എ.ഐ നിർമിത ചിത്രം    കടപ്പാട്: ജെമിനി

കൊരണപ്പാറ മലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു; തുണയായത് 101ലേക്കുള്ള ആ വിളി

തൊട്ടിൽപ്പാലം (കോഴിക്കോട്): കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ടോടെ മലകയറിയ വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് വഴിതെറ്റി മലമുകളിൽ കുടുങ്ങിയത്. രാത്രി പത്തരയോടെയാണ് ഇവരെ സുരക്ഷിതമായി താഴെയെത്തിച്ചത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് യുവാക്കൾ കൊരണപ്പാറ മലകയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ഇരുട്ടുപരന്നതോടെ വഴിതെറ്റുകയായിരുന്നു. കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ മലനിരകൾ ഏറെ ദുർഘടമാണ്. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതും ചാർജ് തീരാറായതും യുവാക്കളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതിനിടെ ഫോണിൽ റേഞ്ച് ലഭിച്ച നിമിഷം യുവാക്കൾ 101ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നാദാപുരം ഫയർഫോഴ്സും തൊട്ടിൽപ്പാലം പൊലീസും സ്ഥലത്തെത്തി. കുന്നും കാടും നിറഞ്ഞ പ്രദേശം തിരച്ചിലിന് വലിയ വെല്ലുവിളിയായെങ്കിലും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ രാത്രി പത്തരയോടെ യുവാക്കളെ കണ്ടെത്തുകയായിരുന്നു.

മനോഹരമായ കാഴ്ചകളുണ്ടെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്നതാണ് കൊരണപ്പാറയിലെ മലനിരകളെന്ന് നാട്ടുകാർ പറയുന്നു. വൈകുന്നേരങ്ങളിൽ മലകയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ഇത്തരം സാഹസങ്ങൾ ഒഴിവാക്കണമെന്നും തൊട്ടിൽപ്പാലം പൊലീസും നാട്ടുകാരും മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Youths trapped in Koranapara mountain rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.