ആദി കൃഷ്ണയും ഉമറും അഭിനന്ദും

‘ഓന് സ്കൂളില് പോണംന്ന് ഭയങ്കര ആഗ്രഹാ... പക്ഷേ, ഓന്‍റെ ഉപ്പന്റേല് അയിന്ള്ള പൈസല്ല്യ’ - ഇതാ കട്ട ഫ്രണ്ട്ഷിപ്പിന്‍റെ ഒരു മലപ്പുറം സ്റ്റോറി


മ്പക്ക് ഓനേംകൂടി കളിക്ക്യാൻ കൂട്ടാ?’’
‘‘അയിന് ഓന് മ്പളെ ഭാഷയൊന്നും അറീലല്ലോ. ഓനെ കൂട്ട്യാ എടങ്ങേറാകും...’’

കൂട്ടുകാരുടെ മറുപടി കേട്ട അഭിനന്ദിന് വിഷമം തോന്നിയെങ്കിലും വീടിനടുത്ത മൈതാനത്ത് ഫുട്ബാൾ കളിക്കാൻ അവൻ ഇറങ്ങി. കളിയെല്ലാം അവസാനിപ്പിച്ച് വീട്ടിലേക്കു മടങ്ങുമ്പോഴാണ് അവനാ കാഴ്ച കണ്ടത്. കളിക്കാൻ കൂട്ടുമോ എന്ന് ബംഗാളിയിലും ഹിന്ദിയിലുമൊക്കെയായി തന്നോട് ചോദിച്ച ബംഗാളി പയ്യൻ കടലോളം സങ്കടവുമായി മൈതാനത്തിന്റെ ഒരു മൂലയിൽ ഇരിക്കുന്നു.

മലപ്പുറം ​കൂട്ടിലങ്ങാടിക്കടുത്ത് പടിഞ്ഞാറ്റുമുറി ഒ.യു.പി.എസ് (ഫസ്ഫരി കാമ്പസ്) ആറാം തരം വിദ്യാർഥിയായ അഭിനന്ദ് വീട്ടിലെത്തിയെങ്കിലും ആ ബംഗാളി പയ്യന്റെ മുഖം മനസ്സിനെ വല്ലാതെ നോവിച്ചു. ആരുടെ സങ്കടം കണ്ടാലും എളുപ്പം ഉള്ളലിയുന്ന അവൻ ഒന്നുറപ്പിച്ചു. കൊൽക്കത്തക്കാരനായ ഉമർ ഫാറൂഖ് എന്ന ഒമ്പതു വയസ്സുകാരനെ കളിക്കാൻ കൂടെ കൂട്ടണം. അതിന് അവനെ ആദ്യം മലയാളം പഠിപ്പിക്കണം.

ഉമർ ഫാറൂഖിന്‍റെ പിതാവ് ജുൻസക്ക്, ആദി കൃഷ്ണ, ഉമർ ഫാറൂഖ്, അഭിനന്ദ്, അധ്യാപകനായ അൻവർ എന്നിവർ

സൗഹൃദംകോർത്ത ഫുട്ബാൾ

അഭിനന്ദിന് അറിയില്ലായിരുന്നു, ജാതിയും മതവും ഭാഷയും അതിർവരമ്പുകളിടാത്ത മലപ്പുറത്തിന്റെ മണ്ണിൽ അവനും ഒരു പുതിയ സ്നേഹഗാഥ രചിക്കുകയായിരുന്നു എന്ന്. സഹപാഠിയും ചെറിയച്ഛന്റെ മകനുമായ ആദി കൃഷ്ണയും കട്ടക്ക് കൂടെ നിന്നപ്പോൾ എല്ലാ ദിവസവും വൈകീട്ട് അവർ കൂട്ടുകാർക്കൊപ്പം കളിച്ചശേഷം അവനെ ഫുട്ബാൾ കളിക്കാനും ഭാഷ പഠിപ്പിക്കാനും ആ​രംഭിച്ചു. ആദ്യമൊക്കെ കുറെ കാര്യങ്ങൾ ആംഗ്യഭാഷയിലൂടെ മനസ്സിലാക്കിക്കൊടുത്തു. പതിയപ്പതിയെ കളിക്കാനും അത്യാവശ്യം കാര്യങ്ങൾ മലയാളത്തിൽ പറയാനും ഉമറും പഠിച്ചതോടെ അവനും ആ സൗഹൃദവലയത്തിലെ കണ്ണിയായി.

ഇതിനിടെ അൽപസ്വൽപം ബംഗാളിയും ഹിന്ദിയും കൂട്ടുകാർക്ക് ഉമറും പഠിപ്പിച്ചുകൊടുത്തു. അഭിനന്ദിന്റെ ഹിന്ദി പാഠപുസ്തകത്തിലെ ചില സംശയങ്ങൾക്കുള്ള ഉത്തരംപോലും ഉമറായിരുന്നു തീർത്തുകൊടുത്തത്. കളിച്ച് കളിച്ച് കൂട്ടുകാരിൽ ചിലരേക്കാൾ നന്നായി കളിക്കാൻ പഠിച്ച ഉമർ പതിയെ അവരുടെ ഹീറോ ആയി. ​കൊൽക്കത്തയിലെ മിർപുർ സ്വദേശിയായ ജുൻസക്കിന്റെ മകനാണ് ഉമർ. കഴിഞ്ഞ അവധിക്കാലത്തിന്റെ തുടക്കത്തിലാണ് പടിഞ്ഞാറ്റുമുറിക്കടുത്ത ഉന്നംതലയിലെ ക്വാർട്ടേഴ്സിലേക്ക് അവൻ എത്തുന്നത്.

