യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി ജിതിൻ ജി നൈനാൻ, പി.ജെ. കുര്യൻ
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി ജിതിൻ ജി നൈനാൻ. പി.ജെ. കുര്യന്‍ സര്‍ എന്നായിരുന്നു ഫോണ്‍ നമ്പര്‍ സേവ് ചെയ്തിരുന്നതെന്നും എന്നാല്‍ ഇനി ആ സാര്‍ വിളി അര്‍ഹിക്കുന്നില്ലെന്നും ജിതിൻ ജി. നൈനാൻ പ്രതികരിച്ചു.
കഴിഞ്ഞ ഒൻപത് വർഷത്തോളം കേരളത്തിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി ക്രൂരമായ മർദനങ്ങൾ നേരിടേണ്ടി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നോക്കി അങ്ങ് (പി.ജെ.കുര്യൻ) പറഞ്ഞ വാക്കുകൾ ഞങ്ങൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പൊലീസിന്റെ ഒരു പിടിച്ചു മാറ്റലില്ലെങ്കിലും യൂത്ത് കോൺഗ്രസ് പ്രായത്തിൽ അങ്ങ് ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എങ്കിൽ പറഞ്ഞത് കുറച്ചെങ്കിലും ദഹിക്കുമായിരുന്നുവെന്നും ജിതിൻ തുറന്നടിച്ചു.
സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിനെ വേദിയിലിരുത്തിയാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ പരസ്യ വിമർശനം നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാക്കൻമാരെ ടി.വിയിൽ മാത്രം കണ്ടാൽ പോരായെന്നും ഗ്രൗണ്ടിലിറങ്ങി പണിയെടുക്കണമെന്നും കുര്യൻ പറഞ്ഞു.
മണ്ഡലങ്ങളിലിറങ്ങി 25 പേരെയെങ്കിലും സംഘടിപ്പിച്ചില്ലെങ്കിൽ അടുത്ത വർഷവും ഭരണം ലഭിക്കില്ലെന്നും കുര്യൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഉള്ളവേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷുഭിത യൗവനങ്ങളെ കൂടെ നിർത്തുന്നതിൽ എസ്.എഫ്.ഐ വിജയിച്ചുവെന്ന് സർവകലാശാല സമരം മുൻനിർത്തി പി.ജെ കുര്യൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ താൻ നിർദേശിച്ച സ്ഥാനാർഥികളെ നിർത്തിയിരുന്നുവെങ്കിൽ രണ്ട് മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫിന് ജയിക്കാമായിരുന്നു. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ കെട്ടിയിറക്കിയ സ്ഥാനാർഥികളെ നിർത്തിയാൽ വിജയിക്കാൻ കഴിയില്ലെന്നും കുര്യൻ പറഞ്ഞു.
പി.ജെ. കുര്യന് അതേ വേദിയിൽ തന്നെ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മറുപടി നൽകി. പി.ജെ. കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെ പ്രവർത്തകർ ആലപ്പുഴയിലെ സമര രംഗത്ത് പൊലീസിന്‍റെ മർദനമേറ്റ് വാങ്ങുകയാണ്. നാട് ആഗ്രഹിക്കുന്ന സർക്കാറിനെ മടക്കികൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങളും യൂത്ത് കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
'യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ഒമ്പതര വര്‍ഷമായി തുടര്‍ച്ചയായി പിണറായി സര്‍ക്കാരിനെതിരേ തെരുവിലെ പോരാട്ടത്തിലാണ്..കണ്ണുള്ളവര്‍ കാണട്ടെ..കാതുള്ളവര്‍ കേള്‍ക്കട്ടെ' എന്ന് രാഹുൽ ഫേസ്ബുക്കിലും കുറിച്ചു.
"പി.ജെ. കുര്യൻ സാർ..... എന്നായിരുന്നു ഫോൺ നമ്പർ സേവ് ചെയ്തിരുന്നത് പോലും എന്നാൽ ഇനി ആ സാർ വിളി അർഹിക്കുന്നില്ല ബഹുമാനം കൊടുത്തിരുന്നു കോൺഗ്രസ് നേതാവ് എന്നുള്ള നിലയിൽ... കോൺഗ്രസ് പ്രതിസന്ധിയിൽ കടന്നുപോകുമ്പോഴും കൂടുതൽ കരുത്തായി കഴിഞ്ഞ 9 വർഷക്കാലം കേരളത്തിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി
ക്രൂരമായ മർദ്ദനങ്ങൾ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നോക്കി അങ്ങ് പറഞ്ഞ ഈ വാക്കുകൾ ഞങ്ങൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല...പ്രത്യേകിച്ച് ഞാൻ ഉൾപ്പെടെ ഉള്ള പ്രവർത്തകരെ വീട് കേറി അറസ്റ്റ് ചെയ്തു ജയിൽ അടച്ചതിനുശേഷം ജയിൽ മോചിതരായി ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കുന്ന പത്തനംതിട്ട ജില്ലയിൽ നടന്ന കോൺഗ്രസിന്റെ സമരസംഗമം എന്ന പരിപാടിയുടെ അതേ വേദിയിൽ നിന്നുകൊണ്ട് അങ്ങനെ സംസാരിക്കുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല .. പോലീസിന്റെ ഒരു പിടിച്ചു മാറ്റലില്ലെങ്കിലും അങ്ങയുടെ യൂത്ത് കോൺഗ്രസ് പ്രായത്തിൽ അങ്ങ് ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എങ്കിൽ... അങ്ങ് പറഞ്ഞത് കുറച്ചെങ്കിലും ദഹിക്കുമായിരുന്നു ഈ പ്രതിസന്ധിഘട്ടത്തിൽ കൂടുതൽ വീര്യത്തോടെ പോരാടുന്ന യൂത്ത് കോൺഗ്രസിനെ നോക്കി അങ്ങു വീണ്ടും പരിഹസിച്ചേക്കാം..... അധികാരത്തിന്റെ 36 വർഷങ്ങൾ അങ്ങയ്ക്ക് നൽകിയ കോൺഗ്രസ്സിന്റെ യുവത്വമാണ് ഈ പറയുന്നത് . ജയ് യൂത്ത് കോൺഗ്രസ് . കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ".
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.