ബോബി ജോസ് കട്ടികാട് ചി​​​ത്ര​​​ം: നിഖിൽ കൃഷ്ണ

'ഡിസംബറിന്‍റെ ഹൃദയമനുഷ്യൻ' -ഫാ.ബോബി ജോസ് കട്ടികാട് എഴുതുന്നു

കഴിഞ്ഞ ഒരു ക്രിസ്മസ് കാലത്താണ് അസാധാരണ പ്രകാശം ചിതറുന്ന ആ പുസ്തകം വായിച്ചത്, ഹ്യൂമൻ കൈൻഡ്: എ ഹോപ്ഫുൾ ഹിസ്റ്ററി (Humankind: A Hopeful History). സ്വഭാവത്തിൽ സ്വാർഥരും പരുക്കരുമാണ് നരവംശം എന്നു പേർത്തുംപേർത്തും പറഞ്ഞുകൊണ്ടിരിക്കുന്ന നടപ്പു ധാരണകളെ തലകീഴായി കാണാൻ ശ്രമിക്കുന്നുണ്ട്​ അതിൽ.

സാമാന്യം തടിച്ച പുസ്തകം. ആശയങ്ങളെയല്ല, ആശയങ്ങളെ സൃഷ്ടിച്ചെടുത്ത പരിസരങ്ങളെയാണ് എഴുത്തുകാരൻ അതിൽ വിചാരണ ചെയ്യുന്നത്. അത് വേരുകൾക്കുള്ള ചികിത്സയാണ്. യുവാൽ നോവ ഹരാരി തുടങ്ങിയവർ അതിനെക്കുറിച്ച് മതിപ്പു പറയുന്നുണ്ട്.


പുസ്തകത്തിന്റെ ഒടുവിലത്തെ അധ്യായങ്ങളിലൊന്നിന്റെ ശീർഷകമിതാണ്- When the soldiers came out of the trenches. 1914ലെ ക്രിസ്മസ് ദിനത്തിൽ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുവാൻ തയാറായ ആ ശത്രുപക്ഷങ്ങളുടെ കഥ തന്നെയാണ് സൂചിതം. മിലിട്ടറി ചരിത്രകാരനായ ടോണി ആഷ്വർത്ത് അതിനെ വിശേഷിപ്പിച്ചത് a sudden surfacing of the whole of iceberg എന്നാണ്. സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും മഞ്ഞുമലകൾ അഗാധതയിൽ ആണ്ടുകിടപ്പുണ്ട്. അപൂർവം ചില മുഹൂർത്തങ്ങളിൽ അതിന്റെ അഗ്രം നമ്മുടെ റെറ്റിനയിൽ പതിയുന്നുണ്ടെന്നു മാത്രം.

കൊളംബിയയിൽനിന്ന് ഓപറേഷൻ ക്രിസ്മസ് എന്നൊരു അനുബന്ധവിചാരംകൂടി അയാളതിൽ ചേർത്തു​െവക്കുന്നുണ്ട്. ഒരു പരസ്യക്കമ്പനി നടത്തിക്കൊണ്ടിരുന്ന രണ്ടു പേരോട് SARK എന്ന ഗറില ആർമിയെ സ്വാധീനിക്കാനായി എന്തെങ്കിലും ചില കാര്യങ്ങൾ ചെയ്യുവാൻ ദേശത്തിന്റെ പ്രതിരോധമന്ത്രി ആവശ്യപ്പെടുകയാണ്.

ഇതിനകം രണ്ടര ലക്ഷത്തോളം ജീവിതത്തിന് കണക്കുപറയേണ്ട ബാധ്യതയുള്ള, അരനൂറ്റാണ്ട് പഴക്കമുള്ള ഒളിപ്പോരാളികളുടെ ഒത്തുചേരലിനെ സമാധാനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു അവരുടെ ധർമം. ആ ക്രിസ്മസിന് ഒമ്പതിടങ്ങളിൽ എഴുപത്തഞ്ചടിയുള്ള മരങ്ങളിൽ ക്രിസ്മസ് വിളക്കുകൾ തെളിച്ച് ആർക്കും വായിക്കാവുന്ന വിധത്തിൽ ഇങ്ങനെ എഴുതിവെച്ചു: 'ക്രിസ്മസിന് ഈ വനത്തിലേക്ക് എത്തുവാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനും കഴിയും. At Christmas everything is possible. പുതിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു അത്...

പിറ്റേവർഷത്തെ ക്രിസ്മസിൽ അവർ പാർപ്പിടങ്ങളെ വലം ചുറ്റിപ്പോകുന്ന പുഴയിലേക്ക് ഏഴായിരത്തോളം വിളക്കുകൾ കൊളുത്തിയ സുതാര്യഗോളങ്ങൾ ഒഴുക്കിവിടുകയായിരുന്നു. സന്ദേശം വ്യക്തമായിരുന്നു: Come Home; we are waiting for you. പകയുടെയും മുൻവിധിയുടെയും കുലം ഒടുങ്ങുകയായിരുന്നു. അവരവർ സൃഷ്ടിച്ചെടുത്ത കിടങ്ങുകളിൽനിന്ന് പുറത്തുവരാൻ നേരമായി. പുറത്ത് താരകാർച്ചിത സ്നേഹമുണ്ട്...



