സാമൂഹിക-കുടുംബ ബന്ധങ്ങളിൽ വന്ന മാറ്റംമൂലം മുതിർന്ന പൗരന്മാരുടെ ജീവിത സായാഹ്നങ്ങളിൽ ഏകാന്തതയും പീഡനവും ഒറ്റപ്പെടലും ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയുമൊക്കെ കൂടിവരുകയാണ്. കേരളത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 12.6 ശതമാനം ആളുകൾ 60 വയസ്സിനു മുകളിലുള്ള വയോജനങ്ങളാണ്. തീർഥാടനത്തിനെന്നും ചികിത്സക്കെന്നും തെറ്റിദ്ധരിപ്പിച്ച് സ്വന്തം മാതാപിതാക്കളെ ആരാധനാലയ മുറ്റത്തും വൃദ്ധസദനങ്ങളിലുമൊക്കെ ഉപേക്ഷിക്കുന്ന മനുഷ്യത്വരഹിതമായ നിത്യ കാഴ്‌ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വൃദ്ധസദനത്തിൽ മരണപ്പെട്ട മാതാവിനെ അവസാനമായി ഒരു നോക്കു കാണാൻപോലും കൂട്ടാക്കാത്ത വിദ്യാസമ്പന്നരായ മക്കളെക്കുറിച്ചൊക്കെയുള്ള വാർത്തകൾ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

‘ഹെൽപ് ഇന്ത്യ’ നടത്തിയ സാമൂഹിക സർവേയിൽ മാതാപിതാക്കളുടെ സംരക്ഷണ ചുമതലയിൽനിന്ന് ഒഴിഞ്ഞുമാറാൻ ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ യുവതലമുറയിൽ കൂടുതലെന്ന് വ്യക്തമാക്കുന്നു. മരുമക്കളിൽ 45 ശതമാനം പേർ ഭർത്താവിന്‍റെ മാതാപിതാക്കളെ വെറുക്കുന്നവരോ അവരെ പരിരക്ഷിക്കാൻ താൽപര്യമില്ലാത്തവരോ ആയാണ് സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. 35 ശതമാനം ആളുകൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലയക്കുന്നതിനോട് യോജിപ്പുള്ളവരാണ്. എന്നാൽ, അഭിപ്രായം പറഞ്ഞ 35 ശതമാനം ആളുകൾ വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെങ്കിലും വലിയ സന്തോഷത്തോടെയല്ല അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്! ഇത്തരമൊരു സാഹചര്യത്തിൽ സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത മുതിർന്ന പൗരന്മാരുടെ സുരക്ഷ എന്നത് സഹാനുഭൂതിയല്ലെന്നും അതവരുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് സമൂഹത്തിനുണ്ടാകേണ്ടതുണ്ട്.

സംരക്ഷണമൊരുക്കി നിയമം

സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കുംവേണ്ടി അവരുടെ മക്കൾ/ ബന്ധുക്കളിൽനിന്ന്​ സംരക്ഷണം ഉറപ്പുവരുത്തുന്ന, നിയമപ്രകാരം അവഗണിക്കപ്പെടുകയോ സംരക്ഷണം ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ ട്രൈബ്യൂണലിൽ അപേക്ഷ ബോധിപ്പിക്കാനും പ്രതിമാസം മക്കളിൽനിന്നും ബന്ധുക്കളിൽനിന്നും നിശ്ചിത തുക സമയാസമയം ലഭ്യമാക്കാനും നിയമപരമായി അപേക്ഷകന് സാധിക്കുന്നുവെന്നതാണ് ഈ ആക്ടിന്‍റെ പ്രത്യേകത!

ഈ നിയമത്തിന്‍റെ പരിധിയിൽ മകനും മകളും പൗത്രിയും പൗത്രനും ഉൾപ്പെടുന്നു. പുതിയ ഭേദഗതി പ്രകാരം മരുമക്കളും ഈ നിയമത്തിന്‍റെ പരിധിയിൽവരുന്നു. അറുപത് വയസ്സു കഴിഞ്ഞ ആളുകളെയാണ് മുതിർന്ന പൗരന്മാർ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മക്കളില്ലാത്ത മുതിർന്ന പൗരന്മാരുടെ മൈനറല്ലാത്തതും അയാളുടെ സ്വത്തുക്കൾ കൈവശം വെച്ചുകൊണ്ടിരിക്കുന്നവരും മരണശേഷം പിന്തുടർച്ചാവകാശം ലഭിക്കുന്നതുമായ അവകാശികളെയാണ് ബന്ധുക്കൾ എന്ന് ഈ നിയമത്തിൽ വിവക്ഷിച്ചിരിക്കുന്നത്.

