ഡബ്യു.എച്ച്.ഒ ഗ്ലോബൽ ടി.ബി. റിപ്പോർട്ട് 2025 പ്രകാരം, 2024ൽ ലോകമെമ്പാടുമായി ഏകദേശം 10.7 ദശലക്ഷം ആളുകൾ ക്ഷയരോഗബാധിതരായി. ഇവരിൽ 12.3 ലക്ഷം പേർ ഈ രോഗം മൂലം മരണപ്പെട്ടു. ലോകവ്യാപകമായി മരണകാരണങ്ങളിൽ ആദ്യ പത്തിൽ ഉൾപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ് ക്ഷയരോഗം. കൂടാതെ, ഒരൊറ്റ സാംക്രമിക രോഗാണുവഴി ഉണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണവും ക്ഷയരോഗമാണ്.

>ടി.ബി ഇന്ത്യയിൽ

ലോകത്തിലെ ആകെ ടി.ബി. രോഗികളിൽ 25% ഇന്ത്യയിലാണ്. റിഫാംപിസിൻ പ്രതിരോധ ക്ഷയരോഗം (Rifampicin Resistant TB- RR-TB) ബാധിച്ച ഏകദേശം 3.9 ലക്ഷം പേരിൽ 1,64,545 പേർക്ക് മാത്രമാണ് ചികിത്സ ലഭിച്ചത്. ഇന്ത്യയിൽ ആർ.ആർ-ടി.ബി (RR-TB) രോഗികളുടെ എണ്ണം ഏകദേശം 1.5 ലക്ഷം ആയിരുന്നു. കേരളത്തിൽ പ്രതിവർഷം ഏകദേശം 200-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചികിത്സ ലഭിക്കാത്ത ഒരു ക്ഷയരോഗിക്ക് തന്റെ ജീവിതകാലത്ത് 10–12 പേരിലേക്ക് രോഗം പകരാൻ കഴിയും. അതിനാൽ ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ചെറിയ തോതിലുള്ള മരുന്ന്-പ്രതിരോധ ക്ഷയരോഗവും വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറാൻ സാധ്യതയുണ്ട്.

മരുന്ന്-പ്രതിരോധ ക്ഷയരോഗം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ

മരുന്ന്-പ്രതിരോധ ക്ഷയരോഗം (DR-TB) ഉണ്ടാകാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്:

o മരുന്ന്-പ്രതിരോധ ക്ഷയരോഗമുള്ള ഒരാളിൽ നിന്ന് നേരിട്ട് രോഗബാധ ഉണ്ടാകുക.

o സാധാരണ ക്ഷയരോഗത്തിന് നൽകുന്ന ഒന്നാംനിര മരുന്നുകളോട് രോഗാണു പ്രതിരോധശേഷി വികസിപ്പിക്കുക.

> ഇത് താഴെപ്പറയുന്ന കാരണങ്ങളാൽ സംഭവിക്കാം:

o ചികിത്സ പൂർണ്ണമായി പൂർത്തിയാക്കാതിരിക്കുക

o ചികിത്സ ഇടയ്ക്ക് നിർത്തുക

o ആവശ്യത്തിന് മരുന്ന് ലഭിക്കാതിരിക്കുക

o യുക്തിരഹിതമായ മരുന്ന് സംയോജനം ഉപയോഗിക്കുക


> പരിശോധന എങ്ങനെ ലഭ്യമാണ്?

ദേശീയ ക്ഷയരോഗ നിർമ്മാർജന പദ്ധതിയുടെ (NTEP) ഭാഗമായി, സൂക്ഷ്മാണു പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ട എല്ലാ ക്ഷയരോഗികൾക്കും നാറ്റ് (NAAT -CBNAAT/TrueNat) വഴി യൂനിവേഴ്സൽ ഡ്രഗ് യൂണിവേഴ്സൽ ഡ്രഗ് സസെപ്റ്റിബിലിറ്റി ടെസ്റ്റിംഗ് (UDST) സൗജന്യമായി ലഭ്യമാണ്. ഈ പരിശോധന കേരളത്തിലെ എല്ലാ ജില്ലകളിലും ലഭ്യമാണ്.

എപ്പോൾ മരുന്ന്-പ്രതിരോധ ക്ഷയരോഗം പരിശോധിക്കണം?

താഴെപ്പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ പരിശോധന നടത്തണം:

o ക്ഷയരോഗിയുമായി അടുത്ത സമ്പർക്കമുള്ള വ്യക്തിക്ക് ഏത് ദൈർഘ്യമുള്ള ചുമ ഉണ്ടായാലും

o രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ

o കഫത്തിൽ രക്തം കാണുക

o നെഞ്ചുവേദന

o കാരണമറിയാത്ത ശരീരഭാരക്കുറവ്

o അമിത ക്ഷീണം

o പനി

o രാത്രിയിൽ അമിത വിയർപ്പ്

o വിറയൽ

o വിശപ്പില്ലായ്മ

o ശ്വാസതടസ്സം


> പരിശോധനയ്ക്ക് ഏത് സാമ്പിളുകളാണ് നൽകേണ്ടത്?

കഫമുള്ള രോഗികളിൽ, രാവിലെ ശേഖരിക്കുന്ന പുതിയ കഫസാമ്പിളാണ് പരിശോധനയ്ക്ക് ഏറ്റവും അനുയോജ്യം. ഇത് സാധാരണയായി ശ്വാസകോശ ക്ഷയരോഗികളിൽ സാധ്യമാണ്.