രണ്ട്

എന്തിനായിരുന്നു അയാൾ നമ്മുടെ നീലഗ്രഹത്തിലെ പ്രിയപ്പെട്ട അതിഥിയായി തീരെ ചെറിയ ഒരു കാലം പാർത്തത്! അടിമുടി ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരു പദത്തെ ഋജുവാക്കാനും ശുദ്ധീകരിക്കാനുമായിരുന്നു - സ്നേഹം. മനുഷ്യരാശിക്ക് ഒരേയൊരു കൽപന പാലിക്കേണ്ട ബാധ്യതയേയുള്ളൂവെന്ന് അയാൾ നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. ഒരൊറ്റ പാപമേയുള്ളൂ. സ്നേഹലംഘനം.

അതുകൊണ്ടുതന്നെ അനുതാപത്തിലേക്ക് ഒറ്റവഴിയേയുള്ളൂ. കൂടുതലായ സ്നേഹം. കുട്ടിയെ തല്ലുന്ന പഴയകാലത്തിലെ ഒരച്ഛന്റെ മുന്നിലെന്നപോലെ സ്നേഹത്തിൽ വ്യസനിക്കുന്നവരുടെ മുന്നിൽ രണ്ടു പാതകൾ തെളിയുന്നുണ്ട്. ഒന്നുകിൽ കുട്ടിയെ അടിക്കാൻ ഉപയോഗിച്ച വടികൊണ്ട് സ്വയം അടിച്ചുനോക്കുക- അപ്പോൾ എത്ര ദേഷ്യത്തിലാണ് അടിച്ചതെന്ന് ഉറപ്പില്ലാത്തതുകൊണ്ട് പല ആവേഗങ്ങളിൽ അടിച്ചുനോക്കുക.

അല്ലെങ്കിൽ, ചുരുണ്ടുകൂടി ഉറങ്ങുന്ന കുട്ടിയുടെ കിടക്കയുടെ അരികിൽ മുട്ടുകുത്തി അവന്റെ അടികൊണ്ട് തിണർത്ത നീലിച്ച പാടുകളിൽ തുരുതുരെ ചുംബിക്കുക. ആ രണ്ടാമത്തെ വഴിയെക്കുറിച്ചാണ് അയാൾ പറയാൻ ശ്രമിച്ചത്. അങ്ങനെയാണ് ബന്ധങ്ങളെക്കുറിച്ചുള്ള ഏതൊരു വിചാര-വിചാരണകളിലും യേശുസ്മൃതി കാലികമാകുന്നത്.

ഉച്ഛാടനം ആവശ്യമുള്ള ഒരു ഭൂതാവിഷ്ട ഭവനമായിട്ടാണ് യേശു നമ്മുടെ സ്നേഹസങ്കല്പത്തെ നിരീക്ഷിച്ചത്. അവന്റെ സ്നേഹിതയായ മറിയയെക്കുറിച്ച് ഇങ്ങനെ ഒരു വരി പുതിയ നിയമത്തിലുണ്ട്: "ഇവളിൽ നിന്നാണ് ഏഴു പിശാചുക്കളെ യേശു പുറത്താക്കിയത്." സ്നേഹം എല്ലാ ദുരാത്മാക്കളും രാപ്പാർക്കുന്ന വിചിത്രകൂടാരമാണ്. എന്തൊരു അപകടം പിടിച്ച വാക്കാണത്!

ഡ്രാക്കുള ഭയപ്പെടുത്തിയത് അത് സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന ബാലിശമായ ഭീതിയുടെ പരിസരം കൊണ്ടല്ല, മറിച്ച് സ്നേഹത്തിന്റെ ഇച്ഛാഭംഗങ്ങൾ ഒരാളെ ഏത് ആസുരതയുടെയും അങ്ങേയറ്റത്തേക്ക് എറിഞ്ഞുകളയാൻ പര്യാപ്തമാണ് എന്ന ബോധത്തിൽനിന്നാണ്.

വ്ലാഡ് സെപെഷ് യുദ്ധഭൂമിയിലാണ്; അതും വിശുദ്ധയുദ്ധമെന്ന് വിശേഷണമുള്ള ഒന്നിൽ. അയാൾ കൊല്ലപ്പെട്ടു എന്ന വ്യാജവാർത്തയിൽ ഉലഞ്ഞുപോയ അയാളുടെ സ്ത്രീ മറ്റൊരു നാളിൽ സ്വർഗത്തിൽ​െവച്ച് പരസ്പരം കാണാനുള്ള സാധ്യത ഇതുമാത്രമാണെന്ന് മന്ത്രിച്ച് സ്വയഹത്യ ചെയ്യുന്നു. അയാളുടെ കൊടിയ ദുഃഖത്തെ വീണ്ടും അഗാധമാക്കിക്കൊണ്ട് ആത്മഹത്യ ചെയ്ത അവൾക്ക് ദൈവം നരകശിക്ഷയാണ് കരുതി​െവച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒരു സ്വർഗത്തിലും നിങ്ങൾ ഒരുമിക്കില്ലെന്നും ധാർഷ്ട്യം പറയുന്ന പുരോഹിതൻ.


