തഹാനിയ മക്കളോടൊപ്പം

ഒരു കലപിലക്കൂട്ടത്തിന്‍റെ പൊട്ടിച്ചിരികളും കളിമേളങ്ങളും നിറഞ്ഞ ആഹ്ലാദപ്പെരുക്കം എപ്പോഴും കാണാം കുലൂസ്​ വില്ലയിൽ. ആറു പെൺകുട്ടികളും അവരുടെ ഉമ്മയും. കുട്ടികളിൽ മൂത്തയാൾക്ക്​ വയസ്സ്​ 12. ഇളയയാൾക്ക്​ ആറുമാസം.

കാസർകോട്​ വിദ്യാനഗറിലെ ഈ വീട്ടിൽ തിരക്കൊഴിഞ്ഞിട്ട്​ ഒരു ടെൻഷൻ അടിക്കാൻ പോലും സമയമില്ലാതെ ഓടിനടക്കുന്നുണ്ട്​ ഉമ്മ തഹാനിയ. പ്രസിദ്ധ മാപ്പിളപ്പാട്ട്​ ഗായിക കണ്ണൂർ സീനത്തിന്‍റെ മകളാണ്​ ഇവർ. ഭർത്താവ്​ നജീബ് ബിൻ ഹസ്സൻ ദുബൈയിൽ കുലൂസ് ഡിജിറ്റൽ മീഡിയ എന്ന പേരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ജോലിത്തിരക്കിലും.

കുട്ടികളിൽ മൂത്തയാൾ ആയിഷത്ത് നതാഷ കുലൂസ്. താഴെ ആയിഷത്ത് തൻഹാഷ കുലൂസ്, ആയിഷത്ത് ആനിഷ കുലൂസ്, ആയിഷത്ത് റിൻഷ കുലൂസ്, ആയിഷത്ത് ഹുമൈഷ കുലൂസ്, ഏറ്റവും ഇളയയാൾ ആയിഷത്ത് ബാഗിഷ കുലൂസ്.
രണ്ടു കുട്ടികളുള്ള മാതാപിതാക്കൾ പോലും മക്കളുടെ കാര്യത്തിൽ ടെൻഷനടിച്ചു നടക്കുമ്പോൾ ആറു പൊടിക്കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾ KULUS CHANNEL എന്ന യൂട്യൂബ്​ ചാനലിലൂടെ പങ്കുവെക്കാറുണ്ട്​ ഉമ്മ തഹാനിയ. മറ്റൊരു മാതൃദിനം എത്തുമ്പോൾ​ മാധ്യമം ‘കുടുംബ’വുമായി ഈ കുലൂസ്​ കുടുംബത്തിന്‍റെ വിശേഷംപറച്ചിൽ കേൾക്കാം.


എല്ലാം പെൺകുട്ടികൾ. ആരെങ്കിലും ഇതിൽ സങ്കടം പറയാറുണ്ടോ?

തഹാനിയ: ഇക്കാര്യം പലരും ചോദിക്കാറുണ്ട്​. ആറു പെൺകുട്ടികളായതിൽ സങ്കടമുണ്ടോയെന്ന്​. ഒരു സങ്കടവുമില്ല. ഞാൻ വളരെ ഹാപ്പിയാണ്​. ചിലർ ഇവരെ എങ്ങനെ കല്യാണം കഴിപ്പിക്കും എന്ന്​ ആശങ്ക പ്രകടിപ്പിക്കാറുണ്ട്​. കുട്ടികളുടെ കല്യാണക്കാര്യമൊന്നുമല്ല ഇന്ന്​ ഞാൻ ചിന്തിക്കുന്നത്​.

ഇവരോടൊപ്പം ഇപ്പോൾ സന്തോഷമായി കഴിയുന്നു എന്നതാണ്​ കാര്യം. നാളത്തെ കാര്യം പടച്ചവന്‍റെ കൈയിലാണ്​. ഇത്രയും കുട്ടികളെ നന്നായി വളർത്താനാണ്​ ദൈവം എന്‍റെ കൈയിൽ ഏൽപിച്ചത്​. അവർക്ക്​ നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണ്​ എന്‍റെ ഏറ്റവും വലിയ സ്വപ്നം.

ഇത്രയും കുട്ടികളുമായി എങ്ങനെയാണ്​ ഉറങ്ങുന്നത്​?

