കഴുത്തിൽ കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഇ.പി. ജയരാജനെതിരെ പരാതി

തിരുവനന്തപുരം: പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചതായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ യൂത്ത് കോൺഗ്രസിന്‍റെ പരാതി. വിമാനത്തിൽ യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ഇ.പി. ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.

ശക്തിയായി പിടിച്ചുതള്ളിയതിനെ തുടർന്ന് ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർ വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീണു. ഇവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുണ്ട്. ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്കെതിരെ കളവായ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.




 

ജയരാജനെതിരെ കേസെടുക്കണമെന്നും യാത്രാ നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്കും വ്യോമയാന അതോറിറ്റിക്കും യൂത്ത് കോൺഗ്രസ്സ് പരാതി കൊടുത്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

Tags:    
News Summary - youth congress complaint against EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.