കേരളാ നിയമസഭ(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബഹളത്തിൽ മുങ്ങി. ചരമോപചാരത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നിയമസഭയിൽ സ്വർണക്കൊള്ള ഉയർത്തിയത്. ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും അതിനാൽ സഭാനടപടികളുമായി സഹകരിക്കാൻ നിർവാഹമില്ലെന്നും വി.ഡി സതീശൻ സ്പീക്കറെ അറിയിച്ചു. തുടർന്ന് സ്വർണക്കൊള്ളക്കെതിരായ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി.
ഇതിനൊപ്പം പോറ്റിയെ കേറ്റിയെ പാട്ട് കൂടി പ്രതിപക്ഷം പാടിയതോടെ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരായി. പോറ്റിയും സോണിയ ഗാന്ധിയും ഒപ്പമുള്ള ചിത്രങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചാണ് ഭരണപക്ഷം പ്രതിരോധം ഉയർത്തിയത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടത് നേതാക്കൾ ഇത് ഒരു വിഷയമായി ഉയർത്തികൊണ്ട് വന്നു.
പ്രതിപക്ഷം റൂൾ 15 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാത്തതിലായിരുന്നു എക്സൈസ് മന്ത്രി എം.ബി രാജേഷ് വിമർശനം ഉന്നയിച്ചത്. ഭീരുത്വം കൊണ്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകാതിരുന്നതെന്നും സ്വർണക്കൊള്ളയിലെ ചർച്ചയെ അവർ ഭയക്കുകയാണെന്നും എം.ബി രാജേഷ് ആരോപിച്ചു. അസംബന്ധനാടകമാണ് നിയമസഭയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സോണിയക്കെതിരെ ഭരണപക്ഷ ബെഞ്ചുകളിൽ നിന്ന് മുദ്രവാക്യം ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.