കോഴിക്കോട്: മായനാട് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. പാലക്കോട്ടുവയൽ അമ്പലക്കണ്ടി കിഴക്കയിൽ എം.കെ. ബോബിയുടെ മകൻ സൂരജാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ പാലക്കോട്ടുവയൽ പെരയാട്ടിൽ മനോജ് കുമാർ (49), മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19), പങ്കാളികളായ അനന്തു കൃഷ്ണ (20), അശ്വിൻ ശങ്കർ (18), യദുകൃഷ്ണ (20), അഭിശാന്ത് (21), വിജയ് കൃഷ്ണ (21), നിഹൽ (20) എന്നിവരെയാണ് ചേവായൂർ ഇൻസ്പെക്ടർ എസ്. സജീവ് അറസ്റ്റുചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. പാലക്കോട്ടുവയൽ തിരുത്തിക്കാവ് ക്ഷേത്രോത്സവത്തിനിടെ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് സൂരജിനെ സംഘംചേർന്ന് ക്രൂരമായി മർദിച്ചത്. കഴുത്തിനും വാരിയെല്ലിനുമുൾപ്പെടെ ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെത്തുകടവ് എസ്.എൻ.ഇ.എസ് കോളജിൽ ബിരുദ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായി വിദ്യാർഥികൾ സുഹൃത്തുക്കളെ സംഘടിപ്പിച്ച് ഏറ്റുമുട്ടുകയായിരുന്നു.
സൂരജിന്റെ സുഹൃത്ത് അശ്വന്തും അറസ്റ്റിലായ വിജയ് മനോജും എസ്.എൻ.ഇ.എസ് കോളജിലെ വിദ്യാർഥികളാണ്. കോളജിൽ നേരത്തേ ഇവർ തമ്മിൽ നിസ്സാര കാര്യത്തിന് തർക്കമുണ്ടായിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി തിരുത്തിക്കാവിലെ ഉത്സവത്തിനെത്തിയ അശ്വന്തിനെ വിജയിയും സുഹൃത്തുക്കളും തടഞ്ഞു. തർക്കത്തിൽ അശ്വന്തിനായി സൂരജ് ഇടപെടുകയും തർക്കം താൽക്കാലികമായി ഒഴിവാക്കുകയും ചെയ്തു. പിന്നീട് അശ്വന്തിനെ തടയാനെത്തിയ സംഘം സൂരജിനെതിരെ തിരിയുകയായിരുന്നു. ഇതിനിടെ അശ്വന്തും വിജയിയും തമ്മിലുള്ള തർക്കം തല്ലിത്തീർക്കട്ടെ എന്നുപറഞ്ഞ് അറസ്റ്റിലായ മനോജടക്കം പ്രകോപനമുണ്ടാക്കി.
തർക്കം ശാന്തമാക്കാൻ ശ്രമിച്ച സൂരജിനെ സംഘം ഉത്സവസ്ഥലത്തുനിന്ന് സമീപത്തെ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ക്രൂരമായി മർദിച്ചത്. സംഘംചേർന്നുള്ള മർദനത്തിൽ പരിക്കേറ്റ് നിലത്തുവീണ സൂരജിനെ ശരീരമാകെ ചവിട്ടുകയും ചെയ്തു. സംഭവമറിഞ്ഞ് പ്രതികളുടെ വീട് രാത്രി ഒരുവിഭാഗം ആളുകൾ ആക്രമിച്ചു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന റിറ്റ്സ് കാറിന്റെ ചില്ലുകളും വീടിന്റെ ജനൽ ചില്ലുകളും എറിഞ്ഞുടക്കുകയും ബൈക്ക് മറിച്ചിടുകയും ചെയ്തു.
മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സി.ഡബ്ല്യു.ആർ.ഡി.എം റോഡ് ഉപരോധിച്ചു. പ്രതികളുടെ വീടിന് ചേവായൂർ പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.
ചേവരമ്പലത്തെ കാർ കമ്പനിയിൽ ടെക്നീഷ്യനാണ് സൂരജ്. മാതാവ്: രസ്ന. സഹോദരൻ: ആദിത്യൻ (സി.ആർ.സി ചേവായൂർ). മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.