ആഭ്യന്തര സുരക്ഷിതത്വം ഗുണ്ടകളുടെ ഔദാര്യത്തിൽ നിൽക്കുന്ന കെട്ടുകഥയാണ് -കെ.എ.ഷെഫീക്​​

സംസ്​ഥാനത്തി​െൻറ ആഭ്യന്തര സുരക്ഷിതത്വം ഏതൊക്കെയോ ഗുണ്ടകളുടെ ഔദാര്യത്തിൽ നിൽക്കുന്ന കെട്ടുകഥയാണെന്ന്​ വെൽഫെയർ പാർട്ടി സംസ്​ഥാന ജനറൽ സെക്രട്ടറി കെ.എ.ഷെഫീക്​​. തട്ടിക്കൊണ്ടുപോയ ഉടനെ തന്നെ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷാൻബാബുവിന്റെ അമ്മ പോലീസിനെ സമീപിച്ചു . കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്ത ഒരാളാണ് തട്ടിക്കൊണ്ടുപോയത്.

ഇൻഡ്യയിലെ ഏറ്റവും മുന്തിയ അന്വേഷണ ഏജൻസിയാണ് കേരള പോലീസ് എന്നാണ് നമ്മുടെ അവകാശവാദം. നഗരത്തിനു പുറത്തു പോകാത്ത ഒരു കുറ്റവാളിയെ കണ്ടെത്തുന്നതിന് പോലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് ശ്രമിച്ചാൽ എത്രയെളുപ്പം ആ യുവാവിനെ രക്ഷിക്കാമായിരുന്നു. എന്നിട്ടും നമ്മുടെ പോലീസ് ആ യുവാവിന്റെ കൊലപാതകത്തിന് കാവലിരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.


ഫേസ്​ബുക്ക്​​ പോസ്​റ്റി​െൻറ പൂർണ്ണ രൂപം

കാപ്പ ചുമത്തപ്പെട്ട് നാട് കടത്തിയ പ്രതി രാത്രി 9.30 ന് ഒരു പത്തൊമ്പത്കാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്നു. കൃത്യം 5 മണിക്കൂർ കഴിയുമ്പോൾ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം നഗരത്തിലെ പോലീസ് സ്റ്റേഷന് മുമ്പിൽ കൊണ്ടിടുന്നു. ഉത്തരേന്ത്യയിൽ അല്ല . അക്ഷര നഗരം എന്നറിയപ്പെടുന്ന, ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത ആദ്യം കൈവരിച്ച കോട്ടയത്താണ് ഇത് നടന്നത്.

നമ്മുടെ സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷിതത്വം ഏതൊക്കെയോ ഗുണ്ടകളുടെ ഔദാര്യത്തിൽ നിൽക്കുന്ന ഒരു കെട്ടുകഥയാണ് എന്ന് തെളിയിക്കുകയാണ് ഈ സംഭവം. തട്ടിക്കൊണ്ടുപോയ ഉടനെ തന്നെ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷാൻബാബുവിന്റെ അമ്മ പോലീസിനെ സമീപിച്ചു . കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്ത ഒരാളാണ് തട്ടിക്കൊണ്ടുപോയത് . ഇൻഡ്യയിലെ ഏറ്റവും മുന്തിയ അന്വേഷണ ഏജൻസിയാണ് കേരള പോലീസ് എന്നാണ് നമ്മുടെ അവകാശവാദം. നഗരത്തിനു പുറത്തു പോകാത്ത ഒരു കുറ്റവാളിയെ കണ്ടെത്തുന്നതിന് പോലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് ശ്രമിച്ചാൽ എത്രയെളുപ്പം ആ യുവാവിനെ രക്ഷിക്കാമായിരുന്നു. എന്നിട്ടും നമ്മുടെ പോലീസ് ആ യുവാവിന്റെ കൊലപാതകത്തിന് കാവലിരിക്കുകയാണ് ചെയ്തത്.

കുറ്റകൃത്യം ചെയ്തയാൾ സ്വയം കീഴടങ്ങിയില്ലായിരുന്നെങ്കിൽ ഈ പോലീസ് എത്രകാലം ആ പ്രതിയെ തേടി നടക്കുമായിരുന്നു എന്നു കൂടി നാം ആലോചിക്കണം.