ദൈവത്തിന്റെ വിനീതദാസനെന്ന് സ്വയം കരുതി അഭിമാനിച്ചിരുന്ന എനിക്കുവേണ്ടി ഇതായിരുന്നു കരുതി​െവച്ചിരുന്ന സമ്മാനം എന്നതായിരുന്നു അയാളുടെ അമർഷം. 'സകല നരകീയ ശക്തിയുമായും ശവകുടീരത്തിൽനിന്ന് ഞാൻ ഉയിർത്തെഴുന്നേൽക്കും' എന്നായിരുന്നു അയാളുടെ പ്രതിജ്ഞ. അയാൾ പിന്നീട് ബുദ്ധിമുട്ടിലാക്കിയവരോടൊക്കെ ആവർത്തിക്കുന്ന ചോദ്യമുണ്ട്: Look at what your God has done to me. സ്നേഹമേ നീയെന്തൊക്കെയാണ് ഓരോരുത്തരോടും ചെയ്യുന്നത്!

ചന്ദനലേപം പോലെ നെറ്റിയെ തണുപ്പിക്കുന്ന ആ പദത്തിലാണ് പലരുടെയും തലയോട്ടി പിളരുന്നത്. A bit of Othello എന്നു പറഞ്ഞ് അവഗണിക്കാവുന്നതല്ല അതിന്റെ കാഠിന്യം. അവൾ പറഞ്ഞതാണ് അതിന്റെ ശരി: ലോകത്ത് ഏറ്റവും വലിയ ധൈര്യശാലികളായി നിലനിൽക്കേണ്ടത് പ്രണയഭാജനങ്ങളാണ്; വിശേഷിച്ചും പുരുഷൻ.

കാരണം അവളുടെ ബോധത്തിൽ ഇനി മറ്റൊരാൾ തെളിയില്ല. ഗാന്ധാരിയെപ്പോലെ മറ്റെല്ലാത്തിനോടും അന്ധയാകാൻ തീരുമാനിച്ചിരിക്കുകയാണ്. പെരുവിരലുണ്ണുന്ന ആലിലക്കണ്ണനെപ്പോലെ സ്വയം സൃഷ്ടിച്ച ചെറുവൃത്തത്തിനുള്ളിൽ അവൾ സദാ തൃപ്തയാണ്. എഴുതാൻ അറിയുമായിരുന്നെങ്കിൽ ഏതൊരു നാടോടിസ്ത്രീയും ഇങ്ങനെ കുറിച്ചേനേ: 'കൃഷ്ണാ നിന്റെ കറുപ്പിൽ ഞാൻ അന്ധയാകുന്നു.'

സ്നേഹത്തിൽ തമ്പടിച്ച ദുർഭൂതങ്ങളെ ഉച്ഛാടനം ചെയ്യുവാൻ അയാൾ വരുമെന്നാണ് പറയുന്നത്- മിശിഹാ! നുണകളുടെ അച്ഛനെന്നാണ് അയാൾ സാത്താനെ വിളിക്കുന്നത്. സ്നേഹത്തിന്റെ നേരുകൊണ്ട് ഉയിരിനെ സംഗീതസാന്ദ്രമാക്കുകയാണ് അയാളുടെ ധർമം.


മൂന്ന്

കുറെക്കൂടി പച്ചമനുഷ്യരായിത്തീരാനുള്ള ക്ഷണമാണ് ഓരോ ആഘോഷത്തിന്റെയും ആത്യന്തിക ധർമം. യേശു തന്നെത്തന്നെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച രൂപകം അതാണ് - പച്ചമനുഷ്യൻ. കുരിശിന്റെ വഴികളിൽ അവനോട് അനുഭാവം കാട്ടിയ സ്ത്രീകളോട് അങ്ങനെ പറഞ്ഞിട്ടാണ് അവൻ മടങ്ങിപ്പോയത്.

ആ അന്ത്യമൊഴിയിൽ അവന്റെ ജീവിതത്തിന്റെ സമ്മറിയുണ്ട്. ഏതൊരു മനുഷ്യനും സമാധാനത്തോടെ കടന്നുപോകണമെങ്കിൽ ആ ധൈര്യം ആവശ്യമുണ്ട്, അടിമുടി പച്ചമരമായി നിന്നുവെന്നത്. മരച്ചില്ലകളിലെ ഓരോ കടലാസ് നക്ഷത്രവും മന്ത്രിക്കുന്നത് അതാണ് - അവനെപ്പോലെ ഹൃദയമനുഷ്യനായി നിലനിൽക്കുക.

ക്രിസ്മസ് മംഗളങ്ങൾ

Tags:    
News Summary - Bobby Jose Kattikadu, christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.