‘അന്ന് കാലുകൾകൊണ്ട് അക്ഷരമെഴുതുന്ന കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ നാട്ടിലെ സ്കൂളുകൾ തയാറായില്ല. ഇന്നവൾ കീഴടക്കാത്ത മേഖലകളുമില്ല’

കൺമണിയുടെ നാടായ മാവേലിക്കര അറുനൂറ്റിമംഗലത്ത് ആദ്യത്തെ സംഭവമായിരുന്നു ഇരു കൈകളുമില്ലാതെയുള്ള പെൺകുട്ടിയുടെ ജനനം. അവിടെയെന്നല്ല, കേരളത്തിൽതന്നെ അത്യപൂർവം. കുട്ടിയെ കാണാൻ നാട്ടിലുള്ളവരെല്ലാം വീട്ടിൽ കയറിയിറങ്ങുമ്പോഴും വൈകല്യത്തെക്കുറിച്ച് നിരന്തരമായി ചോദിക്കുമ്പോഴും അമ്മ രേഖക്കും പിതാവ് ശശികുമാറിനും താങ്ങാനാവുമായിരുന്നില്ല.

എന്നാൽ, കൺമണിയെന്ന്​ പേരിട്ട കുട്ടിക്ക്​ അങ്ങനെയൊരു ചിന്ത പോലും പോയില്ല.
കൈകളില്ലാത്തതിന്റെ കുറവ് അവൾ തന്റെ കുഞ്ഞിക്കാലുകൾ കൊണ്ട് തീർത്തു. കൺമണിയെ ഇന്ന് മലയാളികൾക്കെല്ലാം അറിയാം; വൈകല്യമുള്ള കുട്ടി എന്ന നിലയിലല്ല, മറിച്ച് അപൂർവമായ വൈകല്യത്തെ അസാമാന്യമായ മനോധൈര്യത്തോടെയും അത്യപൂർവമായ പാടവത്തോടെയും തോൽപിച്ച കലാകാരി എന്ന നിലയിൽ.


അവഗണനയിൽ തുടങ്ങിയ അക്ഷരപഠനം

നാട്ടിൽ ഡ്രൈവറായിരുന്ന ശശികുമാറിന് മകൾ ജനിച്ച് ഏതാനും വർഷത്തിനുശേഷം ഗൾഫിൽ പോകേണ്ടതായി വന്നു. പിന്നെ കൺമണിയുടെ ജീവിതം അമ്മയുടെ കൈകളിലായി. ഇതിനിടെ മകനും ജനിച്ചു. കൺമണി എല്ലാം സ്വയം ചെയ്തുതുടങ്ങിയതോടെ അമ്മക്ക് കാര്യങ്ങൾ എളുപ്പമായി.

എന്നാൽ, കൺമണിയുടെ അക്ഷരപഠനമാണ്​ വലിയ ആശങ്ക തീർത്തത്​. കാലുകൾകൊണ്ട് അക്ഷരമെഴുതുന്ന കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ നാട്ടിലെ സ്കൂളുകൾ തയാറായില്ല. മകളുടെ സങ്കടം സഹിക്കാനാവാതെ അമ്മ ലോലമ്മ എന്ന അധ്യാപികയെ സമീപിച്ചു. കുട്ടിയെ ഏറ്റെടുക്കാൻ ടീച്ചർ തയാറായി. ടീച്ചറുടെ വീട്ടിൽവെച്ചാണ് രണ്ടുവർഷം കൊണ്ട് എൽ.കെ.ജി, യു.കെ.ജി പഠനം പൂർത്തിയാക്കിയത്. കാൽകൊണ്ട് അക്ഷരമെഴുതാൻ പരിശീലിപ്പിച്ചതും ടീച്ചറാണ്. ഒന്നാം ക്ലാസ് മുതൽ സ്കൂളിൽതന്നെ പഠനം തുടർന്നു.

മകളെ എന്നും കൊണ്ടുവിടാനായി അമ്മ സ്കൂട്ടർ വാങ്ങി. അങ്ങനെ കൺമണി എല്ലാ കുട്ടികളെയും പോലെ നാടു കണ്ടു. അവൾക്ക് ധാരാളം കൂട്ടുകാരുണ്ടായി. എല്ലാവരെയും പോലെ അവളെയും കാണാൻ തുടങ്ങിയതോടെ കൺമണിക്ക് കൈകൾ എന്ന ചിന്തയേ ഉണ്ടായില്ല. ധാരാളം കൂട്ടുകാർ അവരിലൊരാളായി കൺമണിയെയും കണ്ടു.

നാടിന്‍റെ കൺമണി

ലോലമ്മ ടീച്ചറാണ് കൺമണിയുടെ വരക്കാനുള്ള കഴിവ് കണ്ടെത്തിയത്. അതോടെ അമ്മ അവളെ ചിത്രകല പഠിക്കാനായി ചേർത്തു. സംഗീതത്തിലും വാസനയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ നാലാം വയസ്സിൽതന്നെ സംഗീതം പഠിക്കാനും തുടങ്ങി. കൈകളുടെ കുറവ് പാട്ടുപാടിയും പടം വരച്ചും തീർത്ത കൺമണി അങ്ങനെ നാട്ടുകാരുടെ മൊത്തം കൺമണിയായി.

നാലാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ സംഗീതത്തിൽ അരങ്ങേറ്റം നടത്തി. അന്നുമുതൽ ചില ക്ഷേത്രങ്ങളിൽ എല്ലാ ഉത്സവങ്ങൾക്കും മുടങ്ങാതെ പാടുന്നു. അടുത്തുള്ള ക്ഷേത്രങ്ങളിൽ വലിയ പാട്ടുകാർ വന്ന് പാടുമ്പോൾ അമ്മയോടൊപ്പം പോയി കേൾക്കും. അങ്ങനെ സംഗീതമായി കൺമണിയുടെ മുഖ്യ മേഖല.

പ്രമുഖ സംഗീതജ്ഞനായ വർക്കല സി.എസ്. ജയറാമിന്റെ കീഴിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ സംഗീതപഠനം തുടർന്നതോടെ കൂടുതൽ ഗൗരവമായി സംഗീതത്തെ കണ്ടു. അഞ്ചാം ക്ലാസ് മുതൽ സ്കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യമായി. ജില്ലതലത്തിൽ സമ്മാനങ്ങൾ നേടി. ശാസ്ത്രീയ സംഗീതത്തിനൊപ്പം സംസ്കൃത ഇനങ്ങളിലും മത്സരിച്ച് സമ്മാനം നേടി. ഹൈസ്കൂളിൽ എത്തിയതോടെ സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തു. ഇക്കാലയളവിലെല്ലാം സംഗീത കച്ചേരികൾ നടത്തിയിരുന്നു.


താൽപര്യമുള്ളതെല്ലാം പഠിക്കും

സംഗീതം മാത്രമായിരുന്നില്ല കൺമണിയുടെ താൽപര്യമേഖല. ഒരു കാര്യത്തിൽനിന്നും മാറിനിൽക്കുന്ന കൂട്ടത്തിലല്ല കൺമണി. താൽപര്യമുള്ളതെല്ലാം ചെയ്യും. മാവേലിക്കര രവിവർമ കോളജിലെ അധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്റെ കീഴിലായിരുന്നു ചിത്രകല പഠിച്ചത്. നിരന്തരമായി ചിത്രങ്ങൾ വരച്ചു.

തിരുവനന്തപുരം സംഗീത കോളജിൽ പഠിക്കാനായി തിരുവനന്തപുരത്തേക്ക് നാലു വർഷം മുമ്പ് താമസം മാറ്റി. അമ്മയോടും സഹോദരൻ മണികണ്ഠനോടുമൊപ്പം ഇപ്പോൾ പൂജപ്പുരയിലാണ് താമസം. ഇവിടെ വന്ന ശേഷം മ്യൂറൽ പെയിന്റിങ് പഠിച്ചു. ആദ്യം കാൻവാസിലും പിന്നീട് വലിയ മൺകുടങ്ങളിലും പെയിന്റിങ് ചെയ്തു.

കുട്ടിക്കാലം മുതലേ ആകർഷിച്ച ആനയുടെ നെറ്റിപ്പട്ടം സ്വന്തമായി ചെയ്യണമെന്ന മോഹമുണ്ടായി. അലങ്കാര വസ്തുക്കൾ വാങ്ങി കാൽകൊണ്ടുതന്നെ അതും പൂർത്തിയാക്കി. അങ്ങനെയിരിക്കെ കീബോർഡ് വായിക്കണമെന്ന് തോന്നി. കമ്പ്യൂട്ടറും മൊബൈലും കാൽകൊണ്ട് അനായാസമായി ഉപയോഗിക്കാൻ കഴിഞ്ഞതോടെ കീബോർഡ് വായിക്കുന്നതും കൺമണിക്ക് വെല്ലുവിളിയായില്ല.

രാഷ്ട്രപതിയുടെ അതിഥി

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അതിഥിയായി പാർലമെന്റ് ഹൗസിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവപ്രതിഭകളോടൊപ്പം കർണാടക സംഗീതം അവതരിപ്പിക്കാൻ ലഭിച്ച അവസരം കൺമണിയുടെ ജീവിതത്തിലെ അപൂർവ സൗഭാഗ്യങ്ങളിലൊന്നായിരുന്നു.

അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കാൻ കഴിഞ്ഞു. സംഗീതത്തിൽ ഡിഗ്രി പഠനം റാങ്കോടെ പൂർത്തിയാക്കിയ കൺമണി അതേ കോളജിൽ ഇപ്പോൾ പി.ജി പഠനം തുടരുകയാണ്. ഇതിനകം നിരവധി ടി.വി ഷോകളിലും സ്റ്റേജ് ഷോകളിലും പങ്കെടുത്തു. ഗൾഫ് പ്രോഗ്രാമുകളിലും കൺമണി അതിഥിയായി പങ്കെടുക്കുകയും ഗാനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Meet Amazing girl Kanmani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.