കോട്ടയത്ത് തന്നെ ഇത് ആദ്യ സംഭവമല്ല . കെവിൻ എന്ന ദലിത് യുവാവിനെ ഇതേപോലെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾ ഭീകരമായി പീഡിപ്പിച്ച് വെള്ളത്തിൽ മുക്കി കൊന്ന സംഭവം മലയാളികൾ മറന്നു പോയിട്ടുണ്ടാവില്ല. കുറ്റകൃത്യത്തിന് ശേഷം പ്രതികളെ പിടിക്കുക എന്നതിനെക്കാൾ പ്രധാനമാണ് ജീവൻ അപകടത്തിലായവരെ രക്ഷിക്കുക എന്നത്. അത്തരം സന്ദർഭങ്ങളിൽ എല്ലാം പോലീസ് എന്ത് കൊണ്ടു പരാജയപ്പെടുന്നു.

നമ്മുടെ പോലീസ് സംവിധാനം ഭരണകൂടത്തിന്റെ ഒരു ഉപകരണമാണ് ( അതാര് ഭരിച്ചാലും ). സ്വന്തം കാര്യങ്ങൾക്ക് വേണ്ടി അതിനെ ഭരണാധികാരികകളും അവരുടെ കക്ഷികളും നിരന്തരം ഉപയോഗിക്കുന്നുണ്ട്.കുറ്റവാളികൾക്കു സംരക്ഷണം ഒരുക്കാനും കുറ്റകൃത്യങ്ങൾക്ക് മറപിടിക്കാനും തെളിവുകൾ ഇല്ലാതാക്കാനും ഇല്ലാത്ത തെളിവ് ഉണ്ടാക്കി നിരപരാധികളെ ശിക്ഷിക്കാനും പ്രതികളെ നിർമ്മിച്ചെടുക്കാനും ഇതേ പോലീസിനെയാണ് ഭരണാധികാരികൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഭരണകൂട ഭീകരത എന്നത് സമാനതയില്ലാത്ത കുറ്റകൃത്യമായി മറുന്നത്.

പോലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും തെറ്റുകൾ ചൂണ്ടിക്കാണിച്ച് ജനം പ്രതിഷേധത്തിന് മുതിരുമ്പോൾ ഭരണകൂടം സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാചകമുണ്ട് പോലീസിന്റെ ആത്മവീര്യം തകർക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .ഭരണകൂടവും പോലീസും പരസ്പരസമ്മതത്തോടെ നടത്തുന്ന കുറ്റകൃത്യത്തെ മൂടി വെക്കാനുള്ള ശ്രമത്തിന്റെ തലവാചകമാണിത്. ഇതിന്റെ മറവിൽ എല്ലാ ഉദ്യോഗസ്ഥരും രക്ഷിക്കപ്പെടും.


പോലീസിനെ സംഘപരിവാർ താല്പര്യങ്ങൾക്ക് സമ്പൂർണമായി വിട്ടുകൊടുത്ത ഒരു ആഭ്യന്തര ഭരണമാണ് കേരളത്തിലെ ഇടതുപക്ഷം പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറു വർഷമായി നടക്കുന്നത്. ( ചിലരൊക്കെ പറയുന്നത് പോലെ ഇന്നലെയോ മിനിഞ്ഞാന്നോ സംഭവിച്ച ഒരു കാര്യമല്ല. ) ഈ ഒത്തുതീർപ്പിനെഭരണകൂടത്തിന്റ പരാജയവും നിസ്സഹായതയുമായി വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് .അത് ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ് . ഭരണകൂടം സംഘപരിവാറുമായുണ്ടാക്കിയ ബന്ധം ജനങ്ങൾ കണ്ടു പിടിക്കാതിരിക്കാൻ അത് പോലീസ് വീഴ്ചയായി വിശദീകരിക്കുന്ന തന്ത്രം മാത്രമാണിത്. ആ തന്ത്രം വിജയിപ്പിച്ച് കൊടുക്കാൻ കരാർ എടുത്തവരും ഭരണകൂടത്തെ വിട്ട് പോലീസിലേക്കാണ് എപ്പോഴും തിരിയുന്നത്.

സംഘപരിവാർ മാത്രമല്ല കേരളത്തിലെ ഗുണ്ടാസംഘങ്ങളും പോലീസിനെ അടക്കിഭരിക്കുന്നുണ്ട് . ഭരണകൂടങ്ങൾ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളും ധാരണകളും ഔദ്യോഗിക സ്വഭാവമുള്ളതാണ് .ഇത്തരം കൃത്യങ്ങളിൽ പങ്കാളികളാകുന്ന ഉദ്യോഗസ്ഥന്മാർ പോലീസ് സംവിധാനത്തിന് അകത്തു സ്വയം നിർണയ ശേഷിയുള്ള അധികാരകേന്ദ്രങ്ങൾ ആയി മാറുക സ്വാഭാവികമാണ്.