തഹാനിയ: എന്‍റെ കല്യാണം കഴിഞ്ഞിട്ട്​ 14 വർഷമായി. അതിനുശേഷം 13 വർഷമായി കൂടെ കുട്ടികളുണ്ട്​. ഈ 13 വർഷവും ഞാൻ നേരെ ചൊവ്വേ രാത്രി ഉറങ്ങിയിട്ടുണ്ടാകില്ല. രാത്രി കിടക്കുമ്പോൾ ചിലപ്പോൾ കുട്ടികൾക്ക്​ അസുഖം വരും.

അല്ലെങ്കിൽ ഇടക്ക്​ ബാത്ത്​റൂമിൽ പോകാൻ എഴുന്നേൽക്കും. അങ്ങനെയൊക്കെ എന്‍റെ ഉറക്കം നഷ്ടപ്പെടും. പക്ഷേ, ഇന്നുവരെ അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. കുട്ടികളുമായുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ്​. അവരോടോ ഹസ്​ബൻഡിനോടോ ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ല. കുട്ടികൾ എന്ത്​ ചെയ്താലും സാധാരണ സ്ത്രീകൾ ഭർത്താവിനോടാണ്​ ദേഷ്യം കാണിക്കുക. അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

നജീബ്​: കുട്ടികളെ മാനേജ്​ ചെയ്യുന്നത് ഏറെയും​ ഭാര്യ തക്കുവാണ്​. അവർക്ക്​ അതിന്​ കഴിയുന്നുവെന്നതിൽ ഏറെയാണ്​ സന്തോഷം. ഏറ്റവും ഇളയ മകൾ ആറു മാസമെത്തിയ ബാഗിഷ കുലൂസിന്റെ രണ്ടാമത്തെ ഉമ്മയാണ് മൂത്തമോൾ നതാഷ കുലൂസ്. പുറത്ത് കല്യാണത്തിനോ കുടുംബ വീട്ടിലേക്കോ പോകുമ്പോൾ ചെറിയ മകളെ കൊണ്ട് നടക്കുന്നത് മൂത്തമകളാണ്. അത് വലിയൊരു ആശ്വാസം തന്നെയാണ്.


ഒന്നിലേറെ കുട്ടികൾ ശല്യമാകുന്നുവെന്നാണ്​ പുതിയ തലമുറയിൽ ഏറെപ്പേരുടെ കാഴ്ചപ്പാട്​?

തഹാനിയ: കുട്ടികൾ ഒരിക്കലും നമ്മളെ ശല്യം ചെയ്യുന്നില്ല. നമ്മൾ അവരെയാണ്​ ശല്യം ചെയ്യുന്നത്​. പലപ്പോഴും വീട്ടിൽ പട്ടാളച്ചിട്ട കൊണ്ടുവരുന്നതാണ്​ കുഴപ്പം. അടുത്തിടെ ഇൻസ്റ്റയിൽ ഒരു ഇത്ത മെസേജ്​ ചെയ്തു. അവരുടെ കുട്ടി പുറത്ത്​ എവിടെയെങ്കിലും പോയാൽ അലസത കാണിക്കുന്നുവെന്ന്​​. അവിടെയും ഇവിടെയുമൊക്കെ ഇരിക്കും എന്നൊക്കെയാണ്​ പരാതി. ​

അപ്പോൾ ഞാൻ ചോദിച്ചു; വീട്ടിൽ വെച്ച്​ എങ്ങനെയാണ്​ അവരെ മാനേജ്​ ചെയ്യുന്നതെന്ന്​. അവരുടെ മറുപടി വീട്ടിൽ കുട്ടിയെ കർശനമായി നോക്കും എന്നായിരുന്നു. അവരെ കുട്ടിക്ക്​ വലിയ പേടിയാണ്​. അതുതന്നെയാണ്​ അവരുടെ പ്രശ്നമെന്ന്​ ഞാൻ പറഞ്ഞു.

വീട്ടിൽ അവിടെയിരിക്കരുത്​, തൊടരുത്​, വരക്കരുത്​ എന്നിങ്ങനെ വേണ്ടാത്ത നിയന്ത്രണങ്ങളാണ്​ കുട്ടികളുടെ മേൽ കൊണ്ടുവരുക. കളിക്കുന്ന ഒരു സാധനം ഉണ്ടാകും, അതുമാത്രമേ നൽകൂ. അതുതന്നെ തട്ടിന്‍റെ മുകളിൽ അല്ലെങ്കിൽ കോണിപ്പടിക്ക്​ കീഴിൽ. കാരണം മറ്റിടങ്ങളിൽ അല​ങ്കോലമാകും എന്നു പറഞ്ഞാണ്​ ഇങ്ങനെ മാറ്റിവെക്കുന്നത്​.

