തിരുവനന്തപുരം: കിറ്റക്സ് കമ്പനി എം.ഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 എൻ.ഡി.എയുടെ ഭാഗമായെന്നും വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം കൊണ്ടുവരുന്ന പാർട്ടിയാണ് ട്വന്റി 20യെന്നും മുന്നണി പ്രവേശനത്തിനു പിന്നാലെ സാബു ജേക്കബിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സാബു ജേക്കബ് ഒരുപാടുപേർക്ക് തൊഴിൽ കൊടുക്കുന്ന സംരംഭകൻ കൂടിയാണ്. തെലങ്കാനയിലടക്കം നിരവധി തൊഴിലവസരം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ പാർട്ടി മുന്നണിയുടെ ഭാഗമാകേണ്ടത് എൻ.ഡി.എയുടെയും മലയാളികളുടെയും ആവശ്യമാണ്.
കേരള രാഷ്ട്രീയത്തിൽ ഇതുവരെ നടന്നതിനേക്കാൾ വലിയ മാറ്റങ്ങളാണ് ഈ തെരഞ്ഞെടുപ്പിലുണ്ടാവുക. എത്രയോ തവണ യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിച്ച വിവാദരാഷ്ട്രീയം നാം കണ്ടതാണ്. അവരുടെ സാമ്പത്തിക നയം പരാജയമാണ്. 10 വർഷം ഭരിച്ച് എൽ.ഡി.എഫ് നാട് നശിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് നിർണായക പിന്തുണ ജനം നൽകുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ഒറ്റക്ക് നിന്നാൽ കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമം എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് എൻ.ഡി.എക്കൊപ്പം ചേരുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും കേരളത്തെ കട്ടുമുടിച്ച് നശിപ്പിക്കുന്നത് കണ്ട് മനംമടുത്താണ് ട്വന്റി 20യുടെ പിറവി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും ഉൾപ്പെട്ട 25 പാർട്ടികൾ ചേർന്ന് സഖ്യമുണ്ടാക്കി തങ്ങളെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞു.
ട്വന്റി 20 മത്സരിച്ചിടത്ത് എൽ.ഡി.എഫും യു.ഡി.എഫും സ്വന്തം ചിഹ്നം ഉപയോഗിച്ചില്ലെന്നത് അവർ എത്രത്തോളം തകർന്നു എന്നതിന് തെളിവാണ്. ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ എങ്ങനെ മാറ്റിമറിക്കുമെന്ന് കാണിച്ചുകൊടുക്കാനാണ് എൻ.ഡി.എക്കൊപ്പം നിൽക്കുന്നതെന്നും വികസിത കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
വോട്ടുവിഹിതം വർധിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ നീക്കം. ട്വന്റി 20യുടെ സാന്നിധ്യം എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. 2015ലാണ് ട്വന്റി 20 രൂപീകരിച്ചത്. അക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മത്സരിച്ച് 19 ല്‍ 17 സീറ്റുകള്‍ നേടി അധികാരത്തില്‍ വരികയും ചെയ്തു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി ട്വന്റി 20 സാന്നിധ്യം വ്യാപിപ്പിച്ചു. ഐക്കരനാട് പഞ്ചായത്തില്‍ 14 സീറ്റുകളും നേടി. കുന്നത്തുനാട് പഞ്ചായത്തില്‍ 18 സീറ്റുകളില്‍ 11 എണ്ണം നേടി. മഴുവണ്ണൂര്‍ പഞ്ചായത്തില്‍ 19 ല്‍ 14 സീറ്റുകളും ട്വന്റി 20 നേടി.
ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം നിലനിർത്താനായത്. ഐക്കരനാട് പഞ്ചായത്തിൽ 16 സീറ്റിൽ മുഴുവൻ സീറ്റിലും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.