സീറോ ടിക്കറ്റ്... അൺലിമിറ്റഡ് ഹാപ്പിനസ്... സ്ത്രീകൾക്കുള്ള ഔദാര്യമല്ല, ആദരവ്

തിരുവനന്തപുരം: സീറോ ടിക്കറ്റ്... അൺലിമിറ്റഡ് ഹാപ്പിനസ്... മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി ജോണും മുന്നിലെ ഡോറിനടുത്ത സീറ്റിലിരുന്ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് 9.36ന് പ്രിയദർശിനി ബസ് പുറപ്പെട്ടപ്പോൾ കേരളത്തിന് അത് ചരിത്ര നിമിഷം. ഏറെ ആഹ്ലാദത്തോടെ നിറയെ യാത്രക്കാരുമായാണ് ബസ് സ്റ്റാന്റിൽ നിന്ന് പുറപ്പെട്ടത്. തമ്പാനൂർ സ്റ്റേഷനിൽ വർണാഭമായ ചടങ്ങളിൽ ആയിരങ്ങളെ സാക്ഷി നിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ സർവീസ് ഫ്ലാഗ്ഓഫ് ചെയ്തു. 9.32 ഓടെ മുഖ്യമന്ത്രി ബസ്സിൽ കയറി ജനങ്ങളെ നിറഞ്ഞ മനസ്സോടെ ആഭിവാദ്യം ചെയ്തു. ഇതോടെ യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങളിലൊന്ന് സർക്കാർ ജനങ്ങൾക്കായി സമർപ്പിച്ചു. മറ്റ് മന്ത്രിമാരും ബസ്സിലുണ്ടായിരുന്നു.

ഉദ്ഘാടന വേദിയിൽ വെച്ച് യാത്രക്കാർക്കുള്ള ആദ്യ ടിക്കറ്റും മുഖ്യമന്ത്രി വിതരണം ചെയ്തു. പ്രിയദർശിനി സൗജന്യ യാത്ര ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാകുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് സ്ത്രീകളോടുള്ള ആദരവാണ് പദ്ധതി. പദ്ധതികൊണ്ട് കെ.എസ്.ആർ.ടി.സിക്ക് നഷ്ടങ്ങളുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് പെരുമാതുറയിലേക്കാണ് ആദ്യബസ് പുറപ്പെട്ടത്. കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിത ഡ്രൈവർ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയാണ് ഓടിച്ചത്.

ഇന്ന് രാവിലെ ഒമ്പതു മുതലാണ് പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നത്.ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ അടക്കം ഓർഡിനറി നിരക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും ആദ്യഘട്ടത്തിൽ സൗജന്യയാത്ര അനുവദിക്കുന്നത്. ഇതിന് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയോ വരുമാന പരിധിയോ ഇല്ലാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും.

പ്രതിദിനം രണ്ടുകോടി രൂപയാണ് ഈ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയാവുക. ഈ തുക പൂർണമായും സർക്കാർ വഹിക്കും. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾക്ക് മുന്നിലും വശങ്ങളിൽ വാതിലിന്റെ ഭാഗത്തും 'പ്രിയദർശിനി പദ്ധതി' എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വനിതാ യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും ഫെയർ സ്റ്റേജും സ്ഥലവും ടിക്കറ്റിൽ ചേർക്കുമെന്നതിനാൽ യാത്രയുടെ മൂല്യം കൃത്യമായി മെഷീനിൽ രേഖപ്പെടുത്തും. ഇതിനുള്ള സോഫ്റ്റ്‌വെയർ ക്രമീകരണം ടിക്കറ്റ് മെഷീനിൽ ഏർപ്പെടുത്തി. പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എഫ്.ടി) എന്ന പേരിലാണ് സൗജന്യ യാത്രക്കുള്ള ഓപ്ഷൻ ഇതിലുള്ളത്.

3,125 ബസുകളുപയോഗിച്ച് 2,900 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. 1,268 ഷെഡ്യൂളുകളുള്ള ദക്ഷിണ മേഖലയിലാണ് കൂടുതൽ ബസുകൾ നിരത്തിലുള്ളത്. മധ്യമേഖലയിൽ 831ഉം വടക്കൻ മേഖലയിൽ 828ഉം ഓർഡിനറി ഷെഡ്യൂളുകളുണ്ട്. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു

Tags:    
News Summary - Zero Ticket... Unlimited Happiness..... Not Generosity for Women, but Respect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.