അത്തരം വീട്ടിലെ കുട്ടികൾ പുറത്തിറങ്ങിയാൽ ജയിലിൽ നിന്ന്​ രക്ഷപ്പെട്ട അവസ്ഥയിലാകും. എന്ത്​ കണ്ടാലും അതിൽ കളിക്കണം എന്നു തോന്നും. കാരണം പുറത്തുവെച്ച്​ നമ്മൾ അവരെ അധികം ഒച്ചയെടുത്ത്​ നിയന്ത്രിക്കില്ലെന്ന്​ അവർക്കറിയാം. ആ സ്വാതന്ത്ര്യമാണ്​ അവർ പ്രകടിപ്പിക്കുന്നത്​.


വീട്ടിൽ കുട്ടികളെ ഇഷ്ടത്തിന്​ വിടുമോ?

സ്വന്തം വീട്ടിൽ കുട്ടികൾക്ക്​ ഇഷ്ടംപോലെ കളിക്കാൻ അവസരം നൽകും. കളിപ്പാട്ടങ്ങളും സൈക്കിളുമൊക്കെ കെട്ടിപ്പൂട്ടിയും ഷോക്കേസിലും ഒക്കെ വെക്കാനുള്ളതല്ല. അവർ കളിക്കുന്ന പ്രായത്തിൽ കളിച്ചുതന്നെ വളരട്ടെ. ഭക്ഷണം കഴിക്കുമ്പോൾ ഇന്നതു മാത്രമേ കഴിക്കാവൂ, ഇവിടെവെച്ച്​ മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നിങ്ങനെയൊക്കെ ചിട്ടകളും ചെലുത്താറില്ല.

പകരം കുട്ടികളിലേക്ക്​ നമ്മൾ കൂടുതലായി ശ്രദ്ധ നൽകും. അവരുടെ ഇഷ്ടഭക്ഷണങ്ങൾ മനസ്സിലാക്കും. ചിലർക്ക്​ മുട്ടയുടെ മഞ്ഞക്കരു പൊട്ടിച്ച്​ നൽകുന്നത്​ ഇഷ്ടപ്പെടില്ല. അന്നേരം അത്​ അങ്ങനെ തന്നെ കഴിക്കണം എന്നു​ പറഞ്ഞ്​ നിർബന്ധിക്കില്ല​. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ കുട്ടികളുടെ വാശിക്ക്​ നിന്നുകൊടുക്കുന്നതായിട്ടാണ്​ എല്ലാവരും പറയുക. അത്​ വാശിയല്ല, അവരുടെ ആഗ്രഹമാണ്​. അത്​ അങ്ങനെതന്നെ കാണണം. പറ്റുന്നത്​ സാധിപ്പിച്ചു​ കൊടുക്കണം.

രണ്ട് ആൺകുട്ടികൾ ഉള്ള കുറെ പേർ ഞങ്ങൾക്ക് മെസേജ് ചെയ്തിരുന്നു, ആൺകുട്ടികളെ നോക്കാൻ പാടാണെന്നു പറഞ്ഞുകൊണ്ട്​. പെൺമക്കളെ പ്രസവിക്കുന്തോറും ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ കൂടുക മാത്രമാണുണ്ടായത്.


വീട്ടുജോലികളും കുട്ടികളെ നോക്കുന്നതും മാനേജ്​ ചെയ്യുന്നത്​ എങ്ങനെ?

തഹാനിയ: എന്‍റെ വീട്ടിൽ ഞാൻ ഒറ്റക്കു തന്നെയാണ്​ വീട്ടുജോലികൾ ചെയ്യുന്നത്​. ഭർത്താവും ഇടക്ക്​ സഹായിക്കാറുണ്ട്​. അതുതന്നെ അടുക്കളയിലെ പണിക്ക്​ ഒന്നുമല്ല. കുട്ടികളെ എടുക്കാനും നോക്കാനും കൂടും. ഭർത്താവിന്​ അദ്ദേഹത്തിന്റേതായ​ തിരക്കുകളുണ്ട്​. അവർ പിന്തുണക്കുന്നതുകൊണ്ടും വരുമാനത്തിനും മറ്റുമായ കാര്യങ്ങൾ അടുപ്പിക്കുന്നതും കൊണ്ടാണ്​ വീട്ടിൽ എനിക്ക്​ ഒറ്റക്ക്​ ഇത്രയും കാര്യങ്ങൾ ചെയ്തുതീർക്കാൻ പറ്റുന്നത്​.