ആ അധികാരമുപയോഗിച്ച് കൂടുതൽ ശക്തിയും സമ്പത്തും സമാഹരിക്കാനുള്ള ശ്രമങ്ങൾ ഇതേ ഉദ്യോഗസ്ഥന്മാർ പിന്നീട് നടത്തുന്നതുകൊണ്ടാണ് സ്ത്രീ പീഡന കേസിലെ പ്രതിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് ബന്ധപ്പെടുന്നതും പ്രതിയെ രക്ഷപ്പെടുത്തുന്നതിന് തന്റെ സഹപ്രവർത്തകർക്കും മേൽ സമ്മർദ്ദം ചെലുത്തുന്നതും .

ഇത്തരം ഉന്നത ഉദ്യോഗസ്ഥന്മാർ എപ്പോഴെങ്കിലും വാ തുറന്നാൽ അതിൽ തകർക്കപ്പെടുന്ന ഒരുപാട് പൊയ്മുഖങ്ങൾ നമ്മുടെ ഭരണ രാഷ്ട്രീയ മേഖലയിലുണ്ട്. എന്നത് ഏറ്റവും നന്നായി അറിയുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് പിന്നെ ആരെയാണ് ഭയക്കേണ്ടത്. അതുകൊണ്ട് പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുറ്റകൃത്യങ്ങളും അവരുടെ രഹസ്യ ബന്ധങ്ങളും സംരക്ഷിക്കുക എന്ന മറ്റൊരു കരാറിലേക്ക് ഭരണാധികാരികൾ എത്തുന്നത്.

ഇങ്ങനെയാണ് പോലീസ് ജനവിരുദ്ധ ശക്തികളുടെ സംരക്ഷണ ഏജൻസിയായി മാറുന്നതും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്നത്. വാരാപ്പുഴയിൽ നിരപരാധിയെ ഇടിച്ചു കൊന്ന ഉദ്യോഗസ്ഥനും വാളയാറിലെ പ്രതികളെ രക്ഷിച്ച ഉദ്യോഗസ്ഥനും കൂടുതൽ പ്രമോഷൻ നേടിയതും. സർക്കാരിന്റെ ഗുഡ് ബുക്കിൽ ഇടം പിടിച്ചതും നമ്മൾ കണ്ടതാണ്.

കൃത്യം നടത്തുന്ന ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുക എന്നത് ഭരണകൂട ബാധ്യതയായി മാറുന്നതിന്റെ ഉദാഹരണങ്ങൾ മാത്രമാണതെല്ലാം. ഭരണകൂടത്തിന്റെ ഈ പിൻബലം ഏറ്റവും നന്നായി ആസ്വദിച്ച ഉന്നത ഉദ്യോഗസ്ഥനാണ് സ്ഥാനമൊഴിഞ്ഞ് ഡി.ജി.പി ലോക് നാഥ് ബഹ്റ ,

അതുകൊണ്ടാണ് ജനങ്ങളുടെ ശക്തമായ വിമർശനങ്ങൾക്ക് വിധേയമായിട്ടും ഒരിക്കൽ പോലും അദ്ദേഹത്തെ പിണറായി സർക്കാർ തള്ളി പറയാതിരുന്നത്. സ്ഥാനമൊഴിഞ്ഞ അദ്ദേഹത്തിന് വീണ്ടും ഉന്നത സ്ഥാനം നൽകി ആദരിച്ചത്. അത്തരം ഉദ്യോഗസ്ഥന്മാരെ ഭരണകൂടങ്ങൾക്ക് ഭയമാണ്.

അവരെ എന്തു വില കൊടുത്തും സംരക്ഷിക്കും. ഇതേ ഘടന പോലീസിലെ ഉദ്യോഗസ്ഥ ശ്രേണികൾക്കിടയിലും നിലനിൽക്കുന്നുണ്ട്. അവർക്കും രക്ഷകരുണ്ട്. ഒരിക്കലും അവരെ കൈവിടില്ല. പോലീസ് ജനോപകാരപ്രദമായ ഒരു നീതിനിർവഹണ ഏജൻസിയായി മാറണമെങ്കിൽ ഭരണകൂടത്തിന്റെ ദുരുപയോഗങ്ങളും അതിനെ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പോലീസ് സേനക്കുള്ളിൽ സൃഷ്ടിക്കുന്ന സമാന്തര അധികാര ഘടനയും അവസാനിക്കണം . അത് സംഭവ്യമല്ലാത്തിടത്തോളം പോലീസ് ഇങ്ങനെ തന്നെയായിരിക്കും എന്നത് ഉറപ്പാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.