ഫേസ് ക്രീം ഉപയോഗിച്ച് ‘വെളുത്തിട്ട് പാറുന്നത്’ ഇടക്കാലത്ത് ഒരു ട്രെൻഡായിരുന്നു. ഇങ്ങനെ പാറിയവരിൽ പലരും പിന്നീട് വൃക്ക അടിച്ചുപോയി നെഫ്രോളജി വിഭാഗത്തിൽ അഡ്മിറ്റായതോടെ സംഗതി പിടിവിട്ട കളിയാണെന്ന് പലർക്കും ബോധ്യമായി.
ഇത്തരം ഫേസ് ക്രീമുകളുടെ ഉപയോഗം കുത്തനെ ഇടിഞ്ഞു. എന്നാൽ, അതൊക്കെ മറവിക്ക് വിട്ടതോടെ പഴയവിഷം പുതിയ കുപ്പിയിലും പുതിയ ലേബലിലും വിപണി കീഴടക്കി തുടങ്ങി. വെളുക്കാൻ വേണ്ടി ഇത് വാരിത്തേക്കുന്നവർ പതിയെ പതിയെ നെഫ്രോളജി വിഭാഗം തേടിയെത്താനും തുടങ്ങി.
ഈ സാഹചര്യത്തിൽ ഫേസ് ക്രീമുകളെ കുറിച്ചും അവ വരുത്തിവെക്കുന്ന വിനകളെ കുറിച്ചും വിശദീകരിക്കുകയാണ് ‘മൈ ഷുഗർ ക്ലിനിക്കി’ലെ ഡോക്ടർമാർ. വെളുക്കാൻ വേണ്ടി പല ഫേസ് ക്രീമുകളിലും അനുവദിച്ചതിന്റെ 1000 ഇരട്ടി വരെ അളവിൽ മെർക്കുറി ചേർക്കുന്നതായി ഡോ. ഇ.ടി. അരുൺ തോമസ് ബോധവത്കരണ വിഡിയോയിൽ പറയുന്നു. പ്രമേഹവും മറ്റ് ജീവിതശൈലി രോഗങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഡോക്ടർമാർ, ഡയറ്റീഷ്യൻമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മൈ ഷുഗർ ക്ലിനിക്ക്.
‘മെർക്കുറി സ്വർണത്തിൽ വീണാൽ സ്വർണ്ണം വെളുത്തുപോകും. അതാണ് മെർക്കുറിയുടെ സ്വഭാവം. പല ഫേസ് ക്രീമുകളിലും അനുവദിച്ചതിന്റെ 1000 ഇരട്ടി അളവിൽ മെർക്കുറി ആഡ് ചെയ്യുന്നുണ്ട്. ഇതെല്ലാം കൂടി മുഖത്ത് പുരട്ടുമ്പോൾ ഈ മെർക്കുറി ത്വക്കിലൂടെ വലിച്ചെടുക്കും. രക്തത്തിൽ കലരും. മെർക്കുറി വൃക്കയിൽ എത്തിയാൽ ‘മെംപ്രേനിയസ് നെഫ്രോപതി’ അഥവാ പ്രോട്ടീൻ ലീക്ക് എന്ന രോഗാവസ്ഥ സൃഷ്ടിക്കും’ -അദ്ദേഹം പറഞ്ഞു.
ഈ അസുഖവുമായി എത്തിയ പല രോഗികളും ഉപയോഗിച്ച ഫേസ് ക്രീം ലാബിൽ ടെസ്റ്റ് ചെയ്യാൻ കൊടുത്തു. അവയിലുള്ള മെർക്കുറിയുടെ അളവ് കണ്ടാൽ നമ്മൾ തല ഇറങ്ങി വീഴും. ചെറിയ അംശം മെർക്കുറി പോലും നമ്മുടെ ത്വക്കിനും ശരീരത്തിനും താങ്ങാനാവില്ല. അപ്പോഴാണ് ഈ ക്രീമുകളിലെ ഉയർന്ന തോതിലുള്ള മെർക്കുറി. എല്ലാ ഫേസ് ക്രീമിലും ഇതുണ്ടെന്ന് പറയാനാവില്ല. പക്ഷേ, ഏതിലൊക്കെയാണ് ഉള്ളത് ഏതിലൊക്കെയാണ് ഇല്ലാത്തത് എന്നൊന്നും ഒരു പിടുത്തവുമില്ല. ഉണ്ടെങ്കിൽ പോലും ഇതൊന്നും ലേബലിൽ ആരും എഴുതിവെക്കില്ല. സൂക്ഷിച്ചും കണ്ടും മാത്രമേ ഫേസ് ക്രീം ഉപയോഗിക്കാവൂ.
തലയും വാലും ലേബലും ഒന്നും ഇല്ലാത്തത് വാങ്ങിക്കരുത്. വാങ്ങുന്നവയിൽ എന്തൊക്കെയാണുള്ളത് എന്ന് വായിച്ചു നോക്കുക. പരസ്യം കണ്ട് ലേബൽ ഇല്ലാത്ത ഫേസ് ക്രീംസ് ഓൺലൈനിൽ നിന്നും അവിടുന്നും ഇവിടുന്നുമൊക്കെ മേടിക്കാതിരിക്കുക. പറ്റുന്നതും ഫേസ് ക്രീം ഒന്നും ഉപയോഗിക്കാതിരിക്കുക’ -ഡോ. ഇ.ടി. അരുൺ തോമസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.