ഒരിക്കൽ മൂന്നു കുട്ടികളുള്ള ഒരു അമ്മ മെസേജ്​ അയച്ചു. വീട്ടിലെ ജോലി എടുത്ത്​ തീരാത്തതിനാൽ ഭയങ്കര ഡിപ്രഷൻ അടിക്കുന്നുവെന്നാണ്​ അവർ പറഞ്ഞത്​. അത് പതുക്കെ​ കുട്ടികളോടുള്ള ദേഷ്യമായി മാറുന്നുവെന്നും. അങ്ങനെ​ ഒരിക്കലും പാടില്ല. മറ്റൊന്നിനോടുള്ള ദേഷ്യം നമ്മൾ കുട്ടികളോട്​ എടുക്കരുത്​. ഭർത്താവ്​ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നില്ല എന്നത്​ കുട്ടികളെ നോക്കാതിരിക്കാൻ കാരണമാക്കരുത്​.

എന്തുകൊണ്ട്​ വീട്ടുജോലിക്ക്​ ആളെ വെച്ചുകൂടാ?

തഹാനിയ: വീട്ടുജോലിക്ക്​ ഒരു സഹായിയെ വെച്ചാൽ അവർ കുട്ടികളെ എങ്ങനെ നോക്കും എന്ന വേവലാതിയുണ്ട്​. കുട്ടികൾ ഭക്ഷണം താഴെ കളയുമ്പോഴും ചിലപ്പോൾ എവിടെയെങ്കിലും മൂത്രമൊഴിക്കുമ്പോഴും ആദ്യമൊക്കെ അവർ സഹിക്കും. പിന്നീട്​ അവർക്ക്​ അത്​ മടുപ്പായി തോന്നും. നമ്മുടെ കുട്ടികളെ നമുക്ക്​ മാത്രമേ​ മടുക്കാതെ നോക്കാൻ കഴിയൂ. മക്കൾ സ്വയം അവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തരായാൽ ജോലിക്ക്​ ആളെ വെക്കാം. അപ്പോൾ പിന്നെ ടെൻഷൻ വേണ്ട.


കുട്ടികളുടെ കാര്യങ്ങൾ ഓർത്ത്​ ടെൻഷൻ ഉണ്ടാകാറുണ്ടോ?

തഹാനിയ: ഇപ്പോൾ എനിക്ക്​ ടെൻഷൻ അടിക്കാൻ പോലും സമയമില്ല. കാരണം ഞാൻ ഫുൾടൈം ബിസിയാണ്​. രാവിലെ കുട്ടികളെ സ്കൂളിൽ വിടാനുള്ള തിരക്കിലാകും. പിന്നീട്​ വീട്ടിലെ ജോലികൾ. വൈകീട്ട്​ സ്കൂളിൽനിന്ന്​ കൊണ്ടുവരാൻ, തുടർന്ന്​ മദ്റസയിൽ വിടാൻ.

അവിടെനിന്ന്​ കൊണ്ടുവരാൻ. വീട്ടിലെത്തിയാൽ അവരെ കുളിപ്പിക്കാൻ, ഭക്ഷണം ഉണ്ടാക്കാൻ, പഠിപ്പിക്കാൻ, ഉറക്കാൻ എന്ന്​ തുടങ്ങി തിരക്കോടു​ തിരക്ക്​. പിറ്റേ ദിവസം രാവിലെ മുതൽ ഇത്​ ആവർത്തിക്കും. അതിന്‍റെ ഇടയിലാണ് യൂട്യൂബിലേക്കായി​ വിഡിയോ എടുക്കുന്നതും അത്​ പോസ്റ്റ്​ ചെയ്യുന്നതും. ദൈവത്തിന്‍റെ അനുഗ്രഹത്താൽ ഇതുവരെ ഒരു കുഴപ്പവുമില്ല.

പ്രസവമെല്ലാം നോർമലായിട്ടാ​യിരുന്നുവോ?

