‘‘സർ, ഞാൻ ഒന്നാം റാങ്കോടെ പാസായിരിക്കുന്നു. പക്ഷേ, തൃപ്തിയായില്ല; എനിക്ക് യഥാർഥ ജ്ഞാനം ആർജിക്കണം’’ -സർവകലാശാല ബിരുദദാന ചടങ്ങിലണിഞ്ഞ കിന്നരിത്തലപ്പാവും മേൽക്കുപ്പായവും ബിരുദ സർട്ടിഫിക്കറ്റും കൈയിൽ ചുരുട്ടിപ്പിടിച്ച് വന്ന വിദ്യാർഥി പ്രഫസറോട് ആവശ്യപ്പെട്ടത് ഇങ്ങനെയായിരുന്നു. അദ്ദേഹം യുവാവിനെ തെരുവിലെ ദേവാലയത്തിൽ ധൃതസന്ദർശനം നടത്തിവരാനയച്ചു. തിരിച്ചെത്തിയപ്പോൾ അവിടെ കണ്ടത് വർണിക്കാനുമാവശ്യപ്പെട്ടു. യുവാവ് വിവരിച്ചു:
വിശാലമായ ആ മന്ദിരത്തിന്‍റെ മതിലിനോട് ചേർന്നിരുന്ന് പ്രായമേറിയ ഒരു മനുഷ്യൻ വേദഗ്രന്ഥം പാരായണം ചെയ്യുന്നുണ്ടായിരുന്നു. ആളുകൾ ആ മനുഷ്യനെ ശ്രദ്ധിക്കുക പോലും ചെയ്യാതെ തിരക്കിട്ട് പ്രാർഥിച്ച് മടങ്ങുന്നു. അദ്ദേഹമാവട്ടെ, ആ മനുഷ്യർക്കും ഭൂമിയിലെ സർവ ജീവജാലങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു.
ഞാൻ അൽപനേരം അരികത്ത് നിന്നു, ഒരിഞ്ചുപോലും ബാക്കിയില്ലാത്തവിധം ആ ശരീരം ചുളിഞ്ഞുണങ്ങിയിരിക്കുന്നു, കണ്ണുകൾ എണ്ണവറ്റിയ വിളക്കുപോലെ തോന്നിച്ചു, ശ്വാസമെടുക്കാൻ ആയാസപ്പെടുന്നുണ്ടായിരുന്നു, അപ്പോഴും തന്‍റെ പാരായണം സൂക്ഷ്മമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഞാൻ ബാഗിലുണ്ടായിരുന്ന ഭക്ഷണപ്പൊതി നൽകി.
പുഞ്ചിരിയോടെ വാങ്ങി ദൈവത്തെ സ്തുതിച്ച് നന്ദി പറഞ്ഞ അദ്ദേഹം അവിടെനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട് ഞാൻ പിന്തുടർന്നു. മേൽപാലത്തിന് കീഴിൽ എപ്പോഴും കാണാറുള്ള ഒരു പരദേശി വയോധികക്കും കാല് വയ്യാത്ത ഒരു നായ്ക്കും ആ ഭക്ഷണം പങ്കിട്ടുകൊടുത്ത് അദ്ദേഹം മടങ്ങിപ്പോയി.
പ്രഫസർ പറഞ്ഞു: പഴക്കമേറെച്ചെന്ന ഒരു വാഹനം നിരത്തിലെ ഒരു കോണിൽക്കണ്ടാൽ തെരുവ് ഒന്നടങ്കം അതിനെപ്പൊതിയും. പഴയ പാട്ടുകൾ, നാണയങ്ങൾ, പെയിന്‍റിങ്ങുകൾ, വിന്‍റേജ് മൂഡുകൾ... ഇവയെല്ലാം ഇന്ന് ട്രെൻഡിങ്ങാണ്.
കാലപ്പഴക്കം വന്നവയിൽ ഇന്ന് ആളുകൾ മൂല്യം കൽപിക്കാത്തത് ഒന്നേയൊന്നിന് മാത്രം -മനുഷ്യർക്ക്.
നീ കണ്ട ഓരോ ചുളിവിലും ആ മനുഷ്യന്‍റെ ജീവിതാനുഭവ കഥകൾ ഒട്ടിച്ചേർന്നിരിപ്പുണ്ടാവും, പ്രാർഥനയുടെ സുഗന്ധം പരത്തുന്നുണ്ട് അദ്ദേഹത്തിന്‍റെ ഓരോ നിശ്വാസവും. നിന്‍റെ വീട്ടിലും കുടുംബത്തിലും നാട്ടിലുമുണ്ടാവും അത്തരം സുഗന്ധം പരത്തുന്ന മനുഷ്യർ. അവരെ ആദരിക്കാനും പരിചരിക്കാനും ഓരോ ചുവട് വെക്കുമ്പോഴും നീ അറിവിലേക്ക് അടുക്കുന്നു.
അവർക്കായി നീ ചെവിയോർക്കുമ്പോൾ മാലാഖമാർ നിന്നെ ദൈവത്തിങ്കലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ആ മനുഷ്യരെ കനിവോടെ ഒന്ന് നോക്കുകപോലും ചെയ്യാത്തിടത്തോളം ദൈവത്തിന്‍റെ കാരുണ്യ നോട്ടത്തിന് അർഹതയില്ല എന്ന് തിരിച്ചറിയുമ്പോൾ മാത്രമാണ് നിന്‍റെ പഠനങ്ങൾക്ക് മൂല്യമുണ്ടാവുക.
ദൈവമാർഗത്തിൽ ധർമസമരത്തിന് സന്നദ്ധനായി വന്ന ചെറുപ്പക്കാരനോട്, പ്രായമേറിയ മാതാവിനെ പരിചരിക്കലാണ് ദൈവം നിന്നിൽനിന്ന് ഇഷ്ടപ്പെടുന്ന ഏറ്റവും ഉത്കൃഷ്ഠമായ കർമം എന്നുപറഞ്ഞ് മടക്കിയയച്ച സംഭവമുണ്ട് പ്രവാചക ചരിത്രത്തിൽ.
കാലം മാറുകയാണ്, നാട് മുന്നേറുകയാണ് എന്നെല്ലാം നമ്മൾ ഊറ്റംകൊള്ളുന്നു. എട്ടു മക്കൾക്ക് ജന്മം നൽകിയ മാതാവ് പരിചരിക്കാൻ ആരുമില്ലാതെ വീട്ടിൽ മരിച്ചുകിടന്നുവെന്നതും, നാലു പതിറ്റാണ്ട് കുടുംബത്തിനായി പ്രവാസ ഭൂമിയിൽ ഹോമിച്ച മനുഷ്യനെ അഗതിമന്ദിരം ഏറ്റെടുത്തുവെന്നതും അതിനിടയിൽ നാം വായിക്കുന്നത് കേവലം വാർത്ത തലക്കെട്ടുകളല്ല, നാടിന്‍റെ വർത്തമാനമാണ്, നടുക്കുന്ന നാളെയുടെ അപായ സൈറണാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.