20 വർഷമായി ​കേരളത്തിൽ പലവിധ ജോലികൾ ചെയ്തുവരുന്ന ജുൻസക്ക് മകളുടെ ചികിത്സാർഥമാണ് ആദ്യമായി മലയാളമണ്ണിൽ എത്തുന്നത്. പിന്നീട് മലയാളത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞ അയാൾ പതിയെ ഇവിടെതന്നെ അതിജീവനത്തിന്റെ വഴിതേടി.

ആദി കൃഷ്ണയും അഭിനന്ദും

മലപ്പുറത്തിന്റെ മകൻ

കൂട്ടുകാർ സ്കൂളിലേക്കു പോകുന്നത് സങ്കടത്തോടെ നോക്കിനിന്നിരുന്ന ഉമറിന് പിന്നീടുള്ള ഓരോ നിമിഷവും ഒരു യുഗമായാണ് അനുഭ​വപ്പെടാറ്. ചുരുക്കം ദിവസങ്ങൾകൊണ്ടുതന്നെ അവൻ അത്രമേൽ അവരെ ഹൃദ​യത്തോട് ചേർത്തിരുന്നു. ദിവസവും അതിരാവിലെതന്നെ ക്വാർട്ടേഴ്സിൽനിന്ന് ഇറങ്ങി സമീപത്തുള്ള അഭിനന്ദി​ന്റെ വീട്ടിലെത്തി അവനെ വിളിച്ചുണർത്തുന്നതുവരെ എത്തി ആ സ്നേഹബന്ധം. നാലുമണിയോടെ സ്കൂൾ വിടുന്ന സമയത്ത് എന്നും വൈകീട്ട് അഭിനന്ദിന്റെ വീടിനടുത്ത മതിലിനടുത്ത് ഉമർ കാത്തിരിപ്പുണ്ടാകും.

നെച്ചിക്കാടൻ അനിൽകുമാറിനും ഭാര്യ ധന്യക്കും ആദ്യമൊക്കെ ഈ സൗഹൃദം കൗതുകമായിരുന്നു. പിന്നീട് അവരും തിരിച്ചറിഞ്ഞു അപ്പുവെന്ന തന്റെ മകനും ഉമറും തമ്മിലുള്ള സൗഹൃദത്തിന്റെ കെട്ടുറപ്പ്. അതോടെ തന്റെ മകനൊപ്പം അവനെയും ആ അമ്മ ചേർത്തുപിടിച്ചു. അവർ​ക്ക് ഒന്നിച്ച് ഭക്ഷണം വിളമ്പിയും സ്നേഹിച്ചും ശാസിച്ചും ധന്യയും വേലിക്കെട്ടുകളില്ലാത്ത മാതൃത്വം പകർന്നു.

അപ്പുവിനും പണക്കാരനെന്നോ പാവപ്പെട്ടവനെ​ന്നോ എന്ന വലുപ്പച്ചെറുപ്പം ഒന്നുമില്ലായിരുന്നു. ഉമറിന്റെ ചെറിയ ക്വാർട്ടേഴ്സിൽ അവന്റെ ഉമ്മ വെച്ചുവിളമ്പിയ പൂരിയും ചപ്പാത്തിയും ബീഫും ദാൽ കറിയും അവനും നന്നായി കഴിച്ചു. അഭിനന്ദിന്റെ ബന്ധുവീട്ടിലെ ആടിനെ പറമ്പിൽ കൊണ്ടുപോയി തീറ്റിച്ചും അവർക്കൊപ്പം കളിച്ചും ഉമർ പതിയെ മലപ്പുറത്തിന്റെ മകനായി. അതുകൊണ്ടാണ​ല്ലോ, നിനക്ക് ഇവിടെയാണോ അതോ നിന്റെ നാടാണോ ഏറ്റവും ഇഷ്ടം എന്ന് ഒരിക്കൽ അഭിനന്ദ് ചോദിച്ച​പ്പോൾ ആലോചിക്കാൻപോലും നിൽക്കാതെയാണ് ഉമർ മറുപടി പറഞ്ഞത്: ‘‘ഇവിടെ...’’

കൂട്ടുകാരൊന്നിച്ചുള്ള ഫോട്ടോ മൊബൈലിൽ നോക്കുന്ന അഭിനന്ദ്.
ചി​​​ത്ര​​​ങ്ങ​​​ൾ: പി.​​​അ​​​ഭി​​​ജി​​​ത്ത്

ഉമറേ വേം വാ, ഞാൻ കാത്തിരിക്കുന്നു...

