സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ്​ മോണരോഗം. പല്ല് വൃത്തിയാക്കുന്നതിലെ അശ്രദ്ധ കാരണം ആരംഭിക്കുന്ന ഈ രോഗം അധികമാളുകളും കാര്യമായെടുക്കാറില്ല. തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നതാണ് രോഗത്തിന്‍റെ പ്രത്യേകത. പല്ലിലെ പോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്​ മോണരോഗമാണ്. മുതിർന്നവരിൽ പല്ല് നഷ്ടപ്പെടുന്നതിന്‍റെ പ്രധാന കാരണവും ഈ രോഗംതന്നെ.

എന്താണ് മോണരോഗം, കാരണങ്ങൾ?

മോണ എന്നത് പുറമേക്ക് കാണുന്ന പിങ്ക് നിറത്തിലുള്ള ജിൻജൈവ (gingiva) അല്ലെങ്കിൽ ഗം (gum), പല്ല് ഉറച്ചിരിക്കുന്ന എല്ല് അഥവാ ആൽവിയോലാർബോൺ (alveolarbone), പല്ലിന്‍റെയും എല്ലിന്‍റെയും ഇടയിലെ നാരുപോലുള്ള ബന്ധം അഥവാ പീരിയോഡെന്‍റൽ ലിഗമെന്‍റ് ​(periodontal ligament), വേരിനെ ആവരണം ചെയ്യുന്ന സിമെന്റം (cementum) എന്നീ ഭാഗങ്ങളെല്ലാം കൂടി ചേർന്നതാണ്. ഇവയിലോരോന്നിന്‍റെയും ഘടനയിലെ വ്യതിയാനങ്ങൾ മോണരോഗം ഉണ്ടാകാൻ കാരണമാകുന്നു.

മോണഘടനയിലെ വ്യതിയാനങ്ങൾ

മോണരോഗത്തിന്‍റെ പ്രധാന കാരണം പല്ലിലടിയുന്ന അഴുക്കാണ്. ആഹാരം കഴിച്ച്​ ഒരു മണിക്കൂറാകുമ്പോഴേക്കുതന്നെ പല്ലിലും പല്ലും മോണയും ചേരുന്നഭാഗത്തും നേർത്ത പാടപോലെ ഒരു പാളി രൂപപ്പെടുന്നു. ഭക്ഷണപദാർഥങ്ങളിൽ അണുക്കൾ പ്രവർത്തിച്ച്​ ഉമിനീരിന്‍റെ സഹായത്തോടെ ഉണ്ടായിവരുന്നതാണിത്​. തുടക്കത്തിൽ ഇതിനെ ഡെന്‍റൽ പ്ലാക് എന്നുപറയുന്നു. ഇത് വളരെ മൃദുവാണ്. നോർമൽ ബ്രഷിങ്ങിൽ ഇത് ഇല്ലാതാകുന്നു. എന്നാൽ, ശരിയായ സമയത്ത് ശുചിയാക്കാതിരുന്നാൽ ഡെന്‍റൽ പ്ലാക് കട്ടിവെക്കുകയും കൂടുതലാകുകയും മോണയുടെ ബാക്കി ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇതാണ് ഇത്തിൾ (Tartar) അല്ലെങ്കിൽ കാൽക്കുലസ്‌ (calculas). ഇത് കാൽസ്യം ഡെപ്പോസിറ്റ് ആണെന്നുള്ള അബദ്ധധാരണയുണ്ട്. അത് തെറ്റാണ്. ഈയൊരവസ്ഥയിൽ ഡെന്‍റിസ്റ്റിനെ കണ്ട്​ പല്ല്​ ക്ലീൻ ചെയ്യുകയാണ്​ വേണ്ടത്​.

അഴുക്കുള്ളയിടങ്ങളിൽ ബാക്ടീരിയ അധികം ഉണ്ടാകുന്നു. ബാക്​ടീരിയ ഉൽപാദിപ്പിക്കുന്ന ടോക്സിൻസിന്‍റെ ഫലമായി മോണയിൽ അണുബാധ വരുന്നു. ഇതിനെ പ്രതിരോധിക്കാനായി മോണയിൽ രക്തം കൂടുതലായി നിലനിർത്താൻ ശരീരം ശ്രമിക്കുന്നു. അപ്പോഴാണ് ചെറിയ സ്പർശനത്താൽതന്നെ രക്തം വരാനിടയാകുന്നത്.