ഭക്ഷണം, വസ്ത്രം, പാർപ്പിടം, വൈദ്യപരിശോധന, പരിചരണം തുടങ്ങിയ സംരക്ഷണമാണ് ഈ നിയമംമൂലം വൃദ്ധരായ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും ലഭിക്കുന്നത്. സാധാരണ നിലയിൽ തന്റെ മാതാപിതാക്കൾക്ക് എന്തെല്ലാം കാര്യങ്ങൾ ആവശ്യമാണോ അതെല്ലാം നൽകാൻ ഈ നിയമംമൂലം മക്കൾ ബാധ്യസ്ഥരാണ്. തന്‍റെ സമ്പാദ്യംകൊണ്ടോ ഉടമസ്ഥതയിലുള്ള സ്വത്തുകൊണ്ടോ സ്വയം സംരക്ഷിക്കാൻ കഴിയാതെവരുന്ന രക്ഷിതാക്കൾക്ക് തങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അപ്രകാരം ചെയ്യാൻ വിമുഖത കാണിക്കുമ്പോഴാണ് ഈ നിയമം മൂലം സംരക്ഷണത്തിന് അർഹത ലഭിക്കുന്നത്.

ട്രൈബ്യൂണലിന്‍റെ അധികാരങ്ങൾ

താൽക്കാലിക ആശ്വാസം നൽകാനും ഇടക്കാല ഉത്തരവ് നൽകാനും ട്രൈബ്യൂണലിന് അധികാരമുണ്ട്. ജീവനാംശ തുക സംബന്ധിച്ച് അന്വേഷണം നടത്തി 90 ദിവസത്തിനുള്ളിൽ ട്രൈബ്യൂണൽ അപേക്ഷയിന്മേൽ തീർപ്പുകൽപിക്കേണ്ടതാണ്. 90 ദിവസത്തിനുള്ളിൽ തീർപ്പുകൽപിക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ബോധ്യപ്പെടുത്തി 30 ദിവസംകൂടി കാലയളവ് കൂട്ടാവുന്നതാണ്.

ബന്ധുക്കൾ ഉത്തരവ് ലംഘിക്കുന്നപക്ഷം അവർക്കെതിരെ വാറന്റ് പുറപ്പെടുവിക്കാനും മൂന്നു മാസം വരെ തടവിൽ പാർപ്പിക്കാനും 5000 രൂപ പിഴ ഈടാക്കാനും ​ട്രൈബ്യൂണലിന് അധികാരമുണ്ട്. ഉത്തരവ് പ്രകാരമുള്ള തുക വസൂലാക്കാനുള്ള അപേക്ഷ ഉത്തരവ് തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ നൽകേണ്ടതാണ്.

അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തോ ഒടുവിൽ താമസിച്ച സ്ഥലത്തോ മകളോ മകനോ ബന്ധുക്കളോ താമസിക്കുന്ന സ്ഥലത്തോ ഒടുവിൽ താമസിച്ച സ്ഥലത്തോ ഉള്ള ട്രൈബ്യൂണലിലാണ് അപേക്ഷ നൽകേണ്ടത്.ക്രിമിനൽ നടപടിപ്രകാരം ട്രൈബ്യൂണലിന് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ അധികാരവും തെളിവുകൾ സമാഹരിച്ച് ഉറപ്പുവരുത്തുന്നതിനും രേഖകളും വസ്തുക്കളും ഹാജരാക്കുന്നതിന് സിവിൽ കോടതിയുടെ അധികാരവുമുണ്ടായിരിക്കും. മകളോ മകനോ ഇന്ത്യക്ക് പുറത്ത് താമസിക്കുകയാണെങ്കിൽ അവർക്കെതിരെയുള്ള സമൻസ് കേന്ദ്രസർക്കാർ മുഖാന്തരം അയച്ചുനൽകുന്നതാണ്.