‘നിസാം മാഷേ വേം വാ... വേം വാ... അഭിനന്ദ് ഭയങ്കര കരച്ചില്...’

‘എന്താ കാര്യം. അവൻ എവിടെ?’

‘ഓൻ ബാത്ത്റൂമിന്റെ ബേക്കില്ണ്ട്. ചോയിച്ചിട്ട് ഒന്നും പറണില്യ.’

നിസാം മാഷ് ചെന്ന് നോക്കുമ്പോൾ നിർത്താതെ കരയുന്ന അഭിനന്ദിനെയാണ് കണ്ടത്. സ്റ്റാഫ് റൂമിൽ എത്തിച്ച് കാര്യംചോദിച്ചപ്പോൾ കരച്ചിലിന് ഇടയിൽ എന്തൊക്കയോ പറഞ്ഞെങ്കിലും മാഷിന് കാര്യം പിടികിട്ടിയില്ല. ഉടനെ അഭിനന്ദിന്റെ വീടിനടുത്തുള്ള സ്കൂളിലെതന്നെ മാഷായ അൻവറിനെ വിളിച്ചു. മാഷ് വന്ന് കാര്യം തിരക്കിയപ്പോഴാണ് ആ കുഞ്ഞ് മനസ്സിനെ ആഴത്തിൽ മുറിവേൽപിച്ച കാര്യം അവൻ പറഞ്ഞത്.

‘‘ഉമർ ഓന്റെ നാട്ടിലേക്കു പോവാണ്. അതോണ്ടാ ഞാൻ കരഞ്ഞത്. ഓൻ നാട്ട്ക്ക് പോയ ഞ്ഞി വരൂല. ഓന് സ്കൂളില് പോണംന്ന് ഭയങ്കര ആഗ്രഹാ... പക്ഷേ, ഓന്റെ ഉപ്പന്റേല് അയിന്ള്ള പൈസല്ല്യ. ഓന്റെ ഇക്കാക്ക ഓന് നാട്ടില് സ്കൂള് ശരിയാക്കിണ്.’’

നാലു മാസംകൊണ്ട് ഭാഷപോലും തടസ്സമാകാതെ അവർ അടുത്തത് തിരിച്ചറിഞ്ഞ നിസാം മാഷ് അടക്കമുള്ള അധ്യാപകർ അവനെയും ആദി കൃഷ്ണയെയും കൂട്ടി ഉമറിന്റെ ക്വാർട്ടേഴ്സിലെത്തി അവനെ കണ്ട് സ്നേഹത്തോടെ യാത്രയാക്കാൻ അവസരം ഒരുക്കിനൽകി.

അവന്റെ കരച്ചിലും യാത്രപറച്ചിലും നിസാം മാഷ് ഫേസ്ബുക്കിൽ പങ്കുവെച്ചതിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഇതോടെ മറ്റു ​​​​​വ്ലോഗർമാരും ചാനലുകാരും അഭിനന്ദിനെ തേടിയെത്തി. സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇരുവരുടെയും സ്നേഹത്തിന്റെ കഥ നെഞ്ചോടുചേർത്തത്. വിഡിയോ വൈറലായതോടെ നാട്ടിൽനിന്നും വിദേശത്തുനിന്നും സ്കൂളിലേക്കും അധ്യാപകരെയും തേടി ഫോൺവിളികളെത്തി; ഉമറിനെ തിരിച്ചുകൊണ്ടുവരണമെന്നും അവന്റെ പഠനത്തിനായുള്ള മുഴുവൻ ചെലവും വഹിക്കാമെന്നും പറഞ്ഞ്.

നാട്ടിൽ സ്കൂളിൽ ചേർത്ത ഉമറിനെ അഭിനന്ദും ആദികൃഷ്ണയും ഫോൺ വിളിക്കാറുണ്ട്. ക്വാർട്ടേഴ്സിലെ തന്നെ മറ്റൊരു അസം സ്വദേശിയുടെ ഫോണിൽനിന്ന് സമയം കിട്ടുമ്പോഴൊക്കെ ഇരുവരും വിഡിയോ കാൾ വഴി വിളിക്കും.

ഇടക്കൊക്കെ അഭിനന്ദിനും തോന്നാതിരുന്നില്ല, ബംഗാളിലേക്ക് ഒന്ന് പോയാലോ തന്റെ കളിക്കൂട്ടുകാരനെ കാണാൻ. പക്ഷേ, രണ്ടു മാസം കഴിഞ്ഞാൽ ഉമറിനെ കൂട്ടി നാട്ടിലേക്കു വരാമെന്ന് ജുൻസക്ക് കൊടുത്ത വാക്കിൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് അഭിനന്ദ്. ഇപ്പോൾ അഭിനന്ദിനെ കാണുമ്പോൾ ഒരു സ്കൂളും നാടും ഒരുപോലെ ചോദിക്കുന്നത് ഒന്നാണ്, ‘‘അന്റെ ഉമറ് വന്നോ... എന്നാ വര്യാ...?

Tags:    
News Summary - The story of friendship between abhinandh, umer and adhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.