പലരും ബ്രഷ് കൊണ്ടിട്ടാണ് രക്തം പൊടിയുന്നതെന്നു കരുതി ആ ഭാഗങ്ങളിൽ ബ്രഷ് ചെയ്യാതിരിക്കുകയും അത് പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്യും. ബ്രഷിനേക്കാൾ കട്ടിയുള്ള ഭക്ഷണസാധനങ്ങൾ കഴിച്ചാൽപോലും മുറിയാത്തത്ര ശക്തമാണ് ആരോഗ്യമുള്ള മോണ. അതിനാൽ ആരോഗ്യമുള്ള മോണയിൽ ബ്രഷുകൾ കൊണ്ടാൽ രക്തം വരാൻ സാധ്യതയില്ല. ഡെന്‍റിസ്റ്റിനെ കണ്ട് ചികിത്സിക്കുകയാണ് മോണയിൽനിന്ന്​ രക്തം വരുന്നത് ശ്രദ്ധയിൽപെട്ടാൽ ചെയ്യേണ്ടത്.

മറ്റു കാരണങ്ങൾ

ഹോർമോൺ വ്യതിയാനങ്ങൾ, പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ, പോഷകാഹാരക്കുറവ്​, വിറ്റമിൻ കുറവ്, എയ്ഡ്‌സ്, ലുക്കീമിയ പോലുള്ള അസുഖങ്ങൾ, ചില പാരമ്പര്യഘടകങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം മുതലായവയും മോണരോഗത്തിന് കാരണമാകാറുണ്ട്.

തുടക്ക ലക്ഷണങ്ങൾ

● പല്ലുതേക്കുമ്പോൾ മോണയിൽനിന്ന് രക്തം വരുക

● കട്ടിയുള്ള ആഹാരം കഴിക്കുമ്പോൾ (ആപ്പിൾ, പേരക്ക) അതിൽ രക്തത്തുള്ളികൾ കാണുക

● മോണക്ക് കടുംചുവപ്പ് നിറം കാണുക

● മോണയിൽ നീരുവന്ന് വീർക്കുക

● വായ്നാറ്റം

● പല്ലിൽനിന്ന് വിട്ടുനിൽക്കുന്ന മോണ

രോഗം മൂർച്ഛിച്ചാലുള്ള

ലക്ഷണങ്ങൾ

● പല്ലിന് നീളം കൂടിയതായി തോന്നുക അഥവാ ജിൻജൈവൽ റിസഷൻ (പല്ലുകൾ വേരു മുതൽ കാണുന്നവിധത്തിൽ താഴ്ന്ന മോണ)

● ചില സമയങ്ങളിൽ മോണയിൽ വേദന

● മുതിർന്നവരിൽ പല്ലുകൾക്കിടയിൽ നേരത്തേ ഇല്ലാത്ത വിടവുകൾ കാണപ്പെടുക

● പല്ലിന്​ ഇളക്കം

ഘട്ടങ്ങൾ

മോണരോഗം പ്രധാനമായും രണ്ടു തരമുണ്ട്. ആദ്യത്തെ അവസ്ഥയെ മോണവീക്കം അഥവാ ജിൻജിവൈറ്റിസ് എന്നുപറയുന്നു. ഇതിൽ മോണയുടെ പുറമെയുള്ള മൃദുവായ കലകളെ മാത്രമേ ബാധിക്കുന്നുള്ളൂ. ഇത് തീർത്തും ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടമാണ്. എന്നാൽ, പിന്നീട്​ തീവ്രമുള്ള അവസ്ഥയെ മോണപ്പഴുപ്പ് അഥവാ പീരിയോഡെൈന്‍ററ്റിസ് എന്നു പറയുന്നു. ഇതിൽ മോണയുടെ ഉൾഭാഗത്തെയും അസ്ഥികളെയും ബാധിക്കുന്നു.