ലിംഫ് ഗ്രന്ഥികൾ, വയർ, പ്ലൂറ, കേന്ദ്ര നാഡീവ്യൂഹം, ചർമ്മം, അസ്ഥി തുടങ്ങിയ മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗങ്ങളിൽ, ബാധിച്ച അവയവങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ലഭ്യമെങ്കിൽ പരിശോധനയ്ക്കായി ശേഖരിക്കണം. സൂക്ഷ്മാണു പരിശോധനയിലൂടെ സ്ഥിരീകരിച്ചാൽ മാത്രമേ മരുന്ന്-പ്രതിരോധ ക്ഷയരോഗം ഉറപ്പിക്കാനാകൂ.

> ചികിത്സ

മുൻകാലത്ത് രണ്ട് വർഷം വരെ നീണ്ടുനിന്നിരുന്ന ഇഞ്ചക്ഷനും ഗുളികകളും ഉൾപ്പെട്ട ചികിത്സയ്ക്ക് പകരം, ഇന്ന് ബി.പി.എ.എൽ.എം (BPaLM) റെജിമൻ ഉപയോഗിച്ചുള്ള 6 മാസത്തെ ചികിത്സ നിലവിലുണ്ട്.

ഈ ചികിത്സയിൽ നാല് വായ്മരുന്നുകൾ ദിവസേന ആറുമാസത്തേക്ക് നൽകുന്നു. ഇതിന് 85 ശതമാനത്തിലധികം വിജയനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

> ചികിത്സ സൗജന്യം

കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും, ജില്ലാ ടി.ബി. കേന്ദ്രങ്ങളിലൂടെയോ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ നോഡൽ ഡ്രഗ് റെസിസ്റ്റന്‍റ് ടിബി കേന്ദ്രങ്ങളിലൂടെയോ, രോഗിയെ വിലയിരുത്തിയ ശേഷം ഈ ചികിത്സ സൗജന്യമായി ലഭ്യമാണ്.

സ്വകാര്യ ആശുപത്രികളിൽ സർക്കാർ അംഗീകൃത പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ച രോഗികൾക്കും ഈ കേന്ദ്രങ്ങളിലേക്ക് ചികിത്സയ്ക്കായി റഫർ ചെയ്യാം. തുടർപരിചരണം അവരുടെ ചികിത്സിക്കുന്ന ഡോക്ടറുടെ മേൽനോട്ടത്തിൽ തുടരാവുന്നതാണ്.

ഈ മരുന്നുകൾ ഇന്ത്യയിൽ പുതുതായി ഉപയോഗത്തിൽ വന്നതിനാൽ ചില പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ എല്ലാ രോഗികളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മറ്റ് ഗുരുതര രോഗാവസ്ഥകളുള്ള ചിലരെ ഒഴികെ, ഈ ചികിത്സ പൊതുവേ സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്.


> സമ്പർക്കത്തിലുള്ളവരുടെ പരിശോധന

മരുന്ന്-പ്രതിരോധ ക്ഷയരോഗിയുമായി അടുത്ത സമ്പർക്കത്തിലുള്ള എല്ലാവരെയും കഫപരിശോധനയിലൂടെയോ നെഞ്ചിന്റെ എക്സ്-റേയിലൂടെയോ പരിശോധിച്ച് സജീവ ക്ഷയരോഗമില്ലെന്ന് ഉറപ്പാക്കുന്നു.

സജീവ ക്ഷയരോഗം ഇല്ലെങ്കിൽ, സൈടിബി സ്കിൻ ടെസ്റ്റ് (CyTB Skin Test) വഴി ക്ഷയരോഗബാധ പരിശോധിക്കാം. പരിശോധന പോസിറ്റീവ് ആണെങ്കിൽ, ടിബി പ്രിവന്‍റീവ് തെറപ്പി (TPT) നൽകാവുന്നതാണ്.

> രോഗിയെ വേർതിരിച്ച് പാർപ്പിക്കേണ്ടതില്ല

ചികിത്സ ആരംഭിച്ച് 2–4 ആഴ്ചകൾക്കുള്ളിൽ രോഗവ്യാപനസാധ്യത ഗണ്യമായി കുറയുന്നു. രോഗനിർണയത്തിന് മുമ്പ് രോഗിയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പിന്നീട് അധിക അപകടസാധ്യതയില്ല. അതിനാൽ രോഗിയെ വീട്ടിലുള്ളവരിൽ നിന്ന് വേർതിരിച്ച് പാർപ്പിക്കേണ്ടതില്ല. എന്നിരുന്നാലും പൊതുഗതാഗതത്തിലോ ആശുപത്രിയിലോ പോകുമ്പോൾ രോഗി മാസ്ക് ധരിക്കുകയും, പൊതുസ്ഥലങ്ങളിൽ കഫം മൂടാതെ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നത് രോഗവ്യാപനം തടയാനും പൊതുജനങ്ങളെയും ആരോഗ്യപ്രവർത്തകരെയും സംരക്ഷിക്കാനും സഹായിക്കും.




ഡോ. അനിത തിലകൻ

അസോസിയേറ്റ് പ്രൊഫസർ, ശ്വാസകോശരോഗ വിഭാഗം

ഗവ. മെഡിക്കൽ കോളേജ്, തൃശൂർ

നോഡൽ ഓഫീസർ, നോഡൽ DR-TB സെന്റർ

ഗവ. മെഡിക്കൽ കോളേജ്, തൃശൂർ

Tags:    
News Summary - Drug resistant TB treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.