കോവിഡ് കാലത്തിനിങ്ങോട്ട് സ്വീകാര്യത ലഭിച്ചവർക്ക് ഫ്രം ഹോം, മഹാമാരിക്കു ശേഷവും പല കമ്പനികളും തുടരുകയുണ്ടായല്ലോ. ഓഫിസിലെത്തി ജോലി ചെയ്യേണ്ടവർക്ക് അങ്ങനെയും അല്ലാത്തവർക്ക് വീട്ടിലും എന്നിങ്ങനെ, ജീവനക്കാരുടെ സൗകര്യത്തിന് ഹൈബ്രിഡായി പിന്നെ.
എന്നാലിപ്പോൾ, ജോലി ചെയ്യാൻ ഓഫിസിലെത്തണമെന്നാണ് വൻകിട കമ്പനികൾ ആവശ്യപ്പെടുന്നത്. ആഴ്ചയിൽ അഞ്ചു ദിവസം ഓഫിസിലെത്തണമെന്ന് യു.എസിലെ ജീവനക്കാർക്ക് നിർദേശം നൽകി, ഈ വഴിയിലെത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇതിനു പുറമെ, മീറ്റിങ്ങുകളുടെ അയ്യരുകളി അവസാനിപ്പിക്കുകയാണെന്നും കമ്പനി ജീവനക്കാർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
‘‘സൃഷ്ടിക്കാം, വിജയ സംസ്കാരം 2026 ൽ’ എന്ന തലക്കെട്ടിൽ ഇൻസ്റ്റ സി.ഇ.ഒ ആഡം മൊസ്സേറി അയച്ച കത്തിൽ, പുതിയ വർഷം വലിയ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും പറയുന്നുണ്ട്.
‘‘നാം ഒന്നിച്ചിരിക്കുമ്പോൾ കൂടുതൽ സർഗാത്മകമായും പരസ്പരം സഹായിച്ചും ജോലി ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’’ -മൊസ്സേറി വിശദീകരിക്കുന്നു. ഓഫിസിൽ വരാൻ കഴിയാത്ത സാഹര്യമുണ്ടെങ്കിൽ മാത്രം വീട്ടിൽ നിന്ന് ജോലി ചെയ്യാമെന്നും അദ്ദേഹം പറയുന്നു. കൂടാതെ, അനിവാര്യമായത് ഒഴികെ, പതിവ് മീറ്റിങ്ങുകളെല്ലാം ഒഴിവാക്കുമെന്നും മൊസ്സേറി കൂട്ടിച്ചേർക്കുന്നു.
ഇൻസ്റ്റക്കു പുറമെ, ആമസോണും ഹൈബ്രിഡ് സൗകര്യം ഒഴിവാക്കിയിരുന്നു. ആൽഫബെറ്റ്, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവ മൂന്നു ദിവസത്തെ ഓഫിസ് ഹാജർ നിർബന്ധമാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.