‘എന്തിനാണ് അവർ എന്‍റെ മകനെ കൊന്നത്? ഒരു നേരമെങ്കിലും ഞാനവർക്ക് ഭക്ഷണം വിളമ്പിയതല്ലേ? എന്‍റെ മക്കളെപ്പോലെയല്ലേ ഞാനവരെ കണ്ടത്’ -സിദ്ധാർഥന്‍റെ അമ്മ

‘അമ്മേ ഞാൻ തിരിച്ചുപോകുന്നു’ -ഫെബ്രുവരി 16ന് പുലർച്ച 12.10ന് സിദ്ധാർഥൻ അയച്ച ഈ സന്ദേശം യാത്രാമൊഴിയാകുമെന്ന് വിശ്വസിക്കാനാകുന്നില്ല ഇപ്പോഴും ഷീബക്ക്. അത്രമാത്രം സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസ്സിൽ കൊണ്ടുനടന്നിരുന്നു ആ ചെറുപ്പക്കാരൻ.

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ര​ണ്ടാം വ​ർ​ഷ ബി.​വി സ​യ​ൻ​സ് വി​ദ്യാ​ർ​ഥി തിരുവനന്തപുരം നെ​ടു​മ​ങ്ങാ​ട് കു​റ​ക്കോ​ട് ‘പ​വി​ത്ര’​ത്തി​ൽ ജ​യ​പ്ര​കാ​ശ്-ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ദ്ധാ​ർ​ഥനെ ഫെ​ബ്രു​വ​രി 18നാ​ണ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ ശൗ​ചാ​ല​യ​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്വപ്നങ്ങൾക്ക് നിറംപകരാൻ 400ലേറെ കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വണ്ടി കയറി മലയാളിയുടെയാകെ കണ്ണീരായി മാറിയ ആ 21കാരനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മാതാപിതാക്കൾ.

സിദ്ധാർഥൻ

സ്വപ്നങ്ങൾക്കു പിന്നാലെ നടന്നവൻ

വെറ്ററിനറി സയൻസെടുത്ത് പൂക്കോട് കാമ്പസിലെത്തുമ്പോൾ സ്വപ്നങ്ങളിലേക്ക് നടന്നടുക്കുകയായിരുന്നു അവൻ. മകനെ ഡോക്ടറായി കാണാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ, മൃഗങ്ങളോടും വൈൽഡ് ലൈഫിനോടുമുള്ള ഇഷ്ടമാണ് വെറ്ററിനറി സയൻസ് തിരഞ്ഞെടുക്കാൻ അവന് പ്രേരണയായത്.

ശേഷം പി.ജിയും വൈൽഡ് ലൈഫിൽ റിസർച്ചും ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. വേഗം ജോലി കണ്ടെത്താൻ ഒരിക്കലും തന്നെ നിർബന്ധിക്കരുതെന്ന് പറയുമായിരുന്നു.

കോളജിലെത്തി ഒരു വർഷത്തിനുള്ളിൽ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റാൻ അവനായി. ഒന്നാം വർഷ സ്റ്റുഡന്‍റ്സ് റെപ്രസന്‍റേറ്റിവ് ആയിരുന്നു. കലാകായിക മത്സരങ്ങളിലെ സംഘാടനത്തിലും ഫോട്ടോഗ്രഫിയിലും തന്‍റേതായ ഇടം കണ്ടെത്തി.

ചിത്രരചനയും വയലിനും സംഗീതവും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. വയലിനും തൈക്വാൻഡോയും പഠിച്ചിട്ടുണ്ട്. സീനിയേഴ്സായ ചിലർ ചേർന്ന് രൂപവത്കരിച്ച ബാൻഡിലും അംഗമായിരുന്നു.

സി​ദ്ധാ​ർ​ഥന്‍റെ അച്ഛൻ ജയപ്രകാശും അമ്മ ഷീബയും


ബന്ധങ്ങൾ സൂക്ഷിച്ചവൻ

നാട്ടിൽ ഓരോ വീട്ടുകാരുമായും അവന് അടുത്ത സ്നേഹമുണ്ടായിരുന്നു. ഈ വയസ്സിൽ വിചാരിക്കാൻ കഴിയാത്ത സൗഹൃദവലയം അവനുണ്ട്. ബന്ധങ്ങൾ നഷ്ടപ്പെട്ടുപോകാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളുടെ വിവാഹവാർഷികവും സിദ്ധുവിന്‍റെ ജന്മദിനവും ഒരേ ദിവസമാണ്. അതുകൊണ്ടുതന്നെ ആഘോഷങ്ങൾക്ക് ഇരട്ടിമധുരവുമായിരുന്നു.

