കോഴിക്കോട്: കണ്ണിമ തുറക്കാൻ പോലും കഴിയാതെ ചലനമറ്റ് കിടന്നിരുന്ന മകൻ ഇമവെട്ടാതെ തങ്ങളെ നോക്കുമ്പോൾ, വഴക്ക് പറഞ്ഞാൽ അവൻ കരയുമ്പോൾ അമ്മ ലിസിയുടെയും അച്ഛൻ തോമസിന്റെയും കണ്ണ് നിറയും. പ്രതീക്ഷയുടെ കണ്ണുനീർക്കണം. കിടന്ന കിടപ്പിൽ 30 മാസം പിന്നിടുമ്പോഴും കണ്ണിമ വെട്ടാതെ മകന്റെ തിരിച്ചുവരവിനായി കുന്നോളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രോഗീപരിചരണത്തിനിടെ നിപ ബാധിക്കുകയും പിന്നീട് നിപ എൻസഫലൈറ്റിസ് ബാധിച്ച് കിടപ്പിലാവുകയും ചെയ്ത നഴ്സ് ടിറ്റോ തോമസിന്റെ മാതാപിതാക്കൾ.
"വിളിച്ചാൽ നമ്മളെ നോക്കിക്കൊണ്ടിരിക്കും. വഴക്ക് പറഞ്ഞാൽ കരയും. രാവിലെ ഉറക്കമുണർന്നാൽ അവന് ടി.വി ഓൺ ചെയ്ത് കൊടുക്കണം. അതില്ലെങ്കിൽ ടി.വിയിലേക്കും ഞങ്ങളെയും നോക്കും. വാർത്തകളും പാട്ടുകളും നോക്കിക്കൊണ്ടിരിക്കും" - ടിറ്റോയുടെ ഇപ്പോഴത്തെ അവസ്ഥ പിതാവ് തോമസ് വിവരിക്കുന്നു. കണ്ണിമ തുറക്കാനാകാതെ ശ്വസിക്കാൻ പോലും കഴിയാതെ കോമാവസ്ഥയിലായ ടിറ്റോയുടെ ചെറിയ അനക്കം പോലും ഈ മാതാപിതാക്കൾക്ക് പകരുന്ന ആശ്വാസം ചെറുതല്ല.
2023ൽ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നിപ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയെ വൈറസ് പിടികൂടിയത്. ഓഗസ്റ്റിൽ നിപ ബാധിച്ച് മരിച്ചയാളിൽനിന്ന് നിപ ബാധിച്ചതെന്നാണ് അനുമാനം. രോഗമുക്തി നേടി ടിറ്റോ വീണ്ടും ജോലിയിൽ പ്രവേശിച്ചെങ്കിലും ഡിസംബറിൽ ശക്തമായ തലവേദന അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ നിപ എൻസഫലൈറ്റിസ് ബാധിച്ചതായി കണ്ടെത്തി.
കർണാടക മംഗളൂരു മർദാല സ്വദേശിയായ ടിറ്റോ നഴ്സായി ജോലിയിൽ പ്രവേശിച്ച് എട്ട് മാസം പിന്നിടുമ്പോഴാണ് നിപ കീഴടക്കിയത്. പിന്നീട് നിപ എൻസഫലൈറ്റിസ് പിടിപെട്ട് കോമാവസ്ഥയിലായ ടിറ്റോയുടെ ചികിത്സ ഇഖ്റ ആശുപത്രി ഏറ്റെടുത്തു. തൊണ്ടയിൽ ഘടിപ്പിച്ച ട്യൂബിലൂടെയായിരുന്നു ശ്വാസോച്ഛ്വാസം. ഇത് ഒരു വർഷം മുമ്പ് എടുത്തുമാറ്റി. വയറിൽ ട്യൂബിട്ടാണ് ഇപ്പോഴും ഭക്ഷണം നൽകുന്നത്. ഒന്നര വർഷത്തോളം ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് ആശുപത്രിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് മാറി. ചികിത്സാ ചെലവുകളും വീടിന്റെ വാടകയും ഇപ്പോഴും ഇഖ്റ ആശുപത്രി അധികൃതർ നോക്കുന്നു. ലിസിയും തോമസും കോഴിക്കോട് വന്നുനിന്നാണ് മകനെ പരിചരിക്കുന്നത്. ഇതോടെ കൃഷിപ്പണിക്കാരായ ഇവരുടെ വരുമാനമാർഗങ്ങൾ നിലച്ചു. ടിറ്റോയുമായി നാട്ടിലേക്കു മടങ്ങിയാൽ അവന്റെ ചികിത്സ മുടങ്ങുകയും ചെയ്യും.
ടിറ്റോയുടെ ചികിത്സാർഥം സഹോദരൻ ഷിജോയ്ക്കും ഒന്നര വർഷത്തോളം ജോലിക്കു പോകാൻ കഴിഞ്ഞില്ല. ഇതോടെ ഷിജോയുടെ വിദ്യാഭ്യാസ ലോണും തോമസിന്റെ ലോണും അടവ് മുടങ്ങി. ഇന്ന് ലോൺ അടവും ദൈനംദിന ചെലവുകളും കുടുംബത്തിന് മുന്നിൽ വെല്ലുവിളിയാണ്. കേരളത്തിൽ നിന്ന് കർണാടകയിലെ മർദാലയിലേക്ക് കുടിയേറിയവരാണ് ടിറ്റോയുടെ കുടുംബം.ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷയിലാണ് കുടുംബം. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതിന് ശേഷവും ചെറിയ തോതിലുള്ള പുരോഗതിയുണ്ട്. അത് കാണുമ്പോൾ മാതാപിതാക്കളുടെ പ്രതീക്ഷയും വർധിക്കുന്നു.
നിപ വൈറസ് റീ-ആക്ടിവേറ്റ് ചെയ്യുന്ന (തലച്ചോറിനെ വീണ്ടും ആക്രമിക്കുന്ന) അത്യപൂർവ പ്രതിഭാസമാണ് ടിറ്റോയിൽ കണ്ടെത്തിയതെന്ന് കോഴിക്കോട് നിപ റിസർച്ച് സെന്റർ നോഡൽ ഓഫീസർ ഡോ. അനീഷ് വ്യക്തമാക്കി. ലോകത്ത് തന്നെ അപൂർവമായേ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അതിനാൽ കേരളത്തിലെ ആരോഗ്യ വകുപ്പിന് മുന്നിലും ടിറ്റോ ഒരു ചോദ്യചിഹ്നമാണ്. ടിറ്റോ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് കേരളം. ടിറ്റോയുടെ അവസ്ഥ മാധ്യമം റിപ്പോർട്ട് ചെയ്യുകയും പിന്നീട് സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 ലക്ഷം രൂപ സഹായം അനുവദിക്കുകയും ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.