കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയയാൾ വാഹനാപകടത്തിൽ മരിച്ചു

കോട്ടക്കൽ: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയും കല്‍പകഞ്ചേരി സ്വദേശിയുമായ കൊടക്കാട് മുഹമ്മദ് ഇര്‍ഫാനാണ് (23) കോട്ടക്കൽ ആയുർവേദ കോളജിന് സമീപം തിങ്കളാഴ്ച അർധരാത്രി അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ്​ ഇയാള്‍ ഭിത്തിതുരന്ന് രക്ഷപ്പെട്ടത്​.

മാനസികാരോഗ്യ കേന്ദ്രത്തില്‍ മൂന്നാം വാര്‍ഡിലെ സിംഗിള്‍ സെല്ലിലാണ് ഇര്‍ഫാനെ പാര്‍പ്പിച്ചിരുന്നത്. സ്പൂണ്‍ ഉപയോഗിച്ചാണ് ഭിത്തി തുരന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. റിമാന്‍ഡ് പ്രതിയായതിനാല്‍ വാച്ചര്‍മാര്‍ക്ക് പകരം സെല്ലിന് പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. മൂന്ന് ദിവസത്തോളമെടുത്താണ് ഭിത്ത് തുരക്കല്‍ പൂര്‍ത്തിയാക്കിയതെന്നാണ് വിവരം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇര്‍ഫാന്‍ കോഴിക്കോട് ജില്ല ജയില്‍ റിമാന്‍ഡിലായിരുന്നു. ഇവിടെനിന്ന്​ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ ഡിവൈഡറിൽ തട്ടിയതിനെ തുടർന്ന് ലോറിയുമായി ഇടിക്കുകയായിരുന്നുവെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും പൊലീസ് അറിയിച്ചു. ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. മൃതദ്ദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് ബുധനാഴ്ച നടക്കും.

Tags:    
News Summary - young man who escaped from Kuthiravattam mental health centre died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.