തഹാനിയ: ആറാമത്തെ കുട്ടിയുടേതു മാത്രം സിസേറിയനായി. കഴിഞ്ഞ ഒക്​ടോബർ ഒന്നിനായിരുന്നു അവൾ ജനിച്ചത്. എല്ലാ പ്രസവത്തിനു​ മുമ്പും എനിക്ക്​ പ്രസവ വേദന വന്നിട്ടില്ല. അതിനാൽ ഡേറ്റിനോട്​ അടുക്കുമ്പോൾ ആശുപത്രിയിൽ അഡ്​മിറ്റാകുകയാണ്​ ചെയ്യുന്നത്​. മരുന്നുവെച്ച്​ പ്രസവ വേദന വരുത്തിക്കുകയാണ് ഡോക്ടർമാർ ചെയ്യുക​.

അന്നൊരു ശനിയാഴ്ച രാവിലെ മൂന്നാമത്തെ മക​ളെ മദ്റസയിൽ പോകാൻ വിട്ടു. ഭർത്താവ്​ അന്ന്​ മാഹിക്ക്​ പോകാൻ വീട്ടിൽ നിന്നിറങ്ങി. പിന്നീടാണ്​ എനിക്ക്​ ചെറിയ അസ്വസ്ഥത തോന്നിയത്​. ഫ്ലൂയിഡ്​ പോകുന്നതായി മനസ്സിലായപ്പോൾ അടുത്ത മുറിയിൽ കിടന്ന ഉമ്മയുടെ അടുത്തെത്തി.

ഉമ്മയുടെ പേടി കണ്ട്​ മൂത്ത കുട്ടികൾ എത്തി ഉടനെ ഭർത്താവിനെ ഫോണിൽ വിളിച്ചു. അദ്ദേഹം റെയിൽവേ സ്​റ്റേഷനിൽ എത്തുന്നതിനു​ മുമ്പേ ഫോൺ വിളി കണ്ട്​ തിരികെ എത്തി. പിന്നെ ഒന്നും ഓർമയില്ല. അഞ്ചു മക്കളെയും വീട്ടിൽ ആക്കി അടച്ചിട്ടിട്ടാണ്​ ഉമ്മക്കും ഭർത്താവിനും ഒപ്പം ആശുപത്രിയിലേക്ക്​ പോകുന്നത്​.

ഡോക്ടർ വന്ന്​ പരിശോധിച്ചപ്പോൾ സർജറി വേണമെന്ന്​ പറഞ്ഞു. അതോടെ പരിഭ്രാന്തിയായി. ഇതിന്​ മുമ്പുള്ളതെല്ലാം നോർമൽ ഡെലിവറിയായിരുന്നു. വീട്ടിലെ കുട്ടികളുടെ കാര്യം ആലോചിച്ചിട്ട്​ ആകെ ടെൻഷനടിച്ചു. ഇളയ കുട്ടി എഴുന്നേൽക്കുമ്പോൾ ആര്​ ഡയപ്പർ മാറ്റും. മറ്റുള്ളവർക്ക്​ ആര്​ ഭക്ഷണം കൊടുക്കും. എനിക്ക്​ എന്തെങ്കിലുമാകുമോ തുടങ്ങി മനസ്സാകെ കലുഷിതമായി.

കുട്ടിക്ക്​ ഓക്സിജൻ കിട്ടുന്നില്ലെന്നു പറഞ്ഞ്​ എത്രയും വേഗം സർജറി ചെയ്യേണ്ടതുണ്ടായിരുന്നു. നെഞ്ചിടിപ്പോടെയാണ്​ അതെല്ലാം ഇപ്പോഴും ഓർക്കുന്നത്​. എനിക്കെന്തെങ്കിലും സംഭവിച്ചാൽ മക്കൾക്ക്​ ആരാണെന്ന ഭയം മാത്രമായിരുന്നു എനിക്ക്​. പക്ഷേ, എല്ലാം ദൈവാനുഗ്രഹം കൊണ്ട്​ നേരെയായി. ഇപ്പോൾ സന്തോഷമായി കഴിയുന്നു.

എന്റെയും ഭർത്താവിന്റെയും ഏറ്റവും വലിയ വിഷമം ആറാമത്തെത് സിസേറിയൻ ആയതാണ്. അല്ലാതെ പെൺ കുട്ടി ആയതിലല്ല. പെൺമക്കൾ എന്നുപറഞ്ഞ് ടെൻഷൻ അടിക്കുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ; പെൺമക്കൾ പൊൻമക്കളാണ്...

Full View


Full View


Tags:    
News Summary - Kulus Family, Kannurseenath Family, children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.