‘ഞാന്‍ അങ്ങോട്ട് വരുന്നമ്മേ...’

സന്തോഷമായാലും സങ്കടമായാലും എല്ലാം വിളിച്ചുപറയുന്ന മ​ക​ൻ തി​രി​ച്ചു​പോ​യശേ​ഷം കാ​ര്യ​മാ​യൊ​ന്നും സം​സാ​രി​ച്ചി​ല്ല. ഫെബ്രുവരി 18ന് ഉച്ചക്ക് 12.30നാണ് അവസാനമായി സംസാരിച്ചത്. എന്നാൽ, ഒരു വിഷമവും അവൻ പറഞ്ഞില്ല. സംസാരത്തിൽ പേടിയുണ്ടായിരുന്നു.

പത്തു സെക്കൻഡിനകം ഫോൺ വെക്കുകയും ചെയ്തു. ‘ഞാന്‍ അങ്ങോട്ട് വരുന്നമ്മേ. ആറ്റുകാല്‍ പൊങ്കാലക്ക് ഇത്തവണ അമ്മയെ ഞാന്‍ കൊണ്ടുപോകാം’ -ഇതായിരുന്നു സിദ്ധുവിന്‍റെ അവസാന വാക്കുകൾ. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഒരു സീനിയര്‍ വിദ്യാര്‍ഥി വിളിച്ചുപറഞ്ഞു അവന്‍ പോയെന്ന്.

സിദ്ധുവിനെ ഫോണിൽ ലഭിച്ചില്ലെങ്കിൽ റൂംമേറ്റും ഏറ്റവും അടുത്ത സുഹൃത്തുമായ ഇടുക്കി സ്വദേശി അക്ഷയിയെയാണ് വിളിക്കാറ്. സംഭവദിവസവും നിരവധി തവണ അക്ഷയിയെയും വിളിച്ചിരുന്നു. ഈ സമയമെല്ലാം അക്ഷയ് ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പിന്നീടാണ് മനസ്സിലായത് സിദ്ധുവിന്‍റെ ഫോൺ അവന്‍റെ കൈയിലായിരുന്നെന്ന്. അക്ഷയ് ഫോൺ എടുത്തില്ലായിരുന്നെങ്കിൽ മറ്റാരെയെങ്കിലും വിളിച്ചേനേ. എന്നാൽ, ചിലപ്പോൾ ഞങ്ങൾക്ക് അവനെ നഷ്ടപ്പെടില്ലായിരുന്നു. ഒന്നാം വർഷം മുതൽ അത്രയും കൂട്ടായിരുന്നു അക്ഷയിയോട്. അവന്‍റെ കൈപിടിച്ച് ഏൽപിച്ചാണ് ആദ്യവർഷം ഞങ്ങൾ ഹോസ്റ്റലിൽനിന്ന് മടങ്ങിയത്. അത്രയും വിശ്വസിച്ചു. അവൻ ചതിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല.

സി​ദ്ധു ജീ​വ​നൊ​ടു​ക്കി​യ​ത​ല്ല, ഭ​ക്ഷ​ണംപോ​ലും ന​ൽ​കാ​തെ മ​ർ​ദി​ച്ചു​കൊ​ന്ന​താ​ണ്. ഫെബ്രുവരി 15ന് ​വീ​ട്ടി​ലേ​ക്ക് വ​രാ​ൻ ട്രെ​യി​ൻ ക​യ​റി​യി​രു​ന്നു. ഇ​തി​നി​ടെ, ഒ​രു സ​ഹ​പാ​ഠി ആ​വ​ശ്യ​പ്പെ​ട്ടപ്ര​കാ​രം തി​രി​ച്ചു​പോ​യെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. മ​രി​ക്കു​ന്ന ദി​വ​സ​വും ഫോ​ണി​ൽ സം​സാ​രി​ച്ച സി​ദ്ധു​ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല.

‘ഒരു നേരമെങ്കിലും ഞാനവർക്ക് ഭക്ഷണം വിളമ്പിയതല്ലേ?’

‘‘സിദ്ധുവിന്‍റെ 12 കൂട്ടുകാർ ഡിസംബറിൽ വീട്ടിലെത്തിയിരുന്നു. ഒരു പകലും രാത്രിയും അവർ വീട്ടിലുണ്ടായിരുന്നു. ഞാനാണ് അവർക്ക് ഭക്ഷണം വിളമ്പിക്കൊടുത്തത്. അന്നു വീട്ടിലെത്തിയവരിൽ അഞ്ചുപേർ അറസ്റ്റിലായി. ഇതിലൊരാൾ ഇപ്പോഴും പുറത്താണ്. എന്തിനാണ് അവർ എന്‍റെ മകനെ കൊന്നത്? ഒരു നേരമെങ്കിലും ഞാനവർക്ക് ഭക്ഷണം വിളമ്പിയതല്ലേ? എന്‍റെ മക്കളെപ്പോലെയല്ലേ ഞാനവരെ കണ്ടത്’’ -നിറകണ്ണുകളോടെ അമ്മ ഷീബ ചോദിക്കുന്നു.