ട്രൈബ്യൂണലിന് അപേക്ഷകനുവേണ്ടി ഉത്തരവിടാവുന്ന പരമാവധി പ്രതിമാസ സംഖ്യ 10,000 രൂപയാണ്. ട്രൈബ്യൂണൽ ഉത്തരവിൽ ഏതെങ്കിലും വിധത്തിൽ പരാതിയുണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. ഈ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം മുതിർന്ന പൗരന്മാരിൽനിന്ന് ചില സാഹചര്യങ്ങളിൽ ആർക്കെങ്കിലും സ്വത്ത് കൈമാറിയിട്ടുണ്ടെങ്കിൽ ആ കൈമാറ്റം അസാധുവാക്കി പ്രഖ്യാപിക്കാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്. സംരക്ഷണം നൽകാമെന്ന വ്യവസ്ഥയിൽ ഒരാളുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ കൈമാറിക്കിട്ടിയ ആൾ ബന്ധുവിന് ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തിട്ടില്ലെങ്കിൽ സ്വത്ത് കൈമാറ്റം അസാധുവാകും.

മക്കളുടെ അവഗണനയും പീഡനവും തുടർക്കഥയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കാനുള്ള നിയമം ഏറെ പ്രസക്തമാണ്. പക്ഷേ, നിയമംകൊണ്ടു മാത്രം സംരക്ഷണം ഏറ്റെടുക്കുമ്പോൾ വയോധികരായ മാതാപിതാക്കൾക്ക് സ്നേഹമോ പരിചരണമോ സുരക്ഷിതത്വമോ വേണ്ടത്ര ലഭിക്കണമെന്നില്ല. ഉത്തരവാദിത്തബോധത്തിനപ്പുറത്ത് നിയമപരമായ ശിക്ഷയെ ഭയന്നുകൊണ്ട് മാത്രം പ്രായമായവർക്ക് സംരക്ഷണം നൽകുന്നത് സാമൂഹിക കുടുംബ ബന്ധങ്ങളിൽ വലിയ വിള്ളലുകളാണ് സൃഷ്ടിക്കുക.

നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

ട്രൈബ്യൂണലിൽ അപേക്ഷ ലഭിച്ചയുടനെ എതിർകക്ഷിക്ക് നോട്ടീസ് അയക്കുകയും മറുപടി ബോധിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്നു. ഈ നിയമപ്രകാരം ഒന്നോ അതിലധികമോ മക്കൾക്കെതിരായും മക്കളില്ലാത്ത മുതിർന്ന പൗരന്മാരെ സംരക്ഷിക്കേണ്ട ബന്ധുക്കൾക്കെതിരായും പരാതി നൽകാവുന്നതാണ്.

എവിടെയാണ് അപേക്ഷ നൽകേണ്ടത്?

സംരക്ഷണത്തിനുള്ള അപേക്ഷ സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത മാതാവിനോ പിതാവിനോ അല്ലെങ്കിൽ മുതിർന്ന പൗരനോ ട്രൈബ്യൂണൽ മുമ്പാകെ നൽകാവുന്നതാണ്. കേരളത്തിൽ അപേക്ഷ നൽകേണ്ടത് റവന്യൂ ഡിവിഷനൽ ഓഫിസർ (RDO) മുമ്പാകെയാണ്.

അപേക്ഷകന് അപേക്ഷ നൽകാൻ പ്രാപ്തിയില്ലെങ്കിൽ അയാൾ ചുമതലപ്പെടുത്തുന്ന മറ്റൊരാൾക്കോ നിയമാനുസൃതം രജിസ്റ്റർ ചെയ്ത സംഘടനക്കോ അപേക്ഷ നൽകാവുന്നതാണ്. ചില വാർത്തകളുടെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ ട്രൈബ്യൂണലിന് സ്വമേധയാ നടപടികളെടുക്കാനും അധികാരമുണ്ട്.

Tags:    
News Summary - Here's how law protects seniors from neglect by their children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.