കൊച്ചി: വിവാദങ്ങൾക്കൊടുവിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെ പാർട്ടിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് 2019 ജൂൺ 13ന് കളമശ്ശേരിയിൽനിന്നുള്ള ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവൻ ജില്ല കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് നടപടി. ഇക്കാര്യം അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ആർ. മുരളി എന്നിവരെ ജില്ല കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ബുധനാഴ്ച ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലേക്ക് ഇദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, കെ. രാധാകൃഷ്ണൻ, എം.സി. ജോസഫൈൻ എന്നിവരും സന്നിഹിതരായിരുന്നു. പരാതിയെക്കുറിച്ച് യോഗത്തിൽ സക്കീർ ഹുസൈനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിനെത്തുടർന്നാണ് നടപടി. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ അംഗീകാരം നൽകുന്നതോെടയാണ് സസ്െപൻഷൻ നടപടിക്രമങ്ങൾ പൂർത്തിയാവുക. കഴിഞ്ഞയാഴ്ച ചേർന്ന ജില്ല സെക്രേട്ടറിയറ്റ് യോഗം സക്കീർ ഹുസൈനെ ജില്ല കമ്മിറ്റിയിൽനിന്നും ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റാൻ ശിപാർശ ചെയ്തിരുന്നു. മാധ്യമങ്ങളിൽ ഇത് ചർച്ചയായെങ്കിലും പാർട്ടി ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.
ഏരിയ സെക്രട്ടറിയായശേഷം സക്കീർ ഹുസൈനെതിരെ നിരവധി ആരോപണം ഉയർന്നിരുന്നു. സക്കീറിെൻറ ബന്ധങ്ങളും യാത്രകളും സംബന്ധിച്ച ചില ദുരൂഹതകളും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം കൂടാതെ യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങി, അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്തിെൻറ ആത്മഹത്യക്കുറിപ്പിൽ സക്കീറിെൻറ പേര് പരാമർശിക്കപ്പെട്ടു തുടങ്ങിയവയും വിവാദമായി. ഇതൊക്കെ മുതിർന്ന പല പാർട്ടി നേതാക്കളുടെയും അപ്രീതിക്കും ഇടയാക്കി. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള തർക്കം ശബ്ദ-വിഡിയോ സന്ദേശങ്ങളായി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇത്തരത്തിൽ സ്ഥിരം വിവാദങ്ങളിൽ അകപ്പെട്ടതോടെ പാർട്ടിക്ക് നടപടിയെടുക്കാതിരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.