ജനുവരി 24നായിരുന്നു ഒരു വിവാഹച്ചടങ്ങിനായി സിദ്ധാർഥൻ അവസാനമായി വീട്ടിൽ വന്നത്.

അവസാന യാത്ര

ആറു മാസം മുമ്പ് കുടുംബസമേതം ഞങ്ങൾ വയനാട്ടിൽ പോയി ഒരു ദിവസം അവനോടൊത്ത് റിസോർട്ടിൽ താമസിച്ചു. അന്ന് ഹോസ്റ്റലിലെ കൂട്ടുകാർക്ക് അവന്‍റെ നിർദേശപ്രകാരം ഭക്ഷണമെല്ലാം വാങ്ങിക്കൊടുത്തിരുന്നു.

അതിൽ അവന്‍റെ ജീവൻ കവർന്നവർ ഉൾപ്പെടെയുണ്ടായിരുന്നു. മരണശേഷം ക്ലാസിലെ ഒരു കുട്ടിയോ രക്ഷിതാവോ അധ്യാപകരോ പോലും ബന്ധപ്പെട്ടിട്ടില്ല.

സത്യം പുറത്തുവരണം

മകൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് നിയമമില്ലേ, ഇങ്ങനെ വിചാരണ നടത്തി കൊല്ലണമായിരുന്നോ? പരാതി കൊടുത്ത പെൺകുട്ടിയെ ഉൾപ്പെടെ പ്രതിചേർക്കണം. അവർക്ക് എന്തു ബുദ്ധിമുട്ടുണ്ടായെന്ന് ഞങ്ങൾക്ക് അറിയണം. ഗൂഢാലോചനയിൽ ഒന്നാം സ്ഥാനം ആ പെൺകുട്ടിക്കാണ്.

സി.ബി.ഐ വരുകയാണെങ്കിൽ ഇക്കാര്യം ഞങ്ങൾ ആവശ്യപ്പെടും. ഒപ്പം, മരണവിവരം ഞങ്ങളെ വിളിച്ചുപറഞ്ഞ പി.ജി വിദ്യാർഥിയുണ്ട്. അവനെക്കൊണ്ട് ആരാണ് വിളിപ്പിച്ചത് എന്നുള്ള കാര്യങ്ങളെല്ലാം ദുരൂഹമാണ്.

പുതിയ അന്വേഷണ ഏജൻസി വരാനിരിക്കെ കൃത്യം നടന്ന ഹോസ്റ്റൽ കെട്ടിടം പൂട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടില്ല. അവശേഷിക്കുന്ന തെളിവുകൾകൂടി നഷ്ടപ്പെടാൻ അത് വഴിതെളിക്കും. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലാത്തതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. പൊലീസിനോട് ഞങ്ങൾ പറഞ്ഞ പേരുകളിൽ മാത്രമൊതുങ്ങി അന്വേഷണവും അറസ്റ്റും. എസ്.എഫ്.ഐക്ക് പങ്കുള്ളതുകൊണ്ടാണ് മാപ്പുപറഞ്ഞത്. ആർക്കും പങ്കില്ലെങ്കിൽ എന്തിനാണ് ചിലരെ സസ്പെൻഡ് ചെയ്തത്‍? -കണ്ണീർ തുടച്ച് ഇരുവരും ചോദിക്കുന്നു.

സമാനതകളില്ലാത്ത ക്രൂരത

സിദ്ധാർഥൻ മരിക്കുന്നതിനുമുമ്പ് അതിക്രൂരമായ മര്‍ദനത്തിന് ഇരയായെന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. മരിക്കുന്നതിന് മൂന്നു ദിവസം മുമ്പുവരെ പഴക്കമുള്ള പരിക്കുകളാണ് ദേഹത്തുള്ളത്. ശരീരത്തില്‍ 18 പരിക്കുകളാണ് കണ്ടെത്തിയത്. കേസില്‍ കോളജ് യൂനിയന്‍ പ്രതിനിധികളും സഹപാഠികളും ഉൾപ്പെടെ പ്രതികളായ 20ഓളം പേർ അറസ്റ്റിലായിട്ടുണ്ട്.




Tags:    
News Summary - Siddharth's parents talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.