മോണപ്പഴുപ്പ് എത്തുമ്പോൾ അസ്ഥിക്കുകൂടി തേയ്മാനം വന്ന്​ പല്ലുകൾക്ക്​ ഇളക്കം സംഭവിക്കുന്നു. എന്നാൽ, ചുരുക്കം ചിലരിൽ ചെറിയ പ്രായത്തിൽതന്നെ എത്ര വൃത്തിയായി വായ സൂക്ഷിച്ചാലും മോണപ്പഴുപ്പ് ഉണ്ടാകുന്നു. ഇത് പെട്ടെന്ന് വ്യാപിച്ച്​ പല്ലുകൾ കൊഴിയുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതിനെ അഗ്രസിവ്​ പീരിയോഡെൈന്‍ററ്റിസ് എന്ന് പറയും. ഇത് ജനിതകമായ ചില കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്.

ആരിലൊക്കെ, എങ്ങനെയെല്ലാം?

പുകവലിക്കുന്നവരിൽ മോണരോഗത്തിന്‍റെ തോത് വളരെ കൂടുതലാണ്. പ​േക്ഷ പുക, കലകൾക്കുള്ളിലെ ഓക്സിജന്‍റെ അളവ് കുറക്കുന്നതിനാൽ രക്തസ്രാവവും ചുവപ്പു​നിറവും ഇവരിൽ കാണാറില്ല. അതിനാൽ പല്ലുകൾക്ക് ഇളക്കം വരുമ്പോഴാണ് പുകവലിക്കാർ പലപ്പോഴും മോണരോഗം തിരിച്ചറിയുന്നത്.

ഹൃദയവുമായുള്ള ബന്ധം

മോണരോഗത്തിന്‍റെ ഫലമായി വായിലെ ബാക്ടീരിയയും മറ്റു ടോക്സിൻസും നേരിട്ട് രക്തക്കുഴലിലേക്ക് പ്രവേശിക്കുകയും ആർട്ടറിയുടെ ഉൾവശങ്ങളിൽ പറ്റിപ്പിടിച്ച്​ പ്രധാന രക്തക്കുഴലുകളുടെ വിസ്തീർണം കുറച്ച്, രക്തത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ ബാക്ടീരിയൽ അണുബാധ ഉണ്ടാവുകയും അത് ഹൃദയാഘാതം, സ്ട്രോക് എന്നിവയിലേക്കു നയിക്കുകയും ചെയ്യും.


ഗർഭിണികളിൽ, മോണരോഗമുണ്ടാക്കുന്ന അണുക്കൾ പുറപ്പെടുവിക്കുന്ന സ്രവം രക്തത്തിലൂടെ പ്ലസന്റ വഴി കുഞ്ഞിലെത്തുകയും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ​െചയ്യുന്നു. ഗർഭകാലത്ത് മോണരോഗമുണ്ടായാൽ നാലുമുതൽ ആറുവരെ മാസമാണ് ചികിത്സകൾക്ക്​ പ്രാധാന്യം നൽകേണ്ടത്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ കാരണമാണ്​ മോണരോഗം കൂടുതലായി കാണുന്നത്. ആ സമയത്ത് മോണയിലേക്കുള്ള രക്തപ്രവാഹം കൂടുതലായിരിക്കും.

മാനസിക സമ്മർദം കൂടുതലുള്ളവരിലും മോണരോഗം കണ്ടുവരാറുണ്ട്. കുട്ടികളിൽ ഈ രോഗം സാധാരണമല്ല. എന്നാൽ, ചില വൈറൽ രോഗങ്ങൾ കാരണം കുഞ്ഞുങ്ങളിൽ മോണരോഗം കാണാം. ഇതിന് ചില ജനിതകപരമായ കാരണങ്ങളുണ്ട്. ഒട്ടുമിക്ക രോഗങ്ങളുടെയും ആദ്യത്തെ ചില ലക്ഷണങ്ങളെന്നോണം മോണയിൽ ചില മാറ്റങ്ങൾ സാധാരണ കണ്ടുവരാറുണ്ട്.

ക്ലിപ്പിടുമ്പോൾ പല്ലുകളിൽ കൂടുതൽ സമ്മർദമുണ്ടായാൽ മോണയുടെ ആരോഗ്യത്തെ ബാധിക്കും. കയറിയിറങ്ങിയ പല്ലുകൾ ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം വായിൽ ക്ലീനിങ് യഥാവിധി നടത്താൻ സാധ്യമാവില്ലെന്നതാണ് കാരണം. ഇതുപോലെ 38ഓളം മറ്റ്​ അസുഖങ്ങളുമായി മോണരോഗത്തിന് ബന്ധമുണ്ടെന്ന്​ പഠനങ്ങൾ പറയുന്നു.

