ശ്രീനിവാസൻ തന്‍റെ കാറിനു മുന്നിൽ

കണ്ണൂർ ടു കൊൽക്കത്ത സോളോ ട്രിപ്പ്; ഒമ്പത് ദിവസം കൊണ്ട് 4357 കിലോമീറ്റർ ഡ്രൈവ് ചെയ്ത ശ്രീനിവാസന്‍റെ പ്രായം ‘ജസ്റ്റ് 79’

രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ അയാൾക്ക് ഒരാഗ്രഹം, ഒന്ന് കൊൽക്കത്ത വരെ പോയിവന്നാലോ. പിന്നെ ഒന്നും നോക്കിയില്ല. അത്യാവശ‍്യം വസ്ത്രങ്ങളും മരുന്നും മറ്റുമെടുത്ത് കാറെടുത്ത് യാത്ര തിരിച്ചു. പറഞ്ഞുവരുന്നത് ശ്രീനിവാസൻ എന്ന 79കാരനെക്കുറിച്ചാണ്.

പണ്ട് മുതലേ അയാൾ അങ്ങനെയാണ്, യാത്ര പോകണമെന്ന് തോന്നിയാൽ കാറെടുത്ത് ഒറ്റപ്പോക്കാണ്. ആരെയും കൂടെ കൂട്ടാറില്ല. ഇത്തവണ കൊൽക്കത്ത ഹൗറയായിരുന്നു ഡെസ്റ്റിനേഷൻ. കഴിഞ്ഞ മാർച്ച് 31ന് രാവിലെ 11.45ന് പുറപ്പെട്ട് ഏപ്രിൽ അഞ്ചിന് രാവിലെ 11.15ഓടെ ഹൗറയിലെത്തി. അന്ന് വൈകീട്ടോടെത്തന്നെ മടക്കയാത്ര. ഏപ്രിൽ 10ന് ഉച്ചക്ക് 2.20ന് കണ്ണൂർ തളാപ്പിലെ സ്വന്തം ഫ്ലാറ്റിലെത്തി. ഒമ്പത് ദിവസം, 4357 കിലോമീറ്റർ.

പ്രായത്തിന്‍റേതായ ചെറിയ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും യാത്രയെ ബാധിക്കാറില്ലെന്ന് കണ്ണൂർ ഇരിണാവ് സ്വദേശിയായ ശ്രീനിവാസൻ പറയുന്നു. രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെയാണ് ഡ്രൈവിങ്. ഭക്ഷണം കഴിക്കാനും പെട്രോൾ അടിക്കാനും ടോൾ നൽകാനും മാത്രം കാർ നിർത്തും. താമസം ഹോട്ടലുകളിലും അപ്പാർട്മെന്‍റുകളിലും.

ഗൂഗ്ൾ മാപ്പിന്‍റെയോ മറ്റോ സഹായമില്ലാതെ സ്ഥലനാമ ബോർഡുകൾ നോക്കിയും പെട്രോൾ പമ്പുകളിലെ ജീവനക്കാരോട് ചോദിച്ചും ദേശീയപാതയിലൂടെ യാത്ര. പ്ലാനിങ് ഇല്ലാത്ത ട്രിപ്പായതിനാൽ റൂട്ട് മാപ്പുമില്ല. അതത് ദിവസം താമസിക്കാനുള്ള ഹോട്ടലുകൾ വൈകുന്നേരത്തോടെ കണ്ടെത്തും. യാത്രയിൽ ആരിൽനിന്നും മോശം പെരുമാറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

കൊൽക്കത്തയിലെ ഒരു കമ്പനിയിലായിരുന്നു രണ്ടു വർഷത്തോളം ജോലി. 1977ൽ ഗൾഫിലേക്ക്. അബൂദബി വിമാനത്താവളത്തിൽ കാർഗോ ഡിപ്പാർട്മെന്‍റിലായിരുന്നു ജോലി. 2010ൽ ജോലിയിൽനിന്ന് വിരമിച്ച് നാട്ടിലെത്തി. പ്രവാസ കാലത്ത് ഭാര്യ റീത്ത, മക്കളായ ശ്രീജ, സിജിത എന്നിവർക്കൊപ്പം ഫ്രാൻസ്, യു.കെ, സ്വിറ്റ്സർലൻഡ്, ഇറ്റലി, കാനഡ, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. ബംഗളൂരു, മൈസൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് മുമ്പ് സോളോ ട്രിപ് നടത്തിയിട്ടുണ്ട്. കൊൽക്കത്തയിലേക്ക് മൂന്നുതവണ യാത്ര ചെയ്തിട്ടുണ്ട്. മിക്ക വർഷവും തൃശൂർ പൂരത്തിനും സുഹൃത്തുക്കളെ കാണാൻ പാലക്കാട്ടേക്കും പോകാറുണ്ട്.

Tags:    
News Summary - Sreenivasan's solo trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.