യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ലീഗ് നേതൃത്വത്തിന് വിമർശനം; മൂന്ന് ടേം നിബന്ധന ഭേദഗതി ചെയ്യരുതെന്ന് ആവശ്യം

കോഴിക്കോട്: മൂന്ന് ടേം നിബന്ധനയിൽ ഇളവ് നൽകാനുള്ള മുസ്‍ലിം ലീഗ് തീരുമാനത്തിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം. മുൻ തീരുമാനം ഒരുകാരണവശാലും ഭേദഗതി ചെയ്യരുതെന്ന് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.

പാർലമെന്ററി രംഗത്ത് മൂന്നുതവണ മത്സരിച്ചവരെ മാറ്റി പുതിയവർക്ക് അവസരം കൊടുക്കാൻ കഴിഞ്ഞ തവണ ലീഗ് തീരുമാനിച്ചിരുന്നു. അത്യാവശ്യമുള്ളവർക്ക് ഇത്തവണ അതിൽ ഇളവ് നൽകാമെന്നായിരുന്നു ലീഗ് തീരുമാനം. ഇതിനെതിരെയാണ് യൂത്ത് ലീഗ് യോഗത്തിൽ വിമർശനമുയർന്നത്. ആർക്കെങ്കിലും ഇളവ് നൽകുന്നുവെങ്കിലത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഒരംഗം അഭിപ്രായപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ് രൂപവത്കരിച്ച പാർലമെന്ററി ബോർഡിൽ യൂത്ത് ലീഗിന് പ്രാതിനിധ്യം ലഭിക്കാത്തതിനെക്കുറിച്ചും യോഗത്തിൽ വിമർശനമുയർന്നു. വനിത ലീഗ് അടക്കമുള്ള പോഷക സംഘടനകളെ പരിഗണിച്ചപ്പോഴും യൂത്ത് ലീഗിനെ തഴഞ്ഞത് പ്രതിഷേധാർഹമാണ്.

കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം കൊടുക്കാൻ തീരുമാനിക്കുമ്പോഴും ലീഗിൽ അതില്ലാതെ പോകുന്നത് നിരാശജനകമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിൽ ലീഗ് നേതൃത്വം പുനഃപരിശോധന നടത്തണമെന്നും ആവശ്യമുയർന്നു.

Tags:    
News Summary - Youth League State Committee criticizes Muslim league leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.