ചികിത്സ

കട്ടിയായ ഇത്തിൾ നീക്കാൻ ഡെന്‍റിസ്റ്റിന്‍റെ സഹായം ആവശ്യമാണ്. ഡെന്റിസ്റ്റ്​ പ്രത്യേകതരം ഉപകരണം (അൾട്രാസോണിക് സ്കേലർ) ഉപയോഗിച്ചാണിത്​ നീക്കംചെയ്യുന്നത്. ഇതിനെയാണ് ക്ലീനിങ് അഥവാ സ്കേലിങ്​ എന്നുപറയുന്നത്. ഈ ഉപകരണം ശബ്ദ​േത്തക്കാൾ വേഗത്തിൽ പ്രകമ്പനം കൊള്ളുകയും അത് പല്ലിൽ ഒട്ടിയ ഇത്തിളിനെ വേർപെടുത്തുകയും ചെയ്യും. എന്നാൽ, കാഠിന്യമുള്ള ഇനാമലിനെ ഇളക്കാൻ ഇതിനു സാധിക്കില്ല.

മോണക്കും അസ്ഥിക്കുമിടയിൽ വിടവ് അഥവാ കീശപോലെ രൂപപ്പെടുന്ന അവസ്ഥയാണ്​ പീരിയോഡെന്‍റൽ പോക്കറ്റ്. ഇതിന്‍റെ അളവ് നിർണയിക്കുന്നത്​ പീരിയോഡെന്‍റൽ പ്രോബ് എന്ന ഉപകരണമാണ്. ആഴമേറിയ പോക്കറ്റുകൾ മോണ തുറന്നുള്ള ശസ്ത്രക്രിയവഴി നീക്കംചെയ്യേണ്ടിവരും. ഈ പ്രക്രിയയെ ഫ്ലാപ് സർജറി എന്ന് പറയുന്നു.

അസ്ഥിക്ക് തേയ്മാനം വന്ന ഭാഗത്ത് പുനരുജ്ജീവനം നടത്താൻ ബോൺ ഗ്രാഫ്​റ്റ്​ എന്ന പദാർഥങ്ങൾ ഉപയോഗിക്കാറുണ്ട്. എല്ലിലെ അപാകത രാകി മിനുസപ്പെടുത്താനായി അസ്ഥിഛേദന ശസ്ത്രക്രിയകളും ചിലപ്പോൾ വേണ്ടിവരും. എല്ലിന്​ തേയ്മാനമുണ്ടെങ്കിൽ അവിടം മരവിപ്പിച്ചശേഷം ഉള്ളിൽനിന്ന് അണുബാധ വിമുക്തമാക്കുകയാണ്​ ഫ്ലാപ്​ സർജറിയിൽ ചെയ്യുന്നത്. എക്സ്റേയിലൂടെ തേയ്മാനം തിരിച്ചറിയാം.

സർജറിക്കുശേഷവും പല്ലുകൾ ശുചിയാക്കിവെക്കാൻ ശ്രദ്ധിക്കണം. അതിലൂടെ രോഗം തിരിച്ചെത്താനുള്ള സാധ്യത കുറക്കാം. നശിച്ചുപോയ എല്ലുകൾ പൂർവസ്ഥിതിയിലേക്കു കൊണ്ടുവരാൻ ബോൺ ഗ്രാഫ്റ്റിങ് സഹായിക്കും.

ഹൃദ്രോഗികൾ ഡെന്‍റിസ്റ്റിനെ കാണുമ്പോൾ മരുന്നുവിവരം കൃത്യമായി അറിയിക്കണം. മോണയുടെ സർജറിക്കുശേഷം ഡോക്ടർ പറയുന്ന നിർദേശങ്ങൾ യഥാവിധി പാലിക്കണം. ചികിത്സ കാലയളവിൽ പുകവലിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ്​ കൂടുന്നതുമൊക്കെ പ്രതികൂലമായി ബാധിക്കും. പല്ലും മോണയും ആരോഗ്യത്തോടെ ഇരുന്നാൽ വായ്നാറ്റം, മോണയിലെ നീര്, പഴുപ്പ് തുടങ്ങിയവ തടയാം.

അൽപം ചില മുൻകരുതലുകൾ

ശരിയായ രീതിയിലും സമയത്തും പല്ലുകൾ തേക്കണം. വെളുത്ത പല്ലുകൾ മാത്രമല്ല ആരോഗ്യകരം. ബ്രഷ് ചെയ്യുന്നതിന്‍റെ രീതി വളരെ പ്രധാനപ്പെട്ടതാണ്​. ഇടത്തുനിന്ന് വലത്തോ​ട്ടോ വലത്തുനിന്ന്​ ഇടത്തോട്ടോ ചെയ്യുന്ന സാധാരണ പാറ്റേൺ അല്ല ശീലിക്കേണ്ടത്. അങ്ങനെയാകുമ്പോൾ പല്ലിന്‍റെ കഴുത്ത് അഥവാ പല്ല് മോണയുമായി ചേരുന്ന ഭാഗത്ത്‌ തേയ്മാനം വരാൻ അത് കാരണമാകുന്നു. പകരം മേൽവരിയിലെ പല്ലുകൾ മുകളിൽനിന്ന് താഴേക്കും കീഴ്ത്താടിയിലെ പല്ലുകൾ താഴെനിന്ന്​ മുകളിലേക്കുമാണ് തേക്കേണ്ടത്. അമിതമായ ബലം കൊടുക്കേണ്ടതില്ല.

3 മുതൽ 5 മിനിറ്റുവരെ തേക്കാം

പല്ലുകൾക്കിടയിൽ കുടുങ്ങിയ വേസ്റ്റ് സാധാരണ ബ്രഷിങ്ങിൽ പോരുന്നില്ലെങ്കിൽ ടൂത്ത്​ പിക്കോ ഈർക്കിലോ പിന്നോ എടുത്ത് കുത്തിയെടുക്കാൻ ശ്രമിക്കരുത്. പകരം ഇന്റർഡെന്റൽ ബ്രഷ് എന്ന ചെറിയതരം ബ്രഷുകൊണ്ട്​ ക്ലീൻ ചെയ്യാവുന്നതാണ്​.

ഏതുതരം ബ്രഷ്?

മാർക്കറ്റിൽ ലഭ്യമായതിൽ സോഫ്റ്റ്‌ ടൈപ് ബ്രഷ് തിരഞ്ഞെടുക്കുന്നതാണ്​ കൂടുതൽ ഉചിതം. ഹാർഡ് ബ്രഷുകൊണ്ട് തേച്ചാലേ പല്ല് വെളുക്കൂ എന്ന ധാരണ പൊതുവെയുണ്ട്. അത് തെറ്റാണ്. പല്ലുതേക്കുന്നതോടൊപ്പം ഫ്ലോസിങ് എന്നരീതിയും അവലംബിച്ചാൽ ഒരു പരിധി വരെ മറ്റു സഹായമില്ലാതെ പല്ലുകൾ ആരോഗ്യത്തോടെ സൂക്ഷിക്കാം.

ഡെന്‍റൽ ഫ്ലോസിങ് എങ്ങനെ?

ഫ്ലോസിങ്ങിനു മുമ്പ് കൈ വൃത്തിയാക്കണമെന്നത് മറക്കരുത്. പല്ലു വൃത്തിയാക്കാനുള്ള സിൽക് നൂൽ (ഫ്ലോസ്) ഒരു കൈയുടെ നടുവിരലിൽ ചുറ്റുക. അതിന്‍റെ മറ്റേയറ്റം അടുത്ത കൈയിലെ നടുവിരലിലേക്ക് ചുറ്റുക. 18 ഇഞ്ച് നീളത്തിലുള്ളതായിരിക്കണം നൂൽ. രണ്ടു വിരലിനുമിടയിൽ ഒന്നുമുതൽ രണ്ട് ഇഞ്ചുവരെ നീളത്തിൽ നൂലുണ്ടായിരിക്കണം.

സിഗ്സാഗ് ആയാണ് നൂലിനെ പല്ലുകൾക്കിടയിലൂടെ നീക്കേണ്ടത്. നൂലി നെ 'C' രൂപത്തിൽ വളച്ച് പല്ലിന്റെ വശങ്ങൾ വൃത്തിയാക്കാം. പല്ലിന്‍റെ ഉപരിതലത്തിൽ താഴേക്കും മുകളിലേക്കും നീക്കുക. പല്ലുകളുടെ പിറകുവശവും ഫ്ലോസ് ചെയ്യാൻ മറക്കരുത്.

ഒരു പല്ല് വൃത്തിയാക്കി അടുത്തതിലേക്ക് കടക്കുമ്പോൾ നൂലിന്‍റെ പുതിയ ഭാഗം ഉപയോഗിക്കണം. അതിനായി ഒരു വിരലിൽനിന്ന് ചുറ്റിയിട്ട ഫ്ലോസ് അഴിക്കുകയും മറ്റേതിലേക്ക്​ ചുറ്റുകയും ചെയ്യാം. ഇലക്ട്രിക് ഫ്ലോസറും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ശരിയായ രീതിയിൽ ഫ്ലോസിങ് നടത്തേണ്ടതും അത്യാവശ്യമാണ്. മൃദുവായി മാത്രമേ ഫ്ലോസിങ് നടത്താവൂ; പ്രത്യേകിച്ച് ഇലക്ട്രിക് ഫ്ലോസർ ഉപയോഗിക്കുമ്പോൾ. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഫ്ലോസിങ്​ ചെയ്യുക.


,ക്ലീനിങ്ങും പല്ല് പുളിപ്പും

പല്ല് ക്ലീനിങ്ങിന്​​ നിർദേശിക്കുമ്പോൾ രോഗികൾ സ്ഥിരമായി ഉന്നയിക്കാറുള്ള ചോദ്യങ്ങളാണ്​; പുളിപ്പുണ്ടാവില്ലേ, തേയ്മാനം വരില്ലേ, ഇനാമൽ പോകില്ലേ എന്നൊക്കെ.

സെക്കൻഡിൽ 20,000 മുതൽ 40,000 വരെ ആർ.പി.എമ്മിൽ കറങ്ങുന്ന ഒരു അൾട്രാസോണിക് സ്​കേലർ നാം പല്ലില്ലേക്ക്​ വെക്കുമ്പോൾ ഈ സോഫ്റ്റ്‌ വൈബ്രേഷൻ കാരണം, കട്ടിയായിക്കിടക്കുന്ന അഴുക്കുകൾക്ക് സ്ഥാനചലനം സംഭവിക്കുകയും അത് ഇളകിപ്പോവുകയും ചെയ്യുന്നു.

കട്ടിയായ ഈ കാൽക്കുലസ് ക്ലിനീങ്ങിനിടയിൽ സ്പിറ്റൂണിലേക്ക് തുപ്പിക്കളയുമ്പോൾ മിക്ക രോഗികളും പരിഭ്രാന്തരാകുന്നു. അയ്യോ, എന്റെ പല്ലിന്‍റെ ഇനാമൽ പൊടിഞ്ഞുപോകുകയാണെന്ന്. എന്നാൽ, ഇനാമൽ അല്ല കാൽക്കുലസ് എന്ന വേസ്റ്റ് പദാർഥം മാത്രമാണ് ഇളകിപ്പോകുന്നത്. ഈ കാൽക്കുലസ് അതുവരെ ഇരുന്നിട്ടുണ്ടാവുക മോണയുടെയും പല്ലിന്‍റെ വേരിന്‍റെയും ഇടയിലായിരിക്കും. അപ്പോൾ ഈ ഇത്തിൾ പോകുന്നതോടെ ആ വേരിന്‍റെ ഭാഗം ഒന്നോ രണ്ടോ ദിവസം പുറമേക്ക് കാണുന്നു. അവിടെയാണ്​ പുളിപ്പ് അനുഭവപ്പെടുന്നത്​. വളരെ പഴക്കംചെന്ന ഇത്തിൾ പല്ലിന്‍റെ വേരിനെ ആവരണംചെയ്ത് ബലം നശിപ്പിച്ചുതുടങ്ങിയിരിക്കും.

ഈ സമയത്ത് ഇത്തിൾ നീക്കുന്നതോടെ വേര് പുറത്തുവരുന്നതിനാൽ പുളിപ്പ്​ തോന്നാൻ ഇടയാക്കും. മോണ പഴയ ആരോഗ്യാവസ്ഥയിലേക്കെത്തിയാൽ ഈ പുളിപ്പ് സ്വാഭാവികമായി കുറഞ്ഞുവരും. ഇത്തിൾ പോകുന്നതോടുകൂടി അണുക്കൾ പോയഭാഗത്തെ മോണ പഴയ ആരോഗ്യസ്ഥിതിയിലേക്ക് വരുന്നു. അതോടെ പുളിപ്പ് പാടെ മാറുന്നു. എന്നാൽ, ഈ പുളിപ്പിനെ പേടിച്ചോ ഇനാമൽ നഷ്ടപ്പെടുമെന്ന അബദ്ധധാരണയാലോ ക്ലീൻ ചെയ്യാതിരുന്നാൽ പല്ലുകൾ വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ നഷ്ടപ്പെടും.

വളരെക്കാലത്തിനുശേഷം ക്ലീനിങ് ചെയ്യുന്നവർക്കാണ് മേൽപറഞ്ഞ പുളിപ്പുണ്ടാകുക. കൃത്യമായ ഇടവേളകളിൽ ഇത് ചെയ്യുന്നവർക്ക് പുളിപ്പുണ്ടാകില്ല. പല്ല് പുളിപ്പിന്‍റെ മറ്റൊരു പ്രധാന കാരണം തെറ്റായ പല്ലുതേപ്പാണ്. അമിതബലം പ്രയോഗിച്ച് ബ്രഷുകൊണ്ട് പല്ലു വൃത്തിയാക്കുമ്പോൾ ഇനാമലിന് തേയ്മാനം വരും. പല്ലിന്‍റെ നല്ലൊരു ഭാഗം പൊട്ടിപ്പോയാലും പുളിപ്പുണ്ടാകാം.

വിപണിയിൽ ഹാർഡ്, സോഫ്റ്റ്, മീഡിയം ബ്രഷുകൾ ലഭ്യമാണ്​. പല്ല്​ പുളിപ്പുള്ള വ്യക്തി സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് ഉത്തമം. മൂന്നുമാസം കൂടുമ്പോൾ ബ്രഷ്​ മാറ്റണം. കൂടാതെ, ആരോഗ്യകരമായ ഭക്ഷണരീതി പല്ല് പുളിപ്പ് വരാതിരിക്കാൻ സഹായിക്കും.

വിപണിയിൽ ലഭ്യമായ പലതരം ഡീസെൻസി​ൈറ്റസിങ്​ ടൂത്ത് ​പേസ്റ്റുകൾ ഉപയോഗിക്കാം. എങ്കിലും ഒരു ഡെന്‍റൽ ഡോക്ടറുടെ അഭിപ്രായം തേടി ശരിയായ ചികിത്സരീതി കൈക്കൊള്ളണം. ഇങ്ങനെയൊക്കെ ആണെങ്കിലും ചിലർക്കെങ്കിലും ഒരു സംശയം ഉണ്ടാകാം. നന്നായി പല്ലിന്‍റെ ആരോഗ്യവും ശുചിത്വവും ശ്രദ്ധിച്ചിട്ടും മോണയിൽ പ്രശ്നങ്ങൾ വരുന്നല്ലോയെന്ന്. അതിന് ചില ജനിതക ഘടകങ്ങളുടെ പങ്ക് വലുതാണ്. ചിലരുടെ ശരീരത്തിൽ മോണരോഗത്തിന് ആക്കം കൂട്ടുന്ന ജനിതക ഘടകങ്ങൾ അധികമായിരിക്കും. അവരിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും മോണരോഗം വരുന്നു.

അവർക്കും ഒരു പരിധിവരെ ശുചിത്വം ശ്രദ്ധിച്ചാൽ ഈ അസുഖത്തിന്‍റെ പിടിയിൽനിന്ന് രക്ഷപ്പെടാം. മോണരോഗം നിമിത്തമുള്ള വേദനയും പല്ല് നഷ്ടപ്പെടുന്നതും ഭക്ഷണം ആസ്വദിക്കുന്നതിനുള്ള നിങ്ങളുടെ പ്രാപ്‌തി കുറച്ചേക്കാം. മാത്രമല്ല, സംസാരത്തെയും മുഖത്തിന്‍റെ ആകൃതിയെയും ആത്മവിശ്വാസ​െത്തയും വരെ ബാധിക്കും. ചുരുക്കത്തിൽ പല്ലു നന്നായാൽ പാതി നന്നായി എന്ന ചൊല്ലാണ്​ ഇവിടെ അന്വർഥമാകുന്നത്​.

Tags:    
News Summary - Oral Health Basics: Symptoms, Types, Causes & More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.