ പഠിപ്പിച്ചു കൊടുത്തുകൊണ്ട് നമ്മുടെ ആശയവിനിമയം ഗുണകരമായി വിനിയോഗിക്കാം.

ഇത്തരത്തിൽ ഓരോ ദിവസവും നമ്മുടെ നൈസർഗിക കഴിവുകൾ വ്യത്യസ്തമായ രീതിയിൽ ഇതുവരെ ഉപയോഗിക്കാത്ത രീതിയിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുക. അത് പ്രാവർത്തികമാക്കാൻ കഴിയുന്നത്ര ശ്രമിക്കുക ഇതുവഴി ലോകത്തിന് പ്രയോജനകരമായ ഒരു ജന്മമായി മാറാൻ നമുക്ക് സാധിക്കും.


Tags:    
News Summary